9 February 2026, Monday

Related news

February 9, 2026
February 8, 2026
February 7, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026
February 2, 2026
February 1, 2026
January 31, 2026

ഇങ്ങനെയൊരാള്‍ ഉണ്ടായിരുന്ന ചരിത്രം

Janayugom Webdesk
July 22, 2025 5:00 am

ഖാവ് വിഎസ് കടന്നുപോയിരിക്കുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റ്, തൊഴിലാളി നേതാക്കളിലെ അവസാനകണ്ണികളില്‍ ഒരാള്‍. പിന്നിട്ടത്, ആദ്യകാല പ്രവര്‍ത്തകരെല്ലാം നേരിട്ട, കടല്‍പോലെ വിശാലമായ ജീവിത പ്രതിസന്ധികളും വെല്ലുവിളികളും. കൗമാരത്തില്‍ തുടങ്ങിയതാണ് ആ പോരാട്ട ജീവിതം. 11 വയസിനിടെ അച്ഛനുമമ്മയും നഷ്ടമായ ബാല്യത്തില്‍ ജീവിതം തുന്നുന്നതിന് മൂത്ത സഹോദരനൊപ്പം തയ്യല്‍ക്കടയില്‍ സഹായിയായിട്ടാണ് ആ യാത്ര ആരംഭിക്കുന്നത്. അവിടെവച്ചാണ് വെന്തലത്തറ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്‍ മകന്‍ അച്യുതാനന്ദനില്‍നിന്ന് വി എസ് അച്യുതാനന്ദനെന്ന പുകഴ്‍പെറ്റ പോരാളിയുടെ പിറവിയുണ്ടായത്. സ്വാതന്ത്ര്യസമരത്തിന്റെയും പിന്നീട് തൊഴിലാളി സംഘാടനത്തിന്റെയും വിളഭൂമിയായി മാറിയ പുന്നപ്രയില്‍ പറവൂര്‍ ജങ്ഷനിലെ തയ്യല്‍ക്കട അക്കാലത്തെ രാഷ്ട്രീയ സംവാദകേന്ദ്രം കൂടിയായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെയും തൊഴിലാളി സംഘാടനത്തിന്റെയും ഭാഗമായെത്തിയിരുന്ന നേതാക്കളും പ്രവര്‍ത്തകരും നടത്തിയിരുന്ന ചര്‍ച്ചകള്‍ കേട്ട കൗമാരം. അതിലത്രയും അധഃസ്ഥിത ജനവിഭാഗത്തിന്റെ അവശതകളും നേരിടുന്ന അനീതികളുമായിരുന്നു നിറഞ്ഞിരുന്നത്. മൂത്ത സഹോദരന്‍ ഗംഗാധരന്റെ സഹായിയായി നില്‍ക്കേ ഈ ചര്‍ച്ചകളും ഒപ്പം താന്‍ നേരിടുന്ന ജീവിത സങ്കടങ്ങളും ആ കൗമാര മനസില്‍ ആകുലതകളും സഹജീവിസ്നേഹവും സൃഷ്ടിക്കുന്നതില്‍ നിര്‍ണായക ഘടകമായി. രണ്ടുപേര്‍ക്ക് വരുമാനത്തിനുള്ള വഴിയായിരുന്നില്ല തയ്യല്‍ക്കടയെന്നതിനാല്‍ അവിടെ നിന്നിറങ്ങി സമീപത്തെ ആസ്പിന്‍വാള്‍ കയര്‍ കമ്പനിയില്‍ ചേര്‍ന്നത് ജീവിതായോധനത്തിനായിരുന്നുവെങ്കിലും കണ്ടനുഭവിച്ചത് തൊഴിലാളി ജീവിതത്തിന്റെ പ്രയാസങ്ങളായിരുന്നു. മുതലാളിക്കുവേണ്ടി പകലന്തിയോളം കയറുപിരിച്ചിട്ടും നിത്യജീവിതത്തിന്റെ ഇഴകള്‍ പിരിച്ചുചേര്‍ക്കാനാകാത്ത തൊഴിലാളികളുടെ ജീവിത ദുരിതങ്ങള്‍. അത് ചിന്തകളുടെ നെരിപ്പോടില്‍ കോരിയിട്ട കനലുമായി അദ്ദേഹം തൊഴിലാളികളെ സംഘടിപ്പിക്കാനെത്തിയ നേതാക്കളുടെ കൂടെക്കൂടി. അതൊരു തൊഴിലാളി നേതാവിന്റെ രൂപപ്പെടലിന്റെ തുടക്കമായിരുന്നു. കയര്‍ത്തൊഴിലാളി മേഖലയിലെ അദ്ദേഹത്തിന്റെ സംഘാടകപാടവം മനസിലാക്കിയ നേതാക്കള്‍ കുട്ടനാട്ടില്‍ ചെന്ന് കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനാവശ്യപ്പെട്ടപ്പോള്‍ മടിയേതുമില്ലാതെ സ്വീകരിച്ച വിഎസ്, അവിടെയെത്തി. വിഎസ് എന്ന തൊഴിലാളി സംഘാടകനില്‍ നിന്ന് മുഴുവന്‍ സമയ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകനിലേക്കുള്ള പരിണാമം സംഭവിക്കുകയായിരുന്നു അതോടെ. 

ആദ്യകാലത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നേരിടേണ്ടിവന്നിരുന്ന ജീവിതപീഡകളത്രയും ആ ശരീരം ഏറ്റുവാങ്ങി, അവ താങ്ങാന്‍ മാത്രം കരുത്തില്ലാതിരുന്ന ശരീരമായിരുന്നിട്ടും. മര്‍ദനങ്ങളുടെ പാടുകള്‍ ആ ശരീരത്തില്‍ അവശേഷിച്ചു. സാധാരണ ജീവിതത്തില്‍നിന്നുതന്നെ മാറിനില്‍ക്കേണ്ടിവരുന്ന ഒളിവ്, തടവ് എന്നീ സന്ദര്‍ഭങ്ങളെയും അദ്ദേഹം നേരിട്ടു. കമ്മ്യൂണിസ്റ്റ് നേതാവ്, തൊഴിലാളി പ്രവര്‍ത്തകന്‍, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകന്‍, പരിസ്ഥിതിക്കും പ്രകൃതി സംരക്ഷണത്തിനും വേണ്ടി പോരാടിയ സാമൂഹ്യപ്രവര്‍ത്തകന്‍. സാധാരണക്കാരുടെ കണ്ണീരൊപ്പുന്ന ജനപ്രതിനിധിയും ഭരണാധികാരിയും… 1930കളുടെ ആദ്യ പകുതിയില്‍ നിന്ന് തുടങ്ങി 2025ല്‍ അവസാനിക്കുന്ന അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം സാഗരസമാനമായി പരന്നുകിടക്കുന്നു. ഇതുപോലൊരു കോളത്തിന് ഉള്‍ക്കൊള്ളാന്‍ പരിമിതികളുള്ളൊരു ജീവിതഗാഥ. 11 വയസുകഴിഞ്ഞയുടന്‍ തയ്യല്‍ക്കടയിലെ സഹായി ആയതുകൊണ്ട് ഔപചാരിക വിദ്യാഭ്യാസം ആദ്യപാഠങ്ങള്‍ക്കപ്പുറം അദ്ദേഹത്തിന് നഷ്ടമായി. പക്ഷേ ജീവിത സമരത്തിനിടയിലെ അനുഭവങ്ങളുടെ സര്‍വകലാശാലകളില്‍ നിന്ന് അദ്ദേഹം വിജ്ഞാനമാര്‍ജിച്ചു. വായനശാലകളില്‍ നിന്ന് വായിച്ച് വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടക്കുക മാത്രമല്ല അതിനപ്പുറം കടന്ന് വിജയങ്ങള്‍ നേടുകയും ചെയ്തു. അതുകൊണ്ടുകൂടിയാണ് അതിവിദൂരമല്ലാത്ത സമീപകാലത്ത് കേരളം ഏറ്റവുമധികം കേള്‍ക്കുന്ന പ്രാസംഗികനായി അദ്ദേഹം മാറിയത്. ആഗോള രാഷ്ട്രീയം മുതല്‍ കേരള, പ്രാദേശിക പ്രശ്നങ്ങള്‍ വരെ പഠിച്ചെടുത്ത് അദ്ദേഹം തന്റെ പ്രസംഗവിഷയമാക്കി. വിവരങ്ങള്‍ സമാഹരിക്കുകയും ആഴത്തില്‍ പഠിക്കുകയും ചെയ്ത ശേഷം കേള്‍ക്കാനെത്തുന്നവര്‍ക്ക് അയത്ന ലളിതമായി മനസിലാക്കാനാകുംവിധം വിശദീകരിച്ചു നല്‍കുകയും ചെയ്തു. 

എക്കാലത്തും പോരാളിയായിരുന്ന അദ്ദേഹം വിഭാവനം ചെയ്ത നെല്‍വയല്‍ സംരക്ഷണത്തിനുവേണ്ടിയുള്ള സമരരൂപം വെട്ടിനിരത്തല്‍ എന്ന നിലയിലേക്ക് മാറിയത് വിമര്‍ശിക്കപ്പെട്ടെങ്കിലും നിലപാടുമാറ്റിയില്ല. അധികാര മേലാളന്മാരുടെ ഒത്താശയോടെ നടക്കുന്ന കയ്യേറ്റങ്ങള്‍ക്കെതിരെയും വര്‍ത്തമാന കാലം ആവശ്യപ്പെടുന്ന പാരിസ്ഥിതിക പോരാട്ടങ്ങളുടെ മുന്നിലും നടന്നു അദ്ദേഹം. മതികെട്ടാനിലേക്കും പൂയംകുട്ടിയിലേക്കും നടന്നുകയറി. പ്ലാച്ചിമടയിലും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ഭൂമിയിലുമെത്തി. അവിടെയുള്ള പ്രശ്നങ്ങളും ജനങ്ങളുടെ ദുരിതങ്ങളും കേള്‍ക്കുക മാത്രമായിരുന്നില്ല ചെയ്തത്, അതുമായി ബന്ധപ്പെട്ട ചരിത്രവും ശാസ്ത്രവും സാമൂഹ്യവിഷയങ്ങളും പഠിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം വരെയുള്ള ചട്ടക്കൂടുകള്‍ക്കകത്തായിരുന്നപ്പോഴും അതിന്റെ പരിമിതികളെ മാറ്റിവച്ച് അദ്ദേഹം തന്റെ നിലപാടുകളെ മുന്നോട്ടുകൊണ്ടുപോയി. നിലപാടുകള്‍ ശരിയാണെന്ന് സ്ഥാപിക്കുന്നതിനുള്ള നിര്‍ബന്ധവും വച്ചുപുലര്‍ത്തി. അത് പാര്‍ട്ടി അച്ചടക്കത്തിന്റെ പരിധികള്‍ക്ക് പുറത്തുകടന്നതും നടപടിയിലേക്ക് നയിച്ചതും നാം കണ്ടതാണ്. നിലപാടുകളിലെ ആ കാര്‍ക്കശ്യം കൊണ്ടായിരിക്കണം അദ്ദേഹം, സിപിഐയിലെ ഭിന്നിപ്പിന്റെ വേളയില്‍ ഇറങ്ങിപ്പോയവരുടെ കൂടെ ആയത്. 2006ല്‍ 80 വയസ് പിന്നിട്ടപ്പോഴാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. 2011 വരെ മുഖ്യമന്ത്രി. പിന്നീട് അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവ്. 2016 മുതല്‍ 2021വരെ ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍. വയോധികജീവിതത്തിന്റെ ആധികളും വ്യാധികളുമായി കഴിയേണ്ടിയിരുന്ന കാലത്തും എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട്, ശരീരശാസ്ത്രത്തെ സംബന്ധിച്ച അത്ഭുതമായി ആ മനുഷ്യന്‍ നാടിനും നാട്ടാര്‍ക്കുമായി ജീവിക്കുകയായിരുന്നു. അസാധാരണ പോരാട്ടമനസും അപൂര്‍വ പ്രതിഭാസവുമായി അദ്ദേഹം എക്കാലവും അടയാളപ്പെട്ടുകിടക്കും. കേരള ചരിത്രത്തില്‍ ഇങ്ങനെയൊരാളുണ്ടായിരുന്നുവെന്ന് വരുംതലമുറ അത്ഭുതാദരങ്ങളോടെ ഓര്‍ക്കുന്ന ജീവിതം ബാക്കിയാക്കിയാണ് വിഎസ് വിടവാങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.