15 December 2025, Monday

ഏറ്റവും തുല്യമെന്ന കൊടിയ കാപട്യം

Janayugom Webdesk
July 9, 2025 5:00 am

ന്ന് ഇന്ത്യയിലെ കോടാനുകോടിവരുന്ന സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളടക്കം ഗ്രാമീണ മേഖലയിൽ പണിയെടുക്കുന്നവരും സർക്കാർ, അർധസർക്കാർ പൊതു — സ്വകാര്യമേഖലാ ജീവനക്കാരും 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ദേശീയ പൊതുപണിമുടക്കിലേക്ക് കടന്നിരിക്കുകയാണ്. വിചിത്രമെന്നുപറയട്ടെ, പണിമുടക്കിന് നാല് ദിനം മുന്നേ ഇന്ത്യ ലോകത്തെ നാലാമത്തെ ‘ഏറ്റവും തുല്യതയുള്ള’ രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് ഉയർത്തപ്പെട്ടുവെന്ന അവകാശവാദവുമായി കേന്ദ്രസർക്കാർ മുന്നോട്ടുവരികയുണ്ടായി. കേന്ദ്രസർക്കാരിന്റെ ‘പ്രസ് ഇൻഫർമേഷൻ ബ്യൂറോ‘യുടെ (പിഐബി) ഒരു പത്രക്കുറിപ്പിലൂടെയാണ് മോഡി സർക്കാർ ഈ അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ മാധ്യമങ്ങൾ ഏതാണ്ടെല്ലാംതന്നെ യാതൊരു പരിശോധനയും കൂടാതെ, വലിയ പ്രാധാന്യത്തോടെയാണ് ആ വാർത്തയ്ക്ക് പ്രചാരം നൽകിയത്. തുടർന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധരടക്കം വിവിധ കേന്ദ്രങ്ങൾ നടത്തിയ സൂക്ഷ്മ പരിശോധനയിൽ ആ വാർത്ത രാജ്യത്തെയും ജനങ്ങളെയും കബളിപ്പിക്കാൻ മാത്രം ലക്ഷ്യംവച്ചുള്ള അസത്യങ്ങളുടെയും അർധസത്യങ്ങളുടെയും കൂമ്പാരം മാത്രമാണെന്ന് തെളിയിക്കപ്പെട്ടു. തങ്ങളുടെ അവകാശവാദത്തിന് ആധാരമായി പിഐബി ചൂണ്ടിക്കാണിക്കുന്നത് ലോകബാങ്കിന്റെ അതുസംബന്ധിച്ച ഒരു ലഘു വിവരണമാണ്. ഇന്ത്യയുടെ ഉപഭോഗാധിഷ്ഠിത ഗിനി സൂചികയനുസരിച്ച് 2011–12ലെ 28.8 പോയിന്റിൽനിന്നും 2022–23ൽ ഇന്ത്യയുടെ നില 25.5 ആയി മെച്ചപ്പെട്ടതായി പറയുന്നു. എന്നാൽ ഈ കണക്കിന്റെ പരിമിതിയെപ്പറ്റി ബാങ്ക് അതേവിവരണത്തിൽ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. സ്ഥിതിവിവരക്കണക്കുകളിൽ കൗശലം കാണിക്കുന്നതും ആധികാരികമായ കണ്ടെത്തലുകളെ പുച്ഛിച്ചു തള്ളുന്നതും മോഡിസർക്കാർ ഒരു കലയായി വികസിപ്പിച്ച് കുപ്രസിദ്ധി നേടിയിട്ടുള്ള കാര്യം രാജ്യത്തും ലോകത്തും അങ്ങാടിപ്പാട്ടാണല്ലോ. ഈ കണക്ക് ഇതര രാജ്യങ്ങളുടെ വരുമാനം സംബന്ധിച്ച തുല്യ‑അതുല്യതകളുമായി താരതമ്യം ചെയ്ത് ഇന്ത്യയുടെ റാങ്ക് ഉയർത്തിക്കാണിക്കുന്ന ചെപ്പടിവിദ്യക്കാണ് പിഐബി മുതിർന്നിരിക്കുന്നത്. ഇത് ജനങ്ങളെയും രാജ്യത്തെയും കബളിപ്പിക്കാൻ ലക്ഷ്യംവച്ചുള്ള മോഡിസർക്കാരിന്റെ മറ്റൊരു രാഷ്ട്രീയ നാടകമാണ്. 

ഉപഭോഗ അതുല്യത ഏതുരാജ്യത്തും വരുമാന അതുല്യതയെക്കാൾ പൊതുവിൽ കുറവായിരിക്കും. അതുകൊണ്ടുതന്നെ ബാങ്ക് ഉപഭോഗ, വരുമാന താരതമ്യത്തിന് മുതിർന്നിട്ടില്ല. അവിടെയാണ് കണക്കിൽ കാപട്യം കാണിക്കാൻ പിഐബി മുതിര്‍ന്നിരിക്കുന്നത്. നീതിപൂർവമായ താരതമ്യമാകട്ടെ ഇന്ത്യയുടെ വരുമാന അതുല്യതയെ ഇതരരാജ്യങ്ങളുടേതുമായി തട്ടിച്ചുനോക്കലാവും. അല്ലെങ്കിൽ ഇന്ത്യയുടെ ഉപഭോഗത്തെ മറ്റുരാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യലാവാം. ഇവ രണ്ടിനും ബാങ്ക് മുതിർന്നിട്ടില്ലെന്നിരിക്കെ ഇന്ത്യയുടെ ഉപഭോഗത്തിൽ ഉണ്ടായെന്ന് പറയുന്ന പുരോഗതിയെ ഇതരരാജ്യങ്ങളുടെ വരുമാനവുമായി താരതമ്യം ചെയ്തുള്ള കള്ളക്കളിക്കാണ് പിഐബി മുതിർന്നിരിക്കുന്നത്. ലോകബാങ്ക് വിവരണത്തിൽ വിശദീകരിക്കുംവിധം വരുമാന അതുല്യതയിൽ ഇന്ത്യ മറ്റുരാജ്യങ്ങളുമായുള്ള താരതമ്യത്തിൽ 61-ാമതും (2019–23), 2019ലെ 216 രാജ്യങ്ങളുടെ പട്ടികയിൽ 176-ാം സ്ഥാനത്തുമാണ്. 2009ൽ ഈ പട്ടികയിൽ 115-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 16 വർഷങ്ങൾകൊണ്ട് 61 സ്ഥാനങ്ങളാണ് പിന്തള്ളപ്പെട്ടത്. സമ്പത്തിന്റെ അതുല്യതയിൽ ഇന്ത്യ 2023ൽ ലോകരാഷ്ട്രങ്ങളിൽ 75-ാം സ്ഥാനത്താണെന്ന് ഗിനിയുടെ കണക്കുകൾ പറയുന്നു. 2019ലെ 74ൽ നിന്നാണ് ഈ പതനം. മാത്രമല്ല പിഐബി ഉയർത്തിക്കാട്ടുന്ന ‘തുല്യതയ്ക്ക്’ ആധാരമായി അവർ നിരത്തുന്ന ഉപഭോഗ സൂചികയുടെ ഡാറ്റാ പരിമിതിയെപ്പറ്റി ലോകബാങ്ക് വ്യക്തമായ സൂചന നൽകുന്നുണ്ട്. ഇന്ത്യയെ സംബന്ധിക്കുന്ന അന്താരാഷ്ട്ര ദാരിദ്ര്യ നിർണയം ആധാരമാക്കുന്നത് 2011–12ലെ ഉപഭോഗവ്യയ പഠനത്തെയും 2022–23ലെ കുടുംബ ഉപഭോഗവ്യയ പഠനത്തെയുമാണ്. രണ്ട് പഠനങ്ങളിലും രീതിയിലും മറ്റുമുള്ള പ്രകടമായ അന്തരം താരതമ്യം തന്നെ അസാധ്യമാക്കുന്നതായി ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഇത് ഇന്ത്യൻ സാമ്പത്തിക വിദഗ്ധരും സ്ഥിതിവിവരശാസ്ത്ര നിപുണരും പങ്കുവയ്ക്കുന്ന ആശങ്കയുമാണ്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കൃഷി സംഘടനയുടെ (എഫ്ഒഎ) കണ്ടെത്തലുകളിലും ഇന്ത്യയുടെ ഉപഭോഗ അതുല്യത പരാമർശവിധേയമാകുന്നുണ്ട്. അവരുടെ കണ്ടെത്തലിൽ 2019ൽ, 185 ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 102-ാമതാണ്. 10 വർഷങ്ങൾക്കുമുമ്പ്, 2009ല്‍ രാജ്യം 82-ാം സ്ഥാനത്തായിരുന്നു. ഈ വസ്തുതകളെല്ലാം വ്യക്തമാക്കുന്നത് കഴിഞ്ഞ ദശകത്തിൽ ഉപഭോഗത്തിന്റെയും വരുമാനത്തിന്റെയും സമ്പത്തിന്റെയും മേഖലകളിൽ ഇന്ത്യയുടെ അവസ്ഥ കൂടുതൽ വഷളാവുകയായിരുന്നു എന്നുതന്നെയാണ്.
ഏതുതരത്തിൽ പരിശോധിച്ചാലും പിഐബിയും അവരുടെ യജമാനന്മാരും നിരത്തുന്ന കണക്കുകൾ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. അവ കഴിഞ്ഞ ഒരു ദശകമായി മോഡി ഭരണകൂടവും അവരുടെ സ്തുതിപാഠകരും തുടർന്നുവരുന്ന നുണപ്രചരണത്തിന്റെയും കാപട്യത്തിന്റെയും ഏറ്റവും പുതിയ പതിപ്പ് മാത്രമാണ്. ദൗർഭാഗ്യവശാൽ പൊതുവിൽ സത്യസന്ധവും സ്വതന്ത്രവും നീതിപൂർവവുമായി പ്രവർത്തിക്കുന്നുവെന്ന് കരുതപ്പെട്ടിരുന്ന മാധ്യമങ്ങൾപോലും ആ ജനവഞ്ചനയുടെ ഭാഗമായി മാറുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സത്യം തിരിച്ചറിയുകയും നിർഭയം അത് വിളിച്ചുപറയുകയും ചെയ്യാനുള്ള കരുത്ത് നഷ്ടമാകുന്നത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഭയാനകമായ അവസ്ഥയാണ്. 

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.