
അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷവേട്ടയ്ക്ക് ഉപയോഗിക്കുകയാണെന്ന വ്യാപകമായ വിമര്‍ശനം ശരിവച്ചുകൊണ്ട് സുപ്രീം കോടതിയുടെ താക്കീത്. കഴിഞ്ഞദിവസം മൂന്ന് വ്യത്യസ്ത കേസുകളില്‍ കേന്ദ്രത്തിനും അവരുടെ ചട്ടുകമായ എന്‍ഫോഴ്സ‌്മെന്റ് ഡയറക്ടറേറ്റി (ഇഡി) നും പരമോന്നത നീതിപീഠത്തില്‍ നിന്ന് കനത്ത പ്രഹരമാണുണ്ടായത്. ഇഡിയെ രാഷ്ട്രീയ യുദ്ധങ്ങൾക്ക് ആയുധമാക്കരുതെന്ന ശക്തമായ മുന്നറിയിപ്പാണ് കേന്ദ്രസർക്കാരിന് കോടതി നല്‍കിയത്. രാഷ്ട്രീയയുദ്ധം തെരഞ്ഞെടുപ്പുകളിലാണ് നടത്തേണ്ടതെന്നും അതിന് ഇഡിയെ ആയുധമാക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് തുറന്ന് ചോദിച്ചു. ‘ഞങ്ങളെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്. അങ്ങനെയെങ്കില്‍ ഇഡിക്കെതിരെ കടുത്ത നിരീക്ഷണങ്ങൾ നടത്താൻ നിർബന്ധിതരാകു‘മെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിനോട് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് തുറന്നടിച്ചു. ‘നിർഭാഗ്യവശാൽ, എനിക്ക് മഹാരാഷ്ട്രയിൽ ചില അനുഭവങ്ങളുണ്ട്. ഈ അതിക്രമം നിങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കരുത്. രാഷ്ട്രീയ പോരാട്ടങ്ങൾ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് മുന്നിൽ നടക്കട്ടെ. എന്തിനാണ് നിങ്ങളെ അതിന് ഉപയോഗിക്കുന്നതെ‘ന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിട്ടി (മുഡ) യുടെ ഭൂമി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എൻ പാർവതിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി ഇഡിയെയും യജമാനന്മാരായ കേന്ദ്ര ഭരണകൂടത്തെയും കുടഞ്ഞത്. ഇഡിയുടെ സമൻസ് റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ നൽകിയ അപ്പീൽ തള്ളുകയും ചെയ്തു.
കക്ഷികൾക്ക് നിയമോപദേശം നൽകിയതിന് അഭിഭാഷകർക്ക് സമൻസ് അയച്ച കേസിലും സുപ്രീം കോടതി ഇഡി രാഷ്ട്രീയക്കരുവാകുന്നതിനെതിരെ താക്കീത് ആവർത്തിച്ചു. കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു വിമർശനം. തെറ്റായ നിയമോപദേശം നൽകി എന്ന് ചൂണ്ടിക്കാട്ടി സീനിയർ അഭിഭാഷകരായ അരവിന്ദ് ദതാർ, പ്രതാപ് വേണുഗോപാൽ എന്നിവർക്ക് നോട്ടീസയച്ച ഇഡി നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു. തെറ്റായ ഉപദേശം നൽകിയാൽപ്പോലും, ഉപദേശം നൽകിയതിന് എങ്ങനെ അഭിഭാഷകരെ വിളിച്ച് വരുത്താനാകുമെന്ന് കോടതി ചോദിച്ചു. ‘വിവിധ കോടതികളിൽ നിന്നുള്ള അനുഭവത്തിൽ, പല കേസുകളിലും ഇങ്ങനെ സംഭവിക്കുന്നത് ഞങ്ങൾ കാണുന്നുണ്ട്. നിർഭാഗ്യവശാൽ രണ്ട് രാഷ്ട്രീയ പാർട്ടികളുടെ രണ്ട് കേസുകളാണ് എന്റെ മുന്നിലുള്ളത്. രാഷ്ട്രീയവൽക്കരിക്കരുതെന്ന് മുമ്പും പറയേണ്ടിവന്നിട്ടുണ്ട്. ഹൈക്കോടതി വ്യക്തമായ കാരണങ്ങളോടെ ഉത്തരവുകൾ നൽകിയതിന് ശേഷവും ഇഡി ഒന്നിന് പുറകെ ഒന്നായി അപ്പീലുകൾ നൽകുന്ന നിരവധി സംഭവങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്’ എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ജൂൺ 25ന്, ഗുജറാത്തിൽ നിന്നുള്ള കേസ് പരിഗണിച്ച ജസ്റ്റിസ് കെ വി വിശ്വനാഥൻ, ജസ്റ്റിസ് എൻ കോടിശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് പൊലീസും ഇഡിയും ചേർന്ന് അഭിഭാഷകരെ വിളിച്ചുവരുത്തുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും വിഷയം ചീഫ് ജസ്റ്റിസിന് റഫർ ചെയ്യുകയുമായിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയും ജുഡീഷ്യല്‍ നടപടികളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയ പോരാട്ടം കോടതിക്ക് പുറത്ത് മതിയെന്ന് അവിടെയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് താക്കീത് ചെയ്തു.
സമാനമായ നിരീക്ഷണം മദ്രാസ് ഹെെക്കോടതിയില്‍ നിന്നുമുണ്ടായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന എന്തും അന്വേഷിക്കാൻ ‘സൂപ്പർ പൊലീസ്’ അല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. കള്ളപ്പണം വെളുപ്പിക്കല്‍ (പിഎംഎൽഎ) കേസിലേക്ക് കേസ് ഷെഡ്യൂൾ ചെയ്യപ്പെടാൻ ‘ക്രിമിനൽ പ്രവർത്തനം’ ഉണ്ടായിരിക്കുകയും അതുവഴി കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നവിധം വരുമാനമുണ്ടായിരിക്കുകയും വേണം. എങ്കില്‍ മാത്രമേ ഇഡിയുടെ അധികാരപരിധി ആരംഭിക്കൂ എന്നായിരുന്നു ജസ്റ്റിസുമാരായ എം എസ് രമേശ്, വി ലക്ഷ്മി നാരായണൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വാക്കുകൾ. പിഎംഎൽഎ സെക്ഷൻ 17(1എ) പ്രകാരം ഇഡി പുറപ്പെടുവിച്ച അക്കൗണ്ട് മരവിപ്പിക്കൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതി നിരീക്ഷണം നടത്തിയത്. സുപ്രീം കോടതിയില്‍ നിന്നും ഹെെക്കോടതികളില്‍ നിന്നും കേന്ദ്രത്തിനും ഏജന്‍സികള്‍ക്കുമെതിരെ ആദ്യമായല്ല ഇത്തരം മുന്നറിയിപ്പുകളുണ്ടാകുന്നത്. പക്ഷേ നീതിപീഠങ്ങളില്‍ നിന്ന് തുടര്‍ച്ചയായ തിരിച്ചടികളുണ്ടാകുമ്പോള്‍ അതിനെ അവഗണിക്കുകയോ മറികടക്കാന്‍ കുറുക്കുവഴികളില്‍ നിയമമുണ്ടാക്കുകയോ ആണ് മോഡി ഭരണത്തിന്റെ സവിശേഷത. ജനാധിപത്യത്തെയും ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും മാനിക്കാത്ത സ്വേച്ഛാഭരണത്തിനെതിരെ ജനകീയ പ്രതിരോധം മാത്രമാണ് കരണീയമായിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.