22 December 2024, Sunday
KSFE Galaxy Chits Banner 2

ഇസ്മായിൽ ഹനിയ: സയണിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇര

Janayugom Webdesk
August 1, 2024 5:00 am

പലസ്തീൻ രാഷ്ട്രത്തിലെ രണ്ട് പ്രമുഖ രാഷ്ട്രീയപാർട്ടികളിൽ ഒന്നായ ഹമാസിന്റെ പോളിറ്റ് ബ്യൂറോയുടെ ചെയർമാനും മുൻ പലസ്തീൻ പ്രധാനമന്ത്രിയുമായ ഇസ്മായിൽ ഹനിയ ചൊവ്വാഴ്ച രാത്രി ഇറാനിലെ ടെഹ്റാനില്‍ അദ്ദേഹം താമസിച്ചിരുന്ന വസതിക്കുനേരെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുതിയ ഇറാൻ പ്രസിഡന്റ് മസൗദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനാണ് ഹനിയ ടെഹ്റാനിൽ എത്തിയിരുന്നത്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡിന്റെയും ഹമാസിന്റെയും ഔദ്യോഗിക പ്രതികരണം പ്രതിസ്ഥാനത്ത് നിർത്തുന്നത് ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടത്തെയാണ്. നെതന്യാഹു ഭരണകൂടമാകട്ടെ പതിവുപോലെ യാതൊരു ഔദ്യോഗിക പ്രതികരണത്തിനും തയ്യാറായിട്ടില്ല. സയണിസ്റ്റ് ഭരണകൂടം അന്താരാഷ്ട്രതലത്തിൽ നടത്തുന്ന ഇത്തരം ഭീകര, അട്ടിമറി പ്രവർത്തനങ്ങൾ ഒരിക്കലും പുറത്തുവരാത്ത നിഗൂഢ രഹസ്യങ്ങളായി സൂക്ഷിക്കുന്നത് പതിവ് രീതിയാണ്. ജൂലൈ 30 ചൊവ്വാഴ്ച, ലെബനനിലെ ബെയ്റൂട്ട് നഗരത്തിൽ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ പലസ്തീൻ അനുകൂല ഹിസ്ബുള്ള കമാൻഡർ ഫൗദ് ഷുക്കൂർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സേനാവൃത്തങ്ങൾ അവകാശപ്പെട്ടിരുന്നു. ഇസ്രയേൽ പ്രതിരോധസേന ഗാസയ്ക്കുനേരെ നടത്തിവരുന്ന മനുഷ്യത്വരഹിതമായ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ആഗോളതലത്തിൽ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിനിൽക്കേയാണ് അത്യന്തം പ്രകോപനപരമായ സയണിസ്റ്റ് നടപടി. ഗാസയ്ക്കും പലസ്തീൻ ജനതയ്ക്കും എതിരായ സയണിസ്റ്റ് കിരാതയുദ്ധത്തിന് ആയുധവും പണവും നിർലോഭം നൽകിവരുന്ന യുഎസ് ഭരണകൂടത്തിനെതിരെ ആ രാജ്യത്ത് യാഥാസ്ഥിതിക ജൂതസമൂഹമടക്കം വൻ പ്രതിഷേധമാണ് തുടർന്നുവരുന്നത്. നവംബറിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബൈഡൻ ഭരണകൂടത്തിന് ആ പ്രതിഷേധത്തെ അവഗണിച്ച് വോട്ടര്‍മാരെ നേരിടാനാവില്ല. അതുകൊണ്ടുതന്നെ ഗാസയിൽ ഉടൻ വെടിനിർത്തലിനുവേണ്ടി നെതന്യാഹു ഭരണകൂടത്തിന്മേൽ യുഎസ് സമ്മർദം ശക്തമാണ്. ഹനിയ വധത്തെത്തുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തിയ ആദ്യപ്രതികരണം സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കാനാണ് ശ്രമിച്ചത്. മാത്രമല്ല ഗാസയിൽ വെടിനിർത്തലിനും യുദ്ധം പശ്ചിമേഷ്യയിൽ വ്യാപിക്കുന്നത് തടയുന്നതിനുമായിരിക്കും തങ്ങളുടെ ശ്രമമെന്നും പ്രതികരണം അടിവരയിടുന്നുമുണ്ട്. 

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞവാരം യുഎസ് സന്ദർശിക്കുകയും കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയുമുണ്ടായി. യുഎസ് ക്യാപിറ്റോളിലടക്കം രാജ്യത്തുടനീളം നടന്ന വൻ പ്രതിഷേധ പ്രകടനങ്ങൾക്കിടയിലായിരുന്നു നെതന്യാഹുവിന്റെ സന്ദർശനം. കോൺഗ്രസിലെ പുരോഗമനവാദികളായ നിരവധി അംഗങ്ങൾ നെതന്യാഹുവിന്റെ അഭിസംബോധന ബഹിഷ്കരിച്ചിരുന്നു. ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻമാറി തന്റെ പിൻഗാമിയായി നിർദേശിച്ച, ഇന്ത്യൻ വംശജയും കറുത്തവംശ പൈതൃകവുള്ള, വൈസ് പ്രസിഡന്റ് കമലാഹാരിസും നെതന്യാഹുവിന്റെ അഭിസംബോധനയിൽ പങ്കെടുക്കാത്തവരിൽ ഉൾപ്പെടും. ഹാരിസ് ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഇസ്രയേൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കുശേഷം ഗാസയിൽ തുടരുന്ന യുദ്ധത്തിനെതിരെ അവർ ശക്തമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. ഗാസയിലെ യുദ്ധത്തിനും കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ യൂറോപ്യൻ ജനത ശക്തമായ പലസ്തീൻ അനുകൂല നിലപാടാണ് സ്വീകരിച്ചുവരുന്നത്. യൂറോപ്യൻ യൂണിയനും രാഷ്ട്രങ്ങൾക്കും ആ ജനവികാരത്തെ അവഗണിക്കാനാവില്ല. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചതും ഇസ്രയേൽ പ്രധാനമന്ത്രിയുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. രാജ്യത്തിനുള്ളിൽ നെതന്യാഹു പലവിധ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. ഒരുവശത്ത് സമാധാനകാംക്ഷികളായ ജനങ്ങൾ യുദ്ധം അവസാനിപ്പിക്കാനും പലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കാനും സമ്മർദം ശക്തമാക്കുന്നു. അഴിമതി ആരോപണങ്ങളിൽ ഇസ്രയേൽ സുപ്രീം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ നെതന്യാഹു രാജിവച്ച് ശിക്ഷ അനുഭവിക്കാൻ തയ്യാറാവണമെന്നും അവർ ആവശ്യപ്പെടുന്നു. മറുവശത്ത് യുദ്ധം അവസാനിപ്പിച്ച്, ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരെ വിമോചിപ്പിച്ച് തിരികെയെത്തിക്കാൻ വഴിയൊരുക്കണമെന്ന ആവശ്യവും ശക്തമാണ്. യുദ്ധം അവസാനിപ്പിക്കുകയെന്നാൽ തന്റെ ഭരണത്തിന്റെ അന്ത്യമാണെന്നും അത് തന്റെ കാരാഗൃഹത്തിലേക്കുള്ള വാതിൽ തുറക്കലാണെന്നും മറ്റാരെക്കാളും നന്നായി നെതന്യാഹു തിരിച്ചറിയുന്നു. 

സ്വന്തം നിലനില്പിനുവേണ്ടി പലസ്തീൻ ജനതയെ മാത്രമല്ല ഇസ്രയേലികളെയും ലോകത്തെയാകെയും ബന്ദികളാക്കി മാറ്റാനുള്ള ഒരു ഫാസിസ്റ്റ് സ്വേച്ഛാധികാരിയുടെ അധികാരഭ്രാന്തിനാണ് ലോകം സാക്ഷ്യംവഹിക്കുന്നത്. യുദ്ധം ഒമ്പതുമാസം പിന്നിടുകയാണ്. മരണസംഖ്യ നാല്പത്തിനായിരത്തോട് അടുക്കുന്നു. ഗാസയിലെ ജനങ്ങൾക്ക് വിവരണാതീതമായ ദുരിതങ്ങൾ നല്‍കിയതിനപ്പുറം പ്രഖ്യാപിത ലക്ഷ്യങ്ങൾ യാതൊന്നും കൈവരിക്കാൻ സയണിസ്റ്റ് ഭീകരതക്കായിട്ടില്ല. ലോക പൊതുജനാഭിപ്രായവും ഭരണകൂടങ്ങളുടെ നിലപാടുകളും തങ്ങൾക്കെതിരെ തിരിയുന്നത് നെതന്യാഹുവും സയണിസ്റ്റുകളും തിരിച്ചറിയുന്നു. ഇതിനെ മറികടക്കാനുള്ള ഏക ഉപായം യുദ്ധത്തെ ഗാസയിൽനിന്നും പശ്ചിമേഷ്യയിലാകെ വ്യാപിപ്പിക്കുകയും അതിൽ യുഎസ് അടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങളെക്കൂടി പങ്കാളികളാക്കി കുടുക്കിയിടുകയുമാണ്. നെതന്യാഹു ഭരണകൂടത്തിന്റെ ആ ഹീനതന്ത്രത്തിന്റെ ഏറ്റവും പുതിയ ഇരയാണ് ഇസ്മായിൽ ഹനിയ. രാഷ്ട്രീയ, നയതന്ത്ര മാർഗത്തിലൂടെ സമാധാന പുനഃസ്ഥാപനത്തിനുവേണ്ടി നിരന്തരം യത്നിച്ചിരുന്ന ഹമാസ്‌ പക്ഷത്തെ വിവേകത്തിന്റെ അവശേഷിക്കുന്ന അവസാനത്തെ ശബ്ദങ്ങളിൽ ഒന്നായിരുന്നു ഹനിയ. അതാണിപ്പോൾ സയണിസ്റ്റ് ഭരണകൂട ഭീകരതയ്ക്ക് ഇരയായിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.