21 June 2024, Friday

ലോക്കോ പൈലറ്റ് സമരവും റെയില്‍വേ അവഗണനയും

Janayugom Webdesk
June 13, 2024 5:00 am

ലോക്കോ പൈലറ്റുമാരുടെ സമരവും, അവർക്കെതിരായ അച്ചടക്ക‑ശിക്ഷാനടപടികളും തുടരുകയാണ്. സമരക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങളോട് പ്രതികരിക്കാനോ അനുഭാവപൂർവമായ നടപടികൾ സ്വീകരിക്കാനോ തയ്യാറാകാതെ അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകാനാണ് റെയിൽവേ അധികൃതരുടെ തീരുമാനം. ലോക്കോ പൈലറ്റുമാരുടെ സമരം പ്രധാനമായും ബാധിച്ചിരിക്കുന്നത് ദക്ഷിണറെയിൽവേയ്ക്ക് കീഴിലുള്ള ഡിവിഷനുകളെയാണ്. ചെന്നൈ, സേലം, തിരുവനന്തപുരം ഡിവിഷനുകൾക്ക് കീഴിലാണ് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ശക്തമായ സമരം നടക്കുന്നത്. പ്രതിദിന സർവീസുകൾക്ക് മുടക്കമില്ലാതെ ജോലി ചെയ്തുകൊണ്ടാണ് സമരം നടത്തുന്നതെങ്കിലും അച്ചടക്ക നടപടികളും സ്ഥലം മാറ്റവും കേരളത്തിലടക്കം ട്രെയിൻ ഗതാഗതത്തെ വരുംദിവസങ്ങളിൽ പ്രതികൂലമായി ബാധിക്കും. ജോലി സമയം 10 മണിക്കൂറായി നിജപ്പെടുത്തുക, പ്രതിവാര വിശ്രമസമയം ഉറപ്പാക്കുക, രാത്രി ജോലിക്ക് ശേഷം മതിയായ വിശ്രമം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജോലി ചെയ്തുകൊണ്ട് നടത്തുന്ന സമരത്തെ നേരിടാൻ സസ്പെൻഷനും സ്ഥലംമാറ്റവും കാരണംകാണിക്കൽ നോട്ടീസുമായി മുന്നോട്ടുപോവുകയാണ് റെയിൽവേ അധികൃതർ. വന്ദേഭാരത് ട്രെയിൻ ഓടിക്കാൻ പരിശീലനം ലഭിച്ചവരെയടക്കം ഇതിനകം പാലക്കാട് ഡിവിഷനിൽ നിന്ന് സ്ഥലം മാറ്റിയിട്ടുണ്ട്. സമരക്കാർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാതെ ശിക്ഷാ നടപടികളെടുക്കുക വഴി ട്രെയിൻ സർവീസുകൾ മുടങ്ങുകയും അക്കാരണം പറഞ്ഞ് ശിക്ഷാനടപടികൾ കടുപ്പിക്കുകയും ചെയ്യാനാണ് റെയിൽവേ അധികൃതരുടെ നീക്കം. ഈ തസ്തികയില്‍ പതിനായിരക്കണക്കിന് ഒഴിവുകളുണ്ടെന്നും അത് നികത്താൻ റെയിൽവേ ശ്രമം നടത്താത്തതിനാൽ ജോലിഭാരവും തൊഴിൽസമയവും കൂടുതലാണെന്നും മതിയായ വിശ്രമമില്ലാത്തതിനാൽ അപകടകരമായ അവസ്ഥയാണ് ലോക്കോ പൈലറ്റുമാർ നേരിടുന്നതെന്നും ഏറെക്കാലമായി ഉയരുന്ന പരാതിയാണ്. ശാരീരികവും മാനസികവുമായ സമ്മർദം മൂലം സമരത്തിലേക്കിറങ്ങേണ്ട അവസ്ഥയിലേക്ക് ലോക്കോ പൈലറ്റുമാരെ എത്തിക്കുകയായിരുന്നു അധികൃതരെന്നും ഇവർ ആരോപിക്കുന്നു. മതിയായ ജീവനക്കാരുടെ അഭാവം കൂടുതലായും അനുഭവപ്പെടുന്നത് ദക്ഷിണ റെയിൽവേയിലാണെന്ന ആരോപണവും ലോക്കോ പൈലറ്റുമാർ ഉൾപ്പെടെയുള്ള റെയിൽവേയിലെ ജീവനക്കാരുടെ സംഘടനകൾ ഉന്നയിക്കുന്നുണ്ട്. 

റെയിൽവേയിൽ രണ്ടരലക്ഷം ഒഴിവുകളാണ് നിലവിലുള്ളതെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാജ്യസഭയിൽ രേഖാമൂലം അറിയിച്ചിരുന്നു. ഇത് ഡിസംബർ ആയപ്പോഴേയ്ക്കും മൂന്നേകാൽ ലക്ഷം ആയെന്ന് വിവിധ തൊഴിലാളി സംഘടനകൾ കണക്കുകൾ പുറത്തുവിട്ടുകൊണ്ട് വ്യക്തമാക്കി. ഏറ്റവും താഴെത്തട്ടിലുള്ള ഡി ഗ്രൂപ്പ് ഒഴികെയാണ് ഇത്രയധികം ഒഴിവുകൾ. ഉന്നതതലം മുതൽ ഒഴിവുകൾ ഉണ്ടായിട്ടും റെയിൽവേയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടക്കുന്നത് നിലവിലുള്ള ജീവനക്കാരുടെ മേൽ അധികജോലിഭാരം അടിച്ചേല്പിച്ചാണെന്ന് ജീവനക്കാര്‍ പറയുന്നു. അടുത്തകാലത്തുണ്ടായ മിക്ക അപകടങ്ങള്‍ക്കും കാരണം ലോക്കോ പൈലറ്റുമാർ മതിയായ വിശ്രമം ലഭിക്കാതെ ജോലി ചെയ്യുന്നതാണെന്നും ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനാവശ്യമായ പുതിയ നിയമനങ്ങൾ നടത്താനും സുഗമമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്താനും ശ്രമങ്ങൾ ഇതുവരെയുണ്ടായിട്ടില്ല. കഴിഞ്ഞ 10 വർഷത്തെ കണക്കെടുത്താൽ ആവശ്യമായ ജീവനക്കാരുടെ പകുതിപോലും നികത്തിയിട്ടില്ലെന്ന് കാണാനാകും. അതിൽത്തന്നെ ദക്ഷിണ റെയിൽവേയാണ് ഏറ്റവുമധികം വിവേചനം നേരിടുന്നതും.
രാജ്യത്തെ പൊതുഗതാഗതത്തിന്റെ നട്ടെല്ലായ ഇന്ത്യൻ റെയിൽവേ കഴിഞ്ഞവര്‍ഷങ്ങളില്‍ വികസനപ്രവർത്തനങ്ങൾ ഏറെ നടപ്പിലാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും ജീവനക്കാർക്കും പൊതുജനങ്ങൾക്കും പ്രയോജനകരമായ വിധത്തിലുള്ള പരിഷ്കരണ നടപടികൾ ഉണ്ടായിട്ടില്ലെന്ന വിമർശനം നിലനില്‍ക്കുന്നു.

സ്വകാര്യവല്‍ക്കരണം, സ്റ്റേഷനുകളുടെ നവീകരണം, പാത ഇരട്ടിപ്പിക്കൽ, വന്ദേഭാരത് പോലെയുള്ള പുതുതലമുറ ട്രെയിനുകൾ ലഭ്യമാക്കൽ, വൈദ്യുതീകരണത്തിലേക്കുള്ള മാറ്റം തുടങ്ങിയവയൊക്കെ നടപ്പാക്കിയിട്ടുണ്ടെങ്കിലും സാധാരണക്കാരായ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ യാതൊരു നടപടികളുമുണ്ടായിട്ടില്ല. കോവിഡിന്റെ വരവോടെ എടുത്തുകളഞ്ഞ ആനുകൂല്യങ്ങൾ പലതും ഇതുവരെ തിരികെ ലഭ്യമാക്കിയിട്ടില്ല. റദ്ദാക്കപ്പെട്ട ഹ്രസ്വദൂര ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും പൂര്‍ണമായും തിരിച്ചെത്തിയില്ല, വന്ദേഭാരത് പോലെയുള്ള ട്രെയിനുകളാകട്ടെ പ്രഖ്യാപിക്കപ്പെട്ടതിന്റെ പകുതി വേഗതയിലാണ് മിക്കയിടങ്ങളിലും സർവീസ് നടത്തുന്നത്. ഇതുമൂലം ഒട്ടേറെ ദീർഘദൂര‑ഹ്രസ്വദൂര ട്രെയിനുകൾ വഴിയില്‍ പിടിച്ചിടേണ്ട അവസ്ഥയും നിലവിലുണ്ട്. ഇത് ബാധിക്കുന്നത് ട്രെയിൻ യാത്രയെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകളെയാണ്. ഇതിനൊപ്പം ലോക്കോ പൈലറ്റുമാരുടെ സമരത്തിന്റെ പേരിലും ട്രെയിനുകൾ മുടങ്ങുകയും സ്റ്റേഷനുകളിൽ പിടിച്ചിടപ്പെടുകയും ചെയ്യുന്നത് കടുത്ത ജനദ്രോഹം തന്നെയാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ദേശീയപാതയുടെ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡിലൂടെയുള്ള ദീർഘദൂരയാത്ര കേരളത്തിൽ അതീവ ദുഷ്കരമാണ്. അതിനാൽ ബഹുഭൂരിപക്ഷം ആളുകളും ഇപ്പോൾ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. റെയിൽവേയുടെ ടിക്കറ്റ് വരുമാനത്തിന്റെ അനുപാതത്തിൽ കേരളം ഏറെമുന്നിലാണ് താനും. കൂടുതൽ യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്താനും സമരം നടത്തുന്ന ജീവനക്കാരുടെ ആവശ്യങ്ങളിൽ മാനുഷികമായ ഇടപെടൽ നടത്താനുമാണ് റെയിൽവേ അധികൃതരും റെയിൽവേ മന്ത്രാലയവും ശ്രദ്ധിക്കേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.