22 December 2024, Sunday
KSFE Galaxy Chits Banner 2

കലാപങ്ങൾക്ക് വിത്തുവിതയ്ക്കുന്ന തൊഴിലില്ലായ്മ

Janayugom Webdesk
August 22, 2024 5:00 am

സമീപ ദിവസങ്ങളിൽ, ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, വ്യത്യസ്ത ഭൗമമേഖലകളിൽപ്പെട്ട രണ്ട് രാജ്യങ്ങളുടെ രാഷ്ട്രീയത്തെയും ജനജീവിതത്തെയും പിടിച്ചുലച്ചതും, ഇനിയും കെട്ടടങ്ങിയിട്ടില്ലാത്തതുമായ കലാപാന്തരീക്ഷത്തിനു പിന്നിൽ ആ രാജ്യങ്ങളിൽ നിലനിൽക്കുന്ന യുവജനങ്ങളുടെ തൊഴിലില്ലായ്മയാണെന്ന് സാമ്പത്തിക‑സാമൂഹിക ശാസ്ത്രലോകം സംശയിക്കുന്നു. ബംഗ്ലാദേശിൽ ഷേഖ് ഹസീന ദീർഘകാലമായി നേതൃത്വം നൽകിവന്ന അവാമി ലീഗ് ഭരണകൂടത്തിന്റെ പതനത്തിലേക്ക് നയിച്ച കാരണങ്ങളിൽ പ്രമുഖം നിലവിലുള്ള തൊഴിലവസരങ്ങൾ പങ്കുവയ്ക്കുന്നത് സംബന്ധിച്ച തർക്കമായിരുന്നു. ഏതാണ്ട് സമാന്തരമായി ബ്രിട്ടണിൽ വെള്ളക്കാർ വ്യത്യസ്ത വർണക്കാരായ കുടിയേറ്റക്കാരെ ലക്ഷ്യംവച്ച് നടത്തിയ കലാപമാകട്ടെ സാമാന്യം നല്ല ഭൂരിപക്ഷത്തോടെ അടുത്തിടെ അധികാരത്തിലേറിയ ലേബർ പാർട്ടി ഭരണകൂടത്തിനുനേരെ കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഇരുരാജ്യങ്ങളിലും അക്രമാസക്തമായി മാറിയ കലാപങ്ങൾക്ക് വ്യത്യസ്തമായ രാഷ്ട്രീയ, സാമൂഹിക കാരണങ്ങൾ നിരത്തിവയ്ക്കാനുണ്ടെങ്കിലും രണ്ടിടത്തും ഒരുപോലെ ബാധകവും നിർണായകവുമായി മാറിയത് യുവാക്കൾക്കിടയിലെ രൂക്ഷമായ തൊഴിലില്ലായ്മയാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. കോവിഡ് മഹാമാരിയെ തുടർന്ന് ലോകരാഷ്ട്രങ്ങൾ പൊതുവെ സാമ്പത്തിക മാന്ദ്യത്തെ മറികടന്നുവെന്നും ഉല്പാദന, തൊഴിൽ രംഗങ്ങൾ തിരിച്ചുവരവിന്റെ പാതയിലാണെന്നുമുള്ള പഠനങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും അത് പ്രായോഗികതലത്തിൽ കാര്യമായ പ്രതികരണങ്ങൾ സൃഷ്ടിച്ചതായി കാണുന്നില്ല. 2023ൽ തൊഴിൽരംഗം നേരിയ വളർച്ച കൈവരിച്ചുവെങ്കിലും ആ പ്രവണത അതേ തോതിൽ ഇക്കൊല്ലം നിലനിന്നേക്കില്ലെന്ന മുന്നറിയിപ്പാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ) നൽകുന്നത്. വസ്തുത അതായിരിക്കെ ലഭ്യമായ തൊഴിലവസരങ്ങൾ പങ്കുവയ്ക്കുന്നത് സംഘർഷങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബംഗ്ലാദേശിലെയും ബ്രിട്ടണിലെയും സമീപകാല സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്ത വിദഗ്ധർ അത്തരമൊരു നിഗമനത്തിലാണ് എത്തിച്ചേരുന്നത്. 

ബംഗ്ലാദേശിൽ ഷേഖ് ഹസീനാ ഭരണകൂടത്തെ കടപുഴക്കിയ കലാപം ആരംഭിച്ചത് സർക്കാർ സർവീസിലെ നിയമനത്തിന് ബാധകമായ സംവരണ നിബന്ധനയ്ക്കെതിരെയാണ്. ബംഗ്ലാദേശ് വിമോചനപ്പോരാളികളുടെ പിന്മുറക്കാർക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തികൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. ഹസീന സർക്കാർ അവകാശപ്പെട്ടിരുന്ന ഉയർന്ന സാമ്പത്തിക വളർച്ചയുടെ മുഖ്യസ്രോതസ് കയറ്റുമതിയുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ മൊത്ത ദേശീയ ഉല്പന്നത്തിന്റെ അഞ്ചിലൊന്നും കയറ്റുമതിയിൽ നിന്നുമാണ്. അതിൽത്തന്നെ 85 ശതമാനവും വസ്ത്രക്കയറ്റുമതിയും. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലന്വേഷകര്‍ക്കിടയിൽ രൂക്ഷമായ തൊഴിൽരാഹിത്യം നിലനിൽക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ 12.2 ശതമാനവും ഇന്റർമീഡിയറ്റ്, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതക്കാർക്കിടയിൽ യഥാക്രമം 8.1ഉം 4.5ഉം വീതമാണ് തൊഴിൽരാഹിത്യം. അനൗപചാരിക തൊഴിൽ രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം കൂടി കണക്കിലെടുക്കുമ്പോൾ ചെറുപ്പക്കാർക്കിടയിൽ നിരാശയുടെ ആഴം ഊഹിക്കാവുന്നതേയുള്ളു. അത്തരമൊരു സാഹചര്യമാണ് സംവരണ വിഷയത്തെ പ്രകോപനമാക്കി മാറ്റിയത്. അവിടെ നിലനിന്നിരുന്ന അസ്വസ്ഥമായ രാഷ്ട്രീയ പശ്ചാത്തലം പ്രതിഷേധത്തെ ആളിക്കത്തിച്ചു. ബ്രിട്ടന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന വിശേഷണം കേവലം ചരിത്രവസ്തുത മാത്രമാണിന്ന്. ബ്രക്സിറ്റിനെ തുടർന്ന് യൂറോപ്യൻ വൻകരയില്‍ നിന്നും സാമ്പത്തികമായി ഒറ്റപ്പെട്ട ബ്രിട്ടീഷ് സമ്പദ്ഘടനയ്ക്ക് താങ്ങാൻകഴിയാത്ത കുടിയേറ്റമാണ് മുൻ കോളനിരാജ്യങ്ങളിൽ നിന്ന് തുടരുന്നത്. തൊഴിലിനുവേണ്ടിയുള്ള മത്സരത്തിൽ കുറഞ്ഞ കൂലിക്കും, ആനുകൂല്യങ്ങൾ കൂടാതെയും കഠിനാധ്വാനത്തിനും തയ്യാറുള്ള കുടിയേറ്റക്കാരുടെ മുന്നിൽ പിൻതള്ളപ്പെടുന്ന വെള്ളക്കാരുടെ രോഷം ഊഹിക്കാവുന്നതേയുള്ളു. പുതുതായി തൊഴിലന്വേഷിക്കുന്ന 16–17 വയസുകാർക്കിടയിൽ തൊഴിൽരാഹിത്യം 36.4 ശതമാനവും 18–24 പ്രായക്കാർക്കിടയിൽ 18.8 ശതമാനവും എത്തിനിൽക്കുന്നു. പ്രശ്നത്തിന് രാഷ്ട്രീയവും സാമ്പത്തികവുമായ പരിഹാരം കാണുന്നതിനുപകരം കുടിയേറ്റവിരുദ്ധതയും ഇസ്ലാം വിരോധവും വർണവെറിയും ആയുധമാക്കുകയാണ് വലതുപക്ഷ പ്രതിലോമ രാഷ്ട്രീയം. 

മേലുദ്ധരിച്ച വസ്തുതകൾ വ്യത്യസ്ത രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പശ്ചാത്തലമുള്ള രണ്ട് രാജ്യങ്ങളുടെ മാത്രം പ്രശ്നമല്ല. തൊഴിൽ രഹിത വളർച്ച യാഥാർത്ഥ്യമാക്കിയ രാഷ്ട്രങ്ങളെല്ലാം, ലോകമെമ്പാടും നേരിടുന്ന അതീവ ഗുരുതരമായ വെല്ലുവിളികളുടെ താരതമ്യേന ലളിതമായ ഉദാഹരണങ്ങൾ മാത്രമാണ് ബംഗ്ലാദേശിന്റെയും ബ്രിട്ടന്റെയും. ഇന്ത്യയുടെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ലെന്നാണ് സമീപകാല സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. ഭരണകൂടത്തിന് ഭരിക്കുന്നതിനപ്പുറം മറ്റൊരു ഉത്തരവാദിത്തവുമില്ലെന്ന് പ്രഖ്യാപിക്കുന്നവർ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരുന്ന പൊതുമേഖലയെ സ്വകാര്യ മൂലധനത്തിന് അടിയറവയ്ക്കുകയും സർക്കാർ സർവീസുകളിലേക്കുള്ള നിയമനപ്രക്രിയ അപ്പാടെ മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതുവഴി അപ്രസക്തമായ സംവരണത്തിനുവേണ്ടിയുള്ള പിടിവലി, രാഷ്ട്രീയത്തെ കാതൽ പ്രശ്നങ്ങളിൽനിന്നും വഴിതിരിച്ചുവിടുന്നു. അത് ജനങ്ങളെ തമ്മിലടിപ്പിക്കാനും ആത്യന്തികമായി കലാപങ്ങളിലേക്കും രാഷ്ട്രീയ അസ്ഥിരതയിലേക്കുമായിരിക്കും നയിക്കുക എന്നുവേണം ഭയപ്പെടാൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.