മനുഷ്യരാശിയുടെ നിലനില്പിന് കനത്ത വെല്ലുവിളി ഉയർത്തുന്ന ആഗോള താപനം വിനാശകരമായ തലത്തിലേക്ക് കുതിച്ചുയരുന്നതായി ശാസ്ത്രലോകം ആശങ്കപ്പെടുന്നു. ആഗോളതാപനം നിയന്ത്രിക്കാനുള്ള എല്ലാ ശ്രമങ്ങളും രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയുടെ അഭാവത്തിൽ അപകടകരമായ തലത്തിലേക്ക് നീങ്ങുന്നതായാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. നിലവിലെ ആഗോള താപനം വ്യവസായവൽക്കരണത്തിന് ഒരുനൂറ്റാണ്ട് മുമ്പുള്ള തോതിൽനിന്നും 1.5 ഡിഗ്രി സെന്റിഗ്രേഡിൽ നിയന്ത്രിച്ചുനിർത്താനുള്ള ശ്രമം ഫലപ്രാപ്തിയിൽ എത്തിയേക്കില്ലെന്ന ആശങ്കയാണ് ശാസ്ത്രലോകം പങ്കുവയ്ക്കുന്നത്. അത് 2.5 മുതൽ മൂന്ന് ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയർന്നേക്കാമെന്ന് അവർ ഭയപ്പെടുന്നു. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദി ഗാർഡിയൻ’ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അന്താരാഷ്ട്ര ഗവണ്മെന്റുതല സമിതിയിലെ (ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്- ഐപിസിസി) ശാസ്ത്രജ്ഞർക്കിടയിൽ നടത്തിയ സർവേയാണ് ആശങ്കാജനകമായ മുന്നറിയിപ്പ് നൽകുന്നത്. 2018 മുതൽ ഐപിസിസി റിപ്പോർട്ട് തയ്യാറാക്കുന്നതിൽ പങ്കാളികളായ 843 പ്രമുഖ ശാസ്ത്രജ്ഞരിൽ 380 പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ തയ്യാറായത്. അവരിൽ 80 ശതമാനംപേരും ആഗോളതാപനം 2.5 ഡിഗ്രി സെന്റിഗ്രേഡ് കണ്ടെങ്കിലും ഉയരുമെന്ന് അഭിപ്രായപ്പെടുമ്പോൾ ഏതാണ്ട് പകുതിപ്പേരും അത് മൂന്ന് ശതമാനത്തിലേക്കെത്തുമെന്നാണ് ആശങ്കപ്പെടുന്നത്. വ്യക്തമായ ശാസ്ത്രീയ തെളിവുകൾ നൽകിയിട്ടും മതിയായ പ്രതിരോധ നടപടികൾക്ക് വിസമ്മതിക്കുന്ന ഭരണകൂടങ്ങളുടെ നിലപാടിൽ ശാസ്ത്രലോകം നിരാശരും കോപാകുലരുമാണ്. അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽത്തന്നെ ആഗോള താപനം വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അവരിൽ പലരും ആശങ്ക പങ്കുവയ്ക്കുന്നു. അ ത്തരത്തിൽ താപനില ഉയരുന്നത് ഇപ്പോൾത്തന്നെ അനിയന്ത്രിതമായി തുടരുന്ന വരൾച്ച, പ്രളയം, കാട്ടുതീ, സമുദ്രവിതാനത്തിന്റെ ഉയർച്ച, ഭക്ഷ്യദൗർലഭ്യം, അതുമൂലമുണ്ടാവുന്ന പട്ടിണി, ക്ഷാമം, കുടിവെള്ളത്തിന്റെ അഭാവം, കൂട്ടക്കുടിയേറ്റങ്ങൾ, സംഘർഷങ്ങൾ എന്നിവ രൂക്ഷമാക്കുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.
ആഗോള താപനം പൊടുന്നനെ ഉടലെടുത്ത പ്രകൃതിപ്രതിഭാസമല്ല. മറിച്ച് അനാദികാലമായി മനുഷ്യരാശി പിന്തുടരുന്ന ഉല്പാദന ഉപഭോഗ സംസ്കാരവുമായി അത് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യവസായവല്‍ക്കരണത്തോടെ അതിന്റെ ഗതിവേഗം വർധിച്ചു. വ്യവസായവല്‍ക്കരണത്തിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം വർധിച്ചതോടെ താപനം പലമടങ്ങായി ഉയർന്നു. ഫോസിൽ ഇന്ധനങ്ങളായ കൽക്കരി, പെട്രോളിയം എണ്ണകൾ, പ്രകൃതിവാതകം എന്നിവ കത്തിക്കാൻ ആരംഭിച്ചതോടെ പുറത്തുവിടുന്ന കാർബൺ ഡൈഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ, നീരാവി, മീതൈൻ, നൈട്രസ് ഓക്സൈഡ് എന്നിവ ഭൂപ്രപഞ്ചത്തിനുമീതെ ഒരു ഹരിതഗേഹവാതക ആവരണം രൂപംകൊള്ളുന്നതിന് കാരണമായി. ഭൂമിയിൽ പതിക്കുന്ന സൂര്യപ്രകാശത്തില്‍നിന്നും സൃഷ്ടിക്കപ്പെടുന്ന താപത്തെ അന്തരീക്ഷത്തിലേക്ക് തിരിച്ച് പ്രതിഫലിപ്പിക്കുന്നതിന് ഈ ആവരണം പ്രതിബന്ധം സൃഷ്ടിക്കുന്നു. അത് അന്തരീക്ഷത്തിലെ താപനില അനിയന്ത്രിതമായി ഉയരാനും അതുവഴി കാലാവസ്ഥാ വ്യത്യയാനത്തിലേക്കും നയിക്കുന്നു. അത് ഋതുക്കളുടെ സ്വാഭാവിക ക്രമത്തെ തകിടം മറിക്കുകയും സമുദ്രത്തെ ചൂടുപിടിപ്പിക്കുകയും ചെയ്യുന്നു. തല്‍ഫലമായുള്ള വരൾച്ച, പ്രളയം, കാട്ടുതീ, കൊടുങ്കാറ്റുകൾ തുടങ്ങിയവ ജീവിതം ഇപ്പോൾത്തന്നെ ദുഃസഹവും ദുരിതപൂർണവുമാക്കി മാറ്റിയിരിക്കുന്നു. അത്തരം ദുരന്തങ്ങളുടെ ഇടവേളകൾ തമ്മിലുള്ള അകലം കുറയുകയും മനുഷ്യ ജീവിതം അസാധ്യമാകുന്ന സ്ഥിതിവിശേഷവുമാണ് സംജാതമാകുന്നത്. മനുഷ്യരാശി പിന്തുടർന്ന് പോരുന്ന വികസന സങ്കല്പങ്ങളും ഉല്പാദന ഉപഭോഗ രീതികളും പൊളിച്ചെഴുതാതെ ആസന്നമായ ദുരന്തത്തെ പ്രതിരോധിക്കാനാവില്ലെന്ന അവസ്ഥാവിശേഷമാണ് നിലവിലിരിക്കുന്നത്.
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരന്തം ഏറ്റവും കടുത്ത ആഘാതം സൃഷ്ടിച്ചേക്കുമെന്ന് ശാസ്ത്രലോകം ഭയപ്പെടുന്ന ഭൂപ്രദേശങ്ങളിൽ ഒന്നാണ് ഇന്ത്യാ ഉപഭൂഖണ്ഡം. ശാസ്ത്രത്തിന്റെ മുന്നറിയിപ്പുകൾ അർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കാനും വികസനം, വളർച്ച, ഉപഭോഗം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ മാറ്റങ്ങൾക്കും ഈ ഭൂപ്രദേശം ഇനിയും രാഷ്ട്രീയമായി സന്നദ്ധമാവേണ്ടിയിരിക്കുന്നു. കോർപറേറ്റ് താല്പര്യങ്ങൾക്കുപരി മനുഷ്യന്റെയും പ്രകൃതിയുടെയും സംരക്ഷണത്തിൽ ഊന്നിയുള്ള ഒരു നയവ്യതിയാനത്തിന് കാലം അതിക്രമിച്ചിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.