18 October 2024, Friday
KSFE Galaxy Chits Banner 2

ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തം ഓർമ്മിപ്പിക്കുന്നത്

Janayugom Webdesk
July 17, 2024 5:00 am

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് ഒരു പാവപ്പെട്ട മനുഷ്യന്റെ മരണം നൽകിയ വേദനയ്ക്കും ആ കുടുംബത്തിന്റെ നിരാലംബത്വത്തിനുമപ്പുറം ഒത്തിരി കാര്യങ്ങൾ നമ്മളെയെല്ലാം ഓർമ്മിപ്പിക്കുന്നുണ്ട്. ഈ സംഭവത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെയും ദുഷ്ടലാക്കോടെയും കണ്ടവരടക്കം മറന്നുപോകാൻ പാടില്ലാത്ത ചിലതാണത്. ഒരു കുടുംബത്തിന്റെ അന്നദായിയായിരുന്ന ജോയി എന്ന മനുഷ്യനാണ് നഗരത്തിന്റെ മാലിന്യവാഹിയായ തോട്ടിൽ വീണൊഴുകി രണ്ടുദിവസത്തെ കാത്തിരിപ്പിനൊടുവിൽ ജീർണിച്ച ജഡമായി കണ്ടെടുക്കപ്പെട്ടത്. അതുകൊണ്ട് വീണ്ടുമൊരിക്കൽ തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് ചർച്ചാവിഷയമായി. രണ്ടുദിവസത്തിലധികം ജനമനസുകളിൽ നിറഞ്ഞുനിന്ന വിഭവക്കാഴ്ചയായി മാധ്യമങ്ങളും അതിനെ കൊണ്ടാടി. ഈ ദുരന്തം ഉണ്ടായതുമുതൽ വേദനയ്ക്കിടയിലും നമ്മുടെ ചർച്ചാവേളകളിൽ ഭൂരിപക്ഷം സമയവുമപഹരിച്ചത് മാലിന്യനീക്കം ആരുടെ ഉത്തരവാദിത്തമാണ് എന്നതാണ്. ഇപ്പോഴത്തെ ദുരന്തത്തിനിടയാക്കിയ പ്രദേശത്തെ പരിഗണിക്കുമ്പോൾ അത് റെയിൽവേയുടേതാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അത് അവരുടെ ഉത്തരവാദിത്തമാണ് എന്നതിനാൽ ആണല്ലോ ജോയി അടക്കമുള്ളവരെ കരാർ അടിസ്ഥാനത്തിൽ നിയോഗിച്ച് വൈകിയ വേളയിലെങ്കിലും അതിനുള്ള ശ്രമം നടത്തിയത്. 

ഇത്തരം ദുർഘടമായൊരു ജോലി ചെയ്യുന്നതിന് ഒരുക്കേണ്ട സുരക്ഷാ സജ്ജീകരണങ്ങളൊന്നുമുണ്ടായില്ലെന്ന ഗുരുതരമായ വീഴ്ചയും ഉണ്ടായി. നഗരസഭയും സംസ്ഥാന സർക്കാരിന്റെ വകുപ്പുകളും നടത്തുന്ന മാലിന്യ നീക്കങ്ങളോട് സഹകരിക്കാതിരിക്കുന്നതും റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച തന്നെയാണ്. റെയിൽവേ ചുമതലപ്പെടുത്തിയതനുസരിച്ചെത്തിയ ഒരാൾ ഒഴുക്കിൽപ്പെട്ടപ്പോൾ, ആ ജീവനുവേണ്ടി സംസ്ഥാന സർക്കാരിന്റെയും തദ്ദേശഭരണ സംവിധാനത്തിന്റെയും എല്ലാ സജ്ജീകരണങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിലും റെയിൽവേയുടെ ഭാഗത്തുനിന്ന് കുറ്റകരമായ വീഴ്ചയുണ്ടായി. റെയിൽവേയുടെ അലംഭാവം അവർ അംഗീകരിച്ചേ പറ്റൂ. അതോടൊപ്പം അവർ അടിയന്തരമായി സ്വീകരിക്കേണ്ട ചില ചുമതലകളെയും ഈ ദുരന്തം ഓർമ്മപ്പെടുത്തുന്നുണ്ട്. 

പ്രതിദിനം പതിനായിരക്കണക്കിന് പേർ യാത്ര ചെയ്യുന്ന സംവിധാനമാണ് ഇന്ത്യൻ റെയിൽവേ. ഓരോ സ്റ്റേഷനിലും ഓരോ തീവണ്ടികളിലും ആയിരക്കണക്കിന് യാത്രക്കാരും യാത്രയയയ്ക്കാനെത്തുന്നവരും വന്നുപോകുന്നു. കുടിവെള്ളക്കുപ്പികളായും ഭക്ഷണാവശിഷ്ടമായും വലിയ അളവിൽ മാലിന്യം രൂപപ്പെടുന്നു. അതിലൂടെ ഉണ്ടാകുന്ന മാലിന്യം, നിർമ്മാർജനം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങളില്ല എന്നുമാത്രമല്ല, ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന മാലിന്യത്തിന്റെ തോത് എത്രയെന്ന് കണക്കാക്കുന്നതിനുള്ള സംവിധാനങ്ങൾ പോലും റെയിൽവേക്കില്ല. ചെറുസ്ഥാപനങ്ങൾക്കും വീടുകൾക്കും പോലും മാലിന്യനിർമ്മാർജന സംവിധാനം വേണമെന്ന കർശന വ്യവസ്ഥ നിലവിലുള്ള രാജ്യമാണ് നമ്മുടേത്. അശാസ്ത്രീയമായും അലക്ഷ്യമായും മാലിന്യം വലിച്ചെറിയുന്നത് കുറ്റകരവുമാണ്. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യനീക്കത്തിന് തദ്ദേശസ്ഥാപനങ്ങൾ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സ്വന്തമായി സൗകര്യങ്ങളില്ല എന്നതുമാത്രമല്ല തദ്ദേശസ്ഥാപനങ്ങളോട് നിസഹകരണം പാലിക്കുന്നതും അംഗീകരിക്കാവുന്നതല്ല. അതുകൊണ്ട് രാജ്യത്തെ വലുതും രാജ്യവ്യാപകമായി പടർന്നുകിടക്കുന്നതുമായ പൊതുമേഖലാ സംവിധാനം എന്ന നിലയിൽ കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ മാലിന്യനിർമ്മാർജന സജ്ജീകരണങ്ങൾ ഏർപ്പെടുത്താനുള്ള നടപടിയുണ്ടാകണമെന്ന വലിയ ഉത്തരവാദിത്തം ഈ ദുരന്തം റെയിൽവേയുടെ ചുമലിൽ വയ്ക്കുന്നുണ്ട്. അത് നടപ്പിലാകണമെങ്കിൽ റെയിൽവേ അതിന്റെ നയങ്ങളിൽ കാതലായ മാറ്റം വരുത്തണം. എല്ലാം സ്വകാര്യവൽക്കരിക്കുകയും അവശ്യം വേണ്ട ജീവനക്കാരുടെ എണ്ണം പോലും വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സമീപനം അവസാനിപ്പിക്കണം. ശുചീകരണം അവശ്യസേവനമാണെന്ന് കണ്ട് ഏറ്റെടുക്കുകയും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും വേണം. 

ഇവയ്ക്കെല്ലാമപ്പുറം വലിയ ഉത്തരവാദിത്തം ഓരോ പൗരന്മാർക്കുമുള്ളതാണ്. റെയിൽവേയിലെ കാര്യംതന്നെ എടുക്കുക. പ്ലാസ്റ്റിക് മാലിന്യം മാത്രമല്ല ഉപയോഗിച്ച് കളയേണ്ടിവരുന്ന ഭക്ഷണാവശിഷ്ടങ്ങൾ പോലും അതിനായി സ്റ്റേഷനുകളിൽ സ്ഥാപിച്ച ബക്കറ്റുകളിലും തീവണ്ടി ബോഗികളുടെ ഇരുവശത്തുമുള്ള പ്രത്യേക കാബിനുകളിലും നിക്ഷേപിക്കാത്ത എത്രയോ യാത്രക്കാരെ കാണാൻ കഴിയും. അതാതിടങ്ങളിൽ, പ്രത്യേകിച്ച് ഓടുന്ന തീവണ്ടികളിൽ നിന്നാണെങ്കിൽ പാളങ്ങളിലേക്ക് വലിച്ചെറിയുന്ന പ്രവണതയുള്ളവരും ധാരാളമുണ്ട്. മാലിന്യം ഉറവിടത്തിൽത്തന്നെ നിർമ്മാർജനം ചെയ്യുന്നതാണ് ഏറ്റവും ഉചിതമായ രീതി. അതിനുള്ള എത്രയോ പദ്ധതികളും സംവിധാനങ്ങളും നമ്മുടെ നാട്ടിലുണ്ട്. അതിന് മെനക്കെടാതെ പൊതുസ്ഥലങ്ങളിലേക്കും നദികളിലേക്കും വലിച്ചെറിയുകയെന്നത് ശീലമാക്കിയവരാണ് ഒരു വിഭാഗം മലയാളികള്‍. എല്ലാവർഷവും ശുചിത്വ മിഷനെന്ന പേരിൽ ചൂലെടുത്ത് വീശിയതുകൊണ്ട് നാട്ടിലെ മാലിന്യങ്ങൾ ഇല്ലാതാകില്ലെന്നും സ്വന്തം മനസ് ശുദ്ധിയാക്കി മാത്രമേ ആ ലക്ഷ്യം കൈവരിക്കാനാവൂ എന്നും ഓരോ പൗരനും ബോധ്യപ്പെടുമ്പോൾത്തന്നെ മാലിന്യ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നതിൽ സംശയമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.