5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 1, 2024
October 30, 2024
October 29, 2024
October 28, 2024
October 27, 2024
October 23, 2024
October 21, 2024
October 19, 2024
October 18, 2024
October 14, 2024

എന്നിട്ടും തുടരുന്ന യുദ്ധക്കൊതി

Janayugom Webdesk
October 9, 2023 5:00 am

ഹമാസ് എന്ന തീവ്രസംഘടന ഇസ്രയേലിനകത്തു കടന്ന് നടത്തിയ അപ്രതീക്ഷിത അക്രമം പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളമാക്കിയിരിക്കുന്നു. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പലസ്തീന്‍ വിമോചനത്തിന് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രസംഘടനയാണ് ഹമാസ്. പലസ്തീന്റെ വിമോചനം ആ രാജ്യത്തെ ജനങ്ങളുടെയും ലോകത്താകെയുള്ള മനുഷ്യസ്നേഹികളുടെയും ആവശ്യം തന്നെയാണ്. പലസ്തീന് സ്വാതന്ത്ര്യവും പരമാധികാരവും നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ആഗോള സംഘടനകളടക്കം രൂപപ്പെടുത്തിയെങ്കിലും അംഗീകരിക്കാത്ത ഇസ്രയേല്‍ നടപടിയാണ് അവിടെയുള്ള പ്രശ്നങ്ങളുടെ കാതല്‍. അതിലൂടെ മാത്രമേ പ്രസ്തുത പ്രശ്നത്തിന് ശാശ്വത പരിഹാരം സാധ്യമാകുകയുമുള്ളൂ. എന്നാല്‍ നൂറുകണക്കിന് മനുഷ്യരുടെ ജീവഹാനിയും വസ്തുനാശങ്ങളും സൃഷ്ടിക്കുകയും ലക്ഷക്കണക്കിന് പേരെ അഭയാര്‍ത്ഥികളാക്കുകയും മാത്രം ചെയ്യുന്ന ഹമാസിന്റെ അക്രമ പ്രവര്‍ത്തനങ്ങള്‍ പലസ്തീന്‍ വിമോചനത്തിന് സഹായകമേയല്ല. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പൊരുതുന്ന പലസ്തീന്‍ വിമോചന സംഘടന (പിഎല്‍ഒ) പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് ഹമാസ് രൂപപ്പെടുന്നത്. അപൂര്‍വം ചില രാജ്യങ്ങള്‍ ഒഴികെ തീവ്ര നിലപാടുകളുള്ള ഹമാസിന് എതിരു നില്‍ക്കുകയും ചെയ്യുന്നു. ഹമാസ് അടിയന്തരമായി ചെയ്യേണ്ടത് നിരുപാധികം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക എന്നുള്ളതാണ്.

അതേസമയം ആക്രമണത്തിന് അതേനാണയത്തില്‍ തിരിച്ചടിക്കുകയും ഹമാസുണ്ടാക്കിയതിനെക്കാള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഇസ്രയേലിന്റെ നടപടിയും ന്യായീകരിക്കാവുന്നതല്ല. അവരും സമാധാനപൂര്‍ണമായ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളിലേക്ക് വരണം. ഇരുകക്ഷികളും ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് സമാധാനപ്രേമികളെല്ലാം ആഗ്രഹിക്കുന്നത്.
ആഗോളതലത്തില്‍ അപലപിക്കപ്പെട്ടിട്ടും ഇരുശക്തികളും ആക്രമണ പ്രത്യാക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മരണസംഖ്യ ആയിരങ്ങളാവുകയാണ്. നാശനഷ്ടത്തിന്റെ തോതും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അഭയാര്‍ത്ഥി പ്രവാഹവും ശക്തിപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ അവിടെ കുടുങ്ങിയ വിദേശരാജ്യങ്ങളിലുള്ളവര്‍ ആശങ്കപ്പെടുന്നുണ്ട്. നിരവധി ഇന്ത്യക്കാരും അവിടെയുണ്ട്. പതിവുപോലെ ഇന്ത്യയുടെ വിദേശമന്ത്രാലയം മുന്നറിയിപ്പ് മന്ത്രാലയമായാണ് പ്രവര്‍ത്തിക്കുന്നത്. കുറേ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് വിദേശ സഹമന്ത്രിതന്നെ മാധ്യമങ്ങളോട് പറഞ്ഞതാണ്. ഇപ്പോഴത്തെ യുദ്ധാന്തരീക്ഷത്തില്‍ തടസങ്ങള്‍ പലതായിരിക്കുമെങ്കിലും ഫലപ്രദമായ നടപടികള്‍ ആലോചിച്ചിട്ടുപോലുമില്ലെന്നാണ് മനസിലാക്കേണ്ടത്.

 


ഇതുകൂടി വായിക്കൂ; നാവുകള്‍ പിഴുതെടുക്കുന്ന കറുത്തകാലം


അതേസമയം ഹമാസ് ആക്രമണത്തെ ശക്തമായി അപലപിക്കുവാന്‍ പ്രധാനമന്ത്രി തയ്യാറായി. മണിപ്പൂരില്‍ അഞ്ചുമാസത്തോളമായി തുടരുന്ന സംഘര്‍ഷത്തെയും നിരവധി പേരുടെ മരണത്തെയും കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്ന പ്രധാനമന്ത്രിയില്‍ നിന്നാണ് ഉടന്‍ പ്രതികരണമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. തങ്ങളുടെ ഇഷ്ടതോഴനായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജ്യത്തിനു നേരെയാണ് ആക്രമണം ഉണ്ടായത് എന്നതുകൊണ്ട് പക്ഷം ചേര്‍ന്നുള്ള പ്രതികരണമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. ഇത് ഇന്ത്യ സ്വീകരിച്ചുപോരുന്ന വിദേശനയത്തില്‍ നിന്നുള്ള വ്യതിചലനമാണ്. ഇപ്പോഴത്തെ സംഘര്‍ഷം ഇസ്രയേലിലും പലസ്തീനിലുമാണെങ്കിലും അതിന്റെ പ്രതിഫലനങ്ങള്‍ മറ്റു രാജ്യങ്ങളിലുണ്ടായാല്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നത് മറന്നുകൂടാ. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍. കുവൈറ്റിലെ യുദ്ധം അവിടെയുള്ളവരെ മാത്രമല്ല ബാധിച്ചത് എന്നും ഇറാഖ് യുദ്ധം ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെയും നിരാധാരമാക്കി എന്നും നാമോര്‍ക്കണം. ഈ പശ്ചാത്തലത്തില്‍ നിഷ്പക്ഷവും സമാധാനം സ്ഥാപിക്കുന്നതിന് സഹായകവുമായ നിലപാടാണ് ഇന്ത്യയില്‍ നിന്നുണ്ടാകേണ്ടത്.


ഇതുകൂടി വായിക്കൂ; തുടരെ തിരിച്ചടികള്‍ നേരിടുന്ന ബിജെപി


 

യുദ്ധവും സംഘര്‍ഷങ്ങളും താല്‍ക്കാലികമായ ചില വിജയങ്ങള്‍ക്കപ്പുറം ഏതെങ്കിലും പ്രശ്നത്തിന് ആത്യന്തികപരിഹാരം ഉണ്ടാക്കിയതായി ചരിത്രത്തിലില്ല. ഇന്നലത്തെ പത്രങ്ങളുടെ പ്രധാന പേജില്‍ ഇസ്രയേലിനെതിരായ ആക്രമണ, പ്രത്യാക്രമണ വാര്‍ത്തയോടൊപ്പം ഒട്ടുമിക്ക പത്രങ്ങളും പ്രസിദ്ധീകരിച്ചത് ഒരേ ചിത്രമായിരുന്നു. കത്തുന്ന തെരുവില്‍ നിന്ന് സ്വന്തം കൈക്കുഞ്ഞിനെയുമെടുത്ത് രക്ഷപ്പെട്ടോടുന്ന അമ്മയുടെ ചിത്രം. മറ്റു ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതും മരിച്ച ബാലന്റെയും രക്ഷപ്പെട്ടോടുന്ന മനുഷ്യരുടെയും ചിത്രങ്ങള്‍തന്നെ. ഇങ്ങനെ യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും എത്രയോ ചിത്രങ്ങള്‍ ഇതിനകം മനുഷ്യരാശി കണ്ടുകഴിഞ്ഞിരിക്കുന്നു. യുഎസ് നടത്തിയ വിയറ്റ്നാം അതിക്രമങ്ങള്‍ക്കിടെ ഉടുപ്പുകള്‍ ബോംബ് വര്‍ഷത്തില്‍ കത്തിത്തീര്‍ന്നതിനാല്‍ വിവസ്ത്രയായി ഓടി രക്ഷപ്പെടുന്ന കിം ഫുക്കിന്റേതു മുതല്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് മരിച്ച് കമിഴ്ന്നുകിടന്ന അയ്‌ലന്‍ കുര്‍ദിയെന്ന രണ്ടുവയസുകാരന്‍ ഇറാന്‍ ബാലന്റേതുവരെ. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച, ഇപ്പോഴും തുടരുന്ന ഉക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ നിന്നും ഇതുപോലെ എത്രയോ ചിത്രങ്ങള്‍ നമ്മുടെ കണ്ണുകളെ ഈറനണിയിച്ചു, മനസിനെ മരവിപ്പിച്ചു. എന്നിട്ടും തുടരുന്ന യുദ്ധക്കൊതിയെ എന്ത് പേരിട്ടാണ് വിളിക്കുക.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.