27 December 2024, Friday
KSFE Galaxy Chits Banner 2

കേരളത്തില്‍ ഡിജിറ്റൽ വിപ്ലവത്തിന്റെ നാളുകള്‍

Janayugom Webdesk
June 18, 2023 5:00 am

രാജ്യത്ത് എല്ലാവര്‍ക്കും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയും ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തുകയും ചെയ്യാൻ ഉദ്ദേശിച്ചുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ. തികവാർന്ന വിജ്ഞാനം ഏവര്‍ക്കും പ്രാപ്യമാക്കി അറിവുകൊണ്ട് ശാക്തീകരിക്കപ്പെട്ട സമൂഹമായി രാജ്യത്തെ മാറ്റുക എന്ന കാഴ്ചപ്പാടോടെയായിരുന്നു പ്രഖ്യാപനം. അടിസ്ഥാന ഓൺലൈൻ സൗകര്യങ്ങളും ഇന്റർനെറ്റ് കണക്ടിവിറ്റിയും ‘ഡിജിറ്റൽ ഇന്ത്യ’ വാഗ്ദാനം ചെയ്യുന്നു. 2019ലായിരുന്നു കേന്ദ്ര സർക്കാർ ഇതുമായി ബന്ധപ്പെട്ട പദ്ധതികളും വാഗ്ദാനങ്ങളും ജനങ്ങളുമായി പങ്കുവച്ചത്. പറഞ്ഞതനുസരിച്ച് 2022ഓടെ ഇത് പൊതുജനങ്ങൾക്ക് ഉപയുക്തമാകേണ്ടതുമായിരുന്നു. 2023 എത്തുകയും ആറാം മാസം പിന്നിടുകയുമാണ്. പക്ഷേ ഡിജിറ്റൽ ഇന്ത്യ ഇപ്പോഴും ഏറെ അകലെയാണ്. എന്നാൽ ഇലക്ട്രോണിക് തലത്തിൽ നിന്നും സാർവത്രിക ഡിജിറ്റലൈസേഷന്റെ തുടർഘട്ടത്തിലേക്കുള്ള നാലാം പരിവർത്തന പ്രക്രിയയിലേക്ക് പ്രവേശിക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമായിരിക്കുന്നു ഇപ്പോൾ കേരളം. ഇന്റർനെറ്റ് കണക്ഷനുകൾ ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് വഴി എത്തിക്കുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷന്‍ സൗജന്യമാണ്.


ഇതുകൂടി വായിക്കു;ട്വിറ്ററിനെതിരായ കേന്ദ്രത്തിന്റെ ഭീഷണി


 

ഐക്യരാഷ്ട്രസഭ, ഇന്റർനെറ്റ് സൗകര്യം അടിസ്ഥാന മനുഷ്യാവകാശമായി അംഗീകരിച്ചുള്ള പ്രമേയം മൂന്ന് വർഷങ്ങൾ മുമ്പ് പാസാക്കിയിരുന്നു. പരിധികളില്ലാത്ത ഡിജിറ്റൽ ലോകത്തിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ഈ സൗകര്യം ഉറപ്പാക്കുന്നതിലൂടെ സാധ്യമാകുന്ന അവകാശം. ഉല്പാദന ശക്തികളിലൂടെ സാമൂഹിക സാമ്പത്തിക രൂപീകരണങ്ങൾ നിലവിൽ അറിവിനെ കേന്ദ്രീകരിച്ചുള്ളതുമാണ്. ഇതാകട്ടെ അപരിമിതവുമാണ്. ഇലക്ട്രോണിക് ചലനങ്ങൾ ശാരീരിക അധ്വാന പ്രക്രിയയോടല്ല, മസ്തിഷ്ക പ്രവർത്തനങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ പ്രക്രിയകളെ യന്ത്രങ്ങൾ തിരിച്ചറിയുന്നു. വ്യക്തിഗത അധ്വാന ഉപാധിയല്ല എന്നു പറയുമ്പോഴും ഇത് പൂർണമായും തൊഴിലാളിയുടെ അധ്വാനമാണ്. ഇടനിലക്കാരന്റെയോ മധ്യസ്ഥന്റെയോ രൂപം പലപ്പോഴും കെെവരുന്നു എന്നു മാത്രം. ഈ വസ്തുത ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിയാകുന്നു. വർത്തമാനത്തെയും ഭാവിയെയും ഇത് സ്വാധീനിക്കുന്നു. സ്ഥിരമൂലധനം അതിന്റെ ഉപയോഗ മൂല്യത്തിൽ അസ്ഥിരമൂലധനവുമായി ബന്ധപ്പെട്ട നിർവചനങ്ങളെ മറികടക്കുന്നുവെന്ന് മഹാനായ കാൾ മാർക്സ് രണ്ട് നൂറ്റാണ്ടുകൾക്കുമുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു.
കേരളം സാധ്യമാക്കുന്ന സാർവത്രിക ഇലക്ട്രോണിക് വിപ്ലവം നിർവചനങ്ങൾക്കതീതമായ വികസന ചക്രവാളങ്ങൾ തുറക്കുന്നു. ചരക്കും മൂലധനവും അധ്വാനവും രൂപാന്തരപ്പെടുന്ന അടിസ്ഥാനപരമായ പരിവർത്തനങ്ങൾ സാധ്യമാക്കുന്ന ക്വാണ്ടം വിപ്ലവമാണിത്.

 


ഇതുകൂടി വായിക്കു; ബാങ്ക് തട്ടിപ്പുകാരെ സഹായിക്കുന്ന റിസർവ് ബാങ്ക് സർക്കുലർ


മുഖ്യധാരാ വിവര സങ്കേതങ്ങളിൽ നിന്ന് അകലെ കഴിയുന്ന ഇടങ്ങളിലും ആദിവാസി മേഖലകളിലും സംസ്ഥാനത്തിന്റെ വിദൂര ഭാഗങ്ങളിലും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുന്ന വിപുലമായ അടിസ്ഥാന സൗകര്യങ്ങളുടെ സജ്ജീകരണം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു. 34,961 കിലോമീറ്റർ നീളുന്ന കേബിൾ സംവിധാനത്തിന്റെ ചുമതല കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡി(കെഎസ്ഇബി)നാണ്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഐഎൽ) ചേർന്നുള്ള സംയുക്ത സംരംഭമാണ് കെ-ഫോൺ. കെ-ഫോണിനെ ഇന്റർനെറ്റ് സേവന ദാതാവായി അംഗീകരിച്ച ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ (ഐപി) ലൈസൻസ് അനുവദിച്ചു. 140 അസംബ്ലി മണ്ഡലങ്ങളിലായി 14,000 ബിപിഎൽ കുടുംബങ്ങൾക്കാണ് മുൻഗണനയെന്ന് പദ്ധതി വ്യക്തമാക്കുന്നു. ഇതോടൊപ്പം ഇന്റർനെറ്റ് വഴി അടിസ്ഥാന സേവനങ്ങൾ നേടാൻ ജനങ്ങളെ സജ്ജരാക്കുന്ന ഡിജിറ്റൽ സാക്ഷരതാ പദ്ധതി സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾ വഴി സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും 15 എംബിപിഎസ് വേഗതയിൽ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് കെ-ഫോൺ ഉറപ്പു നൽകുന്നത്. ബിപിഎൽ കുടുംബങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമുള്ള സൗജന്യ ഇന്റർനെറ്റ് കണക്ഷനുകൾ 1,548 കോടി രൂപയുടെ കെ-ഫോൺ പദ്ധതിയുടെ ഒരു വിഹിതം മാത്രമാണ്.

ആകെ 48 ഫൈബർ സംവിധാനങ്ങൾ കെ-ഫോണിൽ അടങ്ങുന്നു. 22 എണ്ണം വിതരണ ശൃംഖലയ്ക്കായി ഉപയോഗിക്കും. കെഎസ്ഇബിക്കും ഉപയോഗിക്കാൻ അനുവാദമുണ്ട്. ബാക്കി പാട്ടത്തിന് നൽകാം. ഉയർന്ന കണക്ടിവിറ്റിയെക്കുറിച്ച് ആലോചന നടത്താനും തിരഞ്ഞെടുക്കാനുമുള്ള ധൈര്യം കേരളം പോലെ അപൂർവം ചില സംസ്ഥാനങ്ങളിൽ ഒതുങ്ങുന്നു. സംസ്ഥാനത്ത് സർക്കാർ ഓഫിസുകളിൽ ഡിജിറ്റൽ സേവനങ്ങളും ഏകജാലക പോർട്ടലുകളും ക്രമീകരിച്ചിരിക്കുന്നു. വിദ്യാഭ്യാസ നിലവാരത്തിനനുസരിച്ച് ഇന്റർനെറ്റ് ഉപയോഗത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. വിദൂര ജോലിയും വിദ്യാഭ്യാസവുമാണ് ഇന്റർനെറ്റ് ഉപയോഗത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള കുടുംബങ്ങളിൽ പോലും അടിയന്തര സന്ദേശമയയ്ക്കാൻ ഇന്റർനെറ്റ് ഇപ്പോൾ ഏറ്റവും പ്രചാരമുള്ള ഉപാധിയാണ്. കോവിഡ് ദിനങ്ങളിൽ വിദൂരങ്ങളായ പല ദേശങ്ങളെയും തുണച്ചത് ഡിജിറ്റൽ സാങ്കേതികവിദ്യ മാത്രമായിരുന്നു എന്നതും പരിഗണിക്കണം. തൊഴിൽശക്തിയുടെ ഉയർന്ന പങ്കാളിത്തം, ചലനാത്മകമായ തൊഴിലും തൊഴിലിടങ്ങളും, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, എല്ലാം ചേർന്നുള്ള തൊഴിൽ വളർച്ച എന്നിവയുമായി ഉയർന്ന കണക്ടിവിറ്റി ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസം, ആതുരസേവനം, ഉയർന്ന മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ നിർണായക പൊതുസേവനങ്ങളിലേക്കും ഒടുവിൽ സാമ്പത്തികവും സാമൂഹികവുമായ പ്രതിരോധശേഷി ബലപ്പെടുത്തുക തുടങ്ങി അടിസ്ഥാന സൗകര്യങ്ങളിലേക്കും ഉയർന്ന കണക്ടിവിറ്റിയിലൂടെ പ്രവേശനം സാധ്യമാകും. 2022ൽ എൽഡിഎഫ് സർക്കാർ, നെറ്റ്‍വർക്കിലൂടെ സാധ്യമാക്കാവുന്ന ധനസമ്പാദനമാർഗങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുമുണ്ട്.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.