27 December 2024, Friday
KSFE Galaxy Chits Banner 2

നിര്‍ണായക രാഷ്ട്രീയസന്ധിയിലെ മേയ്ദിന പ്രതിജ്ഞ

Janayugom Webdesk
May 1, 2023 5:00 am

ലോകമെമ്പാടും ഇന്ന് തൊഴിലാളിവർഗവും ഇടതുപക്ഷ ജനാധിപത്യ പുരോഗമനശക്തികളും അന്താരാഷ്ട്ര തൊഴിലാളിദിനമായി മേയ്ദിനം ആഘോഷിക്കുകയാണ്. തൊഴിലാളികളുൾപ്പടെ മനുഷ്യരാശിയാകെ അഭൂതപൂർവമായ വെല്ലുവിളികളെ നേരിടുന്ന സവിശേഷമായ ഒരു ലോകസാഹചര്യത്തിലാണ് ഇത്തവണത്തെ മേയ്ദിന ആഘോഷങ്ങൾ. രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം ലോകരാഷ്ട്രങ്ങൾ ഇതുപോലെ അപകടകരമാംവിധം വിരുദ്ധചേരികളിൽ നിലയുറപ്പിച്ച അവസരങ്ങൾ വിരളമാണ്. റഷ്യ — ഉക്രെയ്ൻ യുദ്ധം ഇരുരാജ്യങ്ങളിലെയും ജനതകളെമാത്രമല്ല ലോകജനതയെ ആകെത്തന്നെ അളവറ്റ ദുരിതങ്ങളിലേക്കാണ് തള്ളിനീക്കിയിരിക്കുന്നത്. ഉത്തരാഫ്രിക്കയിലെ സുഡാനിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധം ആ രാജ്യത്തിന്റെ നാലതിർത്തികളിൽ ഒതുങ്ങിനിൽക്കാതെ മേഖലയിലെ സമാധാനാന്തരീക്ഷത്തെ മാത്രമല്ല ലോക സമ്പദ്ഘടനയിൽത്തന്നെ ചെറുതല്ലാത്ത പ്രത്യാഘാതം സൃഷ്ടിച്ചേക്കുമെന്നുള്ള ആശങ്ക ശക്തമാണ്.

 


ഇതുകൂടി വായിക്കു; മെയ് ദിനം നീണാൾ വാഴട്ടെ


എട്ടുമണിക്കൂർ തൊഴിലിനുവേണ്ടി ചിക്കാഗോയിലെ തൊഴിലാളികൾ 1886ൽ നടത്തിയ ഐതിഹാസിക സമരത്തിനുശേഷം തൊഴിലാളികളുടെ രാഷ്ട്രീയവും സാമ്പത്തികവും തൊഴിൽപരവുമായ അവകാശങ്ങൾക്കുമേൽ ഇത്രയധികം ശക്തമായ കടന്നാക്രമണം മറ്റൊരുകാലത്തും ഉണ്ടായിട്ടില്ല. യുഎസിലും ഫ്രാൻസിലും ഇന്ത്യയിലുമടക്കം തൊഴിൽരംഗം പ്രക്ഷുബ്‌ധവും തൊഴിലാളികളുടെ ചെറുത്തുനില്പ് കരുത്തുറ്റതുമായി മാറിയിരിക്കുന്നു. തൊഴിലാളികളുടെ ന്യായമായ വേതനവും ആനുകൂല്യങ്ങളും കവർന്നെടുക്കാനും കൂടുതൽസമയം അവനെക്കൊണ്ട് പണിയെടുപ്പിക്കാനും വൻകിട കോർപറേറ്റുകളും അവരുടെ ഗവൺമെന്റുകളും കൈകോർത്തിരിക്കുന്നു. ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയെടുത്ത നിയമപരമായ അവകാശങ്ങളും ആനുകൂല്യങ്ങളും തൊഴിൽ സംരക്ഷണവുമാണ് ഇവ്വിധം അട്ടിമറിക്കപ്പെടുന്നത്. ഇന്ത്യൻ തൊഴിൽരംഗം ഇതിന്റെ ക്ലാസിക് ഉദാഹരണമാണ്. ഈ നയങ്ങളാവട്ടെ ഒറ്റപ്പെട്ട ഒന്നല്ല. ജനതകളെ തീറ്റിപ്പോറ്റുന്ന കർഷകരോടുള്ള വലതുപക്ഷ മൂലധനശക്തികളുടെയും അവരുടെ സർക്കാരുകളുടെയും സമീപനവും മറ്റൊന്നല്ല. ആ നയസമീപനം ഏറ്റവും തീവ്രരൂപം കൈവരിക്കുന്നതിന് സമീപകാല ഇന്ത്യ സാക്ഷ്യംവഹിക്കുകയുണ്ടായി.


ഇതുകൂടി വായിക്കു; ജനമനസുകളിലെ കമ്മ്യൂണിസ്റ്റ് തമ്പുരാന്‍


 

ഉദാരീകരണ സാമ്പത്തികനയങ്ങളുടെ മൂന്നു പതിറ്റാണ്ടുകൾ ഇന്ത്യ പിന്നിട്ടിരിക്കുന്നു. അങ്ങേയറ്റം പ്രതിലോമകരമെന്ന് ഇന്ന് ഉത്തമബോധ്യംവന്നതും തൊഴിലാളികളും കർഷകരും പണിയെടുക്കുന്ന ഇതരവിഭാഗങ്ങളുമുൾപ്പെട്ട മഹാഭൂരിപക്ഷത്തേയും സാമ്പത്തികമായി ഞെരിച്ചമർത്തുന്നതുമായ രാഷ്ട്രീയനയങ്ങൾക്ക് എതിരായ സമരം അതിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവകാലത്ത് തൊഴിലാളികൾക്കിടയിൽ പ്രചരിച്ചിരുന്ന ഒരു ആശയമുണ്ട്. ‘മേലാളർ ഒരുവശത്തും തൊഴിലാളികൾ മറുവശത്തുമാണ്. നാം അധികാരം പിടിച്ചെടുത്തില്ലെങ്കിൽ അവർ അത് കയ്യടക്കും’. ലെനിനാണ് ബോൾഷെവിക്കുകളെ ആ പാഠം പഠിപ്പിച്ചത്. അത് ഇന്നും പ്രസക്തമാണ്, ഇന്ത്യക്കും. അത് കേവലം ദിവാസ്വപ്നമല്ല, മറിച്ച് വസ്തുനിഷ്ഠ യാഥാർത്ഥ്യമാണ്. അത് കൈവരിക്കണമെങ്കിൽ തൊഴിലാളിവർഗ രാഷ്ട്രീയം അതിന്റെ കരുത്തു തിരിച്ചറിഞ്ഞുപ്രവർത്തിക്കാൻ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുവരണം. ഉദാരീകരണ സാമ്പത്തികനയങ്ങൾക്കെതിരെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായിനടന്ന ഒരുഡസനിലേറെ പൊതുപണിമുടക്കുകളിൽ കോടാനുകോടി തൊഴിലാളികളെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി അണിനിരത്താൻ ഇന്ത്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനത്തെ നാല്പത്തിയെട്ടുമണിക്കൂർ പൊതുപണിമുടക്കിൽ 25 കോടി തൊഴിലാളികളാണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കർഷക പ്രക്ഷോഭത്തിനുമുന്നിൽ കൂപ്പുകൈകളോടെ മാപ്പുപറയേണ്ടിവന്നതും ചരിത്രത്തിന്റെ ഭാഗമാണ്. തൊഴിലാളിവർഗത്തെയും അവരുടെ സമരസംഘടനകളെയും രാഷ്ട്രീയവൽക്കരിക്കാതെയും കർഷകരുൾപ്പെടെ ഇതര സാമൂഹ്യശക്തികളുമായി കൈകോർക്കാതെയും കോർപറേറ്റ് മേലാളഭരണത്തിനു അറുതിവരുത്താനാവില്ല. തൊഴിലാളികളും കർഷകരുമുൾപ്പെട്ട ജനസാമാന്യത്തിന്റെ സാമ്പത്തിക രാഷ്ട്രീയ അവകാശസംരക്ഷണത്തിനു നമുക്കുമുന്നിൽ മറ്റൊരു ഉപായവുമില്ല.

രാജ്യം അതീവനിർണായകമായ ഒരു രാഷ്ട്രീയ അധികാര പോരാട്ടത്തിന്റെ പടിവാതിൽക്കലാണ് എത്തിനിൽക്കുന്നത്. പതിനെട്ടാമത് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് കാഹളം ഉയർന്നുകഴിഞ്ഞു. തൊഴിലാളികളും കർഷകരും മറ്റ് അധ്വാനിക്കുന്ന ജനസാമാന്യവും ഉൾപ്പെട്ട മഹാഭൂരിപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനും അന്തസോടെ, സ്വതന്ത്രമായി തലയുയർത്തിപ്പിടിച്ചു ജീവിക്കാനുള്ള ജനാധിപത്യ രാഷ്ട്രീയാന്തരീക്ഷത്തിനും നിലവിലുള്ള കുത്തകകോർപറേറ്റ് നിയന്ത്രിത ഭരണകൂടത്തെ അധികാരത്തിൽനിന്നും പുറത്താക്കിയേ മതിയാവു. അഡാനിമാരും അംബാനിമാരും നിയന്ത്രിക്കുന്ന മോഡിഭരണകൂടത്തിന്റെ വർഗസ്വഭാവത്തെപ്പറ്റി ഇനിയും ആർക്കും സംശയം ഉണ്ടാവേണ്ടതില്ല. വർഗസമരത്തിന്റെ പാതയിൽ ഇന്ത്യൻ ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനുള്ള പ്രസക്തിയും പ്രാധാന്യവും സംശയാതീതം സുവ്യക്തമാണ്. നിർണായകമായ ഈ പോരാട്ടത്തിൽ ഇന്ത്യൻ തൊഴിലാളിവർഗവും കർഷകജനതയും ഇതര വിപ്ലവശക്തികളുമായി കൈകോർത്ത് ഭരണവർഗത്തിനു കനത്ത പ്രഹരമേല്പിക്കുമെന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നു. മഹാഭൂരിപക്ഷംവരുന്ന നാം അല്ലെങ്കിൽ അവർ എന്നനിലയിലേക്കു കാര്യങ്ങൾ എത്തിനിൽക്കുന്നു. ആ തിരിച്ചറിവായിരിക്കണം ഈ മേയ്ദിനത്തെ ചരിത്രത്തിൽ വേറിട്ടതാക്കിമാറ്റേണ്ടത്. ആ ചരിത്ര ദൗത്യമായിരിക്കട്ടെ നമ്മുടെ മേയ്ദിന പ്രതിജ്ഞ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.