
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചതോടെ നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ചിത്രം വ്യക്തമായിരിക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ഇന്നലെ പത്രിക നൽകി. യുഡിഎഫിലെ ആര്യാടൻ ഷൗക്കത്ത്, എൻഡിഎയുടെ മോഹൻ ജോർജ് എന്നിവരുമെത്തിയതോടെ പ്രധാനസ്ഥാനാർത്ഥികൾ അണിനിരന്നുകഴിഞ്ഞു. രണ്ടോ മൂന്നോ ദിവസത്തെ പ്രചരണ പ്രവർത്തനങ്ങളിലൂടെതന്നെ മണ്ഡലത്തിൽ വരാനിരിക്കുന്ന ജനവിധിയുടെ സൂചന ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. അത് ഇടതുമുന്നണിക്ക് അനുകൂലമായ കാറ്റാണ് വീശുന്നതെന്നാണ്. 2016ൽ വീണ്ടും അധികാരത്തിലെത്തുകയും 21ൽ അധികാരത്തുടർച്ച ലഭിക്കുകയും ചെയ്ത എൽഡിഎഫ് സർക്കാരിന്റെ ഒമ്പതുവർഷ ഭരണത്തിൽ കൈവരിച്ച പുരോഗതിയും നടത്തിയ ക്ഷേമ പ്രവർത്തനങ്ങളും അനുഭവവേദ്യമായ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം അടിയുറച്ച് നിൽക്കുന്നുവെന്നാണ് ഇതുവരെയുള്ള ജനമുന്നേറ്റവും പിന്തുണയും വ്യക്തമാക്കുന്നത്. ഞായറാഴ്ച നടന്ന എൽഡിഎഫ് മണ്ഡലം കൺവെൻഷനിലെ വൻ ജനപങ്കാളിത്തവും സ്ഥാനാർത്ഥിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആവേശകരമായ സ്വീകരണങ്ങളും അതിന്റെ തെളിവാണ്. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനും വിപണിയിടപെടലിലൂടെ വിലക്കയറ്റം തടയുന്നതിനും സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിച്ച് കുടിശിക തീർത്ത് നൽകുന്നതിനും പ്രതിജ്ഞാബദ്ധമായ സർക്കാരാണ് കേരളത്തിലുള്ളത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ചതുൾപ്പെടെ നിരവധി നേട്ടങ്ങൾ എൽഡിഎഫ് സർക്കാരിന്റെ ശിരസിലെ പൊൻതൂവലുകളായുണ്ട്. സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞമാസം പുറത്തിറക്കിയ പ്രോഗ്രസ് കാർഡ് സംസാരിക്കുന്ന തെളിവുകളായി ജനങ്ങളുടെ മുന്നിൽ നിൽക്കുന്നു. 900 വാഗ്ദാനങ്ങൾ നൽകിയ സർക്കാർ അതിന് പുറമേ പുതിയ നൂറിലധികം പദ്ധതികളും സംരംഭങ്ങളും ഏറ്റെടുത്തു. ഇതെല്ലാംകൊണ്ടുതന്നെ എൽഡിഎഫ് അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടെയുമാണ് ജനങ്ങളെ സമീപിക്കുന്നത്.
അതേസമയം യുഡിഎഫ്, എൻഡിഎ കക്ഷികൾ വ്യക്തമായ ധാരണകളും പ്രതീക്ഷയുമില്ലാതെയാണ് മത്സരിക്കുന്നതെന്നാണ് അവരുടെ ക്യാമ്പുകളിൽ നിന്ന് പുറത്തെത്തുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. സ്ഥാനാർത്ഥിയെ ആദ്യം പ്രഖ്യാപിച്ചുവെന്ന ഖ്യാതി യുഡിഎഫ് അവകാശപ്പെടുന്നുവെങ്കിലും തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാർത്ഥിയെ ചൊല്ലിയുണ്ടായ വിവാദങ്ങളും പിന്നീട് കൂട്ടുകെട്ടുകളെ സംബന്ധിച്ച് നിലനിൽക്കുന്ന തർക്കങ്ങളും നാം കാണുന്നുണ്ട്. ഏഴ് മാസം മുമ്പുവരെ തങ്ങൾക്കുനേരെ തെറിയഭിഷേകം നടത്തിയ വ്യക്തികളെപ്പോലും കൂടെക്കൂട്ടുന്നതിന് നടത്തിയ നാടകങ്ങളുള്‍പ്പെടെ നാണംകെട്ട സമീപനങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടായി. അതിനെത്തുടർന്നുണ്ടായ അന്തഃപുര തർക്കങ്ങൾ അല്പാല്പമായി പുറത്തുവരുന്നുണ്ട്. അതിനർത്ഥം അകത്തുനടക്കുന്നത് കടുത്ത സംഘർഷങ്ങളാണെന്നാണ്. എൻഡിഎ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും അടിമുടി ആശയക്കുഴപ്പത്തിലാണെന്നാണ് മനസിലാക്കേണ്ടത്. ആദ്യം സ്ഥാനാർത്ഥിയെ വേണ്ടെന്നും പിന്നീട് സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിനാണെന്നും തങ്ങൾ മത്സരിക്കാനില്ലെന്ന് അവരും പറഞ്ഞതുവഴി ആ മുന്നണിയിലെ ആശയക്കുഴപ്പവും മോശം പ്രകടനം നടത്തേണ്ടിവരുമെന്ന ഭീതിയും ജനങ്ങൾക്ക് ബോധ്യമാകുന്നവിധം പ്രകടമാക്കി. അതിനുശേഷം അവർ യുഡിഎഫിൽ നിന്ന് മോഹൻ ജോർജ് എന്നൊരാളെ കണ്ടെത്തി സ്ഥാനാർത്ഥിയാക്കുകയായിരുന്നു.
രാഷ്ട്രീയമായ വിഷയങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ പ്രധാനമായും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും നവകേരളം സൃഷ്ടിച്ചുകൊണ്ടുള്ള മുന്നേറ്റവും എന്നതിനൊപ്പം രാജ്യം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും ചർച്ച ചെയ്യപ്പെടുമെന്നതിൽ സംശയമില്ല. ബിജെപി ഭരണത്തിനുകീഴിൽ രാജ്യം അഭിമുഖീകരിക്കുന്ന ഫാസിസ്റ്റ് പ്രവണതകൾ, മതേതരത്വം നേരിടുന്ന വെല്ലുവിളികൾ, ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ കടന്നാക്രമണങ്ങൾ, അടിസ്ഥാന ജനവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന അവഗണന, കോർപറേറ്റ് ആഭിമുഖ്യം, ന്യൂനപക്ഷ- ദളിത് വിഭാഗങ്ങൾ നേരിടുന്ന വിവേചനവും അതിക്രമങ്ങളും, സാമ്പത്തിക — കേന്ദ്രീകരണ നീക്കങ്ങൾ, ഫെഡറലിസം ദുർബലപ്പെടുത്തുന്ന സമീപനങ്ങൾ, വിദ്വേഷവും വെറുപ്പും പടർത്തുന്ന ഇടപെടലുകളും പ്രസ്താവനകളും. ജനങ്ങൾക്ക് ചർച്ച ചെയ്യാനും പ്രതികരണം രേഖപ്പെടുത്താനും വിഷയങ്ങൾ ഏറെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം 11 മാസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്ലാ രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങൾക്കുമൊപ്പം ആ സാഹചര്യവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പുമായിരിക്കുമിത്. അത് തീർച്ചയായും എൽഡിഎഫിനൊപ്പം നിന്ന് ജനപ്രതിനിധിയാകുകയും അതുപേക്ഷിച്ച് പിന്തിരിപ്പൻ പാളയത്തിലെത്തുകയും ചെയ്ത വ്യക്തിയുടെ വഞ്ചന തുറന്നുകാട്ടുന്നതായിരിക്കും. രണ്ടുതവണ ജനപ്രതിനിധിയാക്കിയ നിലമ്പൂരിലെ സമ്മതിദായകരോടുമുള്ള ചതിയായി ജനങ്ങൾ അതിനെ വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്യുമെന്നതിലും സംശയമില്ല. രാഷ്ട്രീയ, സാമ്പത്തിക ലാഭം പ്രതീക്ഷിച്ചുള്ള കൂറുമാറ്റം ഉദ്ദേശിച്ച ഫലംകാണുന്നില്ലെന്ന് വരുമ്പോൾ അദ്ദേഹത്തിന്റെ ചാഞ്ചാട്ടങ്ങൾ പരിഹാസ്യനാടകമായി ജനങ്ങൾ കാണുന്നുമുണ്ട്. ഇതെല്ലാംകൊണ്ടുതന്നെ തീർച്ചയായും നിലമ്പൂരിലെ ജനങ്ങളുടെ ചോയ്സ് എൽഡിഎഫായിരിക്കുമെന്നതിൽ സംശയമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.