22 December 2024, Sunday
KSFE Galaxy Chits Banner 2

ജാതി സെൻസസിന് നിയമസാധുത നൽകുന്ന സുപ്രീം കോടതിവിധി

Janayugom Webdesk
August 3, 2024 5:00 am

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിവിധ ഉപവിഭാഗങ്ങൾക്ക് സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ ഉപസംവരണം അനുവദിക്കുന്നത് ഭരണഘടന വിഭാവനംചെയ്യുന്ന തുല്യത ഉറപ്പുവരുത്തുമെന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി സാമൂഹ്യനീതിക്കു വേണ്ടിയുള്ള ഇന്ത്യയുടെ പരിശ്രമങ്ങളിലെ നിർണായക ചുവടുവയ്പാണ്. പരമോന്നത കോടതിയുടെ ഈ സുപ്രധാന വിധി പട്ടികജാതിക്ക് പുറമെ പട്ടികവർഗ, ഇതര പിന്നാക്ക സമുദായ, സാമ്പത്തിക ദുർബല വിഭാഗങ്ങളുൾപ്പെടെയുള്ളവരുടെ സംവരണത്തിൽ ഘടനാപരമായ പുനഃപരിശോധനയ്ക്കും വഴിതുറക്കും. സംവരണ വിഭാഗങ്ങൾക്കിടയിൽ സർക്കാർ തൊഴിലവസരങ്ങളിലും വിദ്യാഭ്യാസരംഗത്തും ചില ഉപവിഭാഗങ്ങൾ പിന്തള്ളപ്പെടുന്നതായുള്ള പരാതി അനിഷേധ്യമായ യാഥാർത്ഥ്യവും സാമൂഹിക നീതിയെന്ന പൊതുലക്ഷ്യം കൈവരിക്കാൻ പരിഹരിക്കപ്പെടേണ്ട പ്രതിബന്ധവുമാണ്. സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിപ്രസ്താവത്തിൽ ഈ വസ്തുത അംഗീകരിക്കുന്നു. പട്ടികജാതി സംവരണത്തിന്റെ പരിധിയിൽ വരുന്ന ഉപവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിൽ തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമാണെന്നും സുപ്രീം കോടതി വിലയിരുത്തുന്നു. സംവരണ വിഭാഗങ്ങൾക്കുള്ളിൽ ഉപസംവരണം നടപ്പാക്കുന്നതിൽ ഇതര പിന്നാക്ക വിഭാഗങ്ങൾക്ക് ഇപ്പോൾ ബാധകമായ രീതിയിൽ ‘ക്രീമി ലെയർ’ തത്വം നടപ്പാക്കണമെന്ന ജസ്റ്റിസ് ബി ആർ ഗവായിയുടെ നിലപാടിനെ ജസ്റ്റിസുമാരായ വിക്രം നാഥ്‌, പങ്കജ് മിത്തൽ, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ പിന്തുണയ്ക്കുകയുണ്ടായി. എന്നാൽ പട്ടികജാതി വിഭാഗങ്ങളിൽ പെട്ടവരെ ഉപവിഭാഗങ്ങളാക്കി നിർണയിക്കുന്നതിന് സംസ്ഥാനങ്ങളെ ഭരണഘടന അനുവദിക്കുന്നുവെന്ന ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് മനോജ് മിശ്രയുടെയും അഭിപ്രായത്തോട് മേല്പറഞ്ഞ നാല് ജഡ്ജിമാരും യോജിപ്പ് പ്രകടിപ്പിച്ചു. രാഷ്ട്രപതി അംഗീകരിച്ച പട്ടികജാതി സംവരണ പട്ടികയിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ലെന്ന വിയോജിപ്പ് പ്രകടിപ്പിച്ചത് ജസ്റ്റിസ് ബേല ത്രിവേദി മാത്രമാണ്. സു­പ്രീം കോടതിയുടെ ഈ സുപ്രധാനവിധി ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ ദൂരവ്യാപക പ്രതികരണം സൃഷ്ടിക്കുക തികച്ചും സ്വാഭാവികമാണ്.

 


ഇതുകൂടി വായിക്കൂ;കോര്‍പറേറ്റ് വികസനത്തിന് വനനശീകരണം


പരമോന്നത നീതിപീഠത്തിലെ ഭരണഘടനാ ബെഞ്ചിന്റെ നിർണായകവും സുപ്രധാനവുമായ വിധി രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ, സാമൂഹിക യാഥാർത്ഥ്യങ്ങളോടുള്ള ക്രിയാത്മകവും സത്യസന്ധവുമായ പ്രതികരണമാണ്. സംവരണ വിഷയത്തിൽ മുൻ വിധിന്യായങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരണഘടനാ ബെഞ്ച്, പട്ടികജാതി വിഭാഗത്തിലെ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ഉപവിഭാഗങ്ങളെ വസ്തുനിഷ്ഠമായി നിർണയിക്കുന്നതിനും അതിനുള്ള സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശാധികാരങ്ങൾ അംഗീകരിച്ചുകൊണ്ടും ഉത്തരവായി എന്നതാണ് വ്യാഴാഴ്ചയിലെ വിധിപ്രസ്താവത്തെ ശ്രദ്ധേയമാക്കുന്നത്. ഏഴ് പതിറ്റാണ്ടിലേറെയായി രാജ്യത്ത് നിലനിൽക്കുന്ന പട്ടികജാതി, പട്ടികവർഗ സംവരണം ആ വിഭാഗങ്ങളിൽ പെട്ട പല ഉപവിഭാഗങ്ങൾക്കും വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കാൻ സഹായകമായിട്ടുണ്ട്. അവരുടെ സാമൂഹിക പദവിയിലും വർഗ സ്വഭാവത്തിൽത്തന്നെയും മൗലികമായ മാറ്റം കൈവന്നിട്ടുണ്ട്. അതേസമയം ആ വിഭാഗങ്ങളിലെതന്നെ പല ഉപവിഭാഗങ്ങളുടെയും വിദ്യാഭ്യാസ- സാമൂഹിക‑സാമ്പത്തിക അവസ്ഥ പതിറ്റാണ്ടുകളോളം പിന്നിലായി ഇപ്പോഴും തുടരുന്നുവെന്ന വസ്തുത അവഗണിക്കാവുന്നതല്ല. രാജ്യത്ത് ആദ്യമായി ജാതി അടിസ്ഥാനത്തിൽ ബിഹാറിൽ നടത്തിയ സെൻസസ് അവിടെ നിലനിൽക്കുന്ന രൂക്ഷമായ സാമൂഹിക യാഥാർത്ഥ്യങ്ങളെയാണ് അനാവരണം ചെയ്തത്. അത് ബിഹാറിന്റെ മാത്രം ഒറ്റപ്പെട്ട യാഥാർത്ഥ്യമല്ല, പൊതുവിൽ രാജ്യത്തിന്റെ പരിച്ഛേദത്തെയാണ് തുറന്നുകാട്ടുന്നത്. അവിടെയാണ് രാജ്യത്തുടനീളം ജാതിയടിസ്ഥാനത്തിലുള്ള സെൻസസ് എന്ന ആവശ്യത്തിന്റെ പ്രസക്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ ആവശ്യം രാഷ്ട്രീയ പാർട്ടികളുടെ പ്രചരണത്തിലും പ്രകടനപത്രികകളിലും സ്ഥാനംപിടിച്ചു. കേന്ദ്രഭരണം കയ്യാളുന്ന എൻഡിഎ സഖ്യത്തെ നയിക്കുന്ന ബിജെപി ജാതി സെൻസസിനോട് പ്രതികരിക്കാൻ വൈമുഖ്യം കാട്ടി. ബ്രാഹ്മണ്യത്തിലും മനുസ്മൃതിയിലും അധിഷ്ഠിതമായ അവരുടെ തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രം സാമൂഹിക നീതി, തുല്യത തുടങ്ങിയ സാർവത്രിക മാനവിക മൂല്യങ്ങളെ അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. ഇന്ത്യ സഖ്യവും ഏതാണ്ടെല്ലാ ഘടകകക്ഷികളും ഉന്നയിച്ച ജാതി സെൻസസ് എന്ന ആവശ്യത്തിനാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അതിന്റെ വിധിപ്രസ്താവത്തിലൂടെ നിയമസാധുത നൽകിയിരിക്കുന്നത്.

സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരുകൾക്ക് ഭാരിച്ച ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നത്. പട്ടികജാതി വിഭാഗങ്ങൾക്ക് മാത്രമല്ല സംവരണ, സംവരണേതര വിഭാഗങ്ങളടക്കം സംസ്ഥാനങ്ങളിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ യഥാർത്ഥ അവസ്ഥ പഠനവിധേയമാക്കി നിർണയിക്കുന്നത് സാമൂഹികനീതി ഉറപ്പുവരുത്താനുതകുന്ന വികസന, ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും വഴികാട്ടിയായി മാറും. ജാതിവ്യവസ്ഥ കേരളമടക്കം ഇന്ത്യൻ സമൂഹത്തിലെ അനിഷേധ്യ യാഥാർത്ഥ്യമാണ്. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അസമത്വത്തിന്റെ അടിസ്ഥാനം ജാതിവ്യവസ്ഥയും അതിൽ അന്തർലീനമായ വിവേചനവുമാണ്. നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന, നീതിരഹിതമായ ഈ വ്യവസ്ഥയ്ക്ക് അറുതിവരുത്താൻ ബൗദ്ധികവും സാമുദായികവുമായ നവോത്ഥാന പ്രവർത്തനങ്ങൾ മാത്രം പോരാ എന്ന് അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നു. സാമൂഹിക‑സാമ്പത്തിക‑വിദ്യാഭ്യാസ രംഗങ്ങളിൽ നിയമത്തിന്റെ പിൻബലവും ഭരണാധികാരത്തിന്റെ നിശ്ചയദാർഢ്യവുമുള്ള ‘സകാരാത്മക വിവേചനം’, അഥവാ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങളിൽ അധിഷ്ഠിതമായ സംവരണം, സാമൂഹിക നീതിയെന്ന ലക്ഷ്യപ്രാപ്തിക്ക് അനിവാര്യമാണ്. അതോടൊപ്പം, സുപ്രീം കോടതി വിധി ഉയർത്തിവിട്ടേക്കാവുന്ന സാമുദായികവും രാഷ്ട്രീയവുമായ കോളിളക്കങ്ങളെ നേരിടാനും സമാധാനപൂർണമായ അന്തരീക്ഷം സമൂഹത്തിൽ പുലരാനും ജനാധിപത്യ മതനിരപേക്ഷ പുരോഗമന ശക്തികൾ ജാഗ്രത പുലർത്തുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.