23 December 2024, Monday
KSFE Galaxy Chits Banner 2

നക്സല്‍ വേട്ട: കോര്‍പറേറ്റുകള്‍ക്കായുള്ള ആദിവാസി ഉന്മൂലനനടപടി

Janayugom Webdesk
May 3, 2024 5:00 am

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയാക്കി മൂന്നുദിവസം പിന്നിടുമ്പോൾ, ഏപ്രിൽ 29 തിങ്കളാഴ്ച ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലെ നാരായൺപൂർ ജില്ലയിൽ പ്രത്യേക ദൗത്യ സേനയും ജില്ലാ റിസർവ് സേനയുമായി ഉണ്ടായ ഒരു ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. അതിന് മുമ്പ്, ബസ്തറിൽ വോട്ടെടുപ്പ് നടന്ന ഏപ്രിൽ 19ന് രണ്ടുദിവസം മുമ്പ് അതെ മേഖലയിലെ കങ്കർ ജില്ലയിൽ ഉണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ 29 മാവോവാദികൾ കൊല്ലപ്പെട്ട വാർത്ത പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിലായി ബസ്തർ മേഖലയിൽ 82 മാവോവാദികൾ കൊല്ലപ്പെട്ടതായാണ് വാർത്തകളിൽനിന്നും വ്യക്തമാകുന്നത്. കൊല്ലപ്പെട്ടവരിൽ പൊലീസ് തലയ്ക്ക് വിലപറഞ്ഞ മാവോവാദികളുടെ പേരുവിവരങ്ങൾ വാർത്തകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ മരണമടഞ്ഞ മറ്റുള്ളവരെപ്പറ്റിയുള്ള വിവരങ്ങൾ ദേശീയ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിച്ച് കാണുന്നില്ല. കേന്ദ്രസർക്കാരും അവർ ‘നഗര നക്സലുകൾ’ എന്നുവിശേഷിപ്പിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരും കൊല്ലപ്പെട്ടവരിൽ സ്ത്രീകളടക്കം ഭൂരിപക്ഷവും ആദിവാസികളാണെന്ന് പറയുന്നു. പല സംഭവങ്ങളിലും സായുധ സേനാവിഭാഗങ്ങളുമായി ഏറ്റുമുട്ടിയ മാവോവാദികളെ വകവരുത്തിയശേഷം അതിന് ദൃക്‌സാക്ഷികളാവേണ്ടിവന്ന ആദിവാസികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ബസ്തറിലെ ആദിവാസികളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാനുള്ള ബൃഹദ്പദ്ധതിയുടെ ഭാഗമാണ് അവിടെ അരങ്ങേറുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ എന്നാണ് ആദിവാസിമനുഷ്യാവകാശ പ്രവർത്തകരിൽ നല്ലൊരുപങ്കും വിശ്വസിക്കുന്നത്. മാവോവാദികളുടെ പ്രത്യയശാസ്ത്രത്തെയോ അവരുടെ പ്രവർത്തന രീതിയെയോ ജനയുഗം ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. എന്നാൽ ഏറ്റുമുട്ടലിന്റെ പേരിൽ അരങ്ങേറുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ 2024ഓടെ ഛത്തീസ്ഗഢിനെ ‘മാവോയിസ്റ്റ് വിമുക്ത’മാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷാ നൽകുന്ന ദുഃസൂചന അവഗണിക്കാവുന്നതല്ല.

 


ഇതുകൂടി വായിക്കൂ: ബിജെപിയെ പരാജയപ്പെടുത്തുക; രാജ്യത്തെ രക്ഷിക്കുക


ഛത്തീസ്ഗഢ് സംസ്ഥാനം ഇന്ത്യയുടെ ധാതു, ഖനിജ സമ്പത്തിന്റെ പ്രമുഖ സ്രോതസാണ്. രാജ്യത്തിന്റെ ടിൻ അയിരിന്റെ 38 ശതമാനവും ബോക്സെെറ്റിന്റെ 20 ശതമാനവും ഇരുമ്പയിരിന്റെ 18 ശതമാനവും കൽക്കരിയുടെ 17 ശതമാനവും വജ്രത്തിന്റെ നാലു ശതമാനവും നിക്ഷേപം സംസ്ഥാനത്താണ്. രാജ്യത്തിന്റെ ധാതു ഉല്പാദന മൂല്യത്തിന്റെ 13 ശതമാനം സംഭാവന ചെയ്യുന്നത് ഛത്തീസ്ഗഢ് ആണ്. ബസ്തർ മേഖലയാവട്ടെ ധാതുക്കളുടെയും വ്യവസായത്തിന് അനിവാര്യമായ മറ്റനവധി പ്രകൃതിവിഭവങ്ങൾകൊണ്ടും അനുഗ്രഹീതവും അമൂല്യവുമാണ്. കാലങ്ങളായി പൊതുമേഖലയുടെ സമ്പൂർണ നിയന്ത്രണത്തിലായിരുന്ന ഖനന വ്യവസായം അപ്പാടെ സ്വകാര്യവൽക്കരിക്കുക എന്നതാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത നയം. ഉദാരവൽക്കരണ കാലത്തെ കോൺഗ്രസിന്റെ നയവും ഇതിൽനിന്ന് വിഭിന്നമായിരുന്നില്ല. ഛത്തീസ്ഗഢിലെ ആദിവാസി ജനതയുടെ പൈതൃകഭൂമിയിൽ നിന്നും അവരെ പുറത്താക്കാതെ ആ ലക്ഷ്യം കൈവരിക്കാനുമാകില്ല. ആദിവാസികളടക്കം തദ്ദേശീയ ജനതകൾ അധിവസിക്കുന്ന മേഖലകൾ ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 244 അനുസരിച്ച് അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെടുന്നു. ഈ മേഖലകളിൽ നടക്കുന്ന ഏത് വികസനപ്രവർത്തനത്തിനും തദ്ദേശീയരുടെ അറിവോടുകൂടിയ അനുമതി ആവശ്യമാണ്. അതാണ് മാവോവാദികളും ഭരണകൂടവും ഒരുപോലെ ദുരുപയോഗം ചെയ്യുന്നത്. ഇരകളായി മാറുന്നതോ ആദിവാസി ജനതയും. ചെകുത്താനും കടലിനും ഇടയിൽപെട്ട അവസ്ഥയിലാണ് ആദിവാസി ജനത. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ ഗോത്ര ഭൂമിയും അതിലെ വിഭവങ്ങളും കൈകാര്യം ചെയ്യുന്നതിന് ആദിവാസി ജനതയ്ക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ച് നൽകുന്നുണ്ട്. അവരുടെ അനുമതി കൂടാതെ ഗോത്രഭൂമി മറ്റാർക്കും കൈമാറ്റം ചെയ്യാനാവില്ല. ഷെഡ്യൂൾഡ് മേഖലകൾക്ക് ജില്ലാതലത്തിലും പ്രാദേശിക തലങ്ങളിലും പ്രത്യേക ഭരണസംവിധാനം തന്നെ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. അവയാണ് ഭരണകൂട ഭീകരതയിൽ തകർക്കപ്പെടുന്നത്.


ഇതുകൂടി വായിക്കൂ: റോക്ക്ഫെല്ലര്‍മാരുടെ രാഷ്ട്രീയം


 

ഛത്തീസ്ഗഢിലെ അമൂല്യങ്ങളായ പ്രകൃതിവിഭവങ്ങൾ കയ്യടക്കാൻ ദേശീയ, ബഹുരാഷ്ട്ര കോർപറ്റുേകളും, അവ അവർക്ക് വെള്ളിത്താലത്തിൽ സമ്മാനിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും മത്സരിക്കുകയാണ്. 2003–2018 കാലയളവിൽ 1650 കോടി യുഎസ് ഡോളറിന്റെ 272 ധാരണാപത്രങ്ങളാണ് ധാതുഖനനത്തിനായി സംസ്ഥാന സർക്കാർ ഒപ്പുവച്ചത്. അവയിൽ 158 എണ്ണം കരാർ നടപ്പാകാത്തത് കാരണം 2021ല്‍ റദ്ദായി. 2019–2022 കാലയളവിൽ 600 കോടി ഡോളറിന്റെ പുതിയ 104 ധാരണാപത്രങ്ങൾ ഒപ്പുവച്ചിട്ടുണ്ട്. അവ പ്രവർത്തികമാകണമെങ്കിൽ ആദിവാസി ജനതകളെ അവരുടെ പൈതൃക ഭൂമിയിൽ നിന്ന് പുറത്താക്കണം. അതിനുതകുന്ന മാന്യവും ജനാധിപത്യപരവുമായ ഒരു പദ്ധതിയോ പരിപാടിയോ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പക്കലില്ല. അത്തരം പദ്ധതിയെന്നാൽ കോർപറേറ്റുകളുടെ പ്രതീക്ഷിത ലാഭം അവർക്ക് ലഭിക്കില്ല. ഈ സാഹചര്യമാണ് മാവോവാദികൾ പ്രയോജനപ്പെടുത്തുന്നത്. അവിടെയാണ് ബിജെപിയുടെ ഇരട്ട എന്‍ജിൻ സർക്കാരിന്റെ ‘മാവോയിസ്റ്റ് വിമുക്ത’ ഛത്തീസ്ഗഢ് ആദിവാസി ജനതയുടെ ഉന്മൂലനം ലക്ഷ്യമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.