18 October 2024, Friday
KSFE Galaxy Chits Banner 2

പരിഹാരമില്ലാത്ത തൊഴിലില്ലായ്മ

Janayugom Webdesk
July 21, 2024 5:00 am

രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 40 കോടിയിലേറെയായിരിക്കുന്നു. വറുതിയുടെ കരിംഭൂതങ്ങള്‍ സാധാരണ കുടുംബങ്ങളെ ചുറ്റിയിരിക്കുന്നു. അത്ഭുതംപോലെ വീണുകിട്ടുന്ന തൊഴില്‍ദിനങ്ങളില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിതം അരിഷ്ടിച്ചുനീങ്ങുകയാണ്. പക്ഷെ, ഭരണകൂടമാകട്ടെ തൊഴിലില്ലായ്മാ നിരക്ക് കുറയുന്നുവെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. ആനുകാലിക ലേബർ ഫോഴ്സ് സർവേ ഡാറ്റ പോലും 2022–23 കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് 3.1 ശതമാനമായി കുറഞ്ഞതായി സൂചിപ്പിച്ചു. എന്നാല്‍ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത് തൊഴിലില്ലായ്മ എട്ട് ശതമാനത്തിനടുത്താണെന്നാണ്. ന്യൂഡൽഹിയിൽ നടന്ന രാജ്യാന്തര തൊഴില്‍സംഘടനയുടെയും (ഐഎൽഒ) ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെന്റിന്റെയും (ഐഎച്ച്ഡി) സംയുക്ത പ്രസിദ്ധീകരണമായ “ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോർട്ട് 2024: യൂത്ത് എംപ്ലോയ്‌മെന്റ്, എജ്യുക്കേഷൻ ആന്റ് സ്കിൽസ്” പുറത്തിറക്കിയ വേളയിൽ എല്ലാ പ്രശ്നങ്ങളും രാജ്യത്തിന് പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന് അടിവരയിട്ടിരുന്നു, പ്രത്യേകിച്ച് തൊഴിലില്ലായ്മ.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മോഡി സർക്കാരിന്റെ ഉദാസീനത വളരെ പ്രകടമായിരുന്നു. തൊഴിലില്ലായ്മ പരിഹരിക്കുക എന്നത് സർക്കാരിന്റെ മുൻഗണനയല്ലെന്ന് വിവിധ സംഭവങ്ങളിലൂടെ വ്യക്തവുമായി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, തൊഴിലില്ലായ്മ വോട്ടർമാർക്കിടയിൽ ഒരു പ്രധാന പ്രശ്നമായി മാറിയപ്പോൾ, 2022ൽ 30 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്ന പ്രസ്താവനയുമായി കേന്ദ്ര തൊഴിൽ മന്ത്രാലയം സെക്രട്ടറി രംഗത്തെത്തി. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 110 ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഓരോ വർഷവും 20 ദശലക്ഷം ആളുകൾ തൊഴില്‍ തേടുന്ന രാജ്യത്തെ തൊഴിലില്ലായ്മാ പ്രതിസന്ധി മോഡി സർക്കാർ ഇതിനകം തന്നെ പരിഹരിച്ചു എന്നായിരുന്നു അവകാശവാദം. ഒരു വർഷത്തിനുള്ളിൽ 30 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സർക്കാർ ആവശ്യത്തിലധികം ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തു. 2022–23ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കെഎൽഇഎംഎസ് ഡാറ്റാബേസിൽ നിന്നുള്ള കണക്കുകൾ ഉദ്ധരിച്ചായിരുന്നു അവകാശവാദങ്ങള്‍ തീര്‍ത്തത്. പക്ഷെ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ വാർഷിക വിവരശേഖരണം പോലും ഔദ്യോഗിക അവകാശവാദത്തെ പിന്തുണയ്ക്കുന്നില്ല .
2014ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നരേന്ദ്ര മോഡി പ്രതിവർഷം 20 ദശലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒരിക്കൽപ്പോലും പറഞ്ഞത് പാലിക്കാൻ ശ്രമിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, നരേന്ദ്ര മോഡി ന്യൂഡൽഹിയിലെ ഒരു യോഗത്തിൽ പറഞ്ഞു, “ഇന്ത്യയിലെ യുവാക്കൾ തൊഴിലന്വേഷകരെക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായി മാറിയിരിക്കുന്നു”. മുറിവുകളിൽ ഉപ്പ് പുരട്ടുന്നത് പോലെയായിരുന്നു ആ പ്രയോഗം. തൊഴിലില്ലായ്മ എല്ലാ പ്രായത്തിലുമുള്ളവരുടെയും ജീവിതത്തെ തളർത്തുന്ന വസ്തുതയാണ്. കുട്ടികൾപോലും നാലോ അഞ്ചോ വയസുള്ളപ്പോൾ മുതൽ അധ്വാനിക്കാൻ തുടങ്ങുകയും എൺപതോ അതിലധികമോ പ്രായത്തിലും തുടരുകയും ചെയ്യുന്നു. ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റായ ഡോ. കൗശിക് ബസു ഈയിടെ പറഞ്ഞത് രാജ്യത്തെ തൊഴിലില്ലായ്മയുമായി ചേര്‍ത്ത് കുറിക്കേണ്ടതുണ്ട്. ഇന്ത്യയിലെ യുവജന തൊഴിലില്ലായ്മാ നിരക്ക് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 45.4 ശതമാനമാണ്. അതിഗുരുതരമായ ഈ പ്രശ്നം കൈകാര്യം ചെയ്യാൻ സർക്കാർ തിരുത്തൽ നടപടികൾ സ്വീകരിക്കണം. 2017–18 ആയപ്പോഴേക്കും ഇന്ത്യയിലെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി. ദശലക്ഷക്കണക്കിന് യുവാക്കൾക്ക് ഒരിക്കലും ജോലി കണ്ടെത്താനായിട്ടില്ല. ജോലി കണ്ടെത്തിയവരിൽ 90 ശതമാനവും അനൗപചാരിക ജോലി ചെയ്യുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2022ലെ കണക്കുകളില്‍ 55.8 ശതമാനം സ്വയം തൊഴിൽ പ്രധാന തൊഴിൽ സ്രോതസായി സ്വീകരിച്ചു. സാധാരണ കൂലിപ്പണി 22.7 ശതമാനവും സ്ഥിരം തൊഴിൽ 21.5 ശതമാനവുമാണ്. 

രാജ്യത്തെ നഗര‑ഗ്രാമ മേഖലകളിൽ തൊഴിലില്ലായ്മാ പ്രതിസന്ധി ഭയപ്പെടുത്തുന്നതാണ്. അൺ ഇൻ കോർറേറ്റഡ് എന്റർപ്രൈസസ് വാർഷിക സർവേ (എഎസ്‌യുഎസ്ഇ) അനുസരിച്ച് 2015–16ലെ 11.13 കോടിയെ അപേക്ഷിച്ച് 2023ൽ അനൗപചാരിക മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 16.45 ലക്ഷം (1.5 ശതമാനം) ഇടിഞ്ഞ് 10.96 കോടിയായി. 2016ലെ നോട്ട് നിരോധനം, 2017 ജൂലൈയിൽ നടപ്പിലാക്കിയ ചരക്ക് സേവന നികുതി, 2020 മാർച്ചിൽ കോവിഡ് എന്നിവ സമ്പദ്ഘടനയിലും സംരംഭങ്ങളുടെ വളർച്ചയിലും ഉണ്ടാക്കിയ ആഘാതങ്ങളും സര്‍വേ ഉയര്‍ത്തിക്കാട്ടുന്നു. പൊടുന്നനെ പണം പിൻവലിക്കാന്‍ വഴിയൊരുക്കിയ നോട്ടുനിരോധനം, ഘടനാ പാളിച്ചകളും പുതിയ നികുതിക്കുരുക്കുകളും തീര്‍ത്ത ജിഎസ്‌ടി, ദേശീയ ലോക്‌ഡൗണിലേക്ക് വഴിതീര്‍ത്ത കോവിഡ് തുടങ്ങി എല്ലാ ദുരന്തങ്ങളെയും അനൗപചാരിക മേഖലയാണ് പേറേണ്ടിവന്നത്. ഈ മേഖലയിലെ തൊഴിലാളികളുടെ മുക്കാൽ ഭാഗവും വരുന്ന ആദ്യ 10 സംസ്ഥാനങ്ങളിൽ അഞ്ചെണ്ണം മഹാരാഷ്ട്ര, ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡിഷ എന്നിവയാണ്. 2015–16നും 2022നുമിടയിൽ ഇവിടങ്ങളില്‍ അനൗപചാരിക തൊഴിലവസരങ്ങളിൽ നേരിയ വർധന മാത്രമേയുള്ളൂ. കാർഷികേതര മേഖലകളിലെ സംരംഭങ്ങളുടെ വിവരങ്ങള്‍ അനൗപചാരിക മേഖലയില്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശേഷിയായി അടയാളപ്പെടുത്തുകയും തൊഴിലുകളുടെ സൂചകമായി അവതരിപ്പിക്കുകയും ചെയ്യുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.