12 December 2025, Friday

ബ്രിജ്ഭൂഷണെതിരായ പോക്സോ കേസ് പിൻവലിക്കുമ്പോൾ

Janayugom Webdesk
May 29, 2025 5:00 am

ദേശീയ രാഷ്ട്രീയത്തിലും കായിക രംഗത്തും വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ, ബിജെപി ലോക്‌സഭാംഗവും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായിരുന്ന ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ പോക്സോ കേസ് അവസാനിപ്പിക്കുന്നതിന് പൊലീസ് നൽകിയ അപേക്ഷ ഡൽഹി കോടതി അംഗീകരിച്ചിരിക്കുകയാണ്. മറ്റൊരു കേസുകൂടി അദ്ദേഹത്തിനെതിരെ നിലവിലുണ്ടെങ്കിലും അതിലെ കുറ്റപത്രവും ബ്രിജ്ഭൂഷണിനെ രക്ഷിക്കുന്നതിനുള്ള പഴുതുകൾ നിറഞ്ഞതായിരുന്നുവെന്ന് സമർപ്പിച്ച വേളയിൽത്തന്നെ ആക്ഷേപമുയർന്നിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നത്. പോക്സോ കേസിൽ 500 പേജും അവശേഷിക്കുന്ന ആറ് താരങ്ങൾ ഉന്നയിച്ച പരാതിയിൽ 1,000 പേജുമുള്ള രണ്ട് കുറ്റപത്രങ്ങളാണ് ഡൽഹി റോസ് അവന്യു, പട്യാല ഹൗസ് കോടതികളിലായി സമർപ്പിച്ചിരുന്നത്. അതിൽ പോക്സോ വകുപ്പുകൾ പ്രകാരമുള്ള കേസാണ് പിൻവലിക്കുന്നത്. 2023ൽ രാജ്യമാകെ വൻ വിവാദമുണ്ടാക്കിയതായിരുന്നു ബ്രിജ്ഭൂഷണെതിരായ ലൈംഗികാരോപണം. രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും വൻ പ്രതിഷേധങ്ങൾക്ക് അത് വഴിവച്ചു. വിഖ്യാത ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയവരായിരുന്നു ബ്രിജ്ഭൂഷണെതിരെ പരാതി ഉന്നയിക്കുകയും നടപടിയില്ലാതിരുന്നതിനെ തുടർന്ന് പരസ്യ പ്രതിഷേധത്തിലേക്കിറങ്ങുകയും ചെയ്തത്. വ്യാപകമായ പ്രതിഷേധത്തിന് പിന്നാലെ 2023 ജനുവരിയിൽ ലഭിച്ച ഉറപ്പിനെ തുടർന്ന് സമരം താൽക്കാലികമായി നിർത്തിയെങ്കിലും തുടർനടപടികൾ വൈകിയപ്പോൾ ഏപ്രിൽ, മേയ് മാസങ്ങളിൽ വീണ്ടുമവർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന്റെ ഒടുവിലായിരുന്നു സുപ്രീം കോടതി ഉൾപ്പെടെ ഇടപെട്ടതിനെ തുടർന്ന് അന്വേഷണവും കുറ്റപത്ര സമർപ്പണവും നടന്നത്. ഇതിനിടെ പ്രമുഖ താരങ്ങൾക്കെതിരെ ജോലിയെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് നടപടിയെടുക്കുന്നതിനുള്ള നീക്കവുമുണ്ടായി. 

2023 ജൂണിൽ കുറ്റപത്രങ്ങൾ സമർപ്പിക്കുന്നതിനിടെ തന്നെ പോക്സോ കേസ് അവസാനിപ്പിക്കുന്നതിനുള്ള ചരടുവലികൾ നടത്തിയിരുന്നു. പ്രായപൂർത്തിയെത്താത്ത പ്രതിയെയും പിതാവിനെയും സ്വാധീനിച്ച് മൊഴി മാറ്റിക്കുകയായിരുന്നു. ഇതേത്തുടർന്ന് കുറ്റപത്രം സമർപ്പിക്കുമ്പോൾ തന്നെ പോക്സോ കേസ് വസാനിപ്പിക്കപ്പെടുമെന്ന പ്രതീതിയുണ്ടായിരുന്നു. അതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ഡൽഹി കോടതി പോക്സോ കേസ് അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷ അംഗീകരിച്ചിരിക്കുന്നത്. ആരോപണമുയർന്നപ്പോൾതന്നെ ബ്രിജ്ഭൂഷണെ രക്ഷിക്കുന്നതിനുള്ള നടപടികൾ, അദ്ദേഹം ബിജെപി ലോക്‌സഭാംഗവും ഉന്നത ബന്ധമുള്ള വ്യക്തിയുമായിരുന്നു എന്നതിനാൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ആദ്യം കേസെടുക്കുന്നതിന് തന്നെ സ ന്നദ്ധമായില്ല. പിന്നീട് കോടതി ഇടപെടലിനെ തുടർന്ന് പോക്സോ കേസ് ഉൾപ്പെടെ രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് നടപടിയുണ്ടായില്ല. അതിനിടെ തന്റെ ഉന്നതതല സ്വാധീനമുപയോഗിച്ച് ജാമ്യം നേടിയെടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പോക്സോ പോലെ ഗുരുതരമായ കുറ്റം ചുമത്തിയ കേസിൽ അറസ്റ്റ് ചെയ്യപ്പെടാത്ത ആദ്യ കുറ്റാരോപിതനായിരിക്കും അദ്ദേഹം. പിന്നീട് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിപ്പിക്കുവാൻ ബിജെപി തുനിഞ്ഞെങ്കിലും ശക്തമായ എതിർപ്പുയർന്നതിനെ തുടർന്ന് നീക്കം ഉപേക്ഷിക്കുകയും പകരം മകനെ സ്ഥാനാർത്ഥിയാക്കുകയുമായിരുന്നു. ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ബിനാമികളെ തന്നെ മത്സരിപ്പിച്ച് ജയിപ്പിക്കാനുള്ള സാഹചര്യങ്ങളും സർക്കാർ സൃഷ്ടിച്ചുനൽകി. പോക്സോ കേസ് ഒഴിവാക്കപ്പെടുന്നതോടെ രണ്ടാമത്തെ കേസ് ദുർബലമാകുകയും അദ്ദേഹത്തിന് രക്ഷപ്പെടല്‍ എളുപ്പമാവുകയും ചെയ്യുകയാണിപ്പോൾ. ജാമ്യമില്ലാ വകുപ്പുകൾ പ്രസ്തുത കേസിലുണ്ടെങ്കിലും ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് ചെയ്യുന്നതിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്തു. 

സ്ത്രീസുരക്ഷയെ സംബന്ധിച്ച് വാതോരാതെ സംസാരിക്കുകയും പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി നടത്തിയ സൈനിക നടപടിക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട് അഭിമാനം കൊള്ളുകയും ചെയ്യുന്ന ബിജെപി ഭരണത്തിൻ കീഴിലാണ് ഈ നടപടിയെന്നത് കൗതുകകരവും വൈരുധ്യം നിറഞ്ഞതുമാണ്. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ബിജെപിയും അതിന്റെ ഭരണ സംവിധാനങ്ങളും സ്വീകരിക്കുന്ന ഇരട്ടത്താപ്പ് പ്രകടമാക്കുന്നതാണ് ഇപ്പോഴത്തെ സമീപനം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നതും സ്ത്രീകളെ രണ്ടാം തരമായി പരിഗണിക്കുന്നതും മനുസ്മൃതി ഉൾപ്പെടെ അവർ പിന്തുടരുന്ന ആശയങ്ങളുടെ പ്രതിഫലനമാണ്. അതുകൊണ്ടാണ് ഒരേസമയം സ്ത്രീകളുടെ സിന്ദൂരത്തെയും കെട്ടുതാലിയെയും കുറിച്ച് അഭിമാനം കൊള്ളുകയും മറുവശത്ത് സ്ത്രീവിരുദ്ധ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത്. സ്ത്രീസുരക്ഷയും അവരോടുള്ള ആദരവും ബിജെപിക്ക് കേവലം വോട്ട് നേടാനുള്ള ഉപായം മാത്രമാണെന്ന് വീണ്ടുംവീണ്ടും തെളിയിക്കപ്പെടുന്നു. അതുകൊണ്ടാണ് ഗുരുതരമായ ആരോപണമുയർന്നിട്ടും ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിനെതിരായ അന്വേഷണവും കേസുകളും അട്ടിമറിക്കുന്നതിനും ബോധപൂർവമായ ശ്രമങ്ങൾ ബിജെപി ഭരണത്തിന് കീഴിൽ നടക്കുന്നത്. പോക്സോ കേസ് പിൻവലിക്കുന്നതിലൂടെ ബിജെപിയുടെ പൊള്ളത്തരം ഒരിക്കൽകൂടി വെളിപ്പെടുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.