13 December 2025, Saturday

അചഞ്ചലം,മുന്നോട്ട്… ക്യൂബ

Janayugom Webdesk
June 29, 2025 5:00 am

1952 മുതൽ 59 വരെ ക്യൂബ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ സ്വേച്ഛാധികാരത്തിലായിരുന്നു. കുറ്റവാളികൾക്കും അഴിമതിക്കാർക്കും സുരക്ഷിത താവളമായി അക്കാലത്ത് ക്യൂബ. 1952ൽ അട്ടിമറിയിലൂടെ അധികാരത്തിൽ വന്ന ബാറ്റിസ്റ്റ, നിലവിലിരുന്ന ജനാധിപത്യ സംവിധാനങ്ങളെ തച്ചുടയ്ക്കുകയും സ്വേച്ഛാധികാരത്തിന് വഴിയൊരുക്കുകയും ചെയ്തു. എകാധിപത്യഭരണത്തിന് ഏറെനാൾ ജനങ്ങളെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞില്ല. ജനം വിപ്ലവവഴികളിലിറങ്ങി. സായുധവും രാഷ്ട്രീയവുമായിരുന്നു പ്രക്ഷോഭമാർഗം. യുവ അഭിഭാഷകനായ ഫിഡൽ കാസ്ട്രോ പ്രക്ഷോഭത്തിന് നേതൃത്വം നൽകി. ബാറ്റിസ്റ്റയിൽ നിന്ന് ഭരണം പിടിച്ചെടുക്കുമെന്ന് കാസ്ട്രോ പ്രഖ്യാപിച്ചു. എന്നാൽ അതിനായുള്ള അദ്ദേഹത്തിന്റെ ആദ്യകാല ശ്രമങ്ങൾ പരാജയപ്പെട്ടു. കാസ്ട്രോയും സഹോദരൻ റൗളും ചേർന്ന് ക്യൂബൻ സൈനിക പോസ്റ്റ് മൊണ്‍കാഡ ബാരക്കിൽ സായുധ ആക്രമണത്തിന് മുന്നിട്ടിറങ്ങിയെങ്കിലും അതും പരാജയപ്പെട്ടു. ഫിഡൽ കാസ്ട്രോയും സംഘവും അറസ്റ്റിലായി. തടങ്കലിൽ “എം-26–7” (ജൂലൈ 26 പ്രസ്ഥാനം) രൂപീകരിച്ചു. വിചാരണവേളയിൽ ഫിഡൽ കാസ്ട്രോയ്ക്ക് രണ്ട് മണിക്കൂർ പ്രസംഗിക്കാൻ അവസരമുണ്ടായി. പ്രസംഗത്തിലെ ആശയം രാജ്യത്തെ വന്‍തോതില്‍ സ്വാധീനിച്ചു. ഇത് തിരിച്ചറിഞ്ഞ ബാറ്റിസ്റ്റ പൊതുജന അംഗീകാരം നേടാനുള്ള നീക്കമെന്നനിലയില്‍ മൊണ്‍കാ‍ഡ ബാരക്ക് ആക്രമണകാരികൾക്ക് പൊതുമാപ്പ് നൽകി. കാസ്ട്രോ സഹോദരന്മാർ മെക്സിക്കോയിലേക്ക് ഒളിവിൽ പോയി. അവിടെ അവർ തങ്ങളുടെ പദ്ധതികൾക്ക് മൂർച്ചകൂട്ടി ഏകീകരിച്ചു. 1956ൽ ക്യൂബയിലേക്ക് മടങ്ങി. മെക്സിക്കോയിൽ കണ്ടുമുട്ടിയ ചെഗുവേരയും കൂടെയുണ്ടായിരുന്നു. ഗ്രാൻമ എന്ന കപ്പലിൽ തിരിച്ചെത്തിയ, കാസ്ട്രോമാരും ചെഗുവേരയും ബാറ്റിസ്റ്റയുടെ സൈന്യത്തിന്റെ ആക്രമണം നേരിട്ടു. അവർ സിയറ മസ്ട്രയിലേക്ക് രക്ഷപ്പെട്ടു. അവിടെ അവർ “എം-26–7” വിപ്ലവകാരികൾ എന്നറിയപ്പെട്ടു. നഗര അട്ടിമറിയിലും രഹസ്യ റിക്രൂട്ട്മെന്റിലും സജീവമായി. ഇക്കാലത്ത് ബാറ്റിസ്റ്റയെ എതിർത്തിരുന്നതും ഒരിക്കൽ ശക്തവുമായിരുന്ന പോപ്പുലർ സോഷ്യലിസ്റ്റ് പാർട്ടിക്ക് സ്വാധീനം കുറഞ്ഞു. പ്രവർത്തകർ ജൂലൈ 26 പ്രസ്ഥാനത്തിന് ഒപ്പം അണിചേർന്നു. യുവസേനകളെ സംഘടിച്ച്, ഗറില്ലാ പോരാളികൾ എന്നതിൽ നിന്നുയർന്ന് ഏകീകൃത പോരാട്ടശക്തിയായി മാറി. ബാറ്റിസ്റ്റയുടെ സേനയെ നേരിടാൻ ഇതിലൂടെ അവർക്ക് കഴിഞ്ഞു. പോപ്പുലർ സോഷ്യലിസ്റ്റ് പാർട്ടി, ജൂലൈ 26 പ്രസ്ഥാനം, മാർച്ച് 13ലെ റെവല്യൂഷണറി ഡയറക്ടറേറ്റ് എന്നിവരുടെ ഒരു സഖ്യം വിപ്ലവത്തെ നയിച്ചു. 1958 ഡിസംബർ 31ന് ബാറ്റിസ്റ്റയെ ഭരണത്തിൽ നിന്നും പുറത്താക്കി. ബാറ്റിസ്റ്റ രാജ്യം വിട്ടു. വിപ്ലവ സേനകളുടെ പ്രമുഖ നേതാവായി കാസ്ട്രോ മാറി. ബാറ്റിസ്റ്റയുടെ സർക്കാര്‍ പിരിച്ചുവിട്ടു. ജൂലൈ 26 പ്രസ്ഥാനം സർക്കാരായി സ്വയം പ്രഖ്യാപിച്ചു. ബാറ്റിസ്റ്റയെ പുറത്താക്കിയതിന് തൊട്ടുപിന്നാലെ കാസ്ട്രോയുടെ ജനപ്രീതി വളരെയധികം ഉയർന്നു. കാസ്ട്രോ അതിവേഗം അധികാരമുറപ്പിച്ചു. 1953 ജൂലൈ 26 ക്യൂബയിൽ ദിയാ ഡി ലാ റെവല്യൂഷൻ (“വിപ്ലവ ദിനം”) ആയി ആഘോഷിക്കുന്നു. 

മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാതയിലൂടെ പാർട്ടിയെ കാസ്ട്രോ പരിഷ്കരിച്ചു. 1965 ഒക്ടോബറിൽ കാസ്ട്രോ ജനറൽ സെക്രട്ടറിയായി ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിത രൂപം ആർജിച്ചു. വിപ്ലവ പ്രക്രിയയുടെ ആഭ്യന്തര, അന്തർദേശീയ പ്രത്യാഘാതങ്ങൾ പ്രകടമായിരുന്നു. അമേരിക്കയുമായുള്ള ബന്ധങ്ങൾ ഗുരുതരമായി ഉടഞ്ഞു. അനുരഞ്ജന ശ്രമങ്ങൾ നടത്തിയിട്ടും പിരിമുറുക്കം അവസാനിച്ചില്ല. ക്യൂബൻ വിപ്ലവം പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ആഴത്തിലുള്ള അലയൊലികൾ സൃഷ്ടിച്ചു. ചെറുത്തുനില്പിന്റെ പ്രതീകമായി മാത്രമല്ല, വിജയകരമായ ഒരു വിപ്ലവം എങ്ങനെയായിരിക്കുമെന്നതിന്റെ രൂപരേഖയായും വർത്തിച്ചു. ലാറ്റിൻ അമേരിക്കൻ വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രപരവും തന്ത്രപരവുമായ പ്രചോദനമായി ക്യൂബ മാറി. അതേസമയം, അമേരിക്കന്‍ നാടുകളിലെ കടുത്ത യാഥാസ്ഥിതിക ഭരണകൂടങ്ങൾ “മറ്റൊരു ക്യൂബ” ആവർത്തിക്കരുതെന്ന ചിന്തയിൽ പുതിയ മുന്നേറ്റങ്ങളെ വ്യാപകമായി അടിച്ചമർത്താൻ തുടങ്ങി. വിപ്ലവത്തിനുശേഷം, കാസ്ട്രോയുടെ സർക്കാർ വിശാലമായ ദേശസാല്‍ക്കരണ പരിപാടി ആരംഭിച്ചു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പൊതുസമൂഹത്തെയും പരിവർത്തനം ചെയ്തു. ക്യൂബൻ ജനതയെ ചൂഷണം ചെയ്തിരുന്ന അമേരിക്കയിൽ നിന്നടക്കമുള്ള സമ്പന്നരും ചൂഷകരുമായ വിഭാഗങ്ങളെ അകറ്റിനിര്‍ത്തി. സാമ്പത്തിക പരിവർത്തനത്തെ തുടര്‍ന്ന് ക്യൂബൻ സമൂഹത്തിലെ സമ്പന്ന വർഗം അമേരിക്കയിലേക്ക് പലായനം ചെയ്തു. ആഫ്രിക്ക, അമേരിക്കൻ നാടുകൾ, തെക്കുകിഴക്കൻ ഏഷ്യ, പശ്ചിമേഷ്യ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളിൽ സ്വേച്ഛാധികാരത്തിനെതിരായ കലാപങ്ങളിൽ ക്യൂബയുടെ ഇടപെടലുകൾ വിപ്ലവങ്ങൾക്ക് കാരണമായി. 1959നും 1965നും ഇടയിൽ അമേരിക്കയുടെ സഹായത്തോടെയും പ്രേരണയോടെയും നിരവധി കലാപങ്ങൾ ക്യൂബയിലെ സർക്കാരിനെതിരെ എസ്കാംബ്രെ പർവതനിരകള്‍ കേന്ദ്രീകരിച്ച് നടന്നു. 

1928 ജൂൺ 14ന് ജനിച്ച ഏണസ്റ്റോ ചെഗുവേരയുടെ സംഭാവനകളെക്കുറിച്ച് പരാമർശിക്കാതെ ക്യൂബൻ വിപ്ലവേതിഹാസം പൂർണമാകില്ല. മുഴുവൻ പ്രക്രിയയിലും, വിജയത്തിലും ക്യൂബയിൽ സോഷ്യലിസം സ്ഥാപിക്കാനുള്ള ശ്രമങ്ങളിലും ചെ ഗുവേര നിർണായക പങ്ക് വഹിച്ചു. മാർക്സിസ്റ്റ് ആശയങ്ങളിലൂന്നിയ അദ്ദേഹം, സോഷ്യലിസത്തിലേക്കുള്ള ക്യൂബയുടെ വിപ്ലവാനന്തര മാറ്റങ്ങളിൽ മൂർത്തമായ നയങ്ങൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു. അർധകൊളോണിയൽ ആശ്രിതത്വത്തിൽ നിന്ന് മോചിതമായ ക്യൂബയിൽ അദ്ദേഹം കൊണ്ടുവന്ന ആഴത്തിലുള്ള ഘടനാപരമായ മാറ്റങ്ങൾ, ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ സോഷ്യലിസ്റ്റ് ചേരിയിലേക്ക് പൂർണമായും ഇഴുകിച്ചേരാൻ ഉപകരിച്ചു. രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ സോഷ്യലിസ്റ്റ് പരിവർത്തനത്തിലൂടെ സാധ്യമാകുന്ന സോഷ്യലിസ്റ്റ് നിർമ്മിതിയും ‘പുതിയ മനുഷ്യനെ’ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു. “ഫോക്കോ” സിദ്ധാന്തത്തിലും (ദക്ഷിണ ലോകത്തിനുവേണ്ടിയുള്ള വിപ്ലവകരമായ തന്ത്രം) ചെ ഗുവേര ശ്രദ്ധ കേന്ദ്രീകരിച്ചു. ഇവയെല്ലാം മാർക്സിസത്തിന് അദ്ദേഹം നൽകിയ വ്യത്യസ്തമായ സംഭാവനകളായി. ചെഗുവേരയുടെ വിപ്ലവകരമായ തീക്ഷ്ണത അദ്ദേഹത്തെ ആഫ്രിക്കൻ രാഷ്ട്രമായ കോംഗോയിലേക്ക് നയിച്ചു. എന്നാല്‍ പോരാട്ടത്തിന്റെ പരാജയം അദ്ദേഹത്തെ ക്യൂബയിലേക്ക് തിരിച്ചയച്ചു. താമസിയാതെ ചെ ക്യൂബയിൽ നിന്ന് ബൊളീവിയയിലേക്ക് പോയി. ചെയുടെ സാന്നിധ്യമറിഞ്ഞ ബൊളീവിയൻ സർക്കാർ, അദ്ദേഹത്തെ ജീവനോടെയോ അല്ലാതെയോ പിടികൂടാൻ ഒരു പ്രത്യേക സൈനിക യൂണിറ്റ് രൂപീകരിച്ചു. അമേരിക്കൻ സിഐഎയും ബൊളീവിയയെ സഹായിച്ചു. അവരുടെ കുതന്ത്രത്തിൽ ചെയും കൂട്ടാളികളും കാട്ടിൽ കുടുങ്ങി, സൈന്യവുമായി ഏറ്റുമുട്ടി. വെടിവയ്പിൽ ചെയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തിന്റെ തോക്കും തകര്‍ക്കപ്പെട്ടു. അദ്ദേഹം അറസ്റ്റിലായി. 1967 ഒക്ടോബർ ഒമ്പതിന് ചെ അതിക്രൂരമായി കൊല്ലപ്പെട്ടു. വധിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ‘നിന്റെ അറിവില്ലായ്മയെക്കുറിച്ച് നീ ചിന്തിക്കുന്നുവോ’ എന്ന് ചോദിച്ച പട്ടാളക്കാരനോട് അദ്ദേഹം മറുപടി നൽകി — “ഇല്ല, ഞാൻ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്. എനിക്കറിയാം താങ്കള്‍ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലാൻ പോകുന്നത്.” ഇതായിരുന്നു ചെ ഗുവേരയുടെ അവസാന വാക്കുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.