
നാഷണൽ കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ് (എൻസിഇആർടി) രാജ്യത്തിന്റെ ഇന്നലെകളെ ആരോതീർത്തൊരു കഥയ്ക്കനുസരിച്ച് എന്നപോലെ വളച്ചൊടിക്കുകയാണ്. വസ്തുതകളെ മറച്ച് തന്നിഷ്ട വ്യാഖ്യാനങ്ങൾക്കനുസരിച്ച് ഭൂതകാലത്തെ മാറ്റിയെഴുതുന്നു. എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തത്തിൽ മുഗൾ ഭരണകാലത്തിന്റെ വന്യതയും മത അസഹിഷ്ണുതയുടെ ഇല്ലാക്കഥകളും ഏറെ പറയുന്നുണ്ട്. മറാത്തകളെ സമസ്തതലങ്ങളിലും മഹത്വവല്‍ക്കരിക്കുകയും ചെയ്തിട്ടുണ്ട്. നാഷണൽ കരിക്കുലം ഫ്രെയിംവർക്ക്, നാഷണൽ എജ്യൂക്കേഷൻ പോളിസി (എൻഇപി) എന്നിവയ്ക്കനുസൃതമാണ് ഉള്ളടക്കം എന്നാണ് എൻസിഇആർടി നിലപാട്. പക്ഷെ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ അവതരിപ്പിച്ച മാറ്റങ്ങൾ ചരിത്ര വ്യക്തികളെ വേർതിരിച്ച് മഹത്വവൽക്കരിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്ന ആർഎസ്എസിന്റെ പതിവ് പ്രത്യയശാസ്ത്ര സമീപനം തന്നെയാണ്. പതിനേഴാം നൂറ്റാണ്ടിൽ പശ്ചിമ ഇന്ത്യയിലെ ഒരു രാജ്യം ഭരിച്ചിരുന്ന മറാത്തകളെ “പരമാധികാരം” സ്ഥാപിച്ച ഭരണാധികാരികളായി പാഠപുസ്തകത്തിൽ ചിത്രീകരിക്കുന്നു. അവരുടെ സ്ഥാപകനായ ഛത്രപതി ശിവജിയെ “തന്ത്രജ്ഞൻ”, “ഉത്തമമായ കാഴ്ചപ്പാടിനുടമ” എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. ശിവജി മുഗൾ പ്രഭുവായ ഷൈസ്ത ഖാന്റെ (മിർസാ അബു താലിബ്) ക്യാമ്പിൽ ഇരുട്ടിൽ നടത്തിയ ആക്രമണത്തെ “ആധുനിക കാലത്തെ സർജിക്കൽ സ്ട്രൈക്കിനോട്” ഉപമിക്കുന്നു. യുദ്ധത്തിന്റെയും പ്രതികാരത്തിന്റെയും പ്രവൃത്തികൾ മതവുമായി ചേർന്ന ഇടങ്ങളിൽ ആകാതിരിക്കാൻ ശിവജി സദാ “ശ്രദ്ധാലുവായിരുന്നു” എന്നും പ്രയോഗമുണ്ട്. എന്നാൽ, മറാത്തകളുടെ അക്രമത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല. രജപുത്ര രാജ്യങ്ങളിലെ കയ്യേറ്റങ്ങളും കൊള്ളകളും ബംഗാൾ, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിലെ രക്തരൂക്ഷിതമായ പിടിച്ചെടുക്കലുകൾ, പ്രാദേശിക ജനതയെ ഉന്മൂലനം ചെയ്യുക, ‘ചൗത്ത്’ എന്ന അന്യായമായ നികുതി പിരിവ്, മരണാനന്തര കർമ്മത്തിന് നിർബന്ധിക്കുക, കർണാടകയിലെ ക്ഷേത്രങ്ങൾ നശിപ്പിക്കുക തുടങ്ങിയ മറാത്താ ചെയ്തികളൊന്നും പരമാർശിക്കുന്നതേയില്ല.
ഓപ്പറേഷൻ സിന്ദൂറിനെ മൂന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ എൻസിഇആർടി പാഠപുസ്തകങ്ങളുടെ ഭാഗമാക്കാൻ സർക്കാർ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ, ഓപ്പറേഷൻ സിന്ദൂറിന് കീഴിൽ പാകിസ്ഥാനിലുടനീളമുള്ള ഭീകരവാദ കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് വിശദീകരിച്ച് എൻസിഇആർടി രണ്ട് പ്രത്യേക ഘട്ടങ്ങൾ വികസിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. “ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ആദ്യ പ്രത്യേക മൊഡ്യൂൾ മൂന്നു മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ളതായിരിക്കും. രണ്ടാമത്തേത് ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലേക്കും. ഇന്ത്യയുടെയും അതിന്റെ സായുധ സേനയുടെയും നേട്ടങ്ങൾ എട്ട് മുതൽ 10 വരെ പേജുള്ള അനുപാതപ്രമാണമാക്കും. ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ചും പാകിസ്ഥാൻ വീണ്ടും എങ്ങനെ പരാജയപ്പെട്ടു എന്നതിനെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്നതാണ് ഈ അനുപാതപ്രമാണ ലക്ഷ്യം,” ഒരു റിപ്പോർട്ടിൽ പറയുന്നു. എൻസിഇആർടി ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്ന പ്രക്രിയ നിരന്തരം തുടരുകയാണ്.
അയോധ്യ തർക്കത്തിന്റെ വികലമായ ചിത്രം അവതരിപ്പിക്കുന്നതിനായി എൻസിഇആർടി 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ മാറ്റം വരുത്താൻ ശ്രമിച്ചപ്പോൾ ഈ ശ്രമത്തിന്റെ പ്രത്യക്ഷ ഉദാഹരണമായി. ബാബറി മസ്ജിദ് പൊളിച്ചുമാറ്റുന്നതിനു പകരം രാമജന്മഭൂമി പ്രസ്ഥാനത്തിന് പ്രാധാന്യം നൽകുന്നതിനായിരുന്നു ഈ പരിഷ്കരണം. മാറ്റങ്ങൾ വരുത്താൻ എൻസിഇആർടി ചൂണ്ടിക്കാണിച്ച കാരണം 2019 നവംബറിലെ സുപ്രീം കോടതി വിധിയായിരുന്നു. ബാബറി മസ്ജിദിന്റെ മുഴുവൻ കാമ്പസും പള്ളി നിലനിന്നിരുന്ന സ്ഥലവും ക്ഷേത്രത്തിന് അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. മസ്ജിദ് നിർമ്മാണത്തിനായി അഞ്ച് ഏക്കർ സ്ഥലം കണ്ടെത്താനും സുപ്രീം കോടതി ആവശ്യപ്പെട്ടു. പാഠപുസ്തകത്തിൽ, ബാബറി മസ്ജിദിനെക്കുറിച്ച് പരാമർശിച്ചിട്ടേയില്ല. അയോധ്യയിൽ ബാബറി മസ്ജിദിന് പകരം രാമക്ഷേത്രം നിർമ്മിച്ചതിന്റെ പേരിൽ നടമാടിയതെല്ലാം മറന്നുപോകണമെന്ന് എൻസിഇആർടിയെ നയിക്കുന്നവർ ആഗ്രഹിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നിട്ടും, പള്ളിയുടെ സ്ഥലത്തുള്ള ക്ഷേത്രത്തിന് ചരിത്രപരമായ അടിത്തറയില്ല. 1949 വരെ അത് ഹിന്ദുബോധത്തിന്റെ ഭാഗമായിരുന്നില്ല. 1855 ൽ തന്നെ, ഹനുമാൻ ഗർഹിയിൽ താമസിക്കുന്ന ബൈരാഗികളും മുസ്ലിങ്ങളും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. 1855ലെ ഹനുമാൻ ഗർഹി സംഭവത്തിൽ ബാബറി മസ്ജിദും ജന്മസ്ഥാനും ഒന്നും ഉൾക്കൊണ്ടിരുന്നില്ല. മുസ്ലിങ്ങൾ അഭയം തേടിയിരുന്ന മസ്ജിദ് ബൈരാഗികൾ പിടിച്ചെടുത്തെങ്കിലും, അവർ അത് കൈവശപ്പെടുത്തുകയോ അതിനെതിരെ ഒരു അവകാശവാദവും ഉന്നയിക്കുകയോ ചെയ്തില്ല. കോടതിയുടെ അന്വേഷണത്തിനിടെ, മസ്ജിദ് സ്ഥിതിചെയ്ത സ്ഥലത്ത് മുമ്പ് ഒരു ക്ഷേത്രം നിലനിന്നിരുന്നുവെന്ന് ഒരു ഹിന്ദുവും പരാമർശിച്ചിരുന്നുമില്ല. വാസ്തവത്തിൽ, രാമജന്മസ്ഥലവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എന്ത് തിരുവെഴുത്തുകൾ ഉദ്ധരിച്ചാലും, എല്ലാം അയോധ്യയെ മാത്രമേ പരാമർശിക്കുന്നുള്ളൂ, ഒരു പ്രത്യേക സ്ഥലത്തെ കേന്ദ്രീകരിക്കുന്നില്ല. 2019 നവംബറിലെ സുപ്രീം കോടതി വിധിന്യായത്തിൽ രാമന്റെ ജന്മസ്ഥലം എന്ന് ഒന്നിലധികം സ്ഥലങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നും പറയുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിലെ പ്രാദേശിക കോടതി രേഖകൾ പോലും ബാബറി മസ്ജിദ് ഒരിക്കലും രാമന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെട്ടിരുന്നില്ല എന്നും അടിവരയിടുന്നു.
1903ലെ ഒരു കോടതി ഉത്തരവിൽ ബാബറി മസ്ജിദിൽ നിന്ന് മാറി പള്ളിവളപ്പിന്റെ പുറം മതിലിനുള്ളിലായി “ജനം ആസ്ഥാൻ” (ശ്രീരാമന്റെ ജന്മസ്ഥലം) ഉണ്ടെന്ന് പരാമർശിച്ചിരുന്നു. ജനം ആസ്ഥാനിൽ ഒരു സൈൻ ബോർഡ് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് ഇങ്ങനെയാണ്, ബാബറി മസ്ജിദിന്റെ “പുറത്തെ മതിലിനുള്ളിൽ” അത്തരമൊരു സ്ഥലം നിലവിലുണ്ടായിരുന്നു, പള്ളിക്കുള്ളിലല്ല. ജനം ആസ്ഥാന്റെ സ്ഥലം ഈ പ്രത്യേക പള്ളിയുടെ പുറം മതിലിനുള്ളിലാണ്, അതിനാൽ സൈൻ ബോർഡ് അവിടെ സ്ഥാപിക്കുന്നതിനെ എതിർക്കാൻ ഒരു കാരണവുമില്ല. സൈൻ ബോർഡ് അപരിചിതർക്ക് വഴികാട്ടാൻ മാത്രമുള്ളതാണ്”. ‘രാം ചബുതാര’ എന്നും പേരുള്ള ഈ സ്ഥലം പള്ളിയിൽ നിന്ന് ഏകദേശം 100 അടി അകലെയായിരുന്നു. ഇരുമ്പ് റെയിലിങ്ങുകൾ ഉയർന്ന പ്ലാറ്റ്ഫോമിനെയും അകത്തെ മുറ്റത്തെയും വേർതിരിച്ചിരുന്നു. 1949ൽ രാമന്റെ ജന്മസ്ഥലമായി ബാബറി മസ്ജിദിനുള്ളിൽ വിഗ്രഹം സ്ഥാപിക്കുന്നതുവരെ ഇത് നിലനിന്നു. എൻസിഇആർടി അതിന്റെ പാഠപുസ്തകങ്ങളിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരും തോറും അത് കൂടുതൽ നുണകൾ കൊണ്ട് നിറയുകയാണ്. മധ്യകാലഘട്ടത്തിലെയായാലും ആധുനിക കാലഘട്ടത്തിലായാലും ചരിത്രത്തിന്റെ പേരിൽ വിദ്യാർത്ഥികളെ നുണകൾ പഠിപ്പിക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.