12 December 2025, Friday

ജാഗ്രത ആവശ്യപ്പെടുന്ന കാലവർഷവും കോവിഡും

Janayugom Webdesk
May 27, 2025 5:00 am

കേരളം ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നേരത്തെയെത്തിയ കാലവർഷം തിമിർത്ത് പെയ്യുകയാണ്. അതോടൊപ്പം ഒരിടവേളയ്ക്കുശേഷം കോവിഡ് കേസുകൾ വർധിക്കുകയും ചെയ്യുന്നു. ആശങ്കയോ അപകടഭയമോ ആവശ്യമില്ലെങ്കിലും രണ്ടും അതീവ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. സാധാരണയിലും ഒരാഴ്ച മുമ്പാണ് കേരളത്തിൽ കാലവർഷമെത്തിയത്. മഹാരാഷ്ട്രയിൽ 12 ദിവസം നേരത്തെയും. കർണാടക, ഗോവ എന്നിവിടങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്. ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലും ശക്തമായ മഴയാണ്. 2009ന് ശേഷം ഇത്തവണയാണ് ഏറ്റവും നേരത്തെ കേരളത്തിൽ കാലവർഷമെത്തിയത്. അതിന് മുമ്പ് 1990ൽ മേയ് 19ന് തന്നെയെത്തി. സാധാരണ ജൂൺ ഒന്നിനെത്തുമെന്നാണ് കണക്കാക്കിയിരുന്നത്. വടക്കൻ ജില്ലകളിൽ ഒരാഴ്ച മുമ്പ് മഴ ആരംഭിച്ചിരുന്നുവെങ്കിലും രണ്ട് മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് കാലവർഷത്തിന്റെ ഭാഗമായി തകർത്തുപെയ്യാൻ തുടങ്ങിയത്.

ഇതുവരെയുള്ള കാലവർഷപ്പെയ്ത്തിൽ വിവിധ തരത്തിലുള്ള നാശനഷ്ടങ്ങൾ നേരിടുകയുണ്ടായി. മരണത്തിന് പുറമേ കൃഷി, വീടുകൾ, കെട്ടിടങ്ങൾ, റോഡുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കൊക്കെയാണ് നാശമുണ്ടാകുന്നത്. കാലവർഷം ഇത്തവണ നേരത്തെയെത്തുമെന്ന് ആഴ്ചകൾക്ക് മുമ്പ് തന്നെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളും ദുരിത നിവാരണവകുപ്പുമെല്ലാം മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാന ദുരന്തനിവാരണ, റവന്യു വകുപ്പുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. ദേശീയ ദുരന്തനിവാരണസേനയുടെ രണ്ട് സംഘങ്ങൾ സംസ്ഥാനത്ത് നിലവിലുള്ളതിന് പുറമേ ഏഴ് സംഘങ്ങൾ കൂടി അടുത്തയാഴ്ച സംസ്ഥാനത്തെത്തുന്നുണ്ട്. ദുരന്തങ്ങളുണ്ടായാൽ ഇവരുടെ സേവനം ഉപയോഗിക്കാനാകും. ഇതിന് പുറമേ ചെറുതും വലുതുമായ സംഭവങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് സജ്ജമായി പൊലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ആപ്ത മിത്ര എന്നീ സംസ്ഥാന സംവിധാനങ്ങൾ സജ്ജവുമാണ്. കൂടാതെ ആവശ്യഘട്ടങ്ങളിൽ ഉടൻ സേവനം ലഭ്യമാക്കുന്ന വിധം ആർമിയുടെ 11, ഇന്റോ ടിബറ്റൻ ബറ്റാലിയൻ ഫോഴ്സിന്റെ ഒന്ന്, സിആർപിഎഫ് 100 അംഗങ്ങളെയും സജ്ജീകരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കവും മറ്റും കാരണത്താൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരികയാണെങ്കിൽ നാലായിരത്തോളം താൽക്കാലിക ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിക്കുകയുണ്ടായി. സർക്കാർ ഇത്രയധികം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും കൂടുതൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതാക്കണമെങ്കിൽ ജനങ്ങളുടെ നല്ല ജാഗ്രതയും സഹകരണവും ആവശ്യമുണ്ട്. സർക്കാരും മറ്റ് സംവിധാനങ്ങളും നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുകയും മുന്നൊരുക്കങ്ങളോട് സഹകരിക്കുകയും ചെയ്യുക എന്നുള്ളതാണ് അതിൽ പ്രധാനം. മഴ മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക, നിർദേശങ്ങൾ എല്ലാം പാലിക്കുക, അപകടങ്ങളോ വെള്ളം കയറുന്നതോമൂലം മാറിപ്പാർക്കേണ്ടിവരുമ്പോൾ കാലവിളംബമില്ലാതെ സർക്കാർ സംവിധാനങ്ങളിലേക്കോ ബന്ധുവീടുകളിലേക്കോ മാറുക തുടങ്ങിയ മുൻകരുതലുകളും ജാഗ്രതയും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. 

ഇതേ സമീപനം തന്നെയാണ് കോവി‍ഡിന്റെ കാര്യത്തിലും സ്വീകരിക്കേണ്ടത്. സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ജാഗ്രതയും കരുതലും വച്ച് അതിനോട് ചേർന്നുനിൽക്കേണ്ട ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിന് പുറമേ മഹാരാഷ്ട്ര, തമി‌ഴ്‌നാട്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം സംസ്ഥാനത്ത് 350ഓളം പേർക്കാണ് രോഗ സ്ഥിരീകരണമുണ്ടായത്. തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതു സ്ഥലങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് അഭികാമ്യമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കി. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണെന്നും നിർദേശിച്ചിട്ടുണ്ട്. കോവിഡ് തുടക്കവേളയിൽ ആശങ്കപ്പെട്ടിരുന്നതുപോലെ ഗുരുതരമോ അപകടകാരിയോ അല്ലെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പെന്നതുപോലെ ജനങ്ങളുടെ ജാഗ്രത തന്നെയായിരുന്നു രോഗവ്യാപനം തടയുന്നതിനും കാരണമായത്. ജാഗ്രത പാലിക്കുകയും നിർദേശങ്ങൾ അതേപടി നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെതന്നെ പുതിയ കോവിഡിനെയും നമുക്ക് അതിജീവിക്കാവുന്നതാണ്. അതുകൊണ്ട് കാലവർഷവും കോവിഡും ഒരേസമയത്ത് എത്തുമ്പോൾ അധികൃതർ നൽകുന്ന നിർദേശങ്ങൾ പിന്തുടരുകയും മുൻകരുതൽ നടപടികളോട് സഹകരിക്കുകയും ചെയ്യുക എന്നത് ഉത്തരവാദിത്തമായി ഓരോ വ്യക്തിയും ഏറ്റെടുക്കേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.