8 November 2024, Friday
KSFE Galaxy Chits Banner 2

പുഴപോലെ ഒഴുകിയ ജീവിതം

ഷീല രാഘവന്‍
July 2, 2023 3:21 pm

ആശാനെ ഓരോ കാലത്തും പഠിച്ചവര്‍ അവര്‍ ജീവിച്ച കാലത്തിനും സാഹചര്യങ്ങള്‍ക്കും ചുറ്റുപാടുകള്‍ക്കും അനുസരിച്ചാണ്‌ അദ്ദേഹത്തെ മനസിലാക്കിയത്‌. നളിനി ടീച്ചറും ഇന്ന്‌ നിലനില്‍ക്കുന്ന സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിന്നുകൊണ്ട്‌ ആ മഹാകവിയെ പഠിച്ച്‌ അദ്ദേഹത്തിന്റെ കൃതികള്‍ക്കും പ്രവൃത്തികള്‍ക്കും ഇന്നത്തെ കാലത്തും അനുഭവപ്പെടുന്ന പ്രസക്തി അരക്കിട്ടു ഉറപ്പിക്കുന്നു. ഈ തലമുറയില്‍ പെട്ടവര്‍ക്ക്‌ അന്യമായ സാമൂഹ്യ ഒറ്റപ്പെടുത്തലുകളുടെ പശ്ചാത്തലം വിവരിക്കുന്നതോടൊപ്പം ‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍’ എന്നെഴുതിയ കവിയുടെ കൃതികള്‍ ഇന്നത്തെ കാലഘട്ടവുമായി എങ്ങനെ ഒത്തുപോകുന്നു എന്ന്‌ പറയാതെ പറയുന്നു ഈ പുസ്‌തകം.

സാമൂഹ്യജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതികൂലമായ മാറ്റങ്ങള്‍ക്കെതിരെ നിലപാടുകള്‍ എടുക്കാന്‍ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വിമുഖത കാണിക്കുന്ന ഈ കാലഘട്ടത്തില്‍ നിന്നുകൊണ്ട്‌ 19, 20 ആം നൂറ്റാണ്ടുകളില്‍ ധൈര്യപൂര്‍വം തന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ശക്തമായ നിലപാടുകള്‍ എടുത്ത ഒരു അസാധാരണ മനുഷ്യന്റെ, മഹാകവിയുടെ ജീവിതം ഈ പുസ്‌തകം അനാവരണം ചെയ്യുന്നു. സമൂഹം ഇന്ന്‌ അനുഭവിക്കുന്ന സുഖ സൗകര്യങ്ങള്‍ അന്ന് ഇങ്ങനെയായിരുന്നു എന്ന്‌ യുവതലമുറ മനസിലാക്കേണ്ടതുണ്ട്. കേവലം നൂറ്‌ നൂറ്റന്‍പത്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഭരിക്കുന്ന രാജാവിന്റെ പരിഹാസം ഉള്‍പ്പെടെ എന്തെല്ലാം പ്രതികൂല സാഹചര്യങ്ങളോട്‌ പടവെട്ടിയാണ്‌ നേരാംവണ്ണം വസ്ത്രം ധരിക്കാനും, വഴി നടക്കാനും, ക്ഷേത്രത്തില്‍ പ്രവേശിക്കാനും, വിദ്യാഭ്യാസം നേടാനും, ഗവണ്‍മെന്റ്‌ ഉദ്യോഗം വഹിക്കാനും, എന്തിനേറെ ഒരു സാധാരണ മനുഷ്യനായി ജീവിക്കാനും ഉള്ള അവകാശങ്ങള്‍ നാരായണഗുരുവിനെ പോലെ, കുമാരനാശാനെ പോലെ, ഡോക്ടര്‍ പല്‍പ്പുവിനെപ്പോലെയുള്ള നവോത്ഥാന നായകര്‍ നേടിത്തന്നത്‌ എന്ന് തിരിച്ചറിയാന്‍ പുസ്തകം സഹായിക്കുന്നു‌. ഒരു പരിധിവരെ ഈ പുസ്‌തകം അവയൊക്കെ പ്രതിപാദിക്കുക മാത്രമല്ല അവയെപ്പറ്റി കൂടുതല്‍ അറിയാന്‍ വായനക്കാര്‍ക്ക്‌ പ്രചോദനമാവുകയും ചെയ്യും.
27 അധ്യായങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്ന ‘കുമാരനാശാന്‍’ എന്ന കൃതി, കായിക്കര കടലോര ഗ്രാമത്തില്‍ ജനിച്ച ഒരു ബാലന്‍ എങ്ങനെ കുമാരനാശാനും മഹാകവി കുമാരനാശാനുമായി രൂപാന്തരപ്പെട്ടു എന്ന്‌ ഏതു സാധാരണക്കാരനും മനസിലാകുന്ന ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. താളുകള്‍ മറിയുമ്പോള്‍ കുമാരനാശാന്‍ എന്ന ഗുരു ഭക്തന്‍ കവിയും എഴുത്തുകാരനും സാംസ്‌കാരിക നായകനും സാമൂഹ്യപ്രവര്‍ത്തകനും മികച്ച സംഘാടകനും അസംബ്ലി അംഗവും ഗൃഹസ്ഥനും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്ന കുടുംബനാഥനും മറ്റുമായി വായനക്കാരന്റെ മുന്‍പില്‍ പകര്‍ന്നാടുന്നു.

ആശാന്റെ പല കൃതികളുടെയും പഠനങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അവ എഴുതാന്‍ ഇടയായ സാഹചര്യങ്ങള്‍, പലതും ആശാന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ സ്‌കൂള്‍ കോളജ്‌ പാഠപുസ്‌തകങ്ങള്‍ ആയത്‌, അവയ്‌ക്ക്‌ കിട്ടിയ പ്രശംസകളും വിമര്‍ശനങ്ങളും ഉദ്ധരണികള്‍ സഹിതം നളിനി ടീച്ചര്‍ പ്രതിപാദിക്കുന്നു. ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും ശതാബ്ദി ആഘോഷിക്കുന്ന ഈ സമയത്ത്‌ ദുരവസ്ഥയിലെ ഒന്നോ രണ്ടോ വരികള്‍ എടുത്ത്‌ അനാവശ്യമായ വിവാദത്തിലേക്ക്‌ വലിച്ചിഴച്ച്‌ രാഷ്ട്രീയ നേട്ടം കൊയ്യാനാണ്‌ ചില ആളുകള്‍ക്ക്‌ താല്‌പര്യം. എന്നാല്‍ ആശാന്‍ കവിതകളിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക്‌ അവയെല്ലാം തന്നെ അതിജീവനത്തിന്റെ കഥകളാണെന്ന്‌ മനസാലാക്കാം എന്ന്‌ ഗ്രന്ഥകാരി ഉദാഹരണസഹിതം പറയുന്നു. പ്രശസ്‌തരായ സമകാലികരുടെ വാക്കുകള്‍ കടംകൊണ്ട്‌ ആശാന്റെ കൃതികള്‍ അവരുടെ ദൃഷ്ടിയില്‍ എത്ര ഉന്നതമായ സ്ഥാനത്തായിരുന്നു എന്ന്‌ പറയുന്ന എഴുത്തുകാരി, മഹാകവി വള്ളത്തോളിന്റെ ആശാനോടുള്ള അനിഷ്ടവും ആശാന്‍ എങ്ങനെ അതിനോട്‌ പ്രതികരിച്ചു എന്നതും പില്‌ക്കാലത്ത്‌ ആശാന്റെ മരണശേഷം അതില്‍ അദ്ദേഹം പശ്ചാത്തപിച്ചതും ചേര്‍ത്തുവയ്‌ക്കുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എസ്‌എന്‍ഡിപി യോഗത്തിന്റെ സ്ഥാപക സെക്രട്ടറിയായി നീണ്ടകാലം ആ പ്രസ്ഥാനം കെട്ടിപ്പടുക്കാനും മറ്റുമായി ഓടി നടക്കുമ്പോഴും അവിടെ നിന്ന്‌ ലഭിച്ച ശമ്പളം പോലും അവിടത്തെ ആവശ്യങ്ങള്‍ക്ക്‌ ചെലവാക്കിക്കൊണ്ട്‌ തന്റെ കൃതികളിലൂടെ ലഭിച്ച പണം മാത്രം സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചു എന്ന്‌ ഗ്രന്ഥകാരി പറയുമ്പോള്‍ ഇന്നത്തെ പല സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നായകന്മാരുടെയും വിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു. 

നന്നേ ചെറുപ്പത്തില്‍ നാരായണഗുരുവില്‍ ആകൃഷ്ടനായ കുമാരനാശാന്റെ ജീവിതത്തില്‍ ഗുരുവിന്റെ സ്വാധീനം വളരെ വലുതായിരുന്നു. സ്‌ത്രീകളെയും ജാതിയില്‍ താഴെയുള്ള ആളുകളെയും സമഭാവനയോടെ കാണാന്‍ പ്രേരണയായത്‌ ഗുരുവില്‍ നിന്ന്‌ ലഭിച്ച അറിവില്‍ നിന്നാണ്‌. പ്രായത്തില്‍ കവിയെക്കാള്‍ വളരെ ഇളപ്പമായിരുന്ന ഭാര്യ ഭാനുമതിഅമ്മയുടെ വാക്കുകള്‍ തന്നെ കവിയുടെ സ്‌ത്രീകളോടുള്ള പരിഗണനയ്‌ക്ക്‌ ഉദാഹരണമായി ഗ്രന്ഥകാരി കുറിക്കുന്നു. നീന്തല്‍ നല്ല വശം ഉണ്ടായിരുന്നു കവിക്കെന്ന്‌ ഗ്രന്ഥത്തില്‍ ആദ്യം തന്നെ പറഞ്ഞുവയ്ക്കുന്ന ടീച്ചര്‍ കുമാരനാശാന്റെ മുങ്ങിമരണം വിവരിക്കുന്ന അവസാന അധ്യായത്തില്‍ ഇങ്ങനെ എഴുതുന്നു, “ജാതിക്കകത്തും പുറത്തും ആശാന്റെ സര്‍വനാശം ആഗ്രഹിച്ചവരും ഉണ്ടായിരുന്നല്ലോ. ആരെങ്കിലും കിട്ടിയ അവസരം മുതലാക്കിയോ എന്ന്‌ ആര്‍ക്കറിയാം…’
ഈ പുസ്‌തകത്തിന്‌ അവതാരിക എഴുതിയിരിക്കുന്നത്‌ പ്രൊഫസര്‍ ചന്ദ്രബാബുവാണ്‌. അതില്‍ അദ്ദേഹം പറയുന്നു, “ആശാന്റെ ജീവിതം ഒരു പുഴയുടെ മാത്രം ജീവിതമല്ല അത്‌ പല കൈവഴികളിലായി ഒഴുകിവന്ന നിരവധി പുഴകള്‍ ഒന്ന്‌ ചേര്‍ന്ന്‌ ഒരു കടല്‍ പോലെയാണ്‌.” പുസ്‌തക വായന ഈ വരികളെ അന്വര്‍ഥമാക്കുന്നു. കുമാരനാശാന്റെയും സമകാലികരായ കവികളുടെയും എഴുത്തുകാരുടെയും ഉദ്ധരണികളാല്‍ സമ്പന്നമാണ്‌ ഈ പുസ്‌തകം. വായനയെ അത്‌ ഹൃദ്യമാക്കുന്നു. ഗ്രന്ഥകാരി ധാരാളം വായിച്ചും പഠിച്ചും ഗവേഷണം നടത്തിയുമാണ്‌ ഈ പുസ്‌തകം പൂര്‍ത്തിയാക്കിയത്. പാലാഴിമഥനം പോലെ തനിക്ക്‌ കിട്ടിയ അറിവുകള്‍ മനനം ചെയ്‌തു കിട്ടിയ അമൃതാണ്‌ നമുക്ക്‌ കിട്ടിയ ഈ ഗ്രന്ഥം. 

കുമാരനാശാന്‍
(ജീവചരിത്രം)
നളിനി ശശിധരന്‍
പ്രഭാത് ബുക്ക് ഹൗസ്
250 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.