23 December 2024, Monday
KSFE Galaxy Chits Banner 2

വിശ്വാസ്യത ചോദ്യംചെയ്യുന്ന സ്ഥിതിവിവരകണക്കുകള്‍

Janayugom Webdesk
February 1, 2022 5:00 am

ഇന്ന് അവതരിപ്പിക്കപ്പെടുന്ന ബജറ്റിനു മുന്നോടിയായുള്ള ധനമന്ത്രാലയത്തിന്റെ കൊടിക്കപ്പല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന 2021–22ലെ സാമ്പത്തിക സര്‍വെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചു. നടപ്പു സാമ്പത്തിക വര്‍ഷം 9.2 ശതമാനം ജിഡിപി വളര്‍ച്ചയാണ് സര്‍വെ പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷം വളര്‍ച്ചയില്‍ ഒരു ശതമാനത്തോളം കുറവുണ്ടാകുമെന്നും സര്‍വെ വിലയിരുത്തുന്നു. നടപ്പു സാമ്പത്തികവര്‍ഷത്തെ സാമ്പത്തിക പ്രവണതകളെ വിലയിരുത്തി അടുത്ത ബജറ്റ് വിഹിതത്തിന് ആവശ്യമായി വരുന്ന വിഭവസമാഹരണം എങ്ങനെ ഫലപ്രദമായി നിര്‍വഹിക്കാമെന്നത് വിലയിരുത്തുകയാണ് സര്‍വെയുടെ മുഖ്യ ലക്ഷ്യം. ഇന്ത്യയില്‍ സാമ്പത്തിക സര്‍വെ തയാറാക്കുന്നതിന്റെ മുഖ്യചുമതല നിക്ഷിപ്തമായിട്ടുള്ളത് പരമ്പരാഗതമായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിലാണ് (സിഇഎ).

എന്നാല്‍ സര്‍വെ റിപ്പോര്‍ട്ടിനു നേതൃത്വം നല്കേണ്ട മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ പദവി 2021 ഒക്ടോബര്‍ എട്ടു മുതല്‍ 2022 ജനുവരി 28 വരെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. സിഇഎ ആയിരുന്ന കെ വി സുബ്രഹ്മണ്യന്‍ കാലാവധി പൂര്‍ത്തിയാക്കിയ സ്ഥാനത്ത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായിരുന്ന ഡോ. വി അനന്ത നാഗേശ്വരന്‍ നിയമിതനായത് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രമാണെന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ഫലത്തില്‍ ധനമന്ത്രി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് എന്നതിലുപരി പ്രധാനമന്ത്രിയുടെ ഓഫീസ് തയാറാക്കിയ സര്‍വെ എന്നു വേണം അതിനെ വിശേഷിപ്പിക്കാന്‍. അത് പൂര്‍ണമായും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ ആയിരിക്കണം പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയുടെ ഔദ്യോഗിക വളര്‍ച്ചാ കണക്കുകളുടെ വിശ്വാസ്യത സംബന്ധിച്ച് ലോകത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ നേരത്തെതന്നെ സംശയം ഉയര്‍ത്തിയത് ഈ അവസരത്തില്‍ പ്രസക്തമാണ്. മോഡി ഭരണത്തില്‍ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ഇന്ത്യന്‍ സമ്പദ്ഘടനയേയും സാമൂഹികാവസ്ഥയേയും നിരീക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്ന യുഎസിലെയും ഇന്ത്യയിലെയും സാമ്പത്തി­ക, സാമൂഹ്യ ശാസ്ത്ര പ്രൊഫസര്‍മാര്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.

 


ഇതുംകൂടി വായിക്കാം;കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാലതാമസം കാരണമായിക്കൂട


ഗവണ്‍മെന്റിന്റെ നേട്ടങ്ങളെപ്പറ്റി തെല്ലെങ്കിലും സംശയം ഉണര്‍ത്തുന്ന കണക്കുകള്‍ മറച്ചുവയ്ക്കാനും തിരുത്താനും ഭരണകൂട ഇടപെടല്‍ നടക്കുന്നതായി അവര്‍ കണ്ടെത്തിയിരുന്നു. പൊതു സ്ഥിതിവിവരകണക്കുകള്‍ മുടക്കമില്ലാതെ ലഭ്യമാക്കുന്നതില്‍ തടസം സൃഷ്ടിക്കുന്നതായും അവയുടെ സത്യസന്ധത സംശയകരമാണെന്നും 108 പ്രൊഫസര്‍മാര്‍ 2019 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തില്‍ പറഞ്ഞിരുന്നു. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാര ജേതാക്കളായ അഭിജിത് ബാനര്‍ജി, എസ്തേര്‍ ഡഫ്ളോ എന്നിവരടക്കം ഒപ്പുവച്ചതാണ് ആ തുറന്ന കത്തെന്നതും ശ്രദ്ധേയമാണ്. സാമ്പത്തികവളര്‍ച്ചയെ നിര്‍ണയിക്കുന്ന മുഖ്യസൂചകങ്ങളായ സ്വകാര്യനിക്ഷേപം, വായ്പാ വളര്‍ച്ച എന്നിവയുമായി ഇന്ത്യയുടെ പൊതു സ്ഥിതിവിവരക്കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്നതും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് കമ്മിഷനിലെ സ്വതന്ത്ര അംഗങ്ങള്‍ രാജിവച്ച സംഭവം തൊഴില്‍, തൊഴില്‍ രാഹിത്യം എന്നിവ സംബന്ധിച്ച കണക്കുകള്‍ മറച്ചുവയ്ക്കാനും വളച്ചൊടിക്കാനും മോഡി ഭരണകൂടം നടത്തിയ ശ്രമത്തിന്റെ അനന്തരഫലമായിരുന്നു എന്നതും ഇത്തരുണത്തില്‍ പ്രസക്തമാണ്. ഈ പശ്ചാത്തലത്തില്‍ വേണം ഇന്നലെ അവതരിപ്പിക്കപ്പെട്ട സാമ്പത്തിക സര്‍വെയും അതിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റും വിലയിരുത്തപ്പെടാന്‍.

ഒരു ഇടക്കാലതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം കെെവരിച്ച അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍വെ റിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സമ്പദ്ഘടനയെ സംബന്ധിച്ച അരുണാഭമായ ഒരു ചിത്രം വരച്ചുവയ്ക്കാനുള്ള ശ്രമം സര്‍വെ റിപ്പോര്‍ട്ടില്‍ പ്രകടമാണ്. അവയില്‍ പലതും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തവുമാണ്. എന്നാല്‍, രാജ്യത്തിനും ജനങ്ങള്‍ക്കും ഒരുപോലെ വിനാശകരമായ സാമ്പത്തിക നയങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന സൂചനയും അത് നല്കുന്നു. മൂലധന ശക്തികളുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുകയും സ്വകാര്യവല്‍ക്കരണം നിര്‍ബാധം തുടരുകയും തൊഴിലും ജീവിതസുരക്ഷയും ഉറപ്പുനല്കുന്ന പൊതുനിക്ഷേപം ഗണ്യമായി വെട്ടിക്കുറച്ചുമുള്ള നയത്തിന്റെ തുടര്‍ച്ചയാണ് സര്‍വെ റിപ്പോര്‍ട്ട് നല്കുന്ന സൂചന.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.