
കാലം 1989. കേരളാ യൂണിവേഴ്സിറ്റി യുവജനോത്സവം നടക്കുകയാണ്. വേദിയിൽ നിന്നുയരുന്ന ശ്രുതിമധുരമായ സ്വരം.
”സംഗീത നവരത്ന വീണമീട്ടൂ…
എന്റെ സങ്കല്പ ശ്രീകോവിൽ നടതുറക്കൂ…”
പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ പ്രശസ്തമായ ലളിതഗാനം. മൈക്കിനു മുന്നിൽ നിന്ന് നീണ്ട് മെലിഞ്ഞ ഒരു പയ്യൻ പാടുന്നു. മാർ ഇവാനിയോസ് കോളജ് വിദ്യാർത്ഥിയാണ്. പേര് റെജു ജോസഫ്. പാട്ട് തീർന്നപ്പോൾ നീണ്ട കരഘോഷം. ഇയാൾക്ക് തന്നെയാവും ഒന്നാം സമ്മാനമെന്ന് കാണികൾ ഒന്നടങ്കം പറഞ്ഞു.
കാണികളുടെ വിലയിരുത്തൽ ശരിയായിരുന്നു. ലളിതഗാനത്തിന് ആ വർഷം ഒന്നാം സമ്മാനം റെജുവിനായിരുന്നു. പിന്നീടങ്ങോട്ട് ആറ് വർഷം തുടർച്ചയായി കേരള യൂണിവേഴ്സിറ്റി യുവജനോത്സവ വേദിയിൽ ആധിപത്യം തുടർന്നു റെജു. അതിൽ നാല് തവണയും ലളിത സംഗീതത്തിന് ഒന്നാം സ്ഥാനം. യുവജനോത്സവ വേദികൾ കീഴടക്കിയ ഈ സംഗീത പ്രതിഭ മലയാള പിന്നണി ഗാനലോകത്തേയ്ക്ക് നിറസാന്നിധ്യമായി എത്തുമെന്ന് പ്രതീക്ഷിച്ചവർ നിരവധി. പക്ഷേ, ആ ഗായകന് പിന്നീടെന്ത് സംഭവിച്ചു?
******************************
പുരാവസ്തു വകുപ്പ് മുൻ സൂപ്രണ്ടായിരുന്ന പരേതനായ എക്സ്. ജോസഫിന്റെയും ഹൗസിങ് ബോർഡ് എൻജീനിയർ ആയിരുന്ന പരേതയായ മേരി ചാക്കോയുടേയും മകനായി തിരുവനന്തപുരത്ത് ജനനം. ക്രൈസ്റ്റ് നഗർ സ്കൂളിലും പട്ടം സെന്റ് മേരീസ് സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് മാർ ഇവാനിയോസ് കോളജിലും, ലോ അക്കാദമിയിലുമായി ഉപരിപഠനം.
കുഞ്ഞ് റെജുവിലെ സംഗീത താല്പര്യം കണ്ടെത്തിയത് അമ്മയും അച്ഛനും തന്നെയായിരുന്നു. എപ്പോഴും പാട്ടുകേൾക്കുന്ന, മൂളിപ്പാട്ട് പാടി നടന്നിരുന്ന ആ ഏഴു വയസുകാരനെ അങ്ങനെയാണ് തരംഗിണി സ്കൂളിൽ ഗാനഭൂഷണം കോഴ്സിന് ചേർക്കാനായി കൊണ്ടുപോവുന്നത്. ഏഴാം വയസിൽ തുടങ്ങിയാൽ 11 വയസിൽ ഗാനഭൂഷണം കോഴ്സ് കഴിയും. പക്ഷേ 15 വയസാവാതെ പരീക്ഷ എഴുതാനാവില്ല. 11 വയസിൽ കോഴ്സ് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാമെന്ന വ്യവസ്ഥയിൽ പ്രത്യേക താല്പര്യമെടുത്ത് സാക്ഷാൽ ഗാനഗന്ധർവൻ യേശുദാസ് തന്നെയാണ് ഇന്റർവ്യൂ നടത്തി റെജുവിന് തരംഗിണിയിൽ അഡ്മിഷൻ നൽകിയത്.
അന്നപൂർണേശ്വരിയും പെരുമ്പാവൂർ ജി രവീന്ദ്രനാഥും ആയിരുന്നു ആദ്യകാല ഗുരുക്കന്മാർ. തുടർന്ന് ചേർത്തല ഗോപാല നായർ, നെല്ലായി. ടി വി കൃഷ്ണമൂർത്തി, മാമംഗലം മധുസൂദനൻ, എൻ പി രാമസ്വാമി തുടങ്ങി നിരവധി സംഗീതജ്ഞരുടെ കീഴിൽ കർണാടക സംഗീതം പഠനം തുടർന്നു. കൂടാതെ രമേഷ് നാരായണൻ, ഉസ്താദ് ഫയാസ്‌ഖാൻ എന്നിവരിൽനിന്നും ഹിന്ദുസ്ഥാനിയും ഹൃദ്യസ്ഥമാക്കി. എറണാകുളത്ത് താമസം മാറ്റിയ ശേഷം മാമങ്കലം എം ആർ മധുസുദനൻ മേനോൻ, എൻ പി രാമസ്വാമി തുടങ്ങിയവരുടെ കീഴിൽ കർണാടകസംഗീത പഠനവും തുടർന്നു. വർഷങ്ങൾ നീണ്ട സംഗീതപഠനം.
മത്സരങ്ങൾ റെജുവിനെന്നും ഒരു ഭ്രമമായിരുന്നു. ഗസലുകൾ കേട്ടുറങ്ങിയിരുന്ന രാത്രികളിൽ ലളിത ഗാനത്തിന് എങ്ങനെ മാറ്റുകൂട്ടാമെന്നത് മാത്രമായിരുന്നു റെജുവിന്റെ ചിന്ത. നിരവധി അപൂർവ രാഗങ്ങളിലൂടെയുള്ള ആ യാത്ര ലളിത ഗാനമത്സരങ്ങളിൽ സഹായകമായിട്ടുണ്ടെന്ന് റെജു ഓർക്കുന്നു. അതുകൊണ്ടുതന്നെ മത്സരങ്ങളിൽ പലപ്പോഴും ഒന്നാം സ്ഥാനം തന്നെ കിട്ടിയിരുന്നു. അധികം വൈകാതെ സ്കൂൾ, യൂണിവേഴ്സിറ്റി യുവജനോത്സവ വേദികളിലെ സ്ഥിര സാന്നിധ്യമായി റെജു മാറി. തുടർച്ചയായി ആറു വർഷം കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ലളി ഗാന മത്സരവിജയി. അതിൽ നാലു തവണയും ഒന്നാം സ്ഥാനം. ആറ് വർഷത്തോളം ഗസലിൽ കേരള ഹിന്ദി പ്രചാര സഭയുടെ സംസ്ഥാനതല വിജയിയും ആയിരുന്നു. ഒരുപക്ഷേ യുവജനോത്സവ വേദികളിലെ റെജുവിന്റെ റെക്കോഡ് മറ്റാരും മറികടന്നിട്ടുണ്ടാവില്ല.
***************************************
യുവജനോത്സവ വേദിയിൽ തിളങ്ങി നിൽക്കുമ്പോഴും പിന്നണി ഗാനരംഗത്തേയ്ക്ക് അവസരങ്ങളൊന്നും തന്നെ തേടി വന്നില്ലെന്ന് റെജു. ഇന്നത്തെ കുട്ടികൾക്ക് കിട്ടുന്നതുപോലുള്ള അവസരങ്ങൾ അന്ന് നന്നേ കുറവായിരുന്നല്ലോ. എന്നാൽ 18 വയസിൽ തികച്ചും യാദ്യച്ഛികമായാണ് വലിയൊരവസരം റെജുവിനെ തേടിയെത്തുന്നത്.
യശ്ശശരീരനായ സംവിധായകൻ പി എ ബക്കർ ആയിരുന്നു ആ അവസരം ഒരുക്കിയത്. തന്റെ അടുത്ത സുഹൃത്തായിരുന്ന ദേവരാജൻ മാഷിന് റെജുവിനെ പരിചയപ്പെടുത്തിയത് പി എ ബക്കർ. തുടർന്ന് വി ശശീന്ദ്രൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രം എന്ന സിനിമക്കു വേണ്ടി ഭാസ്കരൻ മാഷ് രചിച്ച രണ്ടു ഗാനങ്ങളുടെ ട്രാക്ക് ദേവരാജൻ മാഷ് റെജുവിനെ കൊണ്ട് പാടിപ്പിക്കുന്നു.
“ഒഴുകുന്ന കണ്ണീർ തുടച്ചു കൊണ്ടന്നു നാം
വഴിപിരിഞ്ഞെങ്കിലും ഓമലാളേ …” എന്ന് തുടങ്ങുന്ന ഗാനവും
”പൊന്നോണതുമ്പി തൻ ചുണ്ടിലൊളിപ്പിച്ചു
മന്ദാരപ്പൂവിനൊരു സമ്മാനം…” എന്ന് തുടങ്ങുന്ന മറ്റൊരു ഗാനവും.
ഈ രണ്ട് മെലഡിയും താൻ നന്നായി പാടിയെന്നും ദേവരാജൻ മാഷ് പൂർണ സംതൃപ്തനായിരുന്നെന്നും ഇന്നും റെജു ഓർക്കുന്നു. റെക്കോഡിസ്റ്റായ കരുണാകരനോട് ”എടാ കരുണാകരാ നീ ഇത് അഴിക്കണ്ടാ.” എന്ന്പറഞ്ഞുകൊണ്ടാണ് മാഷ് അന്ന് സ്റ്റുഡിയോയിൽ നിന്നിറങ്ങുന്നത്. മാഷിന്റെ ആ വാക്കുകൾ ഇപ്പോഴും തന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടെന്ന് പറയുമ്പോൾ റെജുവിന്റെ ശബ്ദത്തിൽ നേരിയ വിഷാദം കലർന്നിരുന്നു.
റെജു തുടരുന്നു;
”അഴിക്കണ്ടാ എന്ന് പറഞ്ഞാൽ അത് ഫൈനലാണെന്നർത്ഥം. മറ്റാരെയും കൊണ്ടിനി പാടിപ്പിക്കേണ്ടതില്ല എന്നാണ് മാഷ് ഉദ്ദേശിച്ചത്. അതിനിടയിൽ നാനാ ഫിലിം മാഗസിന്റെ ഫോട്ടോ ഗ്രാഫർ വരുന്നു. പി ഭാസ്ക്കരൻ മാഷിന്റെയും ദേവരാജൻ മാഷിന്റെറെയും നടുവിൽ എന്നെ നിർത്തി ഫോട്ടോ എടുക്കുന്നു. ഈ പടത്തിലെ പാട്ട് എന്റെ തന്നെയായിരിക്കുമെന്ന് ഞാൻ സന്തോഷിക്കുന്നു. പക്ഷേ, റിക്കോർഡിങ് കഴിഞ്ഞ ആദ്യ നാളുകളിൽ ദേവരാജൻ മാഷിന് സ്ട്രോക്ക് വന്ന് കിടപ്പിലായി.
ആ സമയത്ത് ഇടയ്ക്കൊക്കെ ഞാൻ മാഷിനെ കാണാൻ പോകാറുണ്ടായിരുന്നു. കാസറ്റ് ഇറങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മാഷിനെ കാണാൻ ചെന്നപ്പോൾ
“കാസറ്റിറങ്ങുന്നുണ്ട്. നീ പോയി ആ കാസറ്റ് വാങ്ങിയ്ക്ക് ” എന്ന് മാഷ് എന്നോട് പറഞ്ഞു. കാസറ്റ് ഇറങ്ങുന്ന ദിവസം, എന്റെ പേര് സ്വപ്നം കണ്ട് കാസറ്റ് വാങ്ങാൻ കാത്ത് നിൽക്കുന്നു. എന്നാൽ കാസറ്റ് കയ്യിൽ കിട്ടിയപ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി. സിനിമയ്ക്ക് നേരെ എന്റെ പേരില്ല. പകരം യേശുദാസ്! ഞാൻ വീണ്ടും വീണ്ടും നോക്കി. വേദനയായിരുന്നോ മരവിപ്പായിരുന്നോ അന്നേരം മനസിൽ. ഇന്നും അറിയില്ല. ഇതെന്തുകൊണ്ട് സംഭവിച്ചൂന്ന് ചോദിക്കാനുള്ള ധൈര്യവും അവകാശവുമൊന്നും ആ പതിനെട്ടുകാരനില്ല. എങ്കിലും കാസറ്റുമായി മാഷിന്റെ വീട്ടിലേക്ക് തിരിച്ചു.
കാസറ്റ് കാണിക്കുമ്പോൾ ”ഇത് യേശു പാടിയോ. ഞാനിതറിഞ്ഞില്ലല്ലോ. എന്ത് കൊണ്ട് തരംഗിണിയോ സംവിധായകനോ എന്നെ ഇത് അറിയിച്ചില്ല?” എന്ന് മാഷ് ക്ഷുഭിതനായി.
മാഷിന്റെ വീട്ടിൽ നിന്നിറങ്ങി നടക്കുമ്പോഴും എന്താവും സംഭവിച്ചിരിക്കുകയെന്ന് അറിയില്ലായിരുന്നു. മാഷിന്റെ രോഗാവസ്ഥ കാരണം നിരവധി മാസങ്ങളുടെ കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് സംവിധായകനുമായി ഉണ്ടായി. പാട്ടിന്റെ ഫൈനൽ മിക്സിങ് ചെയ്യേണ്ടഘട്ടത്തിൽ മാഷറിയാതെ ആ രണ്ട് പാട്ടുകളും നിർമ്മാതാവും ഡയറക്ടറും ചേർന്ന് യേശുദാസ് സാറിനെകൊണ്ട് പാടിപ്പിക്കുന്നു.
കാസറ്റ് വൻ വിജയമായിരുന്നെങ്കിലും ബ്രഹ്മാസ്ത്രം സിനിമയുടെ ഷൂട്ടിംഗ് മുടങ്ങിയതായാണ് ഓർമ്മ. പിന്നീട് ദേവരാജൻ മാഷിനോട്, സംവിധായകൻ വി ശശീന്ദ്രൻ ഈ പാട്ട് റീ റെക്കോഡിംഗ് ചെയ്ത് ‘കളമൊരുക്കം’ എന്ന പേരിലിറങ്ങുന്ന തന്റെ സിനിമയിൽ ഉൾക്കൊള്ളിക്കുന്ന കാര്യം ആവശ്യപ്പെട്ടപ്പോൾ താൻ ആ പാട്ടിനി ചെയ്യില്ലാന്ന് മാഷ് തീർത്ത് പറഞ്ഞു. ഇന്നും ഈ സംഭവം ഓർക്കുമ്പോൾ വലിയ വിഷമമാണ്.” ഒരു ദീര്‍ഘനിശ്വാസത്തോടെ റെജു പറഞ്ഞു.
ആ ഓർമ്മപോലും റെജു ഒരു നിധിപോലെ സൂക്ഷിക്കുന്നതായി തോന്നി. ആ ഗാനമൊന്ന് പാടാമോന്ന് ചോദിച്ചപ്പോൾ റെജു ചരണത്തിലെ വരികൾ മൂളി…
”അതുവരെ എന്റെയീ വ്യർഥസ്വപ്നങ്ങളും
മധുര പ്രതീക്ഷ തൻ മുരളികയും
കതിർമണ്ഡപത്തിലേക്കെണ്ണ നിറച്ചു ഞാൻ
കരുതിയ കത്താത്ത മണിവിളക്കും
നിധികളായ് സൂക്ഷിച്ചെൻ വിജനമാം സത്രത്തിൽ
ചിരസഖി നിന്നെ ഞാൻ കാത്തിരിക്കും…”
ട്രാക്ക് പാടിയപ്പോഴുള്ള മധുരപ്രതീക്ഷയും അവസരം നഷ്ടമായപ്പോഴുള്ള നിരാശയും. അവസരങ്ങൾക്കായി ഇപ്പോഴും നീളുന്ന കാത്തിരിപ്പും. ആ വരികൾക്ക് വല്ലാത്ത ഫീൽ. മാഷിന്റെ വീട്ടിൽ നിന്നും നിരാശയോടിറങ്ങുന്ന ഒരു പതിനെട്ടുകാരന്റെ ചിത്രം മനസിൽ തെളിയുന്നു. ഗോഡ്ഫാദർ ഇല്ലാതെ പോയതിനാൽ മുൻനിരയിൽ എത്താതെപോയ എത്ര സംഗീത പ്രതിഭകളുണ്ടാവും!
പിന്നീടൊരിക്കലും അവസരം തേടി റെജു ദേവരാജൻ മാഷിനെ സമീപിച്ചിട്ടില്ല. എന്നാൽ മാഷ് രോഗമുക്തനായ ശേഷം ‘ഇന്ദുലേഖ’ എന്നൊരു നാടകം ചെയ്യുകയുണ്ടായി. അതിൽ മാധുരിയമ്മയുമായി ഒരു പാട്ട് ചെയ്യാനുള്ള അവസരം മാഷ് റെജുവിന് നൽകി. റെജു പറയുന്നു,
”പരിഭവമോ പരിരംഭണമോ എൻ പ്രിയനിതിലേതു പ്രിയം…” എന്നു തുടങ്ങുന്ന മനോഹര ഗാനം. അത് എന്റെ സംഗീത ജീവിതത്തിൽ വലിയൊരു സമ്പത്തായി ഞാൻ കാണുന്നു. മാഷിന്റെ സംഗീതത്തിൽ ഒരു ഗാനമെങ്കിലും എന്റെ ശബ്ദത്തിൽ പുറം ലോകം കേട്ടല്ലോ എന്ന സന്തോഷമുണ്ട്.”
************************
അവസാന നിമിഷത്തിൽ നഷ്ടമാകുന്ന അവസരങ്ങൾ ഒരു തുടർക്കഥയാണ് റെജുവിന്.
”നിരവധി ഹിറ്റ് ഗാനങ്ങളുടെ ട്രാക്ക് പാടിയിട്ടുണ്ട്. പാടിക്കഴിയുമ്പോൾ നമ്മളോട് തന്നെ ചോദിക്കും, ഇത് ആരെ കൊണ്ട് പാടിച്ചാൽ കൊള്ളാമെന്ന്. മാർക്കറ്റിങ് ആണ് കാസറ്റ് കമ്പനികളുടെ ലക്ഷ്യം. കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്.” എന്തോ ഓർത്തെന്നപോലെ റെജു ഒരു നിമിഷം മൗനത്തിലാണ്ടു. അത്തരം അനുഭവങ്ങൾ എന്തെങ്കിലും പങ്കുവയ്ക്കാമോന്ന് ചോദിച്ചപ്പോൾ ഒരു നിമിഷത്തെ മൗനത്തിന് ശേഷം തുടർന്നു.
”ഔസേപ്പച്ചൻ സർ മ്യൂസിക് ചെയ്ത ‘ഒരേ കടൽ’ എന്ന ചിത്രത്തിലെ ”നഗരം വിധുരം…” എന്ന ഗാനം എന്റെ സ്റ്റുഡിയോയിൽ ഫൈനലും മിക്സ് ചെയ്തു പോയതാണ്. ഈ വർഷം നിനക്കായിരിക്കും സ്റ്റേറ്റ് അവാർഡ് എന്ന് വരെ ഔസേപ്പച്ചൻ സർ പറഞ്ഞു പോയി. ഒടുവിൽ, ആ ഗാനം നിർമ്മാതാവിന്റെ കമ്മിറ്റ്മെന്റ് പ്രകാരം വിനീത് ശ്രീനിവാസൻ ആണ് പാടുന്നത്. ട്രാക്കിനേക്കാൾ നന്നായി ഫൈനൽ ഔട്ട്പുട്ട് വന്നാൽ സംഗീതത്തെ സ്നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് സന്തോഷമാണ്. പക്ഷേ, നിർമ്മാതാക്കളുടെയും സംവിധായകരുടെയുമൊക്കെ ഇത്തരം പ്രതിബദ്ധതകൾക്ക് മുന്നിൽ സംഗീത സംവിധായകന് വഴങ്ങേണ്ടി വരുമ്പോൾ സംഗീതത്തിന്റെ മെരിറ്റിന് അർത്ഥമില്ലാന്ന് തോന്നിയിട്ടുണ്ട്. വളരെ വിഷമം ഉണ്ടാക്കിയ ഒരനുഭവമായിരുന്നത്.”
**********************************************
ആകാശ വാണിയിൽ ടോപ്ഗ്രേഡ് കിട്ടുക എന്നത് ഒരു സംഗീതജ്ഞനെ സംബന്ധിച്ചിടത്തോളം ആജീവനാന്ത നേട്ടം മാത്രമല്ല അഭിമാനവുമാണ്. ആകാശവാണിയിൽ 20- 25 വർഷങ്ങൾ പാടുമ്പോഴാണ് ടോപ് ഗ്രേഡ് കിട്ടാൻ അർഹരാവുന്നത്. 10 വർഷം എ ഗ്രേഡിൽ പാടിയാൽ മാത്രമേ ടോപ് ഗ്രേഡിന് അപേക്ഷിക്കാൻ പറ്റൂ. അല്ലെങ്കിൽ നാഷണൽ അവാർഡ് കിട്ടിക്കഴിഞ്ഞാൽ ഓണററി ആയി ടോപ് ഗ്രേഡ് ആകാശവാണി നൽകാറുണ്ട്. എന്നാൽ അവിടെ റെജുവിനെ ഭാഗ്യം തുണച്ചു. ആകാശവാണിയിൽ എ ഗ്രേഡിൽ 10കൊല്ലം പൂർത്തിയായി നിൽക്കുമ്പോഴാണ് 20 വർഷമെന്ന കാലയളവ് 10 ആയി ആകാശവാണി കുറയ്ക്കുന്നത്. മടിച്ചു മടിച്ചാണ് റെജു അപേക്ഷിക്കുന്നത്. സാധാരണയായി ആകാശവാണി സംപ്രേഷണം ചെയ്ത പാട്ടുകളിൽ നിന്ന് അഞ്ച് പാട്ടുകൾ തിരഞ്ഞെടുത്ത്, ഹാർമോണിയത്തിന്റെയും തബലയുടെയും മാത്രം അകമ്പടിയോടെ പാടിച്ചാണ് വിലയിരുത്തുന്നത്. റെജുവിന്റെ കാര്യത്തിൽ തികച്ചും വ്യത്യസ്തമായ ഒരു സമീപനം കൂടി ആകാശവാണിചെയ്തു. കോയമ്പത്തൂർ നടത്തിയ നാഷണൽ ഫെസ്റ്റിവൽ ഓഫ് ലൈറ്റ് മ്യൂസിക് ആന്റ് ഫോക് മ്യൂസിക് എന്ന ദേശയ പരിപാടിയിലേക്ക് റെജുവിനെ ക്ഷണിച്ചു. ആ പരിപാടിയിൽ ലൈവ് ആയി പാടുമ്പോൾ, അത് വിലയിരുത്തുന്നതിനായി സദസിൽ ഡൽഹി ആകാശവാണിയിൽ നിന്നുള്ള ഒരു പ്രതിനിധി കൂടി ഉണ്ടായിരുന്നു. ആ വിലയിരുത്തൽ കൂടി വിശകലനം ചെയ്തശേഷമാണ് റെജുവിന് ടോപ്ഗ്രേഡ് ആകാശവാണി നൽകുന്നത്. അത് തന്റെ സംഗീത ജീവിതത്തിലെ ഒരു പൊൻതൂവൽ തന്നെയാണെന്ന് റെജു കരുതുന്നു. ആകാശവാണി അന്നുവരെ ലളിത സംഗീതത്തിൽ ടോപ് ഗ്രേഡ് ആർക്കും കൊടുത്തിട്ടുണ്ടായിരുന്നില്ല. ദേശീയ തലത്തിൽ ആ സ്ഥാനത്തിന് ആദ്യമായി അർഹനാവുന്ന വ്യക്തിയായി റെജു മാറി. ആകാശവാണിയുടെ ഡൽഹി പാനലിലെ ഓഡീഷൻ ബോർഡ് ജൂറി മെമ്പർ കൂടിയാണ് റെജു ഇപ്പോൾ.
***************************
ഇക്കാലയളവിനുള്ളിൽ പതിനാലോളം ചിത്രങ്ങളിൽ പാടാൻ മാത്രമാണ് അവസരം ലഭിച്ചിട്ടുള്ളത്. ഏറ്റവും ആദ്യം അവസരം നൽകുന്നത് ഔസേപ്പച്ചനാണ്. ‘മീനത്തിൽ താലികെട്ട്’ എന്ന സിനിമയിൽ എം ജി ശ്രീകുമാറുമായി ചേർന്ന് ”കാണാക്കൂട്ടിൽ…” എന്നു തുടങ്ങുന്ന ഗാനം പാടി. വീണ്ടും ഔസേപ്പച്ചന്റെ സംഗീതത്തിൽ ‘സുന്ദരകില്ലാഡി…’ എന്ന ചിത്രത്തിൽ കെ എസ് ചിത്രയോടൊപ്പം ”മാതം പുലരുമ്പോൾ…” എന്ന ഗാനവും ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിൽ സുജാത മോഹനൊപ്പം
”ഒഴുകുകയായി പുഴപോലെ
പൊഴിയുകയായി മഴ പോലെ” എന്ന ഗാനവും
ക്ലാസ്മേറ്റ്സിൽ വിധുപ്രതാപുമൊത്ത്, ”കാറ്റാടി തണലും…” എന്ന ഗാനവും പാടി.
‘താങ്ക് യു വെരിച്ച്’, ‘തീ’ എന്നീ രണ്ട് ചിത്രങ്ങളിൽ സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. സംഗീത രംഗത്തെ പ്രവർത്തനങ്ങൾക്ക് റെജുവിന് ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.
**********************
നിരവധി സംഗീത സംവിധായകരെ അവസരങ്ങൾക്കായി റെജു സമീപിച്ചിട്ടുണ്ട്. എന്നാൽ വിതരണം എത്തുമ്പോൾ കാസറ്റ് കമ്പനികൾ പേരെടുത്ത ഗായകരെ കൊണ്ട് പാടിക്കണമെന്ന നിബന്ധന വയ്ക്കുന്നതാണ് അനുഭവം. ഇത്തരം നിരവധി അനുഭവങ്ങളായപ്പോഴാണ് സ്വന്തമായി ഒരു സ്റ്റുഡിയോ എന്ന ആശയം മനസിലുദിച്ചത്. അതിന്റെ പരിണതഫലമാണ് സാരംഗി സ്റ്റുഡിയോ. എറണാകുളത്ത് കലൂർ സ്റ്റേഡിയത്തിനടുത്താണ് സാരംഗി. സംഗീത സംവിധായകൻ എന്ന നിലയ്ക്കാണ് റെജു സ്റ്റുഡിയോ തുടങ്ങുന്നത്. സ്റ്റുഡിയോ തുങ്ങിയിട്ട് ഇപ്പോൾ പതിനഞ്ച് വർഷം കഴിയുന്നു. നിരവധി പ്രോജക്ടുകൾ ഇൻഹൗസ് പ്രൊഡക്ഷനായി ചെയ്തു കഴിഞ്ഞു. ഇനിയും കഴിയുന്നത്ര വ്യത്യസ്തയാർന്ന പ്രോജക്ടുകൾ ചെയ്യണമെന്നതാണ് ലക്ഷ്യം. സ്റ്റുഡിയോ നന്നായി പോവുന്നുവെന്നതിൽ റെജു പൂർണ തൃപ്തനാണ്.
ആരോടും പരിഭവമില്ലെങ്കിലും, പതിനെട്ട് വയസിൽ നഷ്ടമായ അവസരം ഒരു നോവായി ഇന്നും റെജുവിന്റെ മനസിലുണ്ട്. ഇപ്പോഴും സംഗീതപ്രേമികളുടെ മനസിൽ നിലനിൽക്കുന്ന ആ ഗാനം, അതും ദേവരാജൻ മാഷിന്റെ സംഗീത സംവിധാനത്തിൽ പാടാൻ കിട്ടിയ അവസരം നഷ്ടമായില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ, റെജുവിന്റെ സംഗീത ജീവിതം മറ്റൊന്നായേനെ.
***********
ഫാഷൻ ഡിസൈനറായ മഞ്ജുവാണ് ഭാര്യ. മക്കളായ ജഗനും ജോയലും അച്ഛനൊപ്പം കലാരംഗത്ത് തന്നെയുണ്ട്. ജോയൽ ഗായകനും പിയാനോ വാദകനുമാണ്. അൻവർ റഷീദ് ചിത്രമായ ‘ഉസ്താദ് ഹോട്ട’ലിൽ തിലകന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മൂത്ത മകൻ ജഗൻ ആയിരുന്നു. ബിടെക്, എംബിഎ ബിരുദധാരിയായ ജഗൻ സൗണ്ട് എഞ്ചിനീയർ കൂടിയാണ്.
ലോക്ഡൗൺ കാലത്ത് ഹരിഹരന്റെ ഗസലിന് കവർ പതിപ്പുമായി റെജു, കുടുംബ സമേതം എത്തിയിരുന്നു. റെജുവും ഭാര്യയും മക്കളുമാണ് പാട്ടിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത്. ഹരിഹരന്റെ റിഫ്ലക്ഷൻസ് എന്ന ആൽബത്തിലെ ”കഭ് തക് യൂഹി രുലായേഗി…” എന്ന ഗാനത്തിനാണ് റെജു കവർ പതിപ്പൊരുക്കിയത്.
ഇളയ മകൻ ജോയൽ ഗസലിനു കീബോർഡിൽ ഈണമിട്ടു. മൂത്ത മകൻ ജഗൻ ഓഡിയോ റെക്കോർഡിങ് നിർവഹിച്ചു. ഭാര്യ മഞ്ജു ചിത്രീകരണ സഹായിയായി പ്രവർത്തിച്ചു. ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സംഗീതം റെജുവിന് സപര്യയാണ്. സ്റ്റുഡിയോ പരമാവധി പ്രയോജനപ്പെടുത്തി, സംഗീതത്തിലെ മികവിന് മാത്രം പ്രാധാന്യം നൽകി പരമാവധി പുതിയ പ്രൊജക്ടുകൾ ചെയ്യുകയാണ് ലക്ഷ്യം. ഒപ്പം നല്ല സംഗീതജ്ഞനായും സംഗീത വിദ്യാർത്ഥിയായും തുടരണം. ഒരു മ്യൂസിക് ബാൻഡ്, ഗസൽ കച്ചേരികൾക്കായൊരു പ്ലാറ്റ്ഫോം… അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.