21 June 2024, Friday

അഗ്നിപഥ് റദ്ദാക്കാന്‍ ശക്തമായ സമ്മര്‍ദം വേണം

Janayugom Webdesk
June 8, 2024 5:00 am

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) സർക്കാർ നാളെ വൈകുന്നേരം സത്യപ്രതിജ്ഞചെയ്ത് അധികാരം ഏൽക്കുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. പുതിയ സർക്കാരിന് പിന്തുണ നൽകുന്ന ജെഡിയു അടക്കമുള്ള സഖ്യകക്ഷികൾ നല്കുന്ന പിന്തുണയ്ക്ക് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകളിൽ പ്രധാനമാണ് കഴിഞ്ഞ മോഡിസർക്കാർ ശക്തമായ എതിർപ്പുകളും പ്രതിഷേധങ്ങളും വകവയ്ക്കാതെ നടപ്പിലാക്കിയ അഗ്നിപഥ് പദ്ധതി റദ്ദാക്കണമെന്നത്. മൂന്ന് ഇന്ത്യൻ പ്രതിരോധ സേനാവിഭാഗങ്ങളിലേക്കും ഓഫിസർ റാങ്കിൽ താഴെയുള്ള നിയമനങ്ങൾ ലഭിക്കുന്ന സൈനികരുടെ സേവന കാലാവധി നാലുവർഷത്തെ കരാർ നിയമനമായി പരിമിതപ്പെടുത്തുന്ന പരിഷ്കരണമാണ് 2022 ജൂണിൽ മോഡി സർക്കാർ നടപ്പിലാക്കിയത്. അതിനുമുൻപ് പ്രതിരോധ സേനകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചുരുങ്ങിയത് 15 വർഷത്തെ സേവന കാലാവധിയും ആജീവനാന്ത പെൻഷനും വിരമിച്ച സൈനികർക്ക് ഇതര സർക്കാർ ജോലികളിൽ സംവരണവും ഉറപ്പുനല്കിയിരുന്നു. ഇന്ത്യൻ പ്രതിരോധ സേനകളിൽ പ്രതിവർഷം 50,000–60,000 സൈനികരാണ് വിരമിക്കുന്നത്. വിരമിച്ച സൈനികർക്ക് പകരം യഥാസമയം നിയമനം നടത്താത്തത് സേനയുടെ പ്രതിരോധ സന്നദ്ധതയെ പ്രതികൂലമായി ബാധിക്കുന്നുവെന്നത് സേനയ്ക്കും ഭരണ നേതൃത്വത്തിനും ബോധ്യമുള്ള വസ്തുതയാണ്. എന്നാൽ പെൻഷനടക്കം ആനുകൂല്യങ്ങളും വിരമിക്കുന്ന സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും സാമ്പത്തികവും സാമൂഹികവുമായ ഉത്തരവാദിത്തം സൗകര്യപൂർവം കയ്യൊഴിയാനുള്ള വ്യഗ്രതയിൽനിന്നാണ് വേണ്ടത്ര പഠനങ്ങളോ ആലോചനകളൊ കൂടാതെ അഗ്നിപഥ് എന്ന ആധുനിക ‘കൂലിപ്പട്ടാള’ പദ്ധതിയിലേക്ക് മാറാൻ മോഡി ഭരണകൂടം തുനിഞ്ഞത്. അത് രാജ്യത്ത് ചെറുപ്പക്കാർക്കും സൈനിക സേവനം അഭിമാനകരമായ തൊഴിലായി കരുതുന്ന കർഷകരടക്കം സാധാരണക്കാർക്കുമിടയില്‍ വൻ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. രാജ്യത്തിന്റെ പലഭാഗത്തും അത് പ്രക്ഷോഭങ്ങൾക്ക് വഴിവച്ചു. ഉത്തരേന്ത്യൻ കർഷകരെ അഭൂതപൂർവമായ പ്രക്ഷോഭങ്ങളിലേക്ക് നയിച്ച വിഷയങ്ങളിൽ ഒന്ന് അഗ്നിപഥ് പദ്ധതിയായിരുന്നു. രാജ്യത്ത് അനുദിനം പെരുകിവരുന്ന തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ ആശ്വാസം നൽകിയിരുന്ന അഭിമാനകരമായ തൊഴിൽ അവസരമായും ജനങ്ങൾ സൈനിക സേവനത്തെ കണ്ടിരുന്നു. അതുകൊണ്ടുതന്നെയാണ് അനുകൂല രാഷ്ട്രീയ സാഹചര്യത്തിൽ പദ്ധതി റദ്ദാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാൻ എൻഡിഎ ഘടകകക്ഷികൾതന്നെ ഇപ്പോൾ മുന്നോട്ടുവന്നിരിക്കുന്നത്. 

കഴിഞ്ഞ പത്തുവർഷക്കാലത്തെ മോഡി ഭരണത്തിൽ അഭൂതപൂർവമായ തൊഴിൽരാഹിത്യമാണ് രാജ്യം ദർശിച്ചത്. തൊഴിൽരഹിത സാമ്പത്തിക വളർച്ചയെന്ന നയം തുടർന്നുപോകാനാണ് മോഡി തുടർന്നും ശ്രമിക്കുന്നതെങ്കിൽ അത് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കും സ്ഫോടനാത്മകമായ സാമൂഹിക അന്തരീക്ഷത്തിലേക്കുമായിരിക്കും രാഷ്ട്രത്തെ നയിക്കുക. ആ തിരിച്ചറിവുതന്നെയാണ് തങ്ങൾ വിജയിച്ച് അധികാരത്തിലെത്തിയാൽ അഗ്നിപഥ് പദ്ധതി റദ്ദാക്കുമെന്ന് ഇന്ത്യ സഖ്യത്തിലെ കക്ഷികൾ പ്രഖ്യാപിക്കാൻ കാരണം. സൈനിക സേവനങ്ങൾക്ക് സ്ഥിരനിയമനം എന്നത് രാജ്യം നേരിടുന്ന തൊഴിലില്ലായ്മയ്ക്ക് മതിയായ പരിഹാരമല്ല. എന്നാൽ സൈനിക സേവനമെന്ന തൊഴിലിന്റെ മാന്യത പുനഃസ്ഥാപിക്കാനും അതുവഴി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഒരുപരിധിവരെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താനും കഴിയും. ഘടകകക്ഷികളുടെ സമ്മർദങ്ങൾക്കുവഴങ്ങി അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കാൻ മോഡിയും ബിജെപിയും സന്നദ്ധമായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതുകൊണ്ടുമാത്രം തൊഴിലില്ലായ്മയെന്ന അതീവ ഗുരുതര പ്രശ്നത്തിന് പരിഹാരമാകുന്നില്ല. രാജ്യം വൻ സാമ്പത്തിക വളർച്ച കൈവരിച്ചുവെന്നും തൽഫലമായി വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നുമുള്ള വ്യാജ ആഖ്യാനങ്ങൾ പ്രചരിപ്പിക്കാനാണ് മോഡിയും കൂട്ടരും നിരന്തരം ശ്രമിച്ചുപോരുന്നത്. അതിനുവേണ്ടി സ്ഥിതിവിവരക്കണക്കുകളിൽ തിരിമറികൾ നടത്തുകയും അതിന് വിരുദ്ധമായി അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ) അടക്കം ആഗോള ഏജൻസികളും ഇന്ത്യയിലെതന്നെ സ്വതന്ത്ര സംഘടനകളും നടത്തുന്ന പഠനഫലങ്ങളെ നിരാകരിക്കുകയും അപഹസിക്കുകയും ചെയ്യുന്നത് അക്കൂട്ടർ പതിവാക്കിയിരിക്കുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട പുതിയ സാഹചര്യത്തിൽ മോഡിയുടെ നിഷേധാത്മക തന്ത്രങ്ങൾ പഴയതുപോലെ വിലപ്പോകണമെന്നില്ല. ഇന്ത്യ സഖ്യത്തിന്റെ കർമ്മപരിപാടിയിൽ തൊഴിലില്ലായ്മക്കെതിരായ പോരാട്ടം മുഖ്യവിഷയമായി മാറുമെന്നാണ് ജനങ്ങൾ പൊതുവിലും യുവജനങ്ങൾ വിശേഷിച്ചും പ്രതീക്ഷിക്കുന്നത്. 

‘ഇന്ത്യൻ തൊഴിൽ റിപ്പോർട്ട് 2024: യുവാക്കളുടെ തൊഴിൽ, വിദ്യാഭ്യാസം, നൈപുണി’ എന്ന റിപ്പോർട്ട് പുറത്തിറക്കികൊണ്ട് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പറയുകയുണ്ടായി, തൊഴിലില്ലായ്മയടക്കം സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്കെല്ലാം സർക്കാർ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല. തൊഴിലില്ലായ്മയോടുള്ള മോഡി സർക്കാരിന്റെ സമീപനത്തെയാണ് ആ പ്രസ്താവന സൂചിപ്പിക്കുന്നത്. അത് സർക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽനിന്നുമുള്ള ഒഴിഞ്ഞുമാറ്റമാണ്. കേന്ദ്ര, സംസ്ഥാന സർക്കാർ സേവനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ നികത്താൻ തയ്യാറായാൽത്തന്നെ ലക്ഷക്കണക്കിന് തൊഴിൽരഹിതർക്ക് അത് ഏറെ ആശ്വാസകരമാവും. സ്വകാര്യ മേഖലയിൽ പിന്തള്ളപ്പെട്ടുപോയേക്കാവുന്ന സംവരണ വിഭാഗങ്ങൾക്ക് അത് പ്രയോജനപ്പെടും. ആ വിഭാഗങ്ങൾക്ക് തൊഴിൽ ഉറപ്പുനല്കുന്ന ഏക തൊഴിൽമേഖല സർക്കാർ ഒഴിവുകൾ മാത്രമാണെന്നതും വിസ്മരിക്കരുത്. തെരഞ്ഞെടുപ്പിനെത്തുടർന്ന് സംജാതമായിരിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തെ പരമാവധി പ്രയോജനപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികളും ട്രേഡ് യൂണിയനുകളും വിദ്യാർത്ഥി യുവജന സംഘടനകളും വർധിതവീര്യത്തോടെ രംഗത്തുവരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.