5 December 2025, Friday

പുഷ്പസായകാ നിൻ തിരുനടയിൽ…

എം കെ നാരായാണമൂർത്തി 
October 26, 2025 6:00 am

നാളെ ഒക്ടോബർ 27. മലയാളിയെ പ്രണയിക്കാൻ പഠിപ്പിച്ച വയലാർ ഓർമ്മയായിട്ട് അമ്പത് വർഷങ്ങൾ. നാൽപ്പത്തിയേഴാം വയസിൽ വയലാറിന്റെ ഭൗതികശരീരം മലയാളിയെ അനാഥമാക്കി കടന്നുപോയെങ്കിലും ആ പേനയിൽ നിന്നുതിർന്ന ഗാനവൈഖരികൾ മലയാളമുള്ളിടത്തോളം കാലം ജീവിക്കും. മലയാളിയുടെ വിപ്ളവ മോഹങ്ങൾക്ക് വർണചിറകുകൾ നൽകിയ വയലാറിന്റെ “ബലികുടീരങ്ങളേ…” ഇപ്പോഴും ജനകോടികളെ സമരപുളകിതരാക്കുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് തിരുവനന്തപുരത്തെ പാളയത്ത് പണികഴിപ്പിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പാടാനാണ് വയലാർ ഈ ഗാനം രചിച്ചത്. 1957 ആഗസ്റ്റ് 14ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദായിരുന്നു രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്തത്. കെ എസ് ജോര്‍ജ്, കെപിഎസി സുലോചന, എല്‍ പി ആര്‍ വര്‍മ്മ, സി ഒ ആന്റോ, കവിയൂര്‍ പൊന്നമ്മ, ജോസ് പ്രകാശ്, കൊടുങ്ങല്ലൂര്‍ ഭാഗീരഥിയമ്മ, സുധര്‍മ, ബിയാട്രീസ്, വിജയകുമാരി, ആന്റണി എലഞ്ഞിക്കല്‍ തുടങ്ങിയ അറുപത് പേർ ചേർന്ന് അന്ന് ആലപിച്ച ഈ ഗാനം പെയ്തിറങ്ങിയത് ലോകമെങ്ങുമുള്ള മലയാളിയുടെ മനസിലേക്കായിരുന്നു. ദേവരാജൻ മാസ്റ്ററെന്ന സംഗീത കുലപതിയുടെ സംഗീതാവിഷ്ക്കാരത്തിൽ ബലികൂടീരങ്ങളെ പിറക്കുമ്പോൾ ഒരു ചരിത്രം പിറക്കുകയായിരുന്നു. കോട്ടയത്തെ ബെസ്റ്റ് ഹോട്ടലിൽ വച്ചായിരുന്നു വയലാർ ഈ ഗാനം എഴുതിയത്. അതിനും ഒരു കാരണമുണ്ട്. രക്തസാക്ഷി മണ്ഡപനിർമ്മാണവുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ ചുമതലക്കാരൻ പേന കൊണ്ട് സമരം തീർത്ത പൊൻകുന്നം വർക്കിയായിരുന്നു. കേരളത്തിലെ വിപ്ളവപ്രസ്ഥാനങ്ങൾ ഹിമഗിരി മുടികൾ കീഴടക്കിയെങ്കിൽ അതിലൊരു രക്തഗീതമായി ബലികൂടീരങ്ങളും തലയുയർത്തി നിൽക്കുന്നു. 

1962 ഒക്ടോബർ 27-ാം തീയതി വയലാർ തീർത്ത ഒരു സമരമുഖമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് മുമ്പ് വയലാറിൽ നടന്ന പതിനാറാമത് വയലാർ രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ വച്ച് വയലാർ ചൈനയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. അന്ന് ഇന്ത്യ‑ചൈന യുദ്ധകാലമായിരുന്നു. “മധുര മനോഹര മനോജ്ഞ ചൈന…” എന്നു തുടങ്ങുന്ന കവിത ചൈനീസ് അനുകൂലികൾ പാടി നടന്ന് പ്രചരിപ്പിച്ചപ്പോഴായിരുന്നു “ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ…” എന്ന് വയലാർ തിരുത്തിയത്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചൈന അനുകൂലികളും സോവിയറ്റ് യൂണിയൻ അനുകൂലികളും എന്ന രണ്ടു ചേരി രൂപപ്പെട്ടു വരുന്ന കാലമായിരുന്നു അത്. 1964 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് ശേഷം സിപിഐയോടൊപ്പം അടിയുറച്ച് നിന്ന വയലാറിനെ അരക്കവിയെന്നും കോടമ്പാക്കം കവിയെന്നും സിനിമാക്കവി എന്നുമൊക്കെ വിളിച്ചു ഒരു പറ്റം രംഗത്തെത്തിയപ്പോഴും വയലാർ കുലുങ്ങിയില്ല. ആ മനസിൽ നിന്നും ഗാനങ്ങളും കവിതകളും അനർഗളം പ്രവഹിച്ചു കൊണ്ടേയിരുന്നു. 

അദ്ദേഹം രചിച്ച പാട്ടുകളോളം പ്രസക്തമാണ് കവിതകളും. 1950 ൽ അദ്ദേഹം എഴുതിയ ‘കൊന്തയും പൂണൂലും’ എന്ന കവിത ഒന്നു മതി വയലാർ എന്ന കവിയുടെ ദീർഘദർശിത്വം മനസിലാക്കാൻ. അന്നും ഇന്ത്യൻ രാഷ്ട്രീയത്തെ മലീമസമാക്കിയിരുന്നത് പൂണൂലുകളും കൊന്തകളുമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ജാതി-മത ശക്തികൾ കാട്ടിക്കൂട്ടുന്ന വേണ്ടാതീനങ്ങൾ എഴുപത്തഞ്ച് വർഷങ്ങൾക്കിപ്പുറവും കിരാത നൃത്തമാടുന്നത് നാം കാണുന്നു. അതിലെ വരികൾ മനുഷ്യകുലം മായാത്ത കാലത്തോളം പ്രസക്തം തന്നെ.
“ഇതുകണ്ടോ; മന്ത്രമല്ലഴിമതികളറുത്തെറിയാന്‍ പുതിയൊരു ജീവിത ശാസ്ത്രഖഡ്ഗം വരികയാണിനി ഞങ്ങള്‍ കൊന്തകളും, പൂണൂലും വിരിയാത്ത മാനവ ഭാവനകള്‍,
പുതിയ യുഗത്തിന്റെ സന്ദേശവാഹകര്‍, പുതിയ സംസ്കാരത്തിന്‍ ഗായകന്മാര്‍!
വഴിവക്കില്‍ നിന്നൊന്നു മാറുക; ഞങ്ങള്‍ക്കു മുഴുമിക്കനുണ്ടിന്നൊ‘രശ്വമേധം!”

ഇനിയും മുഴുമിക്കാൻ സാധിക്കാത്ത ആ അശ്വമേധത്തിന് എന്നെങ്കിലും ഒരു വിരാമം ഉണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം. പക്ഷേ വയലാറിന്റെ ഉൾക്കാഴ്ച കാണാതെ പോകാൻ മലയാളിക്കും കാവ്യകൈരളിക്കും സാധിക്കുകയില്ല. “സ്നേഹിക്കയില്ല ഞാൻ. നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.” എന്ന് അസന്ദിഗ്ധമായി പ്രസ്താവിക്കാൻ വയലാറിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ വിപ്ളവബോധത്തിനപ്പുറം മാനവികതയോടുള്ള ഒരുമപ്പെടൽ കൊണ്ടാണ്. മനുഷ്യനെയുെ പ്രകൃതിയെയും അഗാധമായി സ്നേഹിച്ചിരുന്നു വയലാർ. താൻ വിശ്വസിക്കുന്ന രാഷ്ട്രീയം മനുഷ്യനെ ചേർത്തു പിടിക്കുന്നതാണെന്ന ഉത്തമവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതു കൊണ്ട് തന്നെ വയലാറിന്റെ മണ്ണിലേക്ക് പിറന്നു വീണ ഈ മനുഷ്യസ്നേഹിക്ക് സ്നേഹ ഗീതങ്ങൾ എഴുതാതിരിക്കാൻ ആകുമായിരുന്നില്ല. സിനിമാ ഗാനങ്ങൾക്ക് മാനവികതയുടെ മുഖം നൽകാൻ വയലാർ ബദ്ധശ്രദ്ധ പുലർത്തിയിരുന്നു. കാല്പനിക പ്രണയത്തിന്റെ പടപ്പാട്ടുകാരനായി മാത്രം അദ്ദേഹത്തെ കാണുന്ന ചില നിരൂപകർ മനപ്പൂർവം കാണാതെയിരിക്കുന്നത് അദ്ദേഹത്തിന്റെ മാനവികബോധത്തെയാണ്. വയലാർ രാമവർമ്മ നിരൂപക സർട്ടിഫിക്കറ്റുകൾക്ക് അപ്പുറത്തേക്ക് വളർന്നപ്പോൾ ഇത്തരം നിരൂപണങ്ങളും വിസ്മൃതിയിലാണ്ടു. 

തന്റെ കവിതാ കാലം തുടങ്ങുന്നതിന് മുമ്പ് പത്ര പ്രവർത്തനരംഗത്തും തിളങ്ങിയ ആളാണ് വയലാർ. ചേർത്തലയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ജനാധിപത്യം’ എന്ന പത്രത്തിന്റെ പത്രാധിപരായിരുന്നു വയലാർ. കേരളം കണ്ട മഹാപ്രതിഭകളായ ഒഎൻവിയും കാരൂർ നീകണ്ഠപ്പിള്ളയും എൻ വി കൃഷ്ണവാര്യരുമൊക്കെ ഈ പത്രത്തിലെ സ്ഥിരം എഴുത്തുകാരായിരുന്നു എന്നറിയുമ്പോഴാണ് നമ്മൾ അത്ഭുതപ്പെടുന്നത്. സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായിരുന്നു ‘ജനാധിപത്യം’ കേൾപ്പിച്ചിരുന്നത്. വയാലാർ രാമവർമ്മയിലെ കമ്മ്യൂണിസ്റ്റിനെ ഈ പത്രത്തിലെ ഓരോ അക്ഷരത്തിലും നമുക്ക് കാണാൻ കഴിയും. പൊതുജനങ്ങൾക്ക് ശബ്ദിക്കുന്നവരെ പൊതുധാരയിൽ നിന്ന് അകറ്റി നിറുത്തിയിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ എഴുത്തുകൾ പ്രത്യക്ഷ്യപ്പെടുന്നത്. ചെറുപ്പത്തിന്റെ ആവേശം ഒരു വലിയ കാരണമായിരുന്നിരിക്കാം. 

ജീവിതകാമനകളോട് സത്യസന്ധമായി പ്രതികരിച്ചിരുന്ന ആളായിരുന്നു വയലാർ. ആയിരത്തിലേറെ വരുന്ന തന്റെ ഗാനമുകുളങ്ങളിൽ ഇതിന്റെ എല്ലാ പ്രതിഫലനങ്ങളും കാണാം. സത്യസന്ധമായി ജീവിക്കുകയും എഴുതുകയും ചെയ്യുന്നത് ഏറെ ആയാസകരമാണ്. പക്ഷേ വയലാർ അവിടെയും ജയിക്കുക തന്നെ ചെയ്തു. ചങ്ങമ്പുഴയ്ക്ക് ശേഷം പ്രണയവും രതിയും ജീവിതമാണെന്ന് ഉദ്ഘോഷിച്ച മറ്റൊരാൾ കേരളക്കരയിൽ ഉണ്ടാകാനിടയില്ല. സലിൽ ചൗധരിയും ദേവരാജനും ആർ കെ ശേഖറും വി ദക്ഷിണാമൂർത്തിയും എം എസ് ബാബുരാജും എൽ പി വർമ്മയുമൊക്കെ ആ ജൈവചിന്തകൾക്ക് സംഗീതലേപനം നൽകി. മയിലാടും കുന്നിൽ പിറന്ന് മയിലാഞ്ചി കാട്ടിൽ വളർന്ന പെരിയാറിനെ മലയാളിയൊരു കാലിഡോസ്കോപ്പിക് വ്യൂവിൽ കാണുന്നത് വയലാറിന്റെ വരികളിലൂടെയാണ്. യേശുദാസ്, എസ് ജാനകി, പി ലീല, ബി വസന്ത, പി സുശീല, പി മാധുരി, ജയചന്ദ്രൻ, എ എം രാജ, ജിക്കി, കെ എസ് ജോർജ്, എം എൽ വസന്തകുമാരി, ശാന്താ പി നായർ, വസന്താ ഗോപാലകൃഷ്ണൻ, പി ബി ശ്രീനിവാസ്, മെഹബൂബ്, ലതാ രാജു, രേണുക, ആന്റോ, ഗ്രേസി മുതൽപേരായവരുടെ ശബ്ദമാധുരിയിൽ വയലാറിന്റെ വരികൾ പെറ്റു വീണപ്പോൾ അനുഗ്രഹീതമായത് കേരളക്കരയാണ്. ഓരോ വരിയുടെയും അർത്ഥാന്തരങ്ങൾ കേൾവിക്കാരിലേക്ക് ഇവർ ഉത്തരവാദിത്വത്തോടെ എത്തിച്ചു. കലയും കലാപവും പ്രണയവും വിരഹവും പദാനുപദം അവർ അനുവാചകരിലേക്ക് പകർത്തി.
“തേൻകിണ്ണം പൂങ്കിണ്ണം‌
താഴേക്കാട്ടിലെ
താമരക്കുളമൊരു തേൻകിണ്ണം”
എന്ന് വയലാർ എഴുതിയപ്പോൾ മലയാളി സമൂഹം അതേറ്റു പാടി ആനന്ദിച്ചു. സർഗ ചൈതന്യത്തിന്റെ വെളിപാടായിരുന്നു ആ വരികൾ. ഉദാഹരിക്കാൻ ഇനിയും എത്രയോ വരികൾ. ഈ സ്നേഹാലിംഗനത്തിൽ പെടാതിക്കാനും വേണ്ട മനോനിലയിലായിരുന്നില്ല അന്നത്തെ മലയാളി. ഇന്നും അങ്ങനെ തന്നെയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. “മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്ക് വച്ചു മനസ് പങ്ക് വച്ചു”
ഇത്ര സത്യസന്ധ്യമായി എഴുതാൻ ഒരേയൊരു വയലാറിനെ സാധിക്കൂ. മണ്ണിനെയും മനുഷ്യനെയും പങ്ക് വച്ച് എടുത്തവർക്കും ഇപ്പോഴും ആ നാണംകെട്ട പ്രവൃത്തി ചെയ്യുന്നവർക്കും വയലാർ നൽകിയ താക്കീയതായിരുന്നു ഈ വരികൾ. കോളാമ്പിയിൽ കേട്ട് കോരിത്തരിച്ചാൽ പോരാ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന ആ ആഹ്വാനത്തിന് മുന്നിൽ ശതകോടി പ്രണാമം.

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.