15 November 2024, Friday
KSFE Galaxy Chits Banner 2

അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടാൻ ജെപിസി വരണം

Janayugom Webdesk
August 13, 2024 5:00 am

ഇന്ത്യൻ ബഹുരാഷ്ട്ര കുത്തകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോർപറേറ്റ് ചങ്ങാതിയുമായ ഗൗതം അഡാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ദുരൂഹവും അധാർമ്മികവും നിയമവിരുദ്ധവുമായ ഓഹരി ഇടപാടുകളിലെ തിരിമറികളെയും കണക്കുകളിലെ കള്ളക്കളികളെയും 2023 ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ട് തുറന്നുകാണിച്ചിരുന്നു. അതിനെതിരെ നടന്ന അന്വേഷണങ്ങളെ രാജ്യത്തിന്റെ ഓഹരിവിപണി നിയന്താവായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോഡ് ഓഫ് ഇന്ത്യ (സെബി) ബോധപൂർവം അട്ടിമറിക്കുകയായിരുന്നുവെന്ന സംശയം തെളിവുകളുടെ അഭാവത്തിലും ശക്തമായി നിലനിൽക്കുന്നു. ഇപ്പോൾ, ഓഗസ്റ്റ് 10 തിങ്കളാഴ്ച, ഹിൻഡൻബർഗ് പുറത്തുവിട്ട മറ്റൊരു സ്ഫോടനാത്മക റിപ്പോർട്ട് ആ സംശയത്തെ കൂടുതൽ ബലപ്പെടുത്തുന്നു. സെബി മേധാവി മാധവി പുരി ബുച്ചിനും അവരുടെ ഭർത്താവ് ധവൽ ബുച്ചിനും ബർമുഡയടക്കം വിദേശ നികുതിസ്വർഗങ്ങളിൽ പ്രവർത്തിക്കുന്ന അഡാനി കമ്പനികളുമായി വൻ തുകകളുടെ ഇടപാടുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ട് ആരോപിക്കുന്നു. അഡാനി കമ്പനികളുടെ ഓഹരി കുംഭകോണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഹിൻഡൻബർഗിനെതിരെ നിഷേധക്കുറിപ്പ് പുറപ്പെടുവിച്ച ബുച്ച് ദമ്പതികൾ വാദിക്കുന്നു. മാധവി, സെബി മേധാവിയായി സ്ഥാനമേൽക്കുംമുമ്പ് അഡാനിയുമായി ബന്ധപ്പെട്ട കമ്പനികളിൽ തങ്ങൾ നടത്തിയ നിക്ഷേപങ്ങൾ അവർ നിരാകരിക്കുന്നില്ല. സെബിയുടെ അധ്യക്ഷ പദവി ഏറ്റെടുക്കുംമുമ്പ് സ്വകാര്യവ്യക്തികൾ എന്നനിലയിൽ നടത്തിയവയാണ് ആ നിക്ഷേപങ്ങൾ എന്നാണ് അവർ നൽകുന്ന ന്യായീകരണം. ഓഹരിവിപണിയിൽ ദീർഘകാല അനുഭവസമ്പത്തും അതിൽനിന്ന്, പുറത്തുവന്ന കണക്കുകളനുസരിച്ച്, വൻ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിരുന്ന ബുച്ച് ദമ്പതികൾ, മാധവി സെബി അധ്യക്ഷയായതോടെ നിഷ്പക്ഷയും നിർമമയും ആയി മാറിയെന്ന വാദം തൊണ്ടതൊടാതെ വിഴുങ്ങാൻ, തെളിവുകളുടെ അഭാവത്തിലും, അല്പബുദ്ധികളായ മഹാഭൂരിപക്ഷത്തിനും കഴിഞ്ഞേക്കില്ല. ഇവിടെ സെബി അധ്യക്ഷയിൽ ‘താല്പര്യ സംഘർഷം’ (കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ്) ആരോപിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. 

2023 ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ട് അഡാനി കമ്പനികൾ ബർമുഡ, മൗറീഷ്യസ് തുടങ്ങിയ നികുതിസ്വർഗ ദ്വീപുകളെ തങ്ങളുടെ നിയമവിരുദ്ധ ഓഹരി ഇടപാടുകളുടെ ഹബ്ബുകളാക്കി മാറ്റിയിരുന്നതായി ആരോപിച്ചിരുന്നു. ഇന്ത്യൻ നിയമ സംവിധാനങ്ങളെ മറികടന്ന് നികുതി, തീരുവ തട്ടിപ്പുകളിലൂടെ ആർജിച്ച അനധികൃത സമ്പാദ്യം പുനഃചംക്രമണം ചെയ്ത് വെളുപ്പിച്ച്, തങ്ങളുടെതന്നെ കമ്പനികളിൽ ഓഹരിനിക്ഷേപമാക്കി മാറ്റുകവഴി കമ്പനികളുടെയും ഓ­ഹരികളുടെയും മൂല്യം അനേക മടങ്ങ് അവർ പെരുപ്പിച്ചുകാണിച്ചു. ഇതാവട്ടെ സാധാരണയിൽനിന്നും വളരെ ഉ­യർന്ന കടബാധ്യത നിലനിൽക്കുമ്പോഴാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അഡാനി ഗ്രൂപ്പാകട്ടെ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളായി തള്ളിക്കളഞ്ഞെങ്കിലും അവരുടെ പബ്ലിക് ലിസ്റ്റഡ് കമ്പനികൾക്ക് കഴിഞ്ഞവർഷം ഓ­ഹരിവിപണിയിൽ 1,500 കോടി ഡോളറിന്റെയെങ്കിലും നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെബി അധ്യക്ഷ എന്ന നിലയിൽ മാധവി ബുച്ചിന്റെ താല്പര്യ സംഘർഷം അഡാനി കമ്പനികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. 2013 മുതൽ 2022 വരെ മാധവി നൂറ് ശതമാനം നിക്ഷേപവുമായി സിംഗപ്പൂരിൽ അഗോറ പാർട്ണേഴ്‌സ് എന്നപേരിൽ ഒരു ഓഹരി കൺസൾട്ടിങ് സ്ഥാപനം നടത്തിയിരുന്നു. സെബി അധ്യക്ഷസ്ഥാനം ഏറ്റതോടെ അതിന്റെ ഉടമസ്ഥാവകാശം അവർ നിയമപരമായി ഭർത്താവിന് കൈമാറി. ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന അഗോറ അഡ്വൈസറി എന്ന കൺസൾട്ടിങ് സ്ഥാപനത്തിന്റെ 99 ശതമാനം ഓഹരികളും മാധവിയുടെ കൈവശമാണ്. 2022ലെ ആ സ്ഥാപനത്തിൽനിന്നുള്ള അവരുടെ വരുമാനം സെബി അധ്യക്ഷ എന്ന നിലയിലുള്ള വെളിപ്പെടുത്തപ്പെട്ട വരുമാനത്തിന്റെ 4.4 ഇരട്ടിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മാധവിയുടെ ഭർത്താവ് ധവൽ ബുച്ച് ഉപദേശകനായി ബ്ലാക്‌സ്റ്റോൺ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ റിയൽ എസ്റ്റേറ്റ് ബിസിനസിനെ സെബി അധ്യക്ഷപദവി ഉപയോഗിച്ച് അവർ പ്രോത്സാഹിപ്പിച്ചുവരുന്നതായും ഹിൻഡൻബർഗ് ആരോപിക്കുന്നു. ഈ ആരോപണങ്ങളെല്ലാംതന്നെ സെബി അധ്യക്ഷ എന്ന നിലയിലുള്ള മാധവി ബുച്ചിന്റെ റെഗുലേറ്ററി നിഷ്പക്ഷതയുടെമേൽ സാരമായ സംശയമാണ് ഉയർത്തുന്നത്.

ഹിൻഡൻബർഗിന്റെ ആദ്യറിപ്പോർട്ട് പുറത്തുവന്നപ്പോൾത്തന്നെ വിഷയത്തിൽ അന്വേഷണം നടത്താൻ ഒരു സംയുക്ത പാർലമെന്ററി സമിതിയെ (ജെപിസി) നിയോഗിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയിരുന്നു. പാർലമെന്റിൽ മോഡി ഭരണകൂടത്തിനുണ്ടായിരുന്ന മൃഗീയ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ ആ ആവശ്യം നിരസിക്കപ്പെടുകയായിരുന്നു. അത്തരം ഒരന്വേഷണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അകത്തളത്തിലായിരിക്കും ചെന്നെത്തുകയെന്നത് അദ്ദേഹത്തിനും ബിജെപിക്കും ഉത്തമബോധ്യമുള്ളപ്പോൾ അത് അനുവദിക്കപ്പെടില്ല എന്ന് വ്യക്തം. സിബിഐ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളും സെബി ഉൾപ്പെടെ റെഗുലേറ്ററി സ്ഥാപനങ്ങളും ചങ്ങാത്ത മുതലാളിത്ത ഭരണകൂടത്തിന്റെ കാവൽ നായ്ക്കളാണെന്ന് ആർക്കാണ് അറിയാത്തത്? സെബിയുടെ അപൂർണമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡാനി കമ്പനികളെ കുറ്റവിമുക്തരാക്കിയ സുപ്രീം കോടതി, മറിച്ചുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയുടെതന്നെ മേൽനോട്ടത്തിൽ അന്വേഷണത്തിന് മടിക്കില്ലെന്നും പറഞ്ഞുവച്ചിട്ടുണ്ട്. മാറിയ രാഷ്ട്രീയാന്തരീക്ഷത്തിൽ ഒരു ജെപിസി അന്വേഷണത്തിനുള്ള സാധ്യത വളരെയേറെയാണ്. അതിനാവശ്യമായ രാഷ്ട്രീയ സമ്മർദം കേന്ദ്ര സർക്കാരിനുമേൽ ചെലുത്താൻ ഇന്ത്യ സഖ്യമടക്കം പ്രതിപക്ഷ പാർട്ടികൾക്കും ദേശാഭിമാനവും അവകാശബോധവുമുള്ള ബഹുജന പ്രസ്ഥാനങ്ങൾക്കും പൗരസംഘടനകൾക്കും കഴിയണം.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.