21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 25, 2024
October 20, 2024
October 2, 2024
October 2, 2024
September 28, 2024
September 24, 2024
September 24, 2024
September 4, 2024
August 30, 2024
October 4, 2023

ഹരിത വിസ്മയം…

Janayugom Webdesk
October 4, 2021 3:33 am

വർത്തമാനപ്പത്രങ്ങളുടെ വർത്തമാനമത്രയും കർഷകർ നേരിടുന്ന പ്രശ്നങ്ങളാണ്. കൃഷി ചെയ്ത് തങ്ങളുടെ വിളകൾക്ക് മതിയായ വില ലഭിക്കാതെ വന്ന് കാർഷിക ഉല്പന്നങ്ങൾ നശിപ്പിച്ചു കളയുന്നതും കടം കയറി ആത്മഹത്യ ചെയ്യുന്നതും നാട്ടിൽ കണ്ടു വരുന്ന യഥാർത്ഥ വസ്തുതകളാണ്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി കൃഷി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനം കൂടിയാണ് കർഷകൻ ഏറ്റെടുത്ത് നടത്തുന്നത്. ലാഭമല്ല കൃഷി ജീവിതത്തിന്റെ ഭാഗമായി ഏറ്റെടുത്തവരാണ് കർഷകർ.
കൃഷി കാണുന്നതിന് അവസരം ഇന്ന് കുട്ടികൾക്കില്ല. ഒരു കാരണം കൃഷിഭൂമിയുടെ ലഭ്യതക്കുറവാണ്. വികസനത്തിന്റെ പേരിൽ വയലുകൾ നികത്തപ്പെടുന്നുണ്ട്. കപ്പയും ചേനയും ചേമ്പും കാച്ചിലുമൊക്കെ പഴയ കാലത്തെ അത്രയും വളർച്ചത്തോത് കൈവരിച്ചിട്ടില്ല. കൃഷി അനുഭവങ്ങൾ പങ്കിടാൻ ഇന്നത്തെ കുട്ടികൾക്ക് കൃഷിക്കാഴ്ചകൾ ലഭ്യമാകുന്നില്ല. 

കാർഷിക സംസ്കാരത്തിന്റെ തകർച്ചയിൽ നിന്ന് ഉയർത്തിക്കൊണ്ടു വരാൻ കൃഷി വകുപ്പ് ആഞ്ഞ് പരിശ്രമിക്കുന്നു എന്നത് വസ്തുതയാണ്. ബർഗറും, സാൻവിച്ചും, പിസയും കണ്ടു വളരുന്ന പുതുതലമുറയെ ഹരിതപാഠം പഠിപ്പിക്കുകയാണ് സുസ്മേഷ് ചന്ദ്രോത്ത്. അദ്ദേഹത്തിന്റെ മരണവിദ്യാലയം എന്ന കഥാസമാഹാരത്തിലെ ഹരിതമോഹനം ശ്രദ്ധേയമായ പരിസ്ഥിതി ബോധത്തിന്റെ കഥാംശമാണ്. പ്രമേയവും, അവതരണ രീതിയും കുടുംബ പശ്ചാത്തലത്തെ ആസ്പദമാക്കി എന്നതാണ് പ്രത്യേകത. ഹരിതമോഹനം എന്ന തലക്കെട്ട് സൂചിപ്പിക്കുന്നതു പോലെ ഭൂമിയുടെ സൗന്ദര്യം പച്ചയിലാണ് ഉറപ്പിച്ചിരിക്കുന്നത്.
മനുഷ്യന്റെ പ്രവൃത്തിദോഷം കൊണ്ടുണ്ടാകുന്ന കാലാവസ്ഥാമാറ്റം ഭൂമിയുടെ ജൈവ വ്യവസ്ഥയുടെ താളംതെറ്റിച്ചു. സങ്കീർണമായ പ്രശ്നത്തിലേക്കാണ് മനുഷ്യരാശി നടന്നടുക്കുന്നത്. ഇവിടെയാണ് ഹരിതമോഹനം എന്ന കഥ പ്രസക്തമാകുന്നത്. 

ഒരു പക്ഷേ നാമിപ്പോൾ ചിരപരിചിതമായി കേൾക്കുന്നതാണ് മട്ടുപ്പാവ് കൃഷി. കൃത്രിമമായി മണ്ണിട്ട് അവിടെ കൃഷി നടത്തുന്നത് ചോദ്യം ചെയ്യപ്പെടാം. എങ്കിലും കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കാൻ ഈ കൃഷിരീതി ഉതകുന്നതാണ്. പുതിയ സാഹചര്യത്തിൽ പരിസ്ഥിതി വിഷയം രാഷ്ട്രീയ വിഷയം തന്നെയാണ്. മനുഷ്യരിലേക്ക് പാരിസ്ഥിതിക വികാരം ആളിപ്പടർത്താനുതകുന്ന കഥയാണ് ഹരിതമോഹനം. കോൺക്രീറ്റ് ഫ്ലാറ്റുകളുടെ ഇടയിൽ ഞെരിഞ്ഞമരുന്ന മാനസിക വികാരങ്ങൾ തഴച്ചുവളരണമെങ്കിൽ ഭൂമിയിലെ പച്ചപ്പിന് കനംവരണം. മണ്ണിന്റെ മണമറിയാത്ത തലമുറകൾ സൃഷ്ടിക്കപ്പെടാൻ പാടില്ല. 

അരവിന്ദാക്ഷന്റെ മനസിൽ വിരിഞ്ഞ സ്വപ്നം ഏഴാംനിലയുടെ ബാൽക്കണിയിൽ പൂവിട്ടു നിൽക്കുമ്പോഴാണ് കഥ പൂർണതയിലെത്തുന്നത്. ഫ്ലാറ്റുകളുടെ കോണിൽ ചെടികൾ നട്ടു വളർത്താനുള്ള വ്യഗ്രത അരവിന്ദാക്ഷനിൽ പടർന്നു കയറുമ്പോഴാണ് കളപോലെ വളർന്ന് ഫ്ലാറ്റു കാവൽക്കാരൻ രാജൻ പിള്ള രംഗത്തെത്തുന്നത്.
അരവിന്ദാക്ഷൻ കൊണ്ടു വന്ന ചെടിയുടെ കവർ പൊട്ടി മണ്ണ് ലിഫ്റ്റിൽ വീഴുന്നതോടെ അത് ചോദ്യം ചെയ്യപ്പെടുമ്പോഴാണ് ഫ്ലാറ്റ് ജീവിതങ്ങൾക്ക് മണ്ണ് വെറുപ്പാണെന്ന് തിരിച്ചറിയപ്പെടുന്നത്. ഭാര്യ സുമനയും, മക്കളായ നന്മയും, പീലിയും അയാളുടെ സ്വപ്നങ്ങളെ ഒപ്പം ചേർത്ത് വയ്ക്കുന്നവരാണ്. 

തണൽ മരങ്ങൾക്കിടയിലെ വീട് അയാളുടെ സ്വപ്നമാണ്. രാജൻ പിള്ളയുടെ കോപം ബാൽക്കണിയിൽ വളരുന്ന ചെടികളുടെ ചിരിയിൽ അലിഞ്ഞു പോയി. മരങ്ങളോടുള്ള അരവിന്ദാക്ഷന്റെ പ്രണയം മരങ്ങൾ നിറഞ്ഞ വസ്തു വാങ്ങാൻ അയാളെ പ്രേരിപ്പിക്കുന്നു. മരങ്ങളെ സ്നേഹിക്കുന്ന ആ മനുഷ്യന് തന്റെ ഹിതത്തിനനുസരിച്ച് ഭൂമി ലഭിക്കുന്നതോടെ കഥ അവസാനിക്കുന്നു. ഗ്രാമജീവിതങ്ങൾ നഗരത്തിന്റെ പുറംചട്ട അണിയുന്നതോടെ പ്രകൃതിക്ക് നര ബാധിക്കുന്നു. ഈ നര രൂപപ്പെടുത്തുന്നത് മനുഷ്യനാണ്. പ്രകൃതിയുടെ ഹൃദയതാളം തെറ്റാതിരിക്കണമെങ്കിൽ നമുക്ക് ഹരിതതാളം മുഴക്കാം. അതിനുള്ള ഹൃദയവികാരം രൂപപ്പെടുത്തുന്ന കഥയാണ് ഹരിതമോഹനം.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.