6 November 2024, Wednesday
KSFE Galaxy Chits Banner 2

കോടിയേരിയുടെ സ്നേഹഗാഥയും കമ്പിളിപ്പുഴുവും

ദേവിക
വാതിൽപ്പഴുതിലൂടെ
October 10, 2022 5:30 am

നമ്മുടെ സമൂഹമാധ്യമങ്ങള്‍ സമൂഹവിരുദ്ധ മാധ്യമങ്ങളായി നിലം പൊത്തുകയാണോ. മരണംപോലും ക്രൂരമായ പരിഹാസത്തിന് വേദിയാക്കാന്‍ ഈ മാധ്യമങ്ങളിലെ ചില വേന്ദ്ര ശിരോമണികള്‍ക്ക് മടിയില്ല. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ മധുരസൗമ്യ ദീപ്തഭാവമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചിതയിലെത്തുന്നതിന് മുമ്പുതന്നെ സമുഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ ഇടിമുഴക്കമായിരുന്നു. എന്നാല്‍ ഏറ്റവും വേദനാജനകമായ ഒരു സമൂഹമാധ്യമ പേച്ച് അദ്ദേഹം വിട ചൊല്ലുന്നതിന് തൊട്ടുമുമ്പുള്ളതായിരുന്നു. കോടിയേരി തന്റെ കൊച്ചുമക്കളുമൊത്ത് ആശുപത്രിക്കുള്ളിലിരിക്കുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷ കണ്ടാല്‍ ജീവിതത്തിലേക്ക് കോടിയേരി മടങ്ങിയെത്തുമെന്ന പ്രത്യാശാകിരണങ്ങള്‍. വീഡിയോയില്‍ കുരുന്നുകളായ കൊച്ചുമക്കളെ അദ്ദേഹം പാട്ടുപഠിപ്പിക്കുന്നു. താന്‍ പാടില്ല, ചേച്ചി പാടട്ടെയെന്ന് ഇളയ കുറുമ്പുകാരി. ഒടുവില്‍ രാഷ്ട്രീയത്തിലെന്നപോലെ ഈ സ്വകാര്യ നിമിഷങ്ങളിലും മാറുന്ന കോടിയേരി തന്നെ പാട്ടുപാടിക്കൊടുക്കുന്നു; ‘ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴിതുറക്കു.’ രണ്ടു ദിവസത്തിനുള്ളില്‍ അദ്ദേഹം നമ്മോട് വിട ചൊല്ലുകയും ചെയ്തു. ഹൃദയസ്പൃക്കായ ഈ രംഗത്തിന്റെ വീഡിയോ കാട്ടിയാണ് സമൂഹമാധ്യമങ്ങളിലെ പെരുങ്കളിയാട്ടം.

മരണത്തോടടുത്തതോടെ കോടിയേരി ഭക്തിമാര്‍ഗത്തിലേക്ക് തിരിഞ്ഞുവെന്ന് ഒരു വിടാകൊണ്ടന്‍ കെടാകൊണ്ടന്റെ കണ്ടുപിടിത്തം. ക്രൈസ്തവ ഭക്തിഗാനം പാടിയ കോടിയേരി ക്രിസ്തീയമാര്‍ഗത്തിലേക്ക് തിരിഞ്ഞെന്ന് മറ്റൊരു ജഗതല പ്രതാപന്‍. സ്നേഹഗീതത്തിനു മതമുണ്ടോ, സംഗീതത്തിനു മനമുണ്ടോ, കോടിയേരി ക്ഷമിക്കുക; ഇത് പ്രബുദ്ധ കേരളത്തിന്റെ ഒരു പരിഛേദമായിപ്പോയതില്‍. സമൂഹമാധ്യമങ്ങള്‍ ഒരു ഗീബല്‍സിയന്‍ മാധ്യമമാകുന്നുവോ. രണ്ട് ദിവസം മുമ്പ് കര്‍ണാടകയിലെ പരുത്തിത്തോട്ടത്തില്‍ വര്‍ണഭംഗിയെഴുന്ന കമ്പിളിപ്പുഴുവിന്റെ കടിയേറ്റ് രണ്ട് കര്‍ഷകര്‍ മരിച്ചുവെന്നായി പോസ്റ്റ്. ഇത് പരമാവധി സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ കര്‍ഷകര്‍ക്കായി ഷെയര്‍ ചെയ്യണമെന്ന് ഒരഭ്യര്‍ത്ഥനയും. എന്തൊരു ജീവകാരുണ്യം! എന്നാല്‍ ചില അന്വേഷണ കുതുകികള്‍ സത്യമറിയാന്‍ ഗൂഗിളടക്കം സര്‍വസംവിധാനങ്ങളിലും പരതി. അപ്പോഴാണ് പൂച്ചു പുറത്താകുന്നത്. മഹാരാഷ്ട്രയിലെ ജാല്‍ഗാവില്‍ പരുത്തിപ്പാടത്ത് ഇടിമിന്നലേറ്റ് ഒരു കര്‍ഷക പിതാവും മകനും മരിക്കുന്നു. ആ വാര്‍ത്ത രണ്ടു വര്‍ഷം മുമ്പ് മാധ്യമങ്ങളിലെല്ലാം വന്നിരുന്നു. ആ ഹതഭാഗ്യരുടെ ചിത്രവുമായായിരുന്നു കമ്പിളിപ്പുഴു കുത്തിമരിച്ചെന്ന പോസ്റ്റ്. പച്ചയും സ്വര്‍ണനിറവുമാര്‍ന്ന കമ്പിളിപ്പുഴുവിലൂടെ കര്‍ണാടകയിലെ പരുത്തിപ്പാടങ്ങളില്‍ മരണപ്പുഴ തിമിര്‍ത്തൊഴുകുന്നുവെന്ന് വര്‍ണനയും.


ഇതുകൂടി വായിക്കൂ: ചോരതുടിക്കും ചെറുകയ്യുകളേ, പേറുക വന്നീ പന്തങ്ങള്‍ 


സത്യാന്വേഷികള്‍ സ്ലഗ് കാറ്റര്‍ പില്ലര്‍ എന്ന ഈ പുഴുവിന്റെ വിവരങ്ങള്‍ ചികയുന്നു. കീടശാസ്ത്രജ്ഞരെ കാണുന്നു. അവര്‍ പറഞ്ഞത് ഈ പുഴുവിനെ തൊട്ടാല്‍ അത് പ്രാണരക്ഷാര്‍ത്ഥം കുത്തുമെന്നും കടിയേല്‍ക്കുന്ന സ്ഥലത്ത് ചെറിയ ചൊറിച്ചില്‍ ഉണ്ടാകുമെന്നും മാത്രം. ഈ പുഴു ഘാതകനൊന്നുമല്ലെന്ന് ഒരു ടിപ്പണിയും. ഇതറിഞ്ഞ സത്യാന്വേഷകര്‍ തലയില്‍ കൈവച്ചുപറയുന്നു. ഈ സമൂഹമാധ്യമങ്ങളെ കൂട്ടത്തോടെ നിരോധിക്കണമേ. അപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞു വന്നാല്‍ വരുന്നവന്റെ കരണക്കുറ്റി തന്നെ പൊട്ടിക്കാം. അതില്‍ നമുക്ക് പടയണിചേരാം. വടക്കഞ്ചേരി ബസ് ദുരന്തത്തില്‍ പൊലിഞ്ഞത് ഒന്‍പത് ജീവനുകളാണ്; ഒന്‍പത് സ്വപ്നങ്ങളാണ്. ഡ്രൈവറുടെ പിഴവ്, വാഹനങ്ങളിലെ നിയമലംഘനം തുടങ്ങിയ കോടാനുകോടി വിഷയങ്ങളാണ് ഇതേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മുന്തിനില്‍ക്കുന്നത്. എന്നാല്‍ ഗതാഗത നിയമങ്ങള്‍ നടപ്പാക്കുന്നതിലെ വീഴ്ചകളെക്കുറിച്ച് ചര്‍ച്ച ചെയ്യാറേയില്ല. നാം ദിവസേന കാണുന്ന ചില തെരുവുദൃശ്യങ്ങളുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ ഇരു ചക്രവാഹനമോടിക്കുന്നവരെ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കുന്നു. പിഴയൊടുക്കിക്കഴിഞ്ഞാല്‍ ഹെല്‍മറ്റില്ലാതെ യാത്ര തുടരാം, നിയമലംഘനം പിഴയിലൊതുങ്ങുന്ന ഉഡായിപ്പു പണി. ഒരുത്സവപ്പറമ്പു പോലെ ആട്ടവും പാട്ടും ആകാശത്തും ഭൂമിയിലും വെളിച്ചം വാരിവിതറുന്ന ദീപമാലകളുമായി അത്യാഡംബര ടൂറിസ്റ്റ് ബസുകള്‍ തെരുവുകളില്‍ അര്‍മാദിക്കുമ്പോള്‍‍ തടഞ്ഞുനിര്‍ത്തി അയ്യായിരം രൂപ ഈടാക്കും.

പിഴ ഈടാക്കിയാല്‍ നിയമം ലംഘിച്ചുതന്നെ ജൈത്രയാത്ര തുടരാം! കാശു കിട്ടിയാല്‍ ആവിയായിപ്പോകുന്ന നിയമലംഘനങ്ങള്‍. എല്ലാ കുറ്റങ്ങളും പിഴയിലൊതുങ്ങുന്ന സംവിധാനം, വടക്ക‍ഞ്ചേരി ദുരന്തത്തിനു പിന്നാലെ നമുക്ക് പുതിയൊരറിവു കൂടി കിട്ടി. സാക്ഷാല്‍ ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്ത് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. 1.67 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിലെ ആകെ ജീവനക്കാര്‍ 368. സംസ്ഥാനത്തെ ഏറ്റവും കുഞ്ഞന്‍ വകുപ്പ്. ഒരു മുനിസിപ്പാലിറ്റിയില്‍ പോലും ഇതിന്റെ ഇരട്ടിയിലേറെ ജീവനക്കാരുണ്ടാകും. നടപ്പാകുന്നതോ പഴഞ്ചന്‍ നിയമങ്ങള്‍. പേപ്പട്ടികളെ തൊട്ടാല്‍ പോലും തട്ടാന്‍ നിയമമുള്ളപ്പോള്‍ നിരത്തില്‍ ഓരോ വര്‍ഷവും പൊലിയുന്ന ആയിരക്കണക്കിന് ജീവനുകളെ രക്ഷിക്കാനും നിയമം വേണ്ടേ… ഇന്നലെയായിരുന്നു ഏണസ്റ്റോ ചെഗുവേരയുടെ രക്തസാക്ഷിദിനം. ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യൂബയിലെ ബാറ്റിസ്റ്റ ഭീകരഭരണത്തെ തകര്‍ത്തെറിയാന്‍ ക്യൂബയുടെ പിതാവ് ഫിഡല്‍ കാസ്ട്രോയുമൊത്തു പോര്‍നയിച്ച പടവീരന്‍. ഇനിയുള്ള വിവരങ്ങള്‍ അരവിന്ദന്റെ പ്രശസ്തമായ ‘ചെറിയ മനുഷ്യനും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയില്‍ ഗുരുജി ശിഷ്യനായ അപ്പുവിനോട് ഗുവേരയെപ്പറ്റി വിവരിക്കുന്ന ഭാഗം നമുക്കു കടമെടുക്കാം. ‘ഹവാനയില്‍ കാസ്ട്രോയോടൊപ്പം ജനലക്ഷങ്ങളെ അഭിസംബോധന ചെയ്യുന്ന ഗുവേര, വിപ്ലവാനന്തര ക്യൂബയുടെ നവനിര്‍മ്മാണത്തെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ച ആ പോരാളി തന്റെ അവസാന വാചകങ്ങളിലേക്ക് കടന്നു. സഖാക്കളെ, ഞാന്‍ ക്യൂബയിലെ മന്ത്രിപദം ഉപേക്ഷിച്ച് ഇനി ബൊളീവിയയിലേക്കാണ്.


ഇതുകൂടി വായിക്കൂ: നേരിന്റെയും നന്മയുടെയും പ്രസ്ഥാനം


ബൊളീവിയയുടെ മോചനമാണ് ഇനിയെന്റെ ലക്ഷ്യം. ബൊളീവിയന്‍ കാടുകളിലെ ഒളിപ്പോരിനിടെ ആസ്മാ രോഗിയായ ഗുവേര അല്പനേരം ഇത്തിരി ശ്വാസത്തിനു വേണ്ടി ആഞ്ഞുപോരാടുകയായിരുന്നു. ഇതിനിടെ ബൊളീവിയന്‍ ഏകാധിപത്യത്തിന്റെ കൂലിപ്പടയാളികള്‍ രംഗത്തെത്തി വെടിവയ്ക്കാനൊരുങ്ങി. പ്രിയസഖാക്കളെ, മരിച്ച ഗുവേരയേക്കാള്‍ നിങ്ങള്‍ക്ക് നന്മകൊണ്ട് വരുന്നത് ജീവിച്ചിരിക്കുന്ന ഗുവേരയായിരിക്കും. പക്ഷേ കൊലയാളി സംഘം തീയുണ്ടകള്‍ വര്‍ഷിച്ച് ആ രക്തതാരകത്തിന്റെ അന്ത്യമൊരുക്കുകയായിരുന്നു.’ ഗുരുജി അപ്പുവിനോട് ഇതെല്ലാം പറഞ്ഞു നിര്‍ത്തുന്നതിനിടെ തോള്‍മുണ്ടുമായി ഒരു നേതാവു കടന്നുവരുന്നു. ‘ഹോ എന്തൊക്കെ തൊന്തരവുകളാണ്. ഞങ്ങളുടെ പാര്‍ട്ടി മന്ത്രിയെ രാജിവയ്പിക്കാന്‍ കരുക്കള്‍ നീക്കുകയായിരുന്നു. മന്ത്രി ഞങ്ങളെ ഒരു സമവായത്തിലെത്തിച്ചു. ഇന്ന് മന്ത്രിയുടെ വക ഒരു ഗംഭീര പാര്‍ട്ടിയുണ്ട്, ഞാനങ്ങോട്ടു പോകുകയാണ്. ‘നേതാവു നടന്നു നീങ്ങി, അപ്പോള്‍ ഗുരുജി അപ്പുവിനോടു ചോദിച്ചു; ‘നമ്മളെന്താ പറഞ്ഞു വന്നത്!’ ഗുവേരയും ഇന്നത്തെ സമവായരാഷ്ട്രീയവും തമ്മിലുള്ള അകലമെത്രയോ ആണ്. നമ്മുടെ കുട്ടികള്‍ സമൂഹത്തിനൊപ്പം വളരുന്നില്ലെന്ന് ആരാണ് പറഞ്ഞത്! കഴിഞ്ഞ ദിവസം അങ്കമാലിയിലെ ഒരു നാലാം ക്ലാസുകാരനോട് മുടി ഭംഗിയായി വെട്ടിയൊതുക്കിയേ സ്കൂളില്‍ വരാവൂ എന്ന് ടീച്ചര്‍ ആവശ്യപ്പെട്ടു. കുഞ്ഞന്‍ പിറ്റേന്നു ക്ലാസില്‍ വന്നത് മൊട്ടയടിച്ച്. ഇതെന്താ കുട്ടി ഇങ്ങനെ എന്നു ചോദിച്ച പ്രിന്‍സിപ്പലിന്റെ കൊങ്ങയ്ക്ക് പയ്യന്റെ ശബ്ദ നിയന്ത്രണപ്പൂട്ട്. പിന്നെ കരണത്ത് തീപാറുന്ന പൊട്ടിക്കലും ശിഷ്യന്റെ സ്നേഹപ്രകടനത്തില്‍ ആശാന്‍ ആശുപത്രിയിലും. ഇതിനപ്പുറം എന്തു വളര്‍ച്ച വേണം!

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.