വലതുപക്ഷ ശക്തികളുടെ കരുത്തിനു മുകളില്‍ മനുഷ്യനെയും അവന്റെ ലക്ഷ്യങ്ങളെയും പ്രതിഷ്ഠിച്ചതിനാല്‍ അദ്ദേഹം കൊല്ലപ്പെട്ടു. അഹിംസയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തത്വചിന്ത സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള രാഷ്ട്രീയ ഉപകരണമായി. പരമാധികാരവും അന്തസും നിഷേധിക്കപ്പെട്ട രാജ്യത്തിന്റെ വിമോചനത്തിനായി ആ മഹാന്‍ ഈ മാർഗങ്ങളെ ഉപയോഗിച്ചു. മഹാത്മാഗാന്ധിയുടെ ഈ വ്യതിരിക്തതയാണ് വിഭജനത്തിന്റെ വിത്തുവിതച്ച് തമ്മില്‍ തലതല്ലിക്കീറുന്ന കൂട്ടങ്ങളായി രാജ്യത്തെ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ദഹിക്കാത്തത്. ജനങ്ങള്‍ പരസ്പരം പോരടിക്കുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നു. രാജ്യത്തെ മാത്രമല്ല സമുദായത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനതയെ ശിഥിലീകരിക്കുന്നതിനെയും ഗാന്ധിജി എതിര്‍ത്തു. രാജ്യം നൂറ്റാണ്ടുകളായി സംയോജിത സംസ്കാരത്തിന്റെ പാരമ്പര്യം ഉള്‍ക്കൊണ്ടിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും ഐക്യത്തിനായി ഗാന്ധി നിലകൊണ്ടു. എന്നാൽ ഗാന്ധിയില്‍ നിന്നും വിഭിന്നമായി, ആർഎസ്എസും ഹിന്ദു മഹാസഭയും ബ്രിട്ടീഷ് ഭരണാധികാരികളും ഒറ്റക്കെട്ടായിരുന്നു. പരസ്പരമുള്ള അവരുടെ കൂറിന് വെല്ലുവിളിയായി ഗാന്ധിയുടെ ഇടപെടല്‍. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ബാപ്പു ലോക സമ്പദ്‌വ്യവസ്ഥയിൽ പടർന്നുപിടിച്ച അന്ധകാരം തിരിച്ചറിയുന്നതും ഇക്കൂട്ടരെ അലോസരപ്പെടുത്തി. ലോകത്തില്‍ ഉടലെടുത്ത സ്തംഭനാവസ്ഥ സാമ്രാജ്യത്വത്തിന്റെ തകർച്ചയിലേക്ക് നയിച്ചു. ബാപ്പു ആ സാഹചര്യം രാജ്യസ്വാതന്ത്ര്യത്തിനായി ഉപയോഗിച്ചു. ജവഹർലാൽ നെഹ്രു എഴുതി, “ഈ മാസങ്ങളിൽ മഹാത്മാഗാന്ധിയുടെ സാന്നിധ്യം എന്താണെന്ന് എത്രപേർ മനസിലാക്കുന്നു? ഭയവും വെറുപ്പും മനസുകളെ മലീമസമാക്കിയിരിക്കുന്നു. നാഗരികത ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഇല്ലാതായിരിക്കുന്നു. കൊടും വന്യത പിടികൂടിയിരിക്കുന്നു. മനസുകളില്‍ ശൂന്യത പടരുന്നു.”
രാജ്യത്തിന്റെ ആത്മാവിനെ ഗാന്ധിജി ശിരസേറ്റി. രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും തന്റെ സന്ദേശം എത്തിച്ചു. എഴുപത്തിയേഴാം വയസിൽ, എല്ലാം മറന്ന് ബംഗാളില്‍ നവഖാലിയിലെത്തി. മുളച്ചങ്ങാടങ്ങളിലൂടെ നദികൾ മുറിച്ചുകടന്നു. അദ്ദേഹം എത്തുന്നിടങ്ങളിലെല്ലാം സാന്ത്വനം തേടി ജനങ്ങള്‍ തടിച്ചുകൂടി. നവഖാലിയില്‍ എത്തിയപ്പോള്‍ രാജ്യവിഭജനം ഇല്ലാതാകുമെന്ന പ്രതീക്ഷ വര്‍ധിച്ചു. ആ പ്രതീക്ഷ ഉള്ളില്‍ പേറിയായിരുന്നു ബിഹാറിലേക്ക് പോയത്. എങ്കിലും കലാപാഗ്നി ജനങ്ങളില്‍ വീണ്ടും ആളിക്കത്തി. വെട്ടിമുറിയ്ക്കാനുള്ള ത്വരയ്ക്ക് ആവേശമേറി. ഗാന്ധിജിയുടെ വഴികൾ തികച്ചും വ്യത്യസ്തമായിരുന്നു. പരസ്പരം കൊന്നൊടുക്കാന്‍ ആഗ്രഹമുണ്ടെങ്കിൽ ആദ്യം ‘എന്നെ ഇല്ലാതാക്കണം’ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മതഭ്രാന്തന്മാരുടെ ആക്രമണത്തിനിരയായ ഒരു മുസ്ലിം കുടുംബത്തിലായിരുന്നു ഗാന്ധിജി താമസിച്ചത്. 1947 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ഗാന്ധിജി കൽക്കത്തയിലായിരുന്നു. അന്നത്തെ പശ്ചിമ ബംഗാൾ ഗവർണറായിരുന്ന സി രാജഗോപാലാചാരി ഇങ്ങനെ എഴുതി: “ഗാന്ധിജി ഒരുപാട് നേട്ടങ്ങൾ കെെവരിച്ചിട്ടുണ്ട്, എന്നാൽ കൽക്കത്തയിലെ തിന്മക്കെതിരെ അദ്ദേഹം നേടിയ വിജയം അത്ഭുതകരമാണ്. സ്വാതന്ത്ര്യം സാധ്യമാക്കിയതു പോലും അതിനു സമാനമല്ല.”
ഗാന്ധിജി വര്‍ഗീയ ഭ്രാന്തിന്റെ കൊടുങ്കാറ്റിനെ നേരിടുകയായിരുന്നു. അതിനെതിരെ സ്വയം നിലയുറപ്പിച്ചു. കടുത്ത മുസ്ലിം വിരോധികളായ ആർഎസ്എസ് കേഡർമാരുടെ യോഗത്തിൽ പങ്കെടുത്ത് അവരോട് പറഞ്ഞു, “അസഹിഷ്ണുത കൊണ്ട് നിങ്ങള്‍ ഹിന്ദുമത സത്തയെ തന്നെ നശിപ്പിക്കുകയാണ്. തിന്മയ്ക്കു പകരം തിന്മയല്ല നല്‍കേണ്ടത്. അതുകൊണ്ട് ഒരു നേട്ടവുമില്ല.” ആളുകളെ കൊന്നൊടുക്കാന്‍ ആർഎസ്എസ് ഗൂഢാലോചന നടത്തുന്നു തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളില്‍ നിന്ന് ആത്മാർത്ഥത തെളിയിച്ച് ആരോപണമുക്തരായി പുറത്തുവരണമെന്ന് ഗാന്ധിജി അവരോട് ആവശ്യപ്പെട്ടു. തന്റെ പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുക്കുന്നവരോട്, ‘ഇവിടെയെത്തുന്ന ആരെങ്കിലും തന്നെ നിറയൊഴിച്ചു കൊന്നേക്കു‘മെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ ശില്പിയായ ഗാന്ധിജി ജനുവരി 30 ന് കൊല്ലപ്പെട്ടു. ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി പോരാടിയതിനാലാണ് കൊല്ലപ്പെട്ടത്. വിഭജനത്തെ എതിർത്തതിനാലാണ് കൊല്ലപ്പെട്ടത്. എന്നാൽ അവിടെ എല്ലാം അവസാനിച്ചില്ല. പിളർപ്പും അകലവും വർധിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ മതേതര ഘടന കീറിമുറിക്കുമെന്നാണ് ഇപ്പോള്‍ ഭീഷണി.
1925ൽ സ്ഥാപിതമായ ആർഎസ്എസ് ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നില്ല. 1935ൽ ആർഎസ്എസിന്റെ ആദ്യ മേധാവി ഡോ. കെ ബി ഹെഡ്‌ഗേവാർ ബ്രിട്ടീഷ് ഭരണത്തെയും അവരുടെ കീഴിലായിരിക്കുന്നതിനെയും ദൈവേച്ഛയായി പുകഴ്ത്തി. 1935 ഒക്ടോബർ 10ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നതിങ്ങനെ: “രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ഒരു മാർച്ച് ടൗൺ ഹാൾ മുതൽ ഇന്ത്യൻ ജിംഖാന ഗ്രൗണ്ട് വരെ നടന്നു. സൈനിക ചിട്ടയില്‍ സംഘ് വോളണ്ടിയർമാര്‍ അണിനിരന്നു. ഡോ. മൂഞ്ചെയും ഡോ. പരഞ്ജ്‌പെയും സൈനികമാതൃകയില്‍ യൂണിഫോം ധരിച്ചിരുന്നു.” പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാഗ്പൂരിലെ റഷിംബാഗ് ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ, സംഘത്തിന്റെ മുഖ്യ പ്രമോട്ടറായ ഡോ. ഹെഡ്‌ഗേവാർ പറഞ്ഞത് ബ്രിട്ടീഷ് രാജ് തങ്ങള്‍ക്ക് വ്യക്തമായ സംഘടനാ പാഠങ്ങള്‍ നൽകി എന്നാണ്. എന്താണ് പാഠം? വിഭജനം നിലനിർത്തുക, ഒരിക്കലും ഒന്നിക്കാൻ അനുവദിക്കാതിരിക്കുക. സ്വാതന്ത്ര്യ സമര സേനാനികളുമായി ആർഎസ്എസ് സംഘർഷം തുടര്‍ന്നു. സംഘ്പരിവാര്‍ നേതാവായ നാഥുറാം ഗോഡ്സെ 1948 ജനുവരി 30ന് മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്നു. ആർഎസ്എസുകാർ രാജ്യം ഭരിക്കുകയും സമൂഹത്തെയും സംസ്കാരത്തെയും നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ എല്ലാ മതങ്ങൾക്കും തുല്യാവകാശമുള്ള മതേതര ഇന്ത്യയെക്കുറിച്ചുള്ള ഗാന്ധിയൻ വീക്ഷണം നിരന്തരം വേട്ടയാടപ്പെടുന്നു. മുസ്ലിം സമൂഹത്തെ ‘അന്യരായി’ കാണാനും ദേശീയ സംവാദങ്ങളെ ഈ വഴിക്ക് നയിക്കുവാനുമുള്ള വലിയ ശ്രമങ്ങൾക്കാണ് കരുക്കള്‍ നിരത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.