23 December 2024, Monday
KSFE Galaxy Chits Banner 2

കൃഷ്ണപിള്ള കണ്ടെടുത്ത കമ്മ്യൂണിസ്റ്റ് വിപ്ലവകാരി

പന്ന്യന്‍ രവീന്ദ്രന്‍
April 17, 2022 4:00 am

കുറുബ്രനാട് കോൺഗ്രസ് കമ്മിറ്റി ഓഫീസ് വടകര അടക്കാത്തെരുവിലുള്ള ഒരു പാണ്ടികശാലയുടെ മുകളിലായിരുന്നു. ആ ഓഫീസിൽ വച്ചാണ് കുമാരൻ മാസ്റ്റർ സഖാവ് പി കൃഷ്ണപിള്ളയെ കാണുന്നതും പരിചയപ്പെടുന്നതും. ആപരിചയം കുമാരൻ മാസ്റ്റർ പങ്ക് വയ്ക്കുന്നു.

“ഒരു പുഞ്ചിരിക്കുന്ന മനുഷ്യൻ കടന്നു വരുന്നത് ഞാൻ കാണുന്നു. ഓഫീസിൽ ഉള്ളവർക്കെല്ലാം സ്നേഹവും ബഹുമാനവും ഉള്ളയാൾ. ഞാൻ അദ്ദേഹത്തിന്റെ മുഖത്ത് ഉറ്റുനോക്കി. ഖദർ വേഷം, ചിതറിപാറിക്കളീക്കുന്ന തലമുടി, പരന്നനെറ്റി, അസാമാന്യമായ ബുദ്ധി ശക്തിയെ ദ്യോതിപ്പിക്കുന്ന കണ്ണുകൾ, പഞ്ചമിച്ചന്ദ്രനെപോലെയുള്ള പാൽ പുഞ്ചിരി, കറുത്തു

ശോഷിച്ച എല്ലിച്ച ശരീരം, നല്ല തലയെടുപ്പ്…”
പള്ളിക്കൂടം വാദ്ധ്യാരാണോ?

ആ കറുത്ത മനുഷ്യൻ എന്നെപ്പറ്റി അന്വേഷിച്ചു മനസ്സിലാക്കിയശേഷം കയ്യിലുണ്ടായിരുന്ന ആശാന്റെ ‘നളിനി’ വാങ്ങി മറിച്ചു നോക്കിയിട്ട് പറഞ്ഞു, ”കവിത വായിച്ചാൽ പോര രാഷ്ട്രീയ ഗ്രന്ഥങ്ങളും വായിക്കണം.” ശരി ഞാൻ സമ്മതിച്ചു.

ബാലഗംഗാധരതിലകനെയും ലാലാ ലജ്പത്റായിയെയും ഭഗത് സിംഗിനെയും ചന്ദ്രശേഖർ ആസാദിനെയും മറ്റും അറിയാൻ എനിക്ക് ഉത്തേജനം നൽകിയത് ഈ കൂടിക്കാഴ്ച ആയിരുന്നു. സരോജിനി നായ്ഡുവിനെയും ടാഗോറിനെയും ഞാൻ കൂടുതൽ ഇഷ്ടപ്പെട്ടു. വിപ്ലവകാരികളുടെ കഥകൾ കേട്ട് ഞാൻ രോമാഞ്ചം കൊണ്ടു സുഭാഷ് ചന്ദ്രബോസും മഹാത്മാഗാന്ധിയും, നെഹ്റുവും എന്റെ ആരാധ്യപുരുഷരായി. മനസ്സിൽ സ്ഥിരമായി പതിഞ്ഞവർ ഭഗത് സിംഗ്, രാജ്ഗുരു, സുദേവ് സിംഗ് എന്നീ ത്രിമൂർത്തികൾ. ഗാന്ധിയും നെഹ്റുവും സുഭാഷും ത്രിമൂർത്തികൾ തന്നെ. എന്റെ ബോധത്തിൽ മുൻപേ സ്ഥലം പിടിച്ച ടാഗോറും സരോജിനി ദേവിയും ആശാനും, വള്ളത്തോളും ചങ്ങമ്പുഴയും സഞ്ജയനും പിന്നെ കേളപ്പനും ഇവയൊക്കെയാണ് മനസിൽ പതിഞ്ഞ വ്യക്തികൾ, അഥവാ പ്രസ്ഥാനം.

ഈ നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്ന മനസിന്റെ വിശാലതയിൽ ഒരു കൊള്ളിമീൻ ഉദിച്ചിരിക്കുന്നു, ‘കൃഷ്ണപിള്ള.’ ആ കൃഷ്ണപിള്ളയുടെ കൺകോണിൽ നിന്ന് മറഞ്ഞു നിൽക്കാൻ, വലിയ വശ്യശക്തിയുള്ള ആ കണ്ണുകളിൽപ്പെടാതെ മാറിയിരിക്കാൻ ഞാൻ ഇരു വശവും നോക്കി മാറിയിരിക്കാനൊ നീങ്ങിയിരിക്കാനോ ഇടമില്ല സൗകര്യമില്ല.” (എം കുമാരൻ മാസ്റ്ററുടെ വരികളാണിത്).

കമ്മ്യുണിസ്റ്റ് പാർട്ടി പിണറായി പാറപ്പുറത്ത് രൂപീകരണത്തിന് വളരെ മുൻപ് തന്നെ കമ്മ്യൂണിസ്റ്റ് ആശയഗതിക്കാരായ ചെറുപ്പക്കാരെ സംഘടിപ്പിക്കുന്നതിനും വിവിധ തലങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പഠിച്ച് ആവശ്യമായ സംഘടനാ സംവിധാനങ്ങൾ ഒരുക്കുന്നതിനും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ലേബലിൽ സഖാവ് പി കൃഷ്ണപിള്ള കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നു. ആയിരത്തി തൊള്ളായിരത്തി മുപ്പത് കാലം മുതൽ അദ്ദേഹം നടത്തിയ അദൃശ്യ പ്രവർത്തനങ്ങൾ എല്ലാതലങ്ങളിലും കാണാം.

മലബാറിലെ കുടിയിന്മാരുടെയും ജനങ്ങളുടെയാകെയും ദുരിതമയമായ ജീവിതത്തിന് പരിഹാരം കാണാൻ പ്രക്ഷോഭ സമരങ്ങൾ ആരംഭിച്ചത് ഇതിന്റെ ഭാഗമാണ്. ‘അരിയും നെല്ലും ധാരാളം അറയിലിരുന്നു ചിരിക്കുമ്പോൾ നാഴിയരിക്കൊരു നാഴിക ദൂരം ക്യൂ നിന്നിലും കിട്ടാതായി” എന്ന വരികൾ അന്നത്തെ ദുരവസ്ഥ സൂചിപ്പിക്കുന്നു. പാവപ്പെട്ടവരുടെ ദൈന്യത നിറഞ്ഞ ജീവിതത്തിൽ പട്ടിണി മരണങ്ങൾ സർവസാധാരണമാണ്.” ഉരിയരിപോലും കിട്ടാനില്ല പൊന്നു കൊടുത്താലും ഉദയാസ്തമനം കടക്കുമുമ്പിൽ കാവൽ കിടന്നാലും” എന്ന സ്ഥിതി മദ്രാസിലുള്ള ബ്രിട്ടീഷ് ഭരണമേധാവികളെ അറിയിക്കാൻ പട്ടിണി ജാഥ നടത്താനുള്ള സംഘടനാ പ്രവർത്തനം സംഘടിപ്പിച്ചതും ജാഥാ ലീഡറായി എകെജിയെ നിശ്ചയിച്ചതും സഖാവ് കൃഷ്ണപിള്ളയായിരുന്നു ജാഥയ്ക്ക് വഴിയൊരുക്കാൻ സഖാക്കൾ കേരളീയനെയും ഭാരതീയ നെയും ചുമതലപ്പെടുത്തി.

ചരിത്രത്തിൽ രേഖപ്പെടുത്തിയ മലബാറിൽ നിന്ന് മദിരാശിയിലേക്ക് പോയ ‘പട്ടിണി ജാഥ’യാണ് പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വ്യാപനത്തിന് വഴിയൊരുക്കിയത്.
കൃഷ്ണപിള്ള കണ്ടെടുത്ത കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകരാണ് പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാക്കളായി മാറിയത്. ഇന്നത്തെ കേരളത്തിന്റെ വടക്കൻ മേഖലയായ മലബാർ ബ്രിട്ടീഷ് അധീനതയിലായിരുന്നു. വെള്ളക്കാരുടെ ആശ്രിതവൽസലന്മാരായ ജന്മിമാർ ഉഗ്രപ്രതാപത്തോടെ ഭരണയന്ത്രം തിരിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അക്രമപിരിവുകളും നീതി നിർവഹണവും സ്വന്തം നിലയിൽ നടത്തിയിരുന്ന ജന്മിമാർക്ക് എന്തും ചെയ്യുവാനുള്ള എൻഒസി നൽകപ്പെട്ടിരുന്നു.

പ്രതാപശാലികളായ ജന്മിമാർ കുടിയാന്മാമാരെ നാൽക്കാലികളെപ്പോലെയാണ് കണക്കാക്കിയിരുന്നത്. ജൂഡീഷ്യറിയും എക്സിക്യൂട്ടീവും ലജിസ്ട്രേച്ചറും എല്ലാം ജന്മിയുടെ നാവിൻതുമ്പത്തായിരുന്നു. വടക്കെ മലബാറിലെ പ്രമുഖ ജന്മിയായിരുന്നു കരക്കാട്ടിടം നായനാർ അദ്ദേഹത്തിന് സ്വന്തം പുരയിടത്തിൽ തന്നെ കഴുമരമുണ്ടായിരുന്നു. കുറ്റവാളികളായി ജന്മിതീരുമാനിച്ചാൽ തൂക്കി കൊല്ലുവാനുള്ള കഴുമരം അദ്ദേഹത്തിന്റെ കസ്റ്റഡിയിൽ തന്നെയുണ്ട്. അവിടെ പലരെയും ഇങ്ങിനെ തൂക്കി കൊന്നിട്ടുണ്ട്.
കൊല്ലും കൊലയും ക്രൂരമായ മർദ്ദനമുറകളും ബലാൽസംഗങ്ങളൂം ജന്മിമാരും അവരുടെ ആശ്രിതരും നിർബാധം നടത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് ആദ്യത്തെ കർഷകസംഘഘടകം നണിയൂരിൽ രൂപീകരിച്ചത്. ഇതിനെല്ലാം നേതൃത്വം കൊടുക്കാനാണ് സംഘം പ്രവർത്തനമാരംഭിച്ചത്. കേരളീയനും ഭാരതീയനും ആയിരുന്നു നേതൃത്വം നൽകിയിരുന്നത്. എന്നാൽ ഇതിന്റെ പിറകിൽ പി കൃഷ്ണപിള്ളയുടെ അദൃശ്യ നേതൃത്വവുമുണ്ടായിരുന്നു.

നാൽപതുകളിൽ മലബാർ പ്രദേശമാകെ തിളച്ചുമറിയുന്ന ഒരവസ്ഥയിൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ചുവടുപിടിച്ചുകൊണ്ടാണ് പോരാട്ടങ്ങൾ നടന്നത്. അന്നത്തെ പോരാട്ടങ്ങൾ ചരിത്രത്തിൽ മായാത്ത ഏടായിരുന്നു.

‘ഒരു കമ്മ്യൂണിസ്റ്റ് കർമ്മയോഗി’ എന്നപേരിൽ ടി കെ വിജയരാഘവൻ രചിച്ച എം കുമാരൻ മാസ്റ്ററുടെ ജീവിതകഥയിൽ ചേർത്തിരിക്കുന്ന മാസ്റ്ററുടെ കുറിപ്പുകളാണ് മുകളിൽ സൂചിപ്പിച്ചത്. 1918ൽ ജനിച്ചു എഴുപത് വയസ്സ് വരെ ജീവിച്ച എം കുമാരൻ മാസ്റ്റർ എന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ജീവിതം ത്യാഗസുരഭിലവും കടുത്ത യാതനകളിലും തളരാത്ത വിപ്ലവവീര്യം പ്രകടിപ്പിച്ച അപൂർവത നിലനിൽക്കുന്നതാണ്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് വളരെ ചെറുപ്പത്തിൽ തന്നെ അദ്ധ്യാപകനായി തുടങ്ങിയ ജീവിതം വാഗ്ഭടാനന്ദന്റെ സന്ദേശവും ചിന്തയും പരിശോധിച്ച് സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായി വളർന്നതിന്റെ സംഭവബഹുലമായ ചരിത്രമാണ് ഈ ചെറുഗ്രന്ഥത്തിലൂടെ ചുരുൾ നിവരുന്നത്.

മലബാറിലെ പാടങ്ങളിൽ പണിയെടുക്കുന്ന പാവപ്പെട്ട കാർഷിക തൊഴിലാളികളും പാട്ടക്കുടിയാന്മാരും കഴിഞ്ഞു കൂടിയ വേദനാജനകമായ ജീവിതത്തിന് പരിഹാരം കാണാനുള്ള സമരത്തിൽ തുടങ്ങി സ്വാതന്ത്ര്യ സമരത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പാതയിലും ഒരു പുരുഷായുസു മുഴുവൻ പോരാട്ടത്തിന്റെ ഭൂമിയിൽ ധീരനായി കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായി നിറഞ്ഞു നിന്ന വ്യക്തിത്വമാണ് എം കുമാരൻ മാസ്റ്ററുടേത്.

ചരിത്രത്തിൽ തിളങ്ങുന്ന വിപ്ലവ സമരമാണ് കൂട്ടാളി സമരം. സമരത്തിന്റെ നായകൻ കുമാരൻ മാഷും. ‘ചത്താലും ചെത്തൂം കൂത്താളീ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം തിളച്ചു പൊങ്ങിയത്. ഒരു കവി കൂടിയായ കുമാരൻ മാസ്റ്റർ കൂത്താളി സമരത്തിന്റെ ആവേശം വളർത്തിയെടുക്കാൻ അന്ന് രചിച്ച ‘കൂത്താളി ഒരു ഇതിഹാസം’ എന്ന കവിത
അന്ന് നാടിനെ ആവേശം കൊള്ളിച്ചിരുന്നു.

കൂത്താളി സമരത്തിൽ വെടിയേറ്റ് മരിച്ച ചോയിയെയും സമരത്തിൽ പങ്കെടുത്തു മർദ്ദനമേറ്റവരെയും കാരാഗൃഹത്തിൽ കഴിഞ്ഞവരേയും ഓർമ്മിച്ചു കൊണ്ടാണ് കവിത.
“നാൽപ്പത്തിയാറിലെ ചത്താലും
ചെത്തും കൂത്താളി”

ചെത്തൂവാനുള്ള സമരമുഖങ്ങളിൽ നൂറ്റി നാൽപത്തിനാല് ലംഘിച്ചു ജാഥയിൽ ഊറ്റുമായുണ്ടായിരുന്നു കുഞ്ഞോയിയും നാൽപ്പത്തി എട്ടിലെ സമരദിനങ്ങളിൽ നട്ടെല്ലുയർത്തിപ്പിടിച്ചവനാണവൻ. കുമാരൻ മാസ്റ്ററുടെ പടപ്പാട്ടുകൾ മലബാറിലെ കൃഷിക്കാരുടെ വിപ്ളവവീര്യത്തെ പ്രചോദിപ്പിച്ചു. കുമാരൻ മാസ്റ്റർ എംഎൻഎ ആയിരുന്നു.
പേരാമ്പ്രയെയും നാദാപുരത്തെയും പ്രതിനിധാനം ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിലെ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ മഞ്ചോനാഥ റാവു, കല്ലാട്ട് കൃഷ്ണൻ, എം കണാരൻ ഗോപാലൻകുട്ടി മേനോൻ, എം കെ കേളു തുടങ്ങിയ നേതാക്കളോടൊപ്പം പ്രവർത്തിച്ചു.

1964 ൽ പാർട്ടിയിൽ ഉണ്ടായ ഭിന്നിപ്പിന്റെ തുടർന്ന് പാർട്ടിയെ ശക്തമാക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ വളരെ പ്രധാനമായിരുന്നു. എം കുമാരൻ മാസ്റ്ററുടെ ജീവിതത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി-കർഷക സംഘടനകളും കെട്ടിപ്പടുത്ത് ജീർണ്ണിച്ച സാമൂഹിക വ്യവസ്ഥിതി തച്ചുടച്ച് പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നതിന് നടന്ന പരിശ്രമത്തെ കുറിച്ചും കലാ-സാഹിത്യ സംസ്കാരിക രംഗത്തെന്നപോലെ ബൗദ്ധികരംഗത്തും ആ വിപ്ലവകാരി നടത്തിയ ശക്തമായ ഇടപെടലുകളെ കുറിച്ചും പൂർണമായ അറിവ് നൽകുന്നതാണ് ഈ ജീവചരിത്രം (സത്യൻ മൊകേരി, അവതാരികയിൽ).

ഇത് ഒരു ചരിത്ര ഗ്രന്ഥം മാത്രമല്ല.
നാൽപതുകളിൽ ബ്രിട്ടീഷ് മലബാറിൽ നടന്ന ഐതിഹാസികമായ സമരങ്ങളിലേക്ക് വെളിച്ചം വീശുന്ന കൃതികൂടിയാണ്.
അവതരണശൈലി കൊണ്ടും രചനാ രീതി കൊണ്ടും ആരെയും ആകർഷിക്കുന്ന ഈ കൊച്ചു ഗ്രന്ഥം വായനയുടെ വഴികളിലേക്ക് ആരെയും നയിക്കുന്ന രചനാ രീതിയാണ് സ്വീകരിച്ചത്. രചനകൊണ്ട് പുസ്തകത്തെ വേറിട്ടു നിർത്തുകയാണ് ഗ്രന്ഥ കർത്താവ് ടി കെ വിജയരാഘവൻ.

ഒരു കമ്മ്യുണിസ്റ്റ് കർമ്മ യോഗി
ടി കെ വിജയരാഘവൻ
പ്രഭാത് ബുക്ക് ഹൗസ്
വില: 140 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.