27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 15, 2024
November 11, 2024
November 5, 2024
September 24, 2024
September 12, 2024
August 29, 2024
August 25, 2024
August 18, 2024
August 11, 2024

എന്തെന്നറിയാത്തൊരാരാധനയുടെ മൗനനൊമ്പരം

ഷർമിള സി നായർ
ഓര്‍മ്മയിലെ പാട്ട്
July 30, 2023 2:54 am

പഴയകാല പ്രണയങ്ങൾ എത്ര വിചിത്രമായിരുന്നു. “അവളൊന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിലെന്നാഗ്രഹിച്ച് വഴിവക്കിൽ കാത്തുനിന്നിരുന്ന കാമുകന്മാർ. കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് കടന്നുപോവുന്ന കാമുകിമാർ. മനസിലെ പ്രണയം പറയാനാവാതെ ഒടുവിലൊരുനാൾ ഇരുവഴി പിരിഞ്ഞുപോവുന്നവർ. മുപ്പത് വർഷത്തിനു ശേഷം കോളജ് റീയൂണിയന് കണ്ടുമുട്ടിയ പഴയ കൂട്ടുകാരിയെ നോക്കി
സ്നേഹമയൂരമേ നിൻ പദതാളം
ഞാൻ തേടുകയായിരുന്നു
ഇത്രനാൾ തേടുകയായിരുന്നു
എന്ന കൈതപ്രത്തിന്റെ വരികൾ പാടിയ സുഹൃത്തിനോട് ഞാൻ ചോദിച്ചു, ”ശരിയ്ക്കും ഇയാൾ അവളെ തേടിയിരുന്നോ?”
”ഉവ്വ്, മരിക്കുന്നതിന് മുമ്പ് എന്നേലും, ലോകത്ത് എവിടെയായാലും ഞാൻ ഉറപ്പായും അവളെ തേടി കണ്ടുപിടിക്കുമായിരുന്നു.” ആ മറുപടിക്കു മുന്നിൽ ലേശം പെണ്ണസൂയ തോന്നിയെനിക്ക്.

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഇതുപോലെ മറ്റൊരു കഥയിലൂടെ കടന്നുപോവേണ്ടി വന്നത്. പഴയ പ്രണയിനിക്ക് കൊടുക്കാൻ അയാൾ ഒരു സമ്മാനം എന്നെ ഏൽപ്പിക്കുന്നത്, അതും ജന്മനാളിൽ തന്നെ കൊടുക്കണമെന്ന അഭ്യർത്ഥനയോടെയായിരുന്നു. പ്രണയിനി എന്നു പറഞ്ഞാൽ പണ്ടെന്നോ മനസിൽ കൊണ്ടു നടന്നൊരിഷ്ട കഥയിലെ നായിക. കെ എസ് വിനോദിനിയുടെ പിറന്നാൾ മുപ്പത്തിയാറ് വർഷത്തിനു ശേഷവും ഓർക്കുന്ന വാനപ്രസ്ഥത്തിലെ കരുണാകരൻ മാഷിനെയാണ് അന്നേരം എനിക്കോർമ്മ വന്നത്. എന്നെ അത്ഭുതപ്പെടുത്തിയത് ആ പിറന്നാൾ സമ്മാനം ‘തീർത്ഥാടനം’ സിനിമയുടെ കാസറ്റാണെന്നതായിരുന്നു. ചെറുപ്പത്തിൽ ഇഷ്ടപ്പെട്ടിരുന്ന ഒരാൾക്ക് വർഷങ്ങൾക്ക് ശേഷം കൊടുക്കാൻ പറ്റിയ ജന്മദിന സമ്മാനം! ഇതിലും നല്ലത്, എം ടി യുട ‘വാനപ്രസ്ഥം’ കഥാ സമാഹാരമായിരുന്നുവെന്ന് പറഞ്ഞ് ഞാനയാളെ കളിയാക്കിയെങ്കിലും, ആ സമ്മാനം എനിക്കിശ്ശി പിടിച്ചിരുന്നു. അക്കഥയിൽ കഴമ്പില്ലായിരുന്നുവെന്നത് കാലം തെളിയിച്ച മറ്റൊരു കഥ. 

തീർത്ഥാടനം, എം ടി വാസുദേവൻ നായർ തന്റെ ‘വാനപ്രസ്ഥം’ എന്ന കഥയെ ആസ്പദമാക്കി രചിച്ച് ജി ആർ കണ്ണൻ സംവിധാനം നിർവ്വഹിച്ച് 2001 ൽ പുറത്തിറങ്ങിയ ചലച്ചിത്രം. സുഹാസിനിയെന്ന എന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടിക്ക് മികച്ച നടിക്കുള്ള ആ വർഷത്തെ സംസ്ഥാന അവാർഡ് നേടിക്കൊടുത്തു, കെ എസ് വിനോദിനിയെന്ന പട്ടാമ്പിക്കാരി. ജയറാമിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നിട്ടു കൂടി കരുണാകരൻ മാഷ് സംസ്ഥാന അവാർഡിനർഹമായതുമില്ല. തന്റെ അക്ഷരങ്ങളുടെ ആത്മാവറിഞ്ഞ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഈണം പകർന്നപ്പോൾ, കെ എസ് ചിത്രയുടെ ശബ്ദം സംഗീതത്തിന്റെ അനിർവചനീയമായ ആനന്ദത്തിലേക്ക് നമ്മെ കൈപിടിച്ചു നടത്തുകയായിരുന്നു. “എന്തെന്നറിയാത്തോരാരാധനയുടെ ആരോഹണസ്വരം പാടി…” കെ എസ് ചിത്ര നടന്നു കയറിയത് 2001 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലേക്ക്.

ഉപനിഷത് സമാനമെന്ന് മഹാകവി അക്കിത്തം വിശേഷിപ്പിച്ച കഥയാണ് എംടിയുടെ ‘വാനപ്രസ്ഥം.’ തീർത്ഥാടനം കണ്ടിറങ്ങിയപ്പോൾ, കഥയോട് നൂറു ശതമാനം നീതി പുലർത്താൻ സംവിധായകന് കഴിഞ്ഞിട്ടില്ലായെന്ന് തോന്നിയിട്ടുണ്ട്. കരുണാകരൻമാഷ് മുപ്പത്തിയാറു വർഷത്തിനുശേഷം പഴയ വിനീത ശിഷ്യ കെ എസ് വിനോദിനിയുടെ കത്ത് വായിച്ച് മൂകാംബികയിലെത്തുകയാണ്. മാഷിന് പ്രായം 61. ആരോഗ്യപ്രശ്നങ്ങളും കലശലായി അലട്ടുന്നുണ്ട്. സഹായത്തിന് അയൽ വീട്ടിലെ കുട്ടിയെ കൂട്ടിയാണ് ഭാര്യ വിടുന്നത്. പ്രണയത്തിനുമേൽ ദാമ്പത്യത്തിന്റെ കരുതൽ ചിറകുവിരിക്കുന്നില്ലേയെന്ന് തെല്ലിട ചിന്തിച്ചുപോവും. അങ്ങനെ ചിന്തിക്കാൻ പാടില്ല, പ്രണയം യുക്തിരാഹിത്യം ആവശ്യപ്പെടുന്ന ഒന്നാണല്ലോ. 

ദർശനത്തിനിടയിൽ വിനോദിനിയെ തിരയുന്നുണ്ട് മാഷിന്റെ കണ്ണുകൾ. “ഒരുപക്ഷേ, വന്നിരിക്കില്ല” എന്ന നിരാശയോടെ ദർശനംകഴിഞ്ഞ് മടങ്ങാൻ തുടങ്ങുമ്പോഴാണ് യാദൃച്ഛികമായി അവർ കണ്ടുമുട്ടുന്നത്. കണ്ടുമുട്ടിയത് ഭഗവതിയുടെ അനുഗ്രഹമാണെന്ന് വിനോദിനി. വിനോദിനി മദിരാശിയിലെ ഒരു സ്കൂളിൽ ചുരുങ്ങിയ ശമ്പളത്തിന് ജോലിചെയ്യുകയാണ്. സമ്പത്തും പ്രതാപവും നഷ്ടമായി. ജാതകദോഷം കാരണം വിവാഹവും നടന്നില്ല. സംസാരമധ്യേ വിനോദിനി ചോദിക്കുന്നു, “മാഷ് കുടശാദ്രിയിൽ പോയിട്ടുണ്ടോ?” തുടർന്ന് അനാരോഗ്യം മറക്കുന്നു മാഷ്. ഒരു ജീപ്പ് ഏർപ്പാടാക്കി അവർ കുടജാദ്രിയിലേക്ക് തിരിക്കുന്നു. വിനീത ശിഷ്യയ്ക്കൊപ്പമുള്ള യാത്രയ്ക്കിടയിൽ മാഷിന്റെ മനസ് പഴയകാലത്തേക്ക് പിൻമടങ്ങുന്നു. പട്ടാമ്പി ഹൈസ്കൂളിൽ പഠിപ്പിക്കുന്ന കാലത്ത് കെ എസ് വിനോദിനി എന്ന വിദ്യാർഥിനിയോട് തോന്നിയ ഒരിഷ്ടം. അവൾക്കും വല്യ ഇഷ്ടമായിരുന്നു. സ്കൂൾ വാർഷികത്തിന് നിറഞ്ഞ സദസിനു മുന്നിൽ നിന്ന് കെ എസ് വിനോദിനി (മോണിക്ക) പാടുകയാണ്. സ്റ്റേജിനു പിന്നിൽ പാതി മറഞ്ഞു നിന്ന് പ്രണയാതുരനായി വിനോദിനിയെ നോക്കി നിൽക്കുന്ന കരുണാകരൻ മാഷ് (ജയറാം).
പൂവുകൾ കൊഴിയാത്ത
സ്വപ്നങ്ങൾ മായാത്ത
പാർവണപ്രമദവനത്തിൽ
ആയിരം തോഴിമാർ ആലാപനം ചെയ്യും
അസുലഭ രജനീവനിയിൽ
കവികല്പനയുടെ മായാഗോപുരനടയിൽ
നീയെന്തേ മറഞ്ഞുനിന്നു…
എന്തെന്നറിയാത്ത ഭയം കാരണം മനസിൽ തോന്നിയ ഇഷ്ടം പറയാൻ കഴിഞ്ഞില്ല രണ്ടാൾക്കും. പിന്നീടെപ്പോഴോ പറഞ്ഞുവിട്ട സുഹൃത്തിനെ അധിക്ഷേപിച്ചയച്ചു വിനോദിനിയുടെ പ്രതാപിയായ അച്ഛൻ. പക്ഷേ, മുത്തശ്ശനായിട്ടും ആ ഇഷ്ടം പറിച്ചു കളയാനായിട്ടില്ല മാഷിന്. എന്തെന്നറിയാത്തൊരാരാധന. മുടി രണ്ടായി പിന്നിയിട്ട ഒരു പാവാടക്കാരി ഓർമ്മയിലോടി നടക്കാറുണ്ട് ഇടയ്ക്കിടെ.
കണ്ണടച്ചിരുന്ന് ഈ ഗാനമൊന്നു കേട്ടു നോക്കൂ. വിനോദിനിയോ കരുണാകരൻ മാഷോ, വരികളോ, സംഗീതമോ മനസിൽ തെളിയുന്നേയില്ലല്ലോ. നിറഞ്ഞ ചിരിയോടെ മൈക്കിനു മുന്നിൽ നിന്ന് പാടുന്നത് മലയാളത്തിന്റെ വാനമ്പാടി തന്നെയല്ലേ? വരികളും സംഗീതവും ചിത്രീകരണവും അപ്രത്യക്ഷമാവുന്ന ജാലവിദ്യ. പ്രണയമായ്, വിഷാദമായ്, വിരഹമായ്, താരാട്ടായ്, ഭക്തിയായ്… പല പല ഭാവങ്ങളിൽ മലയാളിയുടെ ദിനങ്ങളെ തൊട്ടുണർത്തുന്ന ആ മാന്ത്രിക ശബ്ദത്തിനുമുന്നിൽ മറ്റെല്ലാം നിഷ്പ്രഭം. അറുപതാം വയസിലും പഴക്കമേറും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെ ആ ശബ്ദം കാതിൽ തേൻമഴയായ് പെയ്തിറങ്ങുന്നു. ചക്രവാകങ്ങളായി ആ ചിത്രഗീതത്തിനൊപ്പം പ്രണയാകാശത്തിലേക്ക് നമ്മളും പറന്നുയരുന്നു.
ഇനിയും തുറക്കാത്ത പുൽക്കിളിക്കൂ‍ടു ഞാൻ
നിനക്കായ് തുറന്നു തരാം
ചക്രവാളത്തിന്റെ പൊന്നോലപ്പന്തലിൽ
ചക്രവാകങ്ങളായ് പറന്നുയരാം
കുടജാദ്രിയിലെത്തിയ മാഷിനേയും വിനീത ശിഷ്യയേയും ഭട്ടരുടെ കുടുംബം ദമ്പതിമാരായി ധരിച്ച് ദമ്പതീപൂജ ചെയ്യുന്നു. അവർക്കായി ഒരുമുറിയിൽ കിടക്ക വിരിക്കുന്നു. ദമ്പതിമാരായി അംഗീകരിക്കപ്പെട്ട് ഒരുദിവസം കഴിയാനായത് “മുജ്ജന്മത്തില് അങ്ങനൊരു യോഗമുണ്ടാവു” മെന്ന് പറയുന്നുണ്ട് വിനോദിനി. ഇത്തരം നിയോഗങ്ങളിലൂടെ ചിലരെങ്കിലും ചിലനേരം കടന്നുപോയിട്ടുണ്ടാവില്ലേ?
പണ്ടൊരു നവരാത്രി കാലത്ത് കുടുംബസ്ഥരായ കൂട്ടുകാർ നാട്ടിൽ പോയപ്പോൾ തനിയെ ആവാൻ, വേലക്കാരൻ ചെറുക്കന് സിനിമ കാണാൻ രണ്ടുറുപ്പിക കൊടുത്ത്, “ഞാൻ തനിച്ചാണ് വിനോദിനി വരൂ” എന്ന് പറയാൻ ധൈര്യമില്ലാതെ, “ഞാൻ പോകുന്നില്ല കുട്ടിക്ക് സംശയം വല്ലതുമുണ്ടെങ്കിൽ ശനിയാഴ്ച വന്നോളൂ. പറഞ്ഞു തരാം” എന്നു പറഞ്ഞ യുവാവിൽ നിന്നും പുതപ്പിൽ പുറത്തേക്ക് നീണ്ടുകിടക്കുന്ന അവളുടെ കൈത്തലം തടവിക്കൊണ്ട്, “വിനു ഉറങ്ങിക്കോളൂന്ന് പറയുന്ന വൃദ്ധനിലേക്കുള്ള യാത്രയാണ്” വാനപ്രസ്ഥം. ആ രാത്രിയിൽ, ഉണങ്ങിയ ആ രൂപത്തിന്റെ സ്ഥാനത്ത് മുടി രണ്ടായി പിന്നിയിട്ട ആ പഴയ പാവാടക്കാരിയെ അയാൾ കാണുന്നില്ല. പ്രണയത്തിന്റെ ഉദാത്തതയും ഭൗതികാസക്തികളുടെ നിരർത്ഥകതയും എത്ര മനോഹരമായി വരച്ചിടുന്നു എംടി തന്റെ മാസ്റ്റർപീസായ ‘വാനപ്രസ്ഥം’ എന്ന കഥയിൽ. ഉപനിഷത്തിന് സമാനമെന്ന് മഹാകവി അക്കിത്തം സാക്ഷ്യപ്പെടുത്തിയ കഥ സിനിമയായപ്പോൾ ഏറെ പ്രതീക്ഷയോടെയായിരുന്നു കാണാൻ പോയത്. പിന്നീടെത്രയോ തവണ കണ്ടിരിക്കുന്നു. ഓരോ കാഴ്ചയിലും അടുത്ത നിമിഷം ‘വാനപ്രസ്ഥം’ വായിച്ചു പോവുന്നതെന്തായിരിക്കും. കഥയോളമെത്താൻ സിനിമക്കായില്ലന്നതു തന്നെയാണ്. 

പ്രണയത്തെ ഇത്രമേൽ ഉദാത്തവും തീവ്രവുമായി ചിത്രീകരിച്ചിട്ടുള്ള മറ്റൊരു കഥയുണ്ടാവില്ല മലയാളത്തിൽ. എന്നാൽ സിനിമയിലെത്തുമ്പോൾ കലശലായ നെഞ്ചുവേദന വരുന്ന സമയത്ത്, ബോധത്തിനും അബോധത്തിനുമിടയിൽ മാഷ് പല പ്രാവശ്യം വിളിക്കുന്ന പേര് അമ്മൂട്ടിയുടേതും. ദാമ്പത്യത്തോളം ആഴമുണ്ടാവില്ല പ്രണയത്തിനെന്ന തിരിച്ചറിവിലാണോ ‘തീർത്ഥാടന’ത്തിലെ വിനോദിനിയുടെ കണ്ണുകൾ നിറയുന്നത്. പണ്ടവൾ സ്കൂൾ വാർഷികത്തിന് പാടിയതുപോലെ, “തൂവൽക്കനവുകൾ കൊണ്ടു മൂടിയ സങ്കല്പമായ് ഓമനിക്കാൻ” മാത്രമാണവളുടെ യോഗം.
മനസിലെവിടെയോ കെ എസ് വിനോദിനി അവശേഷിപ്പിച്ച ഈ നോവുതന്നെയാവില്ലേ ഏറെ ജനപ്രിയമല്ലാതിരുന്നിട്ടും ഈ പാട്ടെന്റെ പ്രിയപ്പെട്ടതായതിനു പിന്നിൽ. മുടിയിൽ പൂവുചൂടി, ധാവണി ചുറ്റിയ കെ എസ് വിനോദിനിയാണ് ഇപ്പോൾ മനസിൽ. പട്ടാമ്പി ഗവ. ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നിന്നും ആ ശബ്ദം ഒഴുകിയെത്തുന്നു.
എന്തെന്നറിയാത്തൊരാരാധനയുടെ
ആരോഹണസ്വരം പാടി
സ്നേഹമയൂരമേ നിൻ പദതാളം
ഞാൻ തേടുകയായിരുന്നു
ഇത്രനാൾ തേടുകയായിരുന്നു -
‘എന്നോട് മടുപ്പു തോന്നുന്നുണ്ടോ‘ന്ന് ചോദിക്കുന്ന ടി പത്മനാഭന്റെ ഗൗരിയേയും, ‘നമ്മൾ മനുഷ്യരല്ലേ മണ്ണുകൊണ്ടുണ്ടാക്കിയതല്ലല്ലോ‘യെന്ന് പറയുന്ന ഉറൂബിന്റെ രാച്ചിയമ്മയെയും
‘ചെറിയ ചെറിയ കള്ളങ്ങൾ പറയുന്നതു കൊണ്ട് ആർക്കും ദോഷമൊന്നും വരണില്യാലോന്ന്’ പറയുന്ന കെ എസ് വിനോദിനിയേയുമൊക്കെ ജീവിതയാത്രയുടെ ഏത് വളവിലായിരുന്നു ഞാൻ കണ്ടുമുട്ടിയത്?

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.