അവളുടെ ജാലകത്തിനപ്പുറം
സൂര്യൻ ഉദിക്കാറുണ്ട്,
പക്ഷികൾ ചിലയ്ക്കാറുണ്ട്
പൂക്കൾ വിടരാറുണ്ട്.
ചില്ലകൾ ആകാശംതൊടാറുണ്ട്,
കാറ്റിൽ നൃത്തംചെയ്യാറുണ്ട്.
പക്ഷികൾ ഇണചേരാറുണ്ട്;
മറയില്ലാതെ ഒട്ടകങ്ങൾ തമ്മിൽ
നക്കിത്തുടയ്ക്കാറുണ്ട്,
മഴപ്പെയ്ത്തിൽ നനയാറുണ്ട്,
കുളിരാറുണ്ട്.
തോളോടുതോൾ സകലവർഗ്ഗങ്ങളും
ആണും പെണ്ണും
ദേശാന്തരഗമനം നടത്താറുണ്ട്
കൂടു കൂട്ടാറുണ്ട്,
എന്നിട്ടുമെന്ത്യേ
ഇവൾക്ക് മാത്രം തോക്കിൻകുഴ?
യുദ്ധഭൂമിയിലെ
ചാവേറുകളെ പെറ്റുകൂട്ടുന്നതോ
ഇവൾക്ക് തൊഴിൽ?
ജാലകങ്ങൾക്കപ്പുറം
മിഴിനീരിൽപ്പൊതിഞ്ഞ
വ്യഥയുടെ നുറുങ്ങുകൾ
ആണധികാരപ്രമത്തതയുടെ
കാൽക്കീഴിൽ
ചതഞ്ഞരഞ്ഞ് ഇരുട്ടിൽ
കൂടുകൂട്ടുന്ന വേഴാമ്പൽ!
എന്നെങ്കിലും ഒരു മഴ
അവളെ നനയ്ക്കാതിരിക്കില്ല!
കൗന്തേയപുത്രിമാരുടെ
കൺശീലകൾ
അഴിയാതിരിക്കില്ല!
അകലെ ഇടിമുഴക്കം!
കാലത്തിൻ ഗർഭഗേഹത്തിൽ
ഗാന്ധാരവും കോസലപ്പടയും
കരുക്കൾ ഉരുട്ടുന്നുണ്ട്.
താടിയും മകുടവുംവച്ച്
മകുടിയൂതുമ്പോൾ
വിഷസർപ്പക്കുഞ്ഞുങ്ങൾ
ആടും പാടും തലയറുക്കും! അതിന്;
കണ്ണുകൾ കാണണമെന്നില്ല!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.