നാളെ ലോകം ബാലവേല നിർമ്മാർജന ദിനമായി ആചരിക്കുകയാണ്. 1986ലെ ബാലവേല നിരോധന, നിയന്ത്രണ നിയമമനുസരിച്ച് 14 വയസിന് താഴെയുള്ളവരെ തൊഴിലെടുപ്പിക്കുന്നത് ഇന്ത്യ നിരോധിച്ചിട്ടുണ്ട്. നിയമം നിലവിൽ വന്ന് നാല് പതിറ്റാണ്ടോടടുക്കുമ്പോഴും ലോകത്ത് ഏറ്റുവുമധികം ബാലവേല നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. 2011ലെ കാനേഷുമാരി കണക്കനുസരിച്ച് നാലിനും 15നും ഇടയിൽ പ്രായമുള്ള രാജ്യത്തെ 10.12 ദശലക്ഷം കുട്ടികൾ ബാലവേല ചെയ്യാൻ നിർബന്ധിതരാണ്. അന്ന് ആ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം 259.64 ദശലക്ഷമായിരുന്നു. അതിനുശേഷം ഇന്ത്യയിൽ കാനേഷുമാരി കണക്കെടുപ്പ് നടന്നിട്ടില്ലാത്തത് കാരണം ഇപ്പോൾ എത്രപേർ ബാലവേലയിൽ ഏർപ്പെട്ടിട്ടുണ്ടെന്നോ, ബാലവേല നിർമ്മാർജനത്തിൽ രാജ്യം എന്ത് പുരോഗതി കൈവരിച്ചുവെന്നോ കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുക അസാധ്യമാണ്. എന്നിരിക്കിലും ലഭ്യമായ പഠനങ്ങൾ പലതും സൂചിപ്പിക്കുന്നത് ബാലവേല അവസാനിപ്പിക്കുന്നതിലോ നിയന്ത്രിക്കുന്നതിലോ കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല എന്നുതന്നെയാണ്. കുടുംബങ്ങളിലെ ദാരിദ്ര്യവും മുതിർന്ന അംഗങ്ങൾ നേരിടുന്ന തൊഴിലില്ലായ്മയുമാണ് കുഞ്ഞുങ്ങളെ തുച്ഛമായ വേതനത്തിനും അല്ലെങ്കിൽ കേവലം ഭക്ഷണത്തിനും അതുമല്ലെങ്കിൽ കുടുംബങ്ങളിലെ മറ്റ് കുഞ്ഞുങ്ങളെ പരിപാലിക്കുകയെന്ന വേലയ്ക്കും നിർബന്ധിതരാക്കുന്നത്. 14 മുതൽ 18 വയസുവരെയുള്ള കൗമാരക്കാരായ കുട്ടികളെ ഖനികൾ, ഇഷ്ടികച്ചൂളകൾ, പടക്കനിർമ്മാണശാലകൾ തുടങ്ങി അപകടകരമായ തൊഴിലിടങ്ങളിൽ വേലയ്ക്ക് നിയോഗിക്കുന്നതും നിയമംമൂലം നിരോധിച്ചിട്ടുണ്ട്. എന്നാൽ, ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നതാകട്ടെ അത്തരം അപകടകരമായ തൊഴിലുകളിലും ഏർപ്പെടാൻ കുട്ടികൾ നിർബന്ധിതരാകുന്നു എന്നുതന്നെയാണ്. രാജ്യത്തെ ഒരു ശതമാനം കുട്ടികളെങ്കിലും അത്തരം തൊഴിലെടുക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.
ഉപ സഹാറ മേഖലയിലെ രാഷ്ട്രങ്ങൾ കഴിഞ്ഞാൽ ബാലവേല ഏറ്റവുമധികമുള്ള രാഷ്ട്രമാണ് ഇന്ത്യയെന്ന് യൂനിസെഫ് പഠനങ്ങൾ പറയുന്നു. ബാലവേല 70 ശതമാനവും നിലനിൽക്കുന്നത് കാർഷിക മേഖലയിലാണ്. ബാക്കിയുള്ളവർ അനൗപചാരിക തൊഴിൽ മേഖലയിലാണ് പ്രധാനമായുമുള്ളത്. നിയമപാലകരുടെ ശ്രദ്ധ ഏറെ പതിയാത്ത ഈ മേഖലകളിൽ കൊടിയ തൊഴിൽ ചൂഷണം നിലനിൽക്കുന്നു. ദാരിദ്ര്യനിർമ്മാർജനത്തിലൂടെ മാത്രമേ ഈ സാമൂഹിക തിന്മയെ നേരിടാനാകൂ. ശതകോടികളെ ദാരിദ്ര്യത്തിൽനിന്നും കരകയറ്റിയെന്ന് അവകാശപ്പെടുന്ന, ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുന്നവർ ഭരണം കയ്യാളുമ്പോൾ, പ്രശ്നപരിഹാരത്തെക്കാൾ യഥാർത്ഥ വസ്തുതകൾ തമസ്കരിക്കാനായിരിക്കും ശ്രമം. ബാലവേലയുടെ മുഖ്യ വിളനിലം ദാരിദ്ര്യമാണെന്ന് നിർണയിക്കാൻ പഠനങ്ങൾ ഏറെ ആവശ്യമില്ല. കേന്ദ്രഭരണം കയ്യാളുന്നവർ നിരാകരിക്കുന്നെങ്കിലും ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 125 രാജ്യങ്ങളിൽ 111-ാമതാണ്. അത് നിർണയിക്കുന്നതിലെ മുഖ്യമാനദണ്ഡം അഞ്ചുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യവും ആയുസുമാണ്. ഇന്ത്യയുടെ കുടുംബാരോഗ്യ സർവേ ഫലങ്ങളുമായി ഒത്തുപോകുന്നതാണ് ആ കണ്ടെത്തലുകൾ. രാജ്യത്ത് ശിശുക്കൾക്ക് പോഷകാഹാരം സൗജന്യമായി നൽകുന്നതിന് പദ്ധതികൾ ഉണ്ടെങ്കിലും അവ പരിമിതമായ തോതിൽ മാത്രമേ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നുള്ളു. ഇന്ത്യയിലെ 80 കോടി ജനങ്ങൾക്ക് അഞ്ചുവർഷത്തേക്കുകൂടി ഒരാൾക്ക് മാസം അഞ്ചുകിലോ ഭക്ഷ്യധാന്യം വീതം സൗജന്യമായി നല്‍കാൻ തീവ്ര വലത് യാഥാസ്ഥിതിക ഭരണകൂടം നിർബന്ധിതമായെങ്കിൽ ദാരിദ്ര്യത്തിന്റെ ആഴം ഊഹിക്കാവുന്നതേയുള്ളു. അത് സൂചിപ്പിക്കുന്നത് നിയമനിർമ്മാണമല്ല, മറിച്ച് ജനങ്ങൾക്ക് തൊഴിലും അവശ്യം ആവശ്യമായ കുറഞ്ഞ പോഷകാഹാരവും വിദ്യാഭ്യാസമടക്കം ഭാവി തലമുറയെപ്പറ്റിയുള്ള കരുതൽ നടപടികളുമാണ് ബാലവേല പോലുള്ള സാമൂഹിക തിന്മകളെ പ്രതിരോധിക്കാനുള്ള സുപ്രധാന നടപടിയെന്നാണ്.
തൊഴിൽരാഹിത്യത്തെയും ദാരിദ്ര്യത്തെയും നേരിടാൻ ആവിഷ്കരിച്ച പദ്ധതികൾ പലതും ആവശ്യമായ പണത്തിന്റെ ലഭ്യതയുടെ അഭാവത്തിൽ ഊർധശ്വാസം വലിക്കുകയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവയിൽ ഒന്നുമാത്രമാണ്. ആവശ്യമായ വിഹിതം അനുവദിക്കാതെയും കാലാനുസൃതം വേതനഘടന പരിഷ്കരിക്കാതെയും വേതനവിതരണത്തെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ പേരിലും മഹത്തായ ഒരു പദ്ധതിയെ കേന്ദ്ര ഭരണകൂടം ശ്വാസംമുട്ടിച്ച് കൊല്ലാനാണ് ശ്രമിക്കുന്നത്. ഇതിനകം അർഹരായ കോടിക്കണക്കിന് പാവങ്ങളാണ് പദ്ധതിയിൽനിന്നും പുറത്താക്കപ്പെട്ടത്. കുഞ്ഞുങ്ങൾക്കും അമ്മമാർക്കും സൗജന്യമായി പോഷകാഹാരം നൽകാനുള്ള കേന്ദ്രപദ്ധതിയും സമാനമായ അവസ്ഥയിലാണ്. കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയമാകട്ടെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുകയും ആനയിക്കുകയും ചെയ്യുന്നതിനുപകരം അവരെ ആട്ടിയോടിക്കാനായി രൂപകല്പന ചെയ്യപ്പെട്ടവയാണ്. ആഗോള ബാലവേല നിര്‍മ്മാർജന ദിനാചരണം ഈ വെല്ലുവിളികളെയാണ് അഭിസംബോധന ചെയ്യേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.