26 February 2024, Monday

ട്വിറ്ററിനെതിരായ കേന്ദ്രത്തിന്റെ ഭീഷണി

Janayugom Webdesk
June 15, 2023 5:00 am

ആധുനിക ലോകത്ത് വാര്‍ത്താ വിനിമയത്തിനും വിവര കൈമാറ്റത്തിനുമുള്ള ഏറ്റവും വിശാലമായ വേദിയാണ് സമൂഹമാധ്യമങ്ങള്‍. ഓരോ ദിവസം കഴിയുന്തോറും സമൂഹമാധ്യമങ്ങളിലെ വിവിധ വേദികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണമേറുകയാണ്. അതോടൊപ്പം വേദികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ആദ്യകാലത്ത് പ്രമുഖമായിരുന്ന ചിലവ വിസ്മൃതിയിലായപ്പോള്‍ പുതിയ ചിലത് ഉദയം ചെയ്തു. വിവര വിനിമയ വിസ്ഫോടനത്തിന്റെ ആദ്യകാലത്ത് ഓര്‍ക്കുട്ടായിരുന്നു സൗഹൃദം കണ്ടെത്താനും പുലര്‍ത്താനും വിനിമയത്തിനും ഉപയോഗിച്ചിരുന്നത്. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ചിരുന്ന ഓര്‍ക്കുട്ട് ഇപ്പോള്‍ വിസ്മൃതിയിലാണ്. പിന്നീട് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിങ്ങനെ സമൂഹമാധ്യമ വേദികളായി ഒരു നിരതന്നെ രൂപപ്പെട്ടു. സാങ്കേതിക വിസ്ഫോടനം അതിദ്രുതം സംഭവിച്ചുകൊണ്ടിരിക്കുന്ന നവീന കാലത്ത് അഭിപ്രായ സ്വാതന്ത്ര്യ പ്രകടനത്തിനുള്ള വിശാല വേദിയായി ഇന്ന് അവയെല്ലാം ഉപയോഗിക്കുന്നു. എല്ലാ സമൂഹ മാധ്യമ വേദികളിലും സജീവമായി ദശകോടിക്കണക്കിനാളുകളാണ് ലോകത്തുള്ളത്. അതുകൊണ്ടുതന്നെ വിവര കൈമാറ്റത്തിനുള്ള ഏറ്റവും ചെലവ് കുറ‍ഞ്ഞതും അതോടൊപ്പം വിപുലവുമാണ് എന്നതിനാലാണ് സമൂഹമാധ്യമ വേദികള്‍ക്ക് സ്വീകാര്യതയേറിയത്. എല്ലാ സാങ്കേതിക സംവിധാനങ്ങളുമെന്നതുപോലെ സമൂഹമാധ്യമങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നതും വസ്തുതയാണ്.

അതുകൊണ്ടുതന്നെ പ്രസ്തുത പേര് പറഞ്ഞ് അഭിപ്രായ സ്വാതന്ത്ര്യത്തെ വിലങ്ങണിയിക്കുന്നതിനുള്ള ശ്രമങ്ങള്‍ പല ഭരണാധികാരികളും നടത്തിക്കൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടെ ഇന്ത്യ. കലാപങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടാകുമ്പോള്‍ മാത്രമല്ല, സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്റര്‍നെറ്റ് വിലക്കുന്ന ലോകത്തെ പ്രമുഖ രാജ്യങ്ങളുടെ കൂട്ടത്തിലും ഇന്ത്യക്ക് മുന്‍നിരയിലാണ് സ്ഥാനം. അനിഷ്ടകരമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വ്യാജ പ്രചരണങ്ങളും അഭ്യൂഹങ്ങള്‍ പരത്തുന്നതും അവസാനിപ്പിക്കുന്നതിന് എന്ന പേരിലാണ് ഇന്റര്‍നെറ്റ് വിലക്കിനെ ന്യായീകരിക്കുന്നതെങ്കിലും എല്ലാ പ്രതിഷേധങ്ങളെയും അഭിപ്രായ പ്രകടനങ്ങള്‍ മൊത്തത്തിലും നിയന്ത്രിക്കുന്നതിനുള്ള ഉപകരണമായാണ് ഇന്ത്യയില്‍ അത് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആഗോള ഡിജിറ്റല്‍ അവകാശ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വിലക്കിന്റെ ലോക തലസ്ഥാനമാണ് ഇന്ത്യ. 2022ല്‍ 84 തവണയാണ് രാജ്യത്ത് പല ഭാഗങ്ങളിലായി ഇന്റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തിയത്. പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം 2016ന് ശേഷം ലോകത്താകെയുണ്ടായ ഇന്റര്‍നെറ്റ് വിലക്കിന്റെ 58 ശതമാനവും ഇന്ത്യയിലായിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്തത് ഇന്റര്‍നെറ്റ് വിലക്കുക എന്നതായിരുന്നു. പരസ്പര വിനിമയത്തിനുള്ള ഉപാധി തടഞ്ഞ് പ്രതിഷേധങ്ങളെത്തന്നെ അവര്‍ ഇല്ലാതാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെയും ഇന്ത്യന്‍ സേനയിലേക്ക് താല്‍ക്കാലിക നിയമനം നല്കുന്നതിനുള്ള അഗ്നിപഥ് പദ്ധതി ആവിഷ്കരിച്ചതിനെതിരെ യുവജന രോഷത്തിന് തീപിടിച്ചപ്പോഴും ഇന്റര്‍നെറ്റ് വിലക്കുകയായിരുന്നു പ്രധാന പ്രതിരോധമാര്‍ഗമായി കേന്ദ്രം സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ലോകത്തെ സമൂഹമാധ്യമ വേദികളില്‍ പ്രമുഖമായ ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലിനെ സമീപിക്കേണ്ടത്. കേന്ദ്ര ഭരണാധികാരികളെ, പ്രത്യേകിച്ച് നരേന്ദ്ര മോഡിയെ വിറപ്പിച്ച കര്‍ഷകപ്രക്ഷോഭത്തിന്റെ ഘട്ടത്തില്‍ ട്വിറ്റര്‍ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


ഇതുകൂടി വായിക്കൂ: ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ


കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നതായിരുന്നു പൂട്ടാതിരിക്കുവാനുള്ള ഉപാധിയായി കേന്ദ്രം മുന്നോട്ടുവച്ചത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ട്വിറ്റര്‍ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നും പറഞ്ഞതായാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയെങ്കിലും മേല്പറഞ്ഞ സാഹചര്യത്തിലും അടുത്ത കാലത്ത് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലും അത് അംഗീകരിക്കാനാവുന്നതല്ല. ഡോര്‍സിയുടെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമാണെന്ന് പറഞ്ഞ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിന്റെ സംശയാസ്പദമായ ചിലത് ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണിതെന്നും പറയുകയുണ്ടായി. മറ്റെല്ലാം മാറ്റിവയ്ക്കൂ. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവന്ന ലൂമെന്‍ ഡാറ്റാബേസ് പ്രകാരം സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം 122 അക്കൗണ്ടുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ അക്കൗണ്ടുകളാണ് മാര്‍ച്ചിലെ ഒരാഴ്ച മാത്രം പൂട്ടിയത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ, എന്‍ഡിടിവി എന്നിവയുടെ അക്കൗണ്ട് താല്ക്കാലികമായി സസ്പെന്‍ഡ് ചെയ്തതും കഴിഞ്ഞ വര്‍ഷമായിരുന്നു. വാര്‍ത്താ പ്രാധാന്യം നേടാതെയും എത്രയോ അക്കൗണ്ടുകള്‍ നീക്കം ചെയ്തുവെന്ന വാര്‍ത്തകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിനും സമൂഹമാധ്യമങ്ങള്‍ വിലക്കുന്നതിനുമെതിരെ പരമോന്നത കോടതിയില്‍ നിന്നുപോലും നിശിത വിമര്‍ശനങ്ങളുണ്ടായതും അടുത്ത കാലത്തായിരുന്നു. ഇതെല്ലാംകൊണ്ടുതന്നെ ഡോര്‍സിയുടെ വെളിപ്പെടുത്തല്‍ അവിശ്വസിക്കേണ്ടതില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.