22 June 2024, Saturday

ഗൗരിയുടെ വീരപുരുഷൻ

ഡോ. ഉൻമേഷ് ശിവരാമൻ
June 16, 2024 3:57 am

വ്യക്തിയുടെ ജീവിതകഥയെന്ന നിർവചനത്തിനകത്തല്ല കേരളത്തിലെ ഇടതുപക്ഷ ആത്മകഥകൾ നിൽക്കുന്നത്. വ്യക്തി ജീവിതത്തിന്റെ ആവിഷ്കാരത്തിനൊപ്പം കേരളത്തെ രൂപപ്പെടുത്തിയ സമരചരിത്രങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാണവ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സവിശേഷമായ ഒരു കാലഘട്ടമുണ്ട് കെ ആ‍‍‍ർ ഗൗരിയമ്മയുടെ ആത്മകഥയിൽ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് അടിത്തറയിട്ട കർഷക സമരങ്ങൾ, സാമൂഹികാവസ്ഥ, സാമുദായിക ജീവിതഘടന, നവോത്ഥാന പ്രസ്ഥാനങ്ങളുടെ വളർച്ച എന്നിവയെല്ലാം ആത്മകഥയിൽ ഇടംനേടുന്നുണ്ട്. ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയ ഘടകങ്ങളെ കുറിച്ചുള്ള തന്റെ ബോധ്യവും വ്യക്തിപരതയിലൂന്നിയ വിമ‍ർശനവും ആത്മകഥയിൽ കാണാം. 

കുടുംബം പോലും വ്യക്തിപരതയിലൂന്നിയ ജീവിതസ്ഥാനമല്ല ഇടതുപക്ഷ പ്രവ‍ർത്തകർക്ക്. അന്നത്തെ സാമൂഹികഘടനയോട് ചേർത്തുവച്ചാണ് കുടുംബജീവിതത്തെ കെ ആർ ഗൗരിയമ്മയും ഉയർത്തിക്കാണിക്കുന്നത്. ഈഴവ സമുദായത്തിലെ പരിഷ്കരണശ്രമങ്ങൾ സൂചിപ്പിക്കുന്ന ആദ്യ അധ്യായം മുതൽ ടി വി തോമസിനെക്കുറിച്ച് സൂചിപ്പിക്കുന്ന മുപ്പത്തിയെട്ടാം അധ്യായം വരെ വ്യക്തി-സാമൂഹിക തലങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആദ്യഭാഗത്ത് വിശദീകരിക്കുന്നുണ്ട്. കുടുംബം ഇവിടെ ഒരു പ്രധാനഘടകമാണ്. അച്ഛനെയാണ് അതിന്റെ കേന്ദ്രസ്ഥാനത്ത് നിർത്തുന്നത്. അച്ഛൻ നടത്തുന്ന സമുദായപ്രവർത്തനങ്ങളെ പിൻപറ്റുന്ന ആത്മകഥാകാരിയെ കാണാം. വീട്/കുടുംബം ഇവിടെ സ്വകാര്യയിടമേയല്ല. സാമൂഹിക പരിഷ്കരണ യത്നങ്ങളുടെ കേന്ദ്രസ്ഥാനമാണ്. ഇത്തരത്തിലുള്ള നവോത്ഥാന മുന്നേറ്റങ്ങളുടെ കൂടി ചുവടുപിടിച്ചാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ചുവടുറപ്പിച്ചതെന്നാണ് കെ ആർ ഗൗരിയമ്മയുടെ രാഷ്ട്രീയ ബോധ്യം. ആഖ്യാനത്തിലെ അത്തരം സാമൂഹിക കർത‍ൃസ്ഥാനങ്ങളിലാണ് പലയിടങ്ങളിലും കെ ആർ ഗൗരിയമ്മയുടെ ആത്മകഥ നിലയുറപ്പിക്കുന്നത്. 

ഒട്ടേറെ കെട്ടുകഥകളും വ്യാജപ്രചാരണങ്ങളും നിറഞ്ഞതായിരുന്നു കെ ആർ ഗൗരിയമ്മ- ടി വി തോമസ് ബന്ധം. പിൽക്കാലത്ത് ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളിലുമായി പ്രവർത്തിക്കുമ്പോഴും അത്തരം പല ആഖ്യാനങ്ങളുമുണ്ടായി. കെ ആ‍ർ ഗൗരിയമ്മയുടെ ആത്മകഥ എല്ലാതരത്തിലുമുള്ള വ്യാജ നിർമ്മിതികൾക്കുള്ള മറുപടി കൂടിയാണ്. ഭർത്താവായ ടി വി തോമസിനെയല്ല, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ രൂപപ്പെടുത്തിയ ധീരനായ കമ്യൂണിസ്റ്റിനെയാണ് കെ ആർ ഗൗരിയമ്മയുടെ ആത്മകഥയിൽ കാണാൻ കഴിയുന്നത്. മൂന്ന് അധ്യായങ്ങൾ ഇതിനായി മാറ്റിവയ്ക്കുന്നുണ്ട്. പുന്നപ്ര‑വയലാർ സമരത്തിലേക്ക് നയിച്ച രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് ഗൗരിയമ്മ ടി വിയുടെ രാഷ്ട്രീയ ജീവിതത്തെ ഉയർത്തിക്കാണിക്കുന്നത്. ടി വി തോമസിന് എതിരെ ചിലർ ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടിയാണ് മുപ്പത്തിയാറാം അധ്യായം. 

”സഖാവ് ടിവിയെ പുന്നപ്ര‑വയലാർ സമരം കഴിഞ്ഞ് ഉടനെ ഒരുവിഭാഗം എതിരാളികൾ വിളിച്ചിരുന്നത് കുന്തത്തലവൻ ടി വി തോമസ് എന്നായിരുന്നു. പുന്നപ്ര‑വയലാർ സമരത്തോടനുബന്ധിച്ച് ഗവൺമെന്റ് റിക്കാർഡുകളിലും ഇതോടനുബന്ധിച്ചുള്ള കോടതി റിക്കാർഡുകളിലും പുന്നപ്ര‑വയലാറിന്റെ സമരനായകനെന്ന നിലയ്ക്കാണ് ടിവിയുടെ പേർ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു ചെറിയ വിഭാഗം പാർട്ടി മെമ്പർമാരും ചില പ്രത്യേക താല്പര്യക്കാരും പറഞ്ഞതും പ്രചരിപ്പിച്ചതും ഇന്നും പ്രചരിപ്പിക്കുന്നതും ടിവി പുന്നപ്ര‑വയലാർ സമരത്തിനെതിരായിരുന്നു എന്നാണ്.” (കെ ആർ ഗൗരിയമ്മ,2022:316)
പാർട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അതിന് പിന്നിലെന്ന് കെ ആർ ഗൗരിയമ്മ കുറ്റപ്പെടുത്തുന്നുണ്ട്. ടി വി തോമസ് തന്നെ പുറത്തിറക്കിയ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. ടി വി തോമസ് പുന്നപ്ര‑വയലാർ സമരത്തിന് എതിരായിരുന്നുവെങ്കിൽ എന്തിനാണ് ഭരണകൂടം അറസ്റ്റ് ചെയ്തതെന്ന കാതലായ ചോദ്യവും ആരോപണങ്ങൾക്ക് മറുപടിയായി ഉയർത്തുന്നുണ്ട്. ഒക്ടോബർ 28ന് തൊഴിലാളി സമരം പിൻവലിച്ചുകൊണ്ട് ടിവി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത് ഇപ്രകാരമായിരുന്നു. 

”പുന്നപ്ര‑വയലാർ സമര പ്രഖ്യാപനത്തെത്തുടർന്നുണ്ടായ എല്ലാ സംഭവവികാസങ്ങൾക്കും ഉത്തരവാദി ഞാനാണ്. നടന്ന എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തിരിക്കുന്നു. 28ന് പണിമുടക്ക് പിൻവലിച്ച ശേഷം ഒക്ടോബർ 29നുതന്നെ സഖാവ് ടി വി അധ്യക്ഷനായിരുന്ന കെഎസ്ടിയുസിയിൽ അഫിലിയേറ്റ് ചെയ്തിരുന്ന അതതു ട്രേഡ് യൂണിയനുകളെ തിരുവിതാംകൂർ ഗവൺമെന്റ് നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ചു. ഒക്ടോബർ 29ന് കാലത്ത് അനേക പട്ടാളവണ്ടികളുടെ അകമ്പടിയോടുകൂടി ടിവിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്തു.” (കെ ആർ ഗൗരിയമ്മ, 2022:316).
പുന്നപ്ര‑വയലാർ സമര പ്രഖ്യാപനത്തോട് ടി വി തോമസിന് നേരിയ എതിർപ്പുണ്ടായിരുന്നുവെന്നാണ് ജീവചരിത്രകാരനായ ടി വി കൃഷ്ണൻ പറയുന്നത്. കെ സി ജോർജിനെ ഉദ്ധരിച്ചാണ് അക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ, സമരത്തോടുള്ള എതിർപ്പല്ലായിരുന്നു അതെന്നും ചില പ്രത്യയശാസ്ത്ര ആശങ്കകൾ മാത്രമായിരുന്നുവെന്നും പിന്നീട് വ്യക്തമാക്കുന്നുണ്ട്. കെ സി ജോർജുമായി നടന്ന ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നുവെന്നാണ് ടി വി തോമസിന്റെ ജീവചരിത്രത്തിൽ പറയുന്നത്. എന്നാൽ, തന്റെ നിലപാടിൽ നിന്നുള്ള ടി വി തോമസിന്റെ പിന്മാറ്റമായി അതിനെ കാണാൻ ജീവചരിത്രകാരനും മുതിരുന്നില്ല. പാർട്ടി തീരുമാനത്തിന് കീഴ്പ്പെട്ട് അച്ചടക്കമുള്ള
ഒരു പ്രവർത്തകനായി മാറിയതാകാമെന്നാണ് നിരീക്ഷണം. അതായത് വിയോജിപ്പിന്റെ തലം അവിടെ ബാക്കിനിൽക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.
”പാർട്ടിയുടെ കേന്ദ്രനേതൃത്വവുമായി ആലോചിച്ച് സംയുക്ത ആക്ഷൻ കൗൺസിൽ പ്രവർത്തനങ്ങൾക്ക് മാർഗനി‍ർദേശം നൽകുന്നത് കെ സി ജോർജായിരുന്നു. പണിമുടക്കു തീയതി ചർച്ച ചെയ്തു തീരുമാനിക്കാൻ കെ സി വയലാറിലേക്ക് വന്നു. സമരക്യാമ്പുകൾ അപ്പോഴേക്കും സജ്ജമായിരുന്നു. കുമാരപണിക്കർക്ക് അതിനൊക്കെയുള്ള നേതൃത്വപാടവം ഒന്നു പ്രത്യേകമായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയായപ്പോൾ പിന്നെ ചെയ്യാനുണ്ടായിരുന്നത് കാഹളം മുഴക്കുകയെന്ന ചടങ്ങ് മാത്രമായിരുന്നു. കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് എന്ന നിലയിൽ ടി വി തോമസാണ് അത് നിർവഹിക്കേണ്ടത്. അദ്ദേഹത്തിന് അത് സമ്മതമായിരുന്നില്ല എന്നാണ് കെ സി പറയുന്നത്. വയലാർ ക്യാമ്പിൽ വിളിച്ചു, പണിമുടക്ക് പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് രാത്രി, ടി വിയുമായി കെ സി ദീർഘനേരം സംസാരിച്ചതിനു ശേഷമാണ് അവസാനം അങ്ങനെ ചെയ്യാൻ സമ്മതിച്ചതെന്നും കെ സി പറയുന്നുണ്ട്. ” (ടി വി കൃഷ്ണൻ, 2011: 115).
”വ്യക്തിഗതമായ ധാരണകൾക്കുപരി, അവ എത്രമേൽ ശക്തമായിരുന്നാലും, പാർട്ടി തീരുമാനങ്ങൾ അനുസരിക്കുകയെന്നതാണ് അച്ചടക്കമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പാർട്ടി ബോധം ആവശ്യപ്പെടുന്നത്. കെ സി ജോർജുമായുള്ള ചർച്ചയെത്തുടർന്ന് ടി വി തോമസ് ചെയ്തതും അതാണ്. തന്റെ കാഴ്ചപ്പാട് തെറ്റാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ടി വി അങ്ങനെ ചെയ്തതെന്ന് അർത്ഥമാക്കേണ്ടതില്ലെന്ന് ചുരുക്കം.” (ടി വി കൃഷ്ണൻ, 2011: 116).
പുന്നപ്ര‑വയലാർ സമരത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ടി വി തോമസ് ഏറ്റെടുത്തതായി കെ ആർ ഗൗരിയമ്മ ചൂണ്ടിക്കാണിക്കുന്നുണ്ട്. സമരത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക വഴി കൊലക്കയറാണ് മുന്നിലെന്ന് അറിയാമായിരുന്നിട്ടും ടി വി തോമസ് അതിന് മുതിർന്നത് ധീരനായിരുന്നത് കൊണ്ടാണെന്ന് ആത്മകഥയിൽ പറയുന്നുണ്ട്. വീരപരിവേഷത്തിലാണ് ടി വി തോമസിനെ ഈ കൃതിയിലുടനീളം അവതരിപ്പിക്കുന്നത്. ടി വി തോമസ് ധീരനായ കമ്മ്യൂണിസ്റ്റാണെന്നതിലാണ് കെ ആർ ഗൗരിയമ്മയുടെ ഊന്നൽ. സഹപ്രവർത്തകരെ രക്ഷിക്കാൻ പുന്നപ്ര‑വയലാർ സമരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ടി വി തോമസിനെ ധീര നേതാവായിട്ടാണ് കെ ആർ ഗൗരിയമ്മ അവതരിപ്പിക്കുന്നത്. വീരനായകനെന്ന പോലെ വർണിക്കുന്നുമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി വ്യക്തി കേന്ദ്രീകൃതമല്ലാതിരിക്കുമ്പോഴും കാലാകാലങ്ങളിൽ ചില നേതാക്കൾ
പാർട്ടിക്കപ്പുറത്തേക്ക് വളർന്നിട്ടുണ്ട്. പുന്നപ്ര‑വയലാറിന് ശേഷം ടി വി തോമസിന് കിട്ടിയത് അത്തരത്തിലുള്ള വീര പരിവേഷമായിരുന്നു. അറസ്റ്റിനെ കുറിച്ച് എഴുതുന്നത് ഇങ്ങനെ.
”ടി വി തോമസിനെ തൂക്കിലേറ്റുമെന്ന് നേരത്തേ വാർത്ത പരന്നിരുന്നു. ടിവിയും കുടുംബാംഗങ്ങളും ആ വാർത്ത നേരത്തേ അറിഞ്ഞിരുന്നു. ആ അറിവുണ്ടായിട്ടും ആയിരക്കണക്കിന് നഗരവാസികൾ നോക്കിനിൽക്കെ പട്ടാളവണ്ടിയിൽ തല ഉയർത്തിപ്പിടിച്ച് ജനങ്ങളുടെയും ശത്രുക്കളുടെയും മുന്നിലൂടെ ടിവി പട്ടാളവണ്ടിയിൽ ജയിലിലേക്ക് പോയി. അതാണ് ടി വി തോമസ്.
പുന്നപ്ര‑വയലാർ സമരം കഴിഞ്ഞ് പിടിക്കപ്പെടാത്ത തലമുതിർന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും ഇടത്തരം പ്രവർത്തകരും നാടുവിട്ട അവസരത്തിലും നാട്ടിലും വീടുകളിലും ജയിലുകളിലും കൊടിയ മർദനങ്ങൾ നടന്നുകൊണ്ടിരുന്ന അവസരത്തിലും പിരിച്ച കാശും കീശയിലാക്കി കടന്ന നേതാക്കൾ എന്ന് കോൺഗ്രസുകാർ പാടി നടന്നപ്പോഴും ടിവിയുടെ ധൈര്യത്തെ സംബന്ധിച്ചും പാർട്ടി വിധേയത്വത്തെ സംബന്ധിച്ചും ശത്രുക്കൾക്കുപോലും രണ്ടഭിപ്രായമില്ലായിരുന്നു.” (കെ ആർ ഗൗരിയമ്മ, 2022: 317).
പുന്നപ്ര‑വയലാർ സമരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ടി വി തോമസിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ജീവചരിത്രകാരൻ നിരീക്ഷിക്കുന്നുണ്ട്. ടി വി തോമസിന്റെ സഹപ്രവർത്തകനായ വി കെ കരുണാകരനെ ഉദ്ധരിച്ചുകൊണ്ടാണ് അക്കാര്യം ചേർക്കുന്നത്. ഉത്തരവാദിത്വം ഞാനേറ്റെടുത്താൽ എന്റെ രക്തം കൊണ്ട് ദിവാൻ തൃപ്തിപ്പെടും; മറ്റുള്ളവരെ രക്ഷിക്കുകയും ചെയ്യാം (ടി വി കൃഷ്ണൻ, 2011: 122) എന്ന് ടി വി തോമസ് പറഞ്ഞതായി രേഖപ്പെടുത്തി കാണുന്നുണ്ട്. അച്യുതമേനോന്റെ വിവരണങ്ങളെ മുൻനിർത്തിയും ടി വി തോമസെന്ന ധീരനായ കമ്യൂണിസ്റ്റിനെ ആവിഷ്കരിക്കുന്നുണ്ട്.
”ഏറ്റവും മികച്ച ചിത്രം ടി വി തോമസിന്റേതുതന്നെ. ഭംഗിയുള്ള ആ ഇരുണ്ടനിറവും ഒരു കായികതാരത്തിന്റേതുപോലെ വ്യായാമദൃഢമായ ശരീരവും ഒത്തപൊക്കവും കറുകറെകറുത്ത ഭംഗിയായി വകഞ്ഞുവച്ച ചുരുണ്ടമുടിയും സൈഡ് തുറന്ന് മുകളിൽ ബട്ടനിടാത്ത വെള്ള ജൂബ്ബയും-പൗരുഷ പൂർണമായ ആ ആകാരം. ബയനറ്റുറപ്പിച്ച നിറത്തോക്കുകളുമേന്തി പട്ടാളക്കാർ ചൂഴെനിന്നു. ആലപ്പുഴയിലെ തെരുവുകളിലൂടെ ആ പുരുഷ പുംഗവനെ നടത്തിക്കൊണ്ടുപോകുന്ന ഭീകരദൃശ്യം എന്റെ മനോമുകുരത്തിൽ പ്രതിഫലിച്ചു”(ടി വി കൃഷ്ണൻ, 2011: 117). 

രണ്ട് രീതിയിലാണ് കെ ആർ ഗൗരിയമ്മ ടി വിയെ അവതരിപ്പിക്കുന്നത്. വ്യക്തിജീവിതം പരാമർശിക്കുമ്പോൾ തന്നെ രാഷ്ട്രീയജീവിതവും ഉയർത്തിക്കാണിക്കുന്നുണ്ട്. മൂന്ന് അധ്യായങ്ങളാണ് അതിനായി മാറ്റി വയ്ക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ കാലത്ത് പഠനത്തിലും പാഠ്യേതര രംഗത്തും ഒരുപോലെ മികവ് പുലർത്തിയ വിദ്യാ‍ർത്ഥിയായിരുന്നു ടി വി തോമസെന്ന് വ്യക്തമാക്കുന്നുണ്ട്.
”ടി വിയുടെ വിദ്യാഭ്യാസം തുടങ്ങുന്നത് ലീയോ തേ‍ർട്ടീൻത് സ്കൂളിലാണ്. പ്രൈമറി മുതൽ പത്താംക്ലാസ് പാസാകുന്നതുവരെ ഈ സ്കൂളിലാണ് പഠിച്ചിരുന്നത്. ടിവിയുടെ ജ്യേഷ്ഠൻ ചാക്കോയും പഠിച്ചത് ഈ സ്കൂളിൽ തന്നെയായിരുന്നു. അദ്ദേഹം സ്കൂളിൽ അടക്കവും ഒതുക്കവുമുള്ള പ്രകൃതക്കാരനായിരുന്നു. എന്നാൽ അധ്യാപകരും വിദ്യാർത്ഥികളും ഒന്നുപോലെ അറിയുന്ന ആളായിരുന്നു ടി വി സ്കൂളിൽ. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ക്ലാസിലെ എല്ലാ കുട്ടികളെക്കാളും ചെറിയ കുട്ടിയായിരുന്നെങ്കിലും പഠിക്കാൻ ഒന്നാമനായിരുന്നു. പഠിക്കാൻ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും സ്പോർട്സിലും മറ്റാരേക്കാളും ടി വി മുന്നിലായിരുന്നു. ഫുട്ബോൾ ടിവിയുടെ പ്രത്യേക വിനോദമായിരുന്നു.” (കെ ആർ ഗൗരിയമ്മ, 2022: 319). ജീവിച്ചിരുന്ന കാലത്തെ സാമൂഹികാവസ്ഥയാണ് ടി വിയെ കമ്യൂണിസ്റ്റാക്കിയതെന്ന് കെ ആ‍ർ ഗൗരിയമ്മ നിരീക്ഷിക്കുന്നുണ്ട്. ജന്മിത്വ ക്രൂരത, ജാതിഭീകരത എന്നിവയ്ക്ക് എതിരായ സമരജീവിതം കൂടിയാണ് ടി വിയുടേതെന്ന് ആത്മകഥയിൽ എടുത്തുപറയുന്നുണ്ട്. ജീവിതാനുഭവങ്ങളിൽ കൂടി വളർന്ന കമ്മ്യൂണിസ്റ്റാണ് ടി വി തോമസെന്നും കൃതിയിൽ വ്യക്തമാക്കുന്നുണ്ട്. പലവഴികളിലൂടെയാണ് കേരളത്തിൽ കമ്യൂണിസ്റ്റ് മുന്നേറ്റം ഉണ്ടാകുന്നത്. കർഷക‑തൊഴിലാളി സമരങ്ങളിലൂടെ ശക്തിപ്പെട്ട സമരചരിത്രം കൂടിയുണ്ടതിന്. അത്തരം സമരങ്ങളുടെ കേന്ദ്രസ്ഥാനത്ത് ടിവിയെ പ്രതിഷ്ഠിക്കുന്ന ആത്മകഥാകാരിയെ കാണാം. 

”രണ്ടു ദശകത്തിൽ ടിവിയുടെ കുടുംബത്തിലും നാട്ടിലും നടന്ന മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ടിവി എന്ന നേതാവ് ജനിക്കുന്നത്. ബാല്യകാലത്ത് ടി വി എന്ന വ്യക്തിയെ കരുപിടിപ്പിക്കുവാൻ സാഹചര്യങ്ങളെങ്ങനെ കളമൊരുക്കിയെന്ന് മനസിലാക്കാവുന്നതേയുള്ളൂ. സാമൂഹികമായ സാമാന്യനീതികൾ നിഷേധിക്കപ്പെട്ടവരായിരുന്നു നിന്ദിതരും പാവപ്പെട്ടവരുമായ പിന്നാക്ക ദളിത് വിഭാഗങ്ങൾ. ടിവിയുടെ സമകാലികരായ തകഴിയുടെയും കേശവദേവിന്റെയും സുഗതൻ സാറിന്റെയും സമുദായ ജീർണതയ്ക്കെതിരായ പടവെട്ടൽ. പലരുടെയും ജീവിത വീക്ഷണങ്ങൾ കരുപ്പിടിച്ച കാലമായിരുന്നു അത്. കാലത്തിന്റെ പ്രത്യേകതകൾ ചിന്തിക്കുന്ന ചെറുപ്പക്കാരിൽ ഉളവാക്കിയ വിചാര വീക്ഷണങ്ങളാണ് കോൺഗ്രസും പിന്നീട് കമ്മ്യൂണിസ്റ്റുമാവാൻ ടി വിയെ പ്രേരിപ്പിച്ച ബാഹ്യചുറ്റുപാടുകൾ”(കെ ആർ ഗൗരിയമ്മ, 2022: 320).
ജനമനസുകളിൽ ഇടം നേടിയ നേതാവാണ് ടിവിയെന്ന് നിരവധി സംഭവങ്ങളെ മുൻനിർത്തി ഗൗരിയമ്മ വ്യക്തമാക്കുന്നുണ്ട്. എറണാകുളത്തെ പഠനകാല സമരചരിത്രം വിശദീകരിക്കുന്നിടത്ത് അതുപ്രകടമാണ്. എകെജിയുടെ നേതൃത്വത്തിലെത്തിയ ജാഥയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെ കുറിച്ച് ഗൗരിയമ്മ എഴുതുന്നത് ഇങ്ങനെയാണ്.
”ടിവിയും സഖാക്കളും പുറകിൽനിന്ന്, എറണാകുളത്ത് പഠിക്കുവാൻ തിരുവിതാംകൂറിൽ നിന്നുവന്ന വിദ്യാ‍‍‍ർത്ഥികളെ ചിലരെ മുൻനിർത്തി മറ്റു വിദ്യാ‍ർത്ഥികളെ അണിനിരത്തുകയായിരുന്നു. അങ്ങനെയാണ് സ്റ്റാ‍ർ പ്രസിലെ രാജനും മറ്റും വിദ്യാർത്ഥികളായ ഞങ്ങളെ ബന്ധപ്പെട്ട് സ്വീകരണയോഗങ്ങളിൽ പങ്കെടുപ്പിച്ചത്. ടി വി എവിടെയെല്ലാം ഏതൊക്കെ കാര്യത്തിനിറങ്ങിയാലും അദ്ദേഹത്തിന്റെ പ്രത്യേക പ്രകൃതിയും സ്വഭാവവും കാരണം കുറേ ആരാധകരെ സമ്പാദിച്ചിരുന്നു എന്നതാണ് വസ്തുത” (കെ ആർ ഗൗരിയമ്മ, 2022: 321).
കോൺഗ്രസ് സമരങ്ങളോടുള്ള ആഭിമുഖ്യവും അവിടെനിന്ന് കമ്മ്യൂണിസ്റ്റിലേക്കുള്ള ടിവിയുടെ പരിണാമത്തെയും സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട് കെ ആർ ഗൗരിയമ്മ. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയെ മുൻനിർത്തിയാണ് ആ മാറ്റമെന്ന് ഗൗരിയമ്മ ചൂണ്ടിക്കാണിക്കുന്നു. ടി വി തോമസിന്റെ പിതാവിനുണ്ടായിരുന്ന കോൺഗ്രസ് അഭിമുഖ്യത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ആദ്യം സിവിൽ സ‍‍ർവീസ് ഉദ്യോഗസ്ഥനായും അത് നടക്കാതിരുന്നപ്പോൾ അഭിഭാഷകനായും ടിവിയെ കാണാൻ വീട്ടുകാർ ആഗ്രഹിച്ചിരുന്നു. എന്നാൽ ടിവിയുടെ ജീവിതവഴി മറ്റൊന്നായിരുന്നു. ടിവിയുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ സാമൂഹികാവസ്ഥയോട് ചേർത്തുവച്ചാണ് കെ ആ‍ർ ഗൗരിയമ്മ വിശകലനം ചെയ്യുന്നത്. 

”ആദ്യത്തെ നിയമലംഘന പ്രസ്ഥാനം പിൻവലിച്ചശേഷം കോൺഗ്രസുകാരുടെ ഇടയിൽ കോൺഗ്രസ് സോഷ്യലിസ്റ്റുപാ‍ർട്ടി രൂപീകരിക്കുവാൻ കോൺഗ്രസ് നേതാക്കളെ പ്രേരിപ്പിച്ചു. അന്ന് വിദ്യാ‍ർത്ഥിയായിരുന്ന ടിവിയേയും അത് സ്വാധീനിക്കാതിരുന്നില്ല. അന്ന് തിരുവിതാംകൂറിലെ വിദ്യാ‍ർത്ഥികളുടെ ഇടയിൽ വലിയ തോതിൽ രാഷ്ട്രീയസമരങ്ങൾക്കുള്ള സംഘടന കടന്നുകയറിയിരുന്നെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യസമരവും അതിനോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളും ച‍ർച്ച ചെയ്യപ്പെട്ടിരുന്നു എന്നത് തീർച്ചയാണ്. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയുള്ള പ്രവർത്തനം, ത്യാഗം എന്നിവ അന്നത്തെ ചിന്തിക്കുന്ന ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാ‍ർത്ഥികളെ ആകർഷിച്ചിരുന്നു. ആ രാജ്യസ്നേഹം ടിവിയേയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളിയാവാൻ പ്രേരിപ്പിച്ചുകാണും”(കെ ആർ ഗൗരിയമ്മ, 2022: 323).
പുന്നപ്ര‑വയലാർ സമരത്തെ കുറിച്ചുള്ള ചർച്ചകളിൽ ഗൗരിയമ്മ ടിവിയെ അവതരിപ്പിക്കുന്നത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിട്ടാണ്. സമരത്തോട് വിയോജിക്കുന്ന നിലപാട് ടിവിക്കുള്ളതായി രേഖപ്പെടുത്തി കാണുന്നുമില്ല. പാർട്ടിയുടെ നിലപാടുതറയ്ക്കുള്ളിൽ നിൽക്കുമ്പോഴും ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള കമ്യൂണിസ്റ്റായിരുന്നു ടിവി എന്നുപറയാൻ ഗൗരിയമ്മ മടി കാണിക്കുന്നില്ല. തൊഴിലാളി സമരങ്ങളിലൂടെ വളർന്നുവന്ന ടിവിയെക്കുറിച്ചും ഗൗരിയമ്മ സൂക്ഷ്മമായി പറഞ്ഞുപോകുന്നുണ്ട്.
”പുന്നപ്ര‑വയലാർ സമരത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് തന്റെ അഭിപ്രായം എന്തുതന്നെയായാലും തന്റെ പാർട്ടിയുടെ അഭിപ്രായത്തിൽ തല ഉയർത്തിപ്പിടിച്ച് സിപിയുടെ പട്ടാളതേർവാഴ്ചയേയും പുച്ഛിച്ചുതള്ളി. ജനങ്ങളുടെ സ്വാതന്ത്ര്യ തീക്ഷ്ണതയുടെ പ്രതിരൂപമായി മാറിയ ടിവി ആലപ്പുഴയുടെയും തിരുവിതാംകൂറിന്റെയും ഇതിഹാസമായി മാറുകയാണുണ്ടായത്’ (കെ ആർ ഗൗരിയമ്മ, 2022: 332).
”ഞാൻ നേരത്തേ വിവരിച്ചതുപോലെ സഖാവ് ടിവിയെ പാർട്ടിയുടെ താത്വികാചാര്യനായല്ല കേരളത്തിലെ ജനങ്ങൾ വീക്ഷിച്ചിരുന്നത്. മറിച്ച്, തൊഴിലാളികളുടെ ധീരനായ ജനനേതാവായിട്ടായിരുന്നു” ( കെ ആർ ഗൗരിയമ്മ, 2022: 333).
ചുരുക്കത്തിൽ വ്യക്തിപരതയിലൂന്നിയല്ല കെ ആർ ഗൗരിയമ്മ ടി വി തോമസിനെ ആത്മകഥയിൽ അടയാളപ്പെടുത്തുന്നത്. സമരങ്ങളുടെയും പോരാട്ടങ്ങളുടെയും കേന്ദ്രസ്ഥാനത്താണ്. കുടുംബഘടനയ്ക്കകത്തല്ല ടിവിയുടെ സ്ഥാനം. ജനങ്ങളുടെ മനസിൽ ഇടംനേടിയ ധീരനായ കമ്യൂണിസ്റ്റായി ടിവി അവിടെ പരിണമിക്കുന്നുണ്ട്. അങ്ങനെ ആഖ്യാനത്തിലൂടെ ടി വി ഗൗരിയുടെ വീരപുരുഷനായി മാറുന്നു; ഒപ്പം പാർട്ടിയുടെയും ജനങ്ങളുടെയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.