13 December 2025, Saturday

തെരുവ് നായ പ്രശ്നം: കോടതി വിധി ഉയർത്തുന്ന പ്രശ്നങ്ങൾ

Janayugom Webdesk
August 14, 2025 5:00 am

മ്മുടെ രാജ്യത്തെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പുറത്തുവരുന്ന വാർത്തകളിൽ തെരുവ് നായ ശല്യം നിറയാറുണ്ട്. അത് അത്രയ്ക്കുമേൽ ജനങ്ങളെ പ്രയാസത്തിലാക്കുന്ന പ്രശ്നവുമാണ്. ഈയൊരു ഘട്ടത്തിലാണ് സ്വമേധയാ എടുത്ത കേസിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നുള്ള ഉത്തരവുണ്ടായിരിക്കുന്നത്. പ്രസ്തുത വിധിയിൽ പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാകുകയും ചെയ്യുന്നുണ്ട്. ജനുവരി മുതൽ ജൂൺ വരെ 49 പേവിഷ ബാധയാണ് ഡൽഹി മുനിസിപ്പൽ കോർപറേഷന്‍ പരിധിയിലുണ്ടായത്. 35,198 പേരെ നായ്ക്കൾ ആക്രമിച്ചു. ഇങ്ങനെയാണെങ്കിലും നിരവധി ആശങ്കകളും ഒപ്പം പ്രായോഗിക പ്രശ്നങ്ങളും നൈതികതയും ഉയർത്തുന്നതാണ് കോടതിവിധിയെന്നതിൽ സംശയമില്ല. ഡൽഹി നഗരത്തിലെ ജനവാസ മേഖലയിൽനിന്ന് എല്ലാ തെരുവ് നായ്ക്കളെയും ഉടൻ നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. നടപടി തടസപ്പെടുത്തുന്ന ഏതൊരു സംഘടനയും കർശന കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ജസ്റ്റിസുമാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. എട്ട് ആഴ്ചകൊണ്ട് നിശ്ചിത എണ്ണം നായ്ക്കളെ പിടികൂടി നീക്കം ചെയ്യണമെന്നും ഇതിനായി പരിചയസമ്പന്നരായ നായപിടിത്തക്കാരെ നിയോഗിക്കണമെന്നുമാണ് വിധിയിലുള്ളത്. പിടികൂടുന്ന നായകളെ മുഴുവൻ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പും നടത്തി അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്ന പോംവഴി. ഇവിടെ നിന്ന് രക്ഷപ്പെടുന്നില്ലെന്നുറപ്പാക്കാൻ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നുമുണ്ട്. നായകളുടെ കടിയേൽക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ സുപ്രധാന ഉത്തരവെങ്കിലും നടപ്പിലാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും നീതിനിർവഹണ വേളയിൽ പാലിക്കേണ്ട രീതികളുടെ അഭാവവും വിവാദത്തിനും വിമർശനത്തിനും ഇടയാക്കിയിരിക്കുകയാണ്. 

തെരുവുകളിൽ നിന്ന് 5,000 നായ്ക്കളെ പിടികൂടി എട്ടാഴ്ചയ്ക്കകം അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുകയെന്ന നിർദേശം അപ്രായോഗികമാണ്. ഇത്രയധികം നായ്ക്കളെ കുറഞ്ഞ കാലപരിധിക്കുള്ളിൽ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പും നടത്തുകയെന്നതും മനുഷ്യസാധ്യമല്ല. വിധിയുടെ അടിസ്ഥാനത്തിൽ യുദ്ധസന്നാഹങ്ങളൊരുക്കി ഈ ലക്ഷ്യം നേടിയാൽത്തന്നെ കോടതി ഉയർത്തിയ ആശങ്കയ്ക്ക് പരിഹാരമാകുന്നില്ല. കാരണം തെരുവുകളിൽ ഏകദേശം 10 ലക്ഷത്തിലധികം നായ്ക്കളുണ്ടെന്നാണ് കണക്ക്. അവയെ മുഴുവൻ ഇല്ലാതാക്കി പ്രശ്നപരിഹാരം സാധ്യമാക്കണമെങ്കില്‍ കോടതി നിശ്ചയിച്ചുനൽകുന്ന സമയപരിധിയൊന്നും മതിയാകില്ല. കൂടാതെ തിടുക്കത്തിൽ സജ്ജീകരിക്കുന്ന ഷെൽട്ടറുകളിലേക്ക് മാറ്റുന്നത് പെട്ടെന്നുതന്നെയുള്ള ജീവഹാനിക്ക് കാരണമാകുമെന്ന ആശങ്കയും ഉന്നയിക്കപ്പെടുന്നുണ്ട്. എന്നുമാത്രമല്ല പരിശീലനം ലഭിച്ച ജീവനക്കാരും ശുചിത്വവുമില്ലായ്മയും മോശം പരിചരണസൗകര്യങ്ങളും ഭക്ഷണക്ഷാമവുമെല്ലാം നേരിട്ടേക്കാവുന്ന ഗുരുതര പ്രശ്നങ്ങളാണ്. ഈ കേസ് കൈകാര്യം ചെയ്ത രീതിയും നൈതികതയ്ക്ക് നിരക്കുന്നതായിരുന്നില്ല. കേന്ദ്രസർക്കാരിന്റെ വാദം മാത്രമാണ് വിഷയത്തിൽ കേൾക്കുകയെന്നും മൃഗസ്നേഹികളുടെയോ മറ്റു കക്ഷികളുടെയോ ഹർജികൾ പരിഗണിക്കില്ലെന്നുമുള്ള നിലപാട് നീതിന്യായ വ്യവസ്ഥയിലെ പതിവ് രീതികളോടുള്ള മുഖംതിരിക്കലാണ്. ഭരണഘടനയുടെ അനുച്ഛേദം 51എ(ജി), 2001 ലെ മൃഗജനന നിയന്ത്രണ നിയമങ്ങൾ എന്നിവയുടെ ലംഘനവുമാണ് ഈ ഉത്തരവ് എന്ന വിമർശനം നിയമവിദഗ്ധര്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. മൃഗക്ഷേമത്തിനായി നിർദേശിക്കപ്പെട്ടിരിക്കുന്ന വ്യവസ്ഥാപിത നടപടിക്രമങ്ങളുടെ ലംഘനമാണെന്നും ആക്ഷേപമുണ്ട്. 

നമ്മുടെ സംസ്ഥാനത്തും വലിയൊരു സാമൂഹ്യപ്രശ്നമായി തെരുവ് നായ്ക്കളുടെ പെരുപ്പവും ഉപദ്രവങ്ങളും നിലവിലുണ്ട്. അതിനെതിരെ മൃഗജനന നിയന്ത്രണം (എബിസി), പ്രതിരോധ കുത്തിവയ്പ്, പുനരധിവാസ സാധ്യതകൾ എന്നിവയിലൂടെ പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നത്. രോഗബാധിതരായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കുന്നതിനുള്ള തീരുമാനവും അടുത്തിടെ കൈക്കൊണ്ടിരുന്നു. ഇത്തരം രീതികൾ പോലെ പ്രശ്നപരിഹാരത്തിനുള്ള സമൂർത്തമായ നടപടികൾ നിർദേശിക്കുന്നതിന് പകരം എട്ടാഴ്ചയ്ക്കുള്ളിൽ തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കണമെന്നൊക്കെയുള്ള വിധി പ്രസ്താവം, ഉടൻ കൊതുകുശല്യം നിർമ്മാർജനം ചെയ്യണമെന്ന ചില മുൻകാല വിധികളോട് സാമ്യമുള്ളതും യാഥാർത്ഥ്യങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്നതുമാണ്. ഇതൊരു സാമൂഹ്യപ്രശ്നമായി കണ്ടുള്ള നടപടികളാണ് പരമോന്നത കോടതിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. അല്ലാതെ കോടതിതന്നെ പറഞ്ഞിരിക്കുന്നതുപോലെ കേവല വൈകാരിക വിഷയമായി കാണേണ്ടതല്ല. അതുകൊണ്ട് വിധി പുനഃപരിശോധിക്കുകയും തെരുവ് നായ്ക്കൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് സമൂർത്തമായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നതിന് പരമോന്നത കോടതി തയ്യാറാകേണ്ടതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.