11 December 2025, Thursday

കഴമ്പില്ലാത്ത സുംബാ വിവാദം

Janayugom Webdesk
June 30, 2025 5:00 am

സുംബാ ഡാൻസ് വിവാദം തികച്ചും അനാവശ്യമാണെന്ന കാര്യത്തിലും ഇപ്പോഴത്തെ വിവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നതിലും സംശയമില്ല. ഫിറ്റ്നസ് ഡാൻസ് എന്ന നിലയ്ക്ക് ലോകപ്രസിദ്ധമായ സുംബ ഡാൻസിനെ ബ്രസീലിലെ കാർണിവൽ നൃത്തരൂപമായ സാംബ ഡാൻസ് എന്ന് തെറ്റിദ്ധരിച്ചതിനാലാകും ചില മതസംഘടനകളും അതിന്റെ വക്താക്കളും സ്കൂളുകളിൽ ഇത് നടപ്പിലാക്കുന്നതിനെതിരെ പ്രസ്താവനകളുമായി രംഗത്തെത്തിയതെന്ന് വേണം കരുതാൻ. എന്നാൽ ഇതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ ആളിക്കത്തിക്കുന്നതിനും വിമർശനങ്ങൾ ഉന്നയിച്ചവർക്കെതിരെ വാളോങ്ങുന്നതിനും പകരം സംസ്ഥാനത്തെ സ്കൂളുകളിൽ പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കുന്ന സുംബാ ഡാൻസ് എന്താണെന്നും അതിൽ ഇപ്പറയുന്ന വിവാദങ്ങൾക്കൊന്നും കഴമ്പില്ലെന്നും തെറ്റിദ്ധാരണ കൊണ്ടുണ്ടായ വിമർശനങ്ങളാണെന്നും വിശദീകരിക്കുകയും തെറ്റിദ്ധാരണകൾ മാറ്റുകയുമാണ് വേണ്ടത്. സുംബാ ഡാൻസ് പ്രചരിച്ചത് ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ നിന്നാണെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. കൊളംബിയൻ ഡാൻസറും കോറിയോഗ്രാഫറുമായ ആൽബർട്ടോ ബെറ്റോ പെരസ് എന്നയാളാണ് തൊണ്ണൂറുകളിൽ ഈ വ്യായാമനൃത്തം വികസിപ്പിച്ചത്. സാധാരണ വ്യായാമരീതികളിലെ കഠിന മുറകൾക്ക് പകരം ലളിതമായി കൈകാൽ ഇളക്കിയുള്ള ചുവടുകളാണ് ഇതിനെ ആകർഷകമാക്കിയത്. സംഗീതത്തിന്റെ അകമ്പടി കൂടിയായപ്പോൾ പാതി നൃത്തത്തിന്റെ പരിവേഷവും ഈ വ്യായാമരീതിക്കുണ്ടായി. ശാരീരിക, മാനസിക ആരോഗ്യത്തെ വളരെ ലഘുവായ പരിശീലനമുറകളിലൂടെ നേടിയെടുക്കാൻ സഹായകരമാണ് സുംബാ ഡാൻസ് എന്ന് കണ്ടതോടെ ലോകത്തെമ്പാടും ലക്ഷക്കണക്കിനാളുകൾ ഇതിന്റെ ആരാധകരായി. തുടക്കത്തിൽ സ്ത്രീകളാണ് വ്യാപകമായി വ്യായാമപ്രവർത്തനങ്ങൾ നടത്തിയത്. ഇന്ത്യയിൽ വ്യായാമപരിശീലന കേന്ദ്രങ്ങളോടനുബന്ധിച്ച് പ്രത്യേകം ഹാളുകൾ തയ്യാറാക്കി അവിടെയാണ് തുടക്കത്തിൽ സുംബാ ഡാൻസ് അരങ്ങേറിയത്. 30 വയസിന് മുകളിലുള്ള ലക്ഷക്കണക്കിന് സ്ത്രീകൾ ആരോഗ്യവും ശരീരഭംഗിയും നിലനിർത്താൻ നഗരമേഖലകളിൽ സുംബാ പരിശീലിച്ചു. വൈകാതെ ജനകീയമാകുകയും ഇന്ന് എല്ലാ പ്രദേശങ്ങളിലും സർവസാധാരണമാകുകയും ചെയ്തു. കേരളത്തിലും ജിമ്മുകൾ കേന്ദ്രീകരിച്ച് വ്യാപകമായി സുംബാ ഡാൻസ് പരിശീലിപ്പിക്കുന്നുണ്ട്. ഏത് പ്രായക്കാർക്കും അനായാസം പരിശീലിക്കാവുന്ന തരത്തിലാണ് ഇതിന്റെ ചുവടുകളും ചലനങ്ങളുമെന്നതാണ് ഇതിനെ സാർവത്രികമാക്കിയത്. 

ഇക്കാലത്ത് കുട്ടികൾക്ക് ശാരീരിക, മാനസികാരോഗ്യം പ്രദാനം ചെയ്യേണ്ടത് അത്യാവശ്യമുള്ള കാര്യമാണ്. കുട്ടികളിൽ നല്ലൊരു ശതമാനവും കായികവിനോദങ്ങളിലോ ശാരീരികമായ മറ്റ് അധ്വാനങ്ങളിലോ ഏർപ്പെടുന്നില്ലെന്ന കാര്യം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സമ്മർദങ്ങളൊഴിവാക്കി അവരിൽ മാനസിക കരുത്ത് പകരേണ്ടതിന്റെ ആവശ്യകത മനഃശാസ്ത്രജ്ഞരും കൗൺസിലർമാരും അടക്കമുള്ളവരും നിരന്തരം ഓർമ്മിപ്പിക്കുന്നുമുണ്ട്. വിവിധ കാരണങ്ങളാലുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെയും മാനസിക സമ്മർദങ്ങളെയും ലഘൂകരിച്ച് അവരെ പഠനത്തിന്റെ വഴികളിലേക്കും ആരോഗ്യജീവിതത്തിലേക്കും എത്തിക്കേണ്ട ചുമതല വിദ്യാഭ്യാസവകുപ്പിനുണ്ട്. ഇതിനായി ഒട്ടേറെ പദ്ധതികളാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് വിദ്യാർത്ഥികളുടെ ശാരീരിക, മാനസിക ആരോഗ്യവും കരുത്തും ഉറപ്പുവരുത്താനുള്ള പദ്ധതികളിലൊന്ന് മാത്രമായി നടപ്പിലാക്കിയിരിക്കുന്ന സുംബാ ഡാൻസ്. ഇതിനെയാണ് തികച്ചും തെറ്റിദ്ധാരണാജനകമായ വിധത്തിൽ ചിലർ വിമർശിച്ച് രംഗത്തുവന്നിരിക്കുന്നത്. വിമർശനങ്ങളിൽ കഴമ്പില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും സർക്കാരും പൊതുവിദ്യാഭ്യാസവകുപ്പും വ്യക്തമാക്കിയിട്ടുമുണ്ട്. ഇന്ന് പ്രചരണപ്രവർത്തനങ്ങളിൽ പ്രമുഖമായ സ്ഥാനമുള്ള ഫ്ലാഷ് മോബ് എന്നറിയപ്പെടുന്ന പരസ്യ നൃത്തകലാപരിപാടി എങ്ങനെയാണോ അതിന്റെ കുറച്ചുകൂടി പരിഷ്കരിച്ച രൂപമാണ് സുംബായ്ക്കുള്ളത്.
അല്പവസ്ത്രം ധരിച്ച് ആൺ, പെൺകുട്ടികൾ ഇടപഴകിയുള്ള നൃത്തത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് വിമർശകരുടെ വാദം. എന്നാൽ അവരുടെ വിമർശനം സുംബയ്ക്കെതിരായല്ല അത് സാംബ നൃത്തമാണെന്ന് തെറ്റിദ്ധരിച്ചുമാണെന്ന കാര്യം വ്യക്തമാണ്. സാംബ നൃത്തം ചെയ്യുന്ന ബ്രസീലിയൻ വനിതകളാണ് അവരുടെ പരമ്പരാഗത നൃത്തരീതിയുടെ ഭാഗമായി നാമമാത്രം വസ്ത്രം ധരിച്ച് കാർണിവലുകളിൽ എത്തുന്നത്. അതേപോലെ അറബ് ലോകത്ത് അടക്കം വ്യാപകമായി പ്രചരിച്ച ബെല്ലി ഡാൻസും മാദക രീതിയിൽ നടത്തുന്ന നൃത്തരൂപമാണ്. ഇതൊന്നുമായി സുംബാ ഡാൻസിന് യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല, വസ്ത്രധാരണത്തിലും പ്രത്യേകം നിഷ്കർഷയൊന്നുമില്ല. എന്തുവേഷമാണോ ധരിച്ചിരിക്കുന്നത് അതിൽ തന്നെയാണ് സുംബാ ചെയ്യുക. സ്കൂളുകളിൽ കുട്ടികൾ യൂണിഫോമിൽ തന്നെയാണ് വ്യായാമപരിശീനം നടത്തുക. ഒപ്പനയും തിരുവാതിരയും മാർഗം കളിയുമൊക്കെ കുട്ടികൾക്ക് പരിശീലിക്കുകയും അവതരിപ്പിക്കുകയും ചെയ്യാമെങ്കിൽ അതിനേക്കാളൊക്കെ ലഘുവായ, പ്രത്യേകം പരിശീലനമൊന്നും ആവശ്യമില്ലാത്ത, ഒരാൾ ചെയ്യുന്ന വ്യായാമമുറകൾ കണ്ടുകൊണ്ട് പരിശീലിക്കാവുന്നതാണ് സുംബാ. വേണമെങ്കിൽ കേരളീയ കലാരൂപങ്ങളുടെ ലഘുവായ ചുവടുകളും ചലനങ്ങളും ആംഗ്യരീതികളുമൊക്കെ സുംബായിലും പരീക്ഷിക്കാവുന്നതും ഇതിനെ പരിഷ്കരിക്കാവുന്നതുമാണ്. 

Kerala State - Students Savings Scheme

TOP NEWS

December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.