15 November 2024, Friday
KSFE Galaxy Chits Banner 2

മുതലാളിത്തവും പുതിയ തലങ്ങളും

Janayugom Webdesk
January 9, 2022 5:00 am

അലഞ്ഞുതിരിഞ്ഞു നടക്കാനുള്ള ഇച്ഛയാലല്ല ജനങ്ങൾ ഇപ്പോൾ പുതിയ ഇടങ്ങളിൽ വന്നുചേരുന്നത്. അത് പട്ടിണിമൂലമാണ്. കുറച്ച് കാലം മുമ്പ്, പുറത്താക്കപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ എണ്ണം നമ്മെ നടുക്കത്തിലാഴ്ത്തി. പുരുഷന്മാരും സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങുന്ന ആയിരങ്ങളുടെ നീണ്ട നിര. ദുർഘട സാഹചര്യങ്ങളിൽ ഉഴറുന്ന അവരുടെ വർധിച്ച സംഖ്യ ഭയപ്പെടുത്തുന്നതായിരുന്നു. അവരുടെ സ്വപ്നങ്ങളിൽ പട്ടിണിയ്ക്ക് പരിഹാരം മാത്രമാണ് ശേഷിച്ചിരുന്നത്. പക്ഷെ, വിശപ്പിന്റെ ഭൂതം ഇന്നും വേട്ടയാടുകയാണ്. ഓരോ ദിവസവും തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്നു. തൊഴിലുമായി ബന്ധപ്പെട്ട പുതിയ തുടക്കങ്ങൾ നാമമാത്രമാണ്. തൊഴിൽ തെരഞ്ഞെടുക്കാനുള്ള അവസരങ്ങളും പരിമിതം. ഒരാളുടെ കഴിവുകൾക്കനുസരിച്ചല്ല തൊഴിലവസരങ്ങൾ. ബിസിനസ് മാനേജ്മെന്റ് പഠിച്ചയാൾ തോട്ടക്കാരന്റെ ജോലി തേടേണ്ടിവരുന്നു. ഡോക്ടറേറ്റ് നേടിയിട്ടുണ്ടെങ്കിലും ശിപായിയുടെ തസ്തിക കണ്ണുംനട്ട് നീങ്ങേണ്ട ഗതികേട്. വൈദഗ്ധ്യം ഉള്ളവർക്ക് അവർക്ക് ഉതകുന്ന തൊഴിലവസരങ്ങൾ തുറക്കാൻ ഭരണകൂട സംവിധാനങ്ങൾ വിസമ്മതിക്കുന്നു. വൈദഗ്ധ്യം പാഴാക്കാനാണ് സംവിധാനങ്ങൾക്ക് താല്പര്യം.

സിഎംഐഇയുടെ കണക്കനുസരിച്ച് തൊഴിലില്ലായ്മ ഡിസംബറിൽ പോയ നാല് മാസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കായ 7.91 ൽ എത്തിയിരിക്കുന്നു. കൊടിയ മാന്ദ്യത്തിന്റെ വർഷങ്ങളെക്കാൾ ഉയരെയാണത്. എന്നാൽ അത് സമ്പന്നരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുമില്ല. 1890‑ൽ ആന്റിട്രസ്റ്റ് നിയമം പാസാക്കിയ യുഎസ് സെനറ്റർ ജോൺ ഷെർമാൻ നിരീക്ഷിച്ചത്, ജനങ്ങൾ ഒരു രാജാവിനെ അധികാര കസേരയിലിരിക്കാൻ അംഗീകരിക്കുന്നില്ലെങ്കിൽ, ഉല്പാദനത്തിനും ഗതാഗതത്തിനും ഒടുവിൽ വിപണിക്കുമായി ഒരു രാജാവും ഉണ്ടാകില്ല എന്നായിരുന്നു. അധികാരത്തോട് അടുക്കുന്തോറും അതിന്റെ സ്വയംഭരണത്തെ വെല്ലുവിളിക്കാൻ ഉയരുന്നവരെകുറിച്ച് ഇത്തരം ജനപ്രിയ വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവരെ മെരുക്കാനുള്ള ശ്രമങ്ങളും തുടരുന്നു. അലി ബാബയുടെ പതനം ചൈനയിലെ കുത്തക നിയന്ത്രണ സമ്പ്രദായത്തിന്റെ ഒരു ഉദാഹരണമാണ്. അമേരിക്കയിൽ ഓയില്‍ കമ്പനികള്‍ കേന്ദ്രീകരിച്ചും ഇത്തരം സമാനതകൾ കാണാം. സമീപകാലത്ത് 2020 ലും 2021 ലും ആന്റിട്രസ്റ്റ് നിയമം ലംഘിച്ചതിന് മൈക്രോസോഫ്റ്റിനും ക്വാൽകോമിനും എതിരെ നടപടികൾ ഉണ്ടായിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയുടെ മേൽ കുത്തകകൾക്ക് സമ്പൂർണ അധികാരം തടയുവാൻ ഉദ്ദേശിച്ചായിരുന്നു ഇത്തരം നടപടികൾ സ്വീകരിച്ചത്. ഇന്ത്യയിലും 1969‑ൽ, എംആർടിപി ആക്ട് എന്ന കുത്തക, നിയന്ത്രണ കച്ചവട രീതി നിയമം കൊണ്ടുവന്നത് സമ്പദ്ഘടനയുടെ കടിഞ്ഞാൺ ഏതാനും പേരുടെ കൈകളിൽ കേന്ദ്രീകരിക്കുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു. ഇത് പിന്നീട് റദ്ദാക്കപ്പെടുകയും 2002‑ൽ അതിന്റെ സ്ഥാനത്ത് കോമ്പറ്റീഷൻ ആക്റ്റ് നിലവിൽ വരികയും ചെയ്തു.

 


ഇതുകൂടി വായിക്കാം; ജീവിത സായാഹ്നങ്ങളിലെ മനുഷ്യ ജീവിതം


 

എംആർടിപി നിയമം ഇല്ലാതാക്കിയതാണ് അംബാനിമാരെയും അഡാനിമാരെയും പോലുള്ള കുത്തകകളെ വളർത്തിയത്. എങ്കിലും എംആർടിപി രാജ്യത്തെ ആദ്യത്തെ കുത്തക വിരുദ്ധ നിയമനിർമ്മാണമായി നിലകൊള്ളുന്നു. ഇന്ന്, കുത്തക വിരുദ്ധ നിയമസങ്കല്പങ്ങൾക്കെല്ലാം വിരുദ്ധമായി നാം ഒരു രാജാവിനെ പോഷിപ്പിക്കുന്നു. അത് അദ്ദേഹം കൈയ്യാളുന്ന രാഷ്ട്രീയ അധികാരത്തിൽ മാത്രമല്ല, അന്തർലീനമായിരിക്കുന്ന സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങളെയും ഉൾക്കൊള്ളുന്നു. കുത്തകകളാകട്ടെ ഇപ്പോൾ അദൃശ്യരായ ഭരണാധികാരികളല്ല, എല്ലാ അവസരങ്ങളും അവർക്കുള്ളതാണ്. രാജ്യത്തെ എല്ലാ പൊതുമേഖലാ സംരംഭങ്ങളെയും ചെറുകിട, ഇടത്തരം തലത്തിലുള്ള ഉല്പാദന യൂണിറ്റുകളെയും അവർ വിഴുങ്ങിയിരിക്കുന്നു. ബാങ്കുകളിൽ പിടിമുറുക്കി. ശേഷിക്കുന്ന, പൊതുമേഖലാ സംരംഭങ്ങളെ നോക്കുകുത്തിയാക്കിയിരിക്കുന്നു.

ഒരു പുതിയ ക്രമീകരണം സൃഷ്ടിച്ച് ഒരു പുതിയ വിഭാഗത്തിൽ വക്താക്കളായിരിക്കുന്നു അവർ. ശുദ്ധമായ മുതലാളിത്തത്തിന്റെ ഒരു രൂപം, അത് ഒരിക്കലും നിക്ഷേപത്തിനായി പോകുന്നില്ല, അവർക്ക് ബഹുസ്വരതയും ആവശ്യമില്ല, അതാണ് അവരുടെ ജനാധിപത്യം. എല്ലാ പ്രധാന തീരുമാനങ്ങളും ഏകപക്ഷീയമായാണ് എടുക്കുന്നത്. ഉദാഹരണങ്ങൾ ഒട്ടനവധിയുണ്ട്. മൂന്ന് കാർഷിക നിയമങ്ങൾ ഒരേ രീതിയിൽ പാസാക്കി, 13 മാസത്തിന് ശേഷം അതേ രീതിയിൽ തന്നെ റദ്ദാക്കി. എന്നാൽ എംഎസ്‌പി അടക്കം തടഞ്ഞുവച്ചു. പാർലമെന്റ് ജനശക്തിയുടെ ശ്രീകോവിൽ എന്ന ചിന്തയൊന്നുമില്ല. പക്ഷെ, തെരഞ്ഞെടുപ്പിനെക്കുറിച്ച് അവർക്ക് അഗാധമായ ഉത്കണ്ഠയുണ്ട്. സ്വന്തം വർഗ താല്പര്യമാണ് പരമോന്നതം. ഇപ്പോൾ അത് സാമ്പത്തികവൽക്കരണമായി ചുരുങ്ങി. ധനസമ്പാദനത്തിനായി കേന്ദ്ര ഭരണകൂടം അടുത്തിടെ സ്വീകരിച്ച നടപടികൾ ഇതുതന്നെയാണ് തെളിയിക്കുന്നത്. ഇത് പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റൊടുക്കൽ ഏതാണ്ട് പൂർണമാക്കി.

 


ഇതുകൂടി വായിക്കാം; ഫാസിസ്റ്റുകളും ജനാധിപത്യവും


 

കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളിൽ, ഉരുക്ക് യൂണിറ്റുകൾ, കൽക്കരി ഖനനം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങി രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി ഘന വ്യവസായങ്ങൾ നിർമ്മിക്കപ്പെട്ടു. ഗതാഗതത്തിനായി, റോഡുകൾ നിർമ്മിച്ചു, ഇന്ധനത്തിനായി എണ്ണ ശുദ്ധീകരണശാലകൾ സ്ഥാപിച്ചു. സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് ഈ നടപടികളെല്ലാം സ്വീകരിച്ചത്. പൊതു പണം കൊണ്ടാണ് വ്യാവസായിക വികസനത്തിന്റെ അടിസ്ഥാനങ്ങൾ നിർമ്മിച്ചത്. നികുതിപ്പണം റോഡുകൾ നിർമ്മിക്കുന്നതിനും വൈദ്യുതി മേഖല മെച്ചപ്പെടുത്തുന്നതിനും ഊർജ മേഖലയ്ക്കും ആരോഗ്യ സേവനങ്ങൾക്കും വിദ്യാഭ്യാസത്തിനും തുടങ്ങി നിരവധി സംരംഭങ്ങൾക്കുമായി ചെലവഴിച്ചു. ഇത്തരം അടിസ്ഥാനസംവിധാനങ്ങൾ വിറ്റഴിക്കുന്നത് സമ്പദ്‌വ്യവസ്ഥയുടെ ശിഥിലീകരണത്തിന് വഴിവയ്ക്കുന്നു. ഇത് ഇവിടെയും അവസാനിക്കുന്നില്ല. ഓരോ വില്പനയിലൂടെയും കിട്ടുന്ന വരുമാനം പൂർണമായും തട്ടിയെടുക്കാനാണ് സർക്കാർ ഉദേശിക്കുന്നത്.

സാമ്രാജ്യത്വം ഇന്ന് സമൂഹത്തെ നിലനിർത്തുന്ന ഉല്പാദന ശേഷിക്കെതിരെ വർധിത കരുത്തിൽ നീങ്ങുകയാണ്. ഇതുവരെ മുതലാളിത്തം പ്രധാനമായും തൊഴിലാളികളെയും കർഷകരെയുമാണ് ചൂഷണം ചെയ്തിരുന്നത്. കഴിഞ്ഞ ഘട്ടം സാമ്പത്തിക മുതലാളിത്തം വൻകിട, ചെറുകിട സംരംഭകർക്കെതിരെ വൻതോതിൽ നീങ്ങി, അവരെ പരമാവധി ചൂഷണം ചെയ്തു, അത് തുടരുന്നു. സമകാലിക മുതലാളിത്തമാകട്ടെ, ഉല്പാദന മൂലധനവും ധനമൂലധനവും തമ്മിലുള്ള ചരിത്രപരമായ വിഭജനം വഴി സാമ്രാജ്യത്വത്തിന്റെ സമകാലിക പ്രതിസന്ധിയുടെ കേന്ദ്രബിന്ദു തീർക്കുന്നു. ഇതാകട്ടെ സമൂഹത്തിൽ ജനാധിപത്യ വ്യതിയാനങ്ങൾക്ക് വഴിയൊരുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.