ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന്റെ ജനാധിപത്യ സംസ്കാരത്തിന്റെ വൈവിധ്യവും അതിന്റെ ആഴവും അളക്കാൻ ഏറ്റവും ഉചിതമായ അവസരമാണ് തെരഞ്ഞെടുപ്പ് വേളകൾ. ഇക്കൊല്ലം അന്ത്യത്തിലും അടുത്ത വർഷത്തിലുമായി രാജ്യത്തെ ഒരുഡസൻ സംസ്ഥാന നിയമസഭകളിലേക്കും പതിനെട്ടാമത് ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്. രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യമായാൽ അടുത്തവർഷം തന്നെ ജമ്മു-കശ്മീർ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നേക്കാം. പങ്കെടുക്കുന്ന പൗരന്മാരുടെ എണ്ണംകൊണ്ടും പ്രക്രിയയുടെ വൈപുല്യംകൊണ്ടും സമാനതകളില്ലാത്ത ഒരു തെരഞ്ഞെടുപ്പ് മാമാങ്കത്തിനാണ് ലോകം സാക്ഷ്യംവഹിക്കാൻ പോകുന്നത്. കഴിഞ്ഞ ഒരു ദശാബ്ദമായി അധികാരം കൈയ്യാളുന്ന ബിജെപി തന്നെയായിരിക്കും ഈ മാമാങ്കത്തിലെ മുഖ്യ ശ്രദ്ധാകേന്ദ്രവും ലക്ഷ്യവും. തെരഞ്ഞെടുപ്പ് പ്രവർത്തനം ബിജെപി എങ്ങനെ സംഘടിപ്പിക്കുന്നു എന്നതായിരിക്കും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാകുക. ബിജെപിയുടെ രാഷ്ട്രീയത്തെയും നാനാമുഖ നയപരിപാടികളെയും എതിർക്കുന്ന സമസ്ത രാഷ്ട്രീയപാർട്ടികളും ജനവിഭാഗങ്ങളും വർഗങ്ങളും അവരെ അധികാരത്തിൽനിന്ന് പുറത്താക്കുകയാണ് തങ്ങളുടെ വ്യക്തിഗതവും കൂട്ടായതുമായ ലക്ഷ്യമെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പുകൾ അടിസ്ഥാനപരമായി ഒരു ജനാധിപത്യപ്രകിയ ആകയാൽ അതിൽ ഓരോ പാർട്ടിയും മുന്നണിയും അവയുടെ നേതാക്കളും സ്വീകരിക്കുന്ന തന്ത്രങ്ങളും അവയുടെ പ്രയോഗവും ആ പാർട്ടികളുടെയും മുന്നണികളുടെയും നേതാക്കളുടെയും ജനാധിപത്യ യോഗ്യത വിലയിരുത്താനുള്ള അവസരം കൂടിയായി മാറും. ജനാധിപത്യവിരുദ്ധതയുടെ പ്രതീകമായി രാജ്യത്തെ ഭൂരിപക്ഷം വോട്ടർമാരും കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വിലയിരുത്തിയ ബിജെപിയും നരേന്ദ്രമോഡി ഉൾപ്പെടെ അതിന്റെ നേതൃത്വവും ഇത്തവണയും ജനങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷതകളിൽ സുപ്രധാനമാണ് അതിന്റെ ഫെഡറൽ സ്വഭാവം. അത് ഭൂമിശാസ്ത്രപരമോ ഭാഷാപരമോ സാംസ്കാരികമോ ഭരണപരമോ ആയ സവിശേഷതകളുടെ അടിസ്ഥാനത്തിലുള്ള അധികാരവിഭജനത്തെ മാത്രമല്ല വിവക്ഷിക്കുന്നത്. അതിന് ആത്മീയം അഥവാ താത്വികമായ ഒരു തലംകൂടിയുണ്ട്. അത് വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ബഹുമാനിക്കുന്നതും ഉൾക്കൊള്ളുന്നതുമാണ്. അത് ഭരണതലത്തിൽ മാത്രം വ്യാപരിക്കുന്ന ഒന്നല്ല. ഭരണാധികാരികളുടെ കാഴ്ചപ്പാടുകളെയും മനോവ്യാപാരത്തെയും സംബന്ധിക്കുന്നത് കൂടിയാണ്. ഈ വർഷാന്ത്യം നടക്കേണ്ട തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത്ഷായടക്കം അനുചരന്മാരും നടത്തിവരുന്ന തയ്യാറെടുപ്പുകളിൽ ‘ഫെഡറലിസം’ തൊട്ടുതീണ്ടിയിട്ടുള്ളതായി കാണാനേയില്ല. ബിജെപി അട്ടിമറിയിലൂടെ അധികാരം കയ്യാളിയ മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനോ അട്ടിമറിയിലൂടെ ബിജെപി പാളയത്തിൽ അഭയംതേടിയ ജ്യോതിരാദിത്യ സിന്ധ്യക്കോ പ്രചാരണപ്രവർത്തങ്ങളിലോ സ്ഥാനാർത്ഥി നിർണയത്തിലോ യാതൊരു പങ്കുമില്ല. സംസ്ഥാന നേതൃത്വവുമായി യാതൊരു കൂടിയാലോചനയും കൂടാതെ ഏഴ് കേന്ദ്രമന്ത്രിമാരെയാണ് ഇതിനകം കളത്തിൽ ഇറക്കിയിരിക്കുന്നത്. ചൗഹാൻ ഇനിയും സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെടാതെ രാഷ്ട്രീയ അനിശ്ചിതത്വത്തിലാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്നത് മോഡിക്കും അന്തഃപുരവൃത്തങ്ങൾക്കും മാത്രമറിയാവുന്ന രഹസ്യമായി തുടരുന്നു. അത് സംസ്ഥാന ബിജെപിയിൽ സൃഷ്ടിച്ച മോഹഭംഗം പാർട്ടിയിൽ ചേരിപ്പോരിനും വ്യാപക ശിഥിലീകരണത്തിനുമാണ് വഴിവച്ചിട്ടുള്ളത്. മധ്യപ്രദേശിൽ മാത്രമല്ല രാജസ്ഥാനിലും ഛത്തീസ്ഗഢിലും സമാനമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. സംസ്ഥാന നേതൃത്വങ്ങൾ തഴയപ്പെടുകയും മൂന്നിടത്തും തെരഞ്ഞെടുപ്പിൽ പ്രതിയോഗികൾക്കു നേരിടാനുള്ളത് മോഡിയെത്തന്നെയാണ് എന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
സ്വേച്ഛാധിപതികളുടെ സ്വതസിദ്ധമായ അഹന്തയോളം വളർന്ന അമിത ആത്മവിശ്വാസവും ചങ്ങാത്തമുതലാളിത്ത ഭരണത്തിന്റെ അവിഹിത സ്വാധീനത്തിലൂടെ ആർജിച്ച വിഭവശേഷിയും അധികാരം നൽകുന്ന അമിത ആജ്ഞാശക്തിയും അതുനൽകുന്ന വിശ്വസ്തവിധേയ അനുചരവൃന്ദവും ഊതിവീർപ്പിച്ച വ്യക്തിപ്രഭാവമായി മാറിയിരിക്കുന്നു മോഡി. അതിന്റെ ബലത്തിൽ, തെരഞ്ഞെടുപ്പുനടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മേൽപ്പരാമർശിച്ച മൂന്നിലും വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് മോഡി. ഈ രാഷ്ട്രീയ ചൂതുകളിയിൽ വിജയിച്ചാൽ പൊതുതെരഞ്ഞെടുപ്പിലും വിജയിക്കാമെന്നും മൂന്നാംവട്ടവും പ്രധാനമന്ത്രിയാകാമെന്നും അധികാരദുരപൂണ്ട മോഡി കണക്കുകൂട്ടുന്നു. ഒരു പാർട്ടി, ഒരേയൊരു നേതാവ്; ഒരു രാഷ്ട്രം, ഒരേയൊരു പ്രധാനമന്ത്രി എന്ന മാനസികനിലയാണ് സമാനമായ എല്ലാ മുദ്രാവാക്യങ്ങളുടെയും പ്രഭവകേന്ദ്രം. മോഡിയുടെ നിലതെറ്റിയ ഈ മനോനില ഒരു ജനാധിപത്യ ജനസഞ്ചയമെന്നനിലയിൽ രാഷ്ട്രീയ ഇന്ത്യയുടെ നട്ടെല്ലിനെ വിറകൊള്ളിപ്പിക്കുന്നെങ്കിൽ അത്ഭുതപ്പെടേണ്ടതില്ല. അത് ഒരു മുന്നറിയിപ്പാണ്. ജനാധിപത്യത്തിനുവേണ്ടിയുള്ള ചെറുത്തുനില്പിനും പ്രത്യാക്രമണത്തിനുമുള്ള മുന്നറിയിപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.