14 September 2024, Saturday
KSFE Galaxy Chits Banner 2

നിങ്ങളറിയുമോ ഈ ചിത്രശലഭ സംഗീതം…

ദേവിക
വാതിൽപ്പഴുതിലൂടെ
November 1, 2022 4:20 am

ലയാളി അങ്ങനെയൊക്കെയാണ്. മുന്നിലെ കറുത്ത യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ കാണാറില്ല. അകലങ്ങളിലെ അയാഥാര്‍ത്ഥ്യങ്ങള്‍ കൗതുകത്തോടെ നോക്കിക്കാണാന്‍ നമുക്കൊക്കെ എന്തൊരു കൗതുകമാണ്. സ്വപ്ന, സരിത, ഗവര്‍ണര്‍ തുടങ്ങിയ ഇക്കിളിക്കഥകളുടെ പിന്നാലെ പായുകയല്ലേ നാം. ഇതിനിടെ നോവിന്റെ കഥകള്‍ നമ്മള്‍ മറക്കുന്നു. ചാനലുകളും മറക്കുന്നു. മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമശ്രമത്തിലെ അജ്ഞാതനായ മനോരോഗിയാണിപ്പോള്‍ ചാനലുകളിലെ താരം. സംഭവത്തില്‍ സെക്സും ക്രൈംത്രില്ലറും ചേരുംപടി ചേര്‍ത്തുള്ള കലാപാരിപാടികള്‍. അട്ടപ്പാടിയില്‍ വിശന്നുപൊരിഞ്ഞപ്പോള്‍ അല്പം അരി മോഷ്ടിച്ച് പാചകം ചെയ്തു കഴിക്കുന്നതിനു മുമ്പുതന്നെ പിടിച്ചുകൊണ്ടുപോയി കെട്ടിയിട്ടു തല്ലിക്കൊന്ന് വിപ്ലവപൂര്‍ത്തീകരണം നടത്തിയവര്‍ പുറത്തിങ്ങനെ വിലസുകയല്ലേ. ഇടുക്കിയിലെ കിഴുക്കാനത്ത് സരിന്‍‍‍ എന്ന ഗോത്രവര്‍ഗ യുവാവിനെ കാട്ടുമാനിനെ കൊന്ന് ഇറച്ചി കടത്തിയെന്ന് കള്ളക്കേസില്‍ കുടുക്കിയ ക്രൂരത മറ്റൊന്ന്. പിഎസ്‌സി പരീക്ഷകളില്‍ മൂന്നെണ്ണത്തില്‍ റാങ്കുനേടി ഉദ്യോഗം കാത്തുനില്ക്കുന്ന സരിന്‍‍, മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഈ ഹീനകര്‍മ്മങ്ങള്‍ നടത്തിയവരാകട്ടെ പ്രബുദ്ധരെന്ന് സ്വയം പ്രഖ്യാപിതരും. ഇതോര്‍ക്കുമ്പോഴാണ് ‘കടമ്മനിട്ടയുടെ കുറത്തി’ എന്ന കവിതയിലെ വിലാപസ്വരം ഉയര്‍ന്നുവരുന്നത്. ‘നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്’.


ഇതുകൂടി വായിക്കൂ:  രോഗവ്യാപനം തടയാന്‍ കൊറോണ ദേവിക്ക് പൂജ


വനവാസികള്‍ക്കെതിരെ ‘വന്തവാസികള്‍’ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇരുപതിനായിരം വര്‍ഷം മുമ്പ് ഏഷ്യയില്‍ നിന്നും സൈബീരിയ വഴി അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തവരാണ് റെഡ് ഇന്ത്യാക്കാര്‍. ആമസോണ്‍ കാടുകളിലെ വനഗഹ്വരതയിലും നദികളിലെ പുരാതന പുളിനങ്ങളിലും സ്വച്ഛമായ ജീവിതം പടുത്തുയര്‍ത്തിയവര്‍. പ്രകൃതി അവര്‍ക്ക് അമ്മയായിരുന്നു. നദികള്‍ അവരുടെ ഊര്‍ജമായിരുന്നു. ഇതിനിടെയാണ് തങ്ങളുടെ ശാന്തിതീരങ്ങളിലേക്ക് വെള്ളക്കാരായ സായിപ്പന്മാര്‍ കടന്നുവന്നത്. പതിനഞ്ചാം നൂറ്റാണ്ടുമുതലുള്ള അഞ്ഞൂറു വര്‍ഷത്തിനുള്ളില്‍ റെഡ് ഇന്ത്യാക്കാര്‍ എന്ന ചുവന്ന മനുഷ്യരില്‍ 80 ശതമാനത്തെയും വെളുത്ത കാട്ടാളന്മാര്‍ കൊന്നൊടുക്കി. പിന്നീട് സമവായത്തിലൂടെ അവരുടെ ഭൂമി തട്ടിയെടുക്കാനായിരുന്നു പദ്ധതി. ഇതിനുവേണ്ടി അമേരിക്കന്‍ സര്‍ക്കാര്‍ നിയോഗിച്ചത് ഗവര്‍ണര്‍ ഐസക് സ്റ്റീഫന്‍സണെ. അദ്ദേഹത്തെ ആദരപൂര്‍വം റെഡ് ഇന്ത്യന്‍സ് സ്വീകരിച്ചു. ‘നിങ്ങള്‍ ഈ ഭൂമി വിട്ടുതരണം, വിലതരാം. നിങ്ങള്‍ എങ്ങോട്ടെങ്കിലും മാറിപ്പോയ്ക്കോളൂ’ എന്നും ഗവര്‍ണര്‍. കച്ചവടം പോലുമറിയാത്ത ആദിവാസികള്‍ക്കെന്തിന് ഡോളര്‍ കടലാസ് എന്നു ചോദിക്കാന്‍പോലും അവര്‍ക്കറിയില്ലായിരുന്നു. തുടര്‍ന്ന് റെഡ് ഇന്ത്യന്‍ തലവനായ സിയാറ്റില്‍ മൂപ്പന്റെ മറുപടി പ്രസംഗം. ആ പ്രസംഗം ഇന്ന് വിശ്വപ്രസിദ്ധമാണ്. മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ പരിസ്ഥിതി സംരക്ഷണ പ്രബോധനമായി അത് മാറി. “കാട്ടാളനായ എന്റെ തോന്നലുകള്‍ വെള്ളക്കാരും പരിഷ്കാരികളുമായ നിങ്ങള്‍ക്ക് മനസിലാകില്ലായിരിക്കാം. ആകാശത്തെ നമുക്കു വില്ക്കാനാവുമോ. ആരെങ്കിലും ആകാശം വാങ്ങാന്‍ വരുമോ? മണ്ണിന്റെ ചൂട് എങ്ങനെ വില്ക്കാനാവും. നിങ്ങള്‍ കതിരുകാണാക്കിളികളുടെ ഏകാന്തത തൊട്ടറിഞ്ഞിട്ടുണ്ടോ. ചിത്രശലഭത്തിന്റെ ചിറകുകള്‍ ഉരസുമ്പോഴുള്ള സംഗീതം നിങ്ങള്‍ക്കറിയുമോ. ഇലകളുടെ മര്‍മ്മരത്തില്‍ ഞങ്ങളുടെ പിതൃക്കളുടെ ശബ്ദമുണ്ട്. തേങ്ങലുകളുണ്ട്. ഭൂമി നമ്മുടെ അമ്മയാണ്, സഹോദരിയാണ്, ശത്രുവല്ല. കാട്ടാളരായ ഞങ്ങളും മൃഗങ്ങളും പുല്‍ക്കൊടികളും ഈ വായു പങ്കുവയ്ക്കുന്നു. നദികളിലെ ജലം വെറും ജലമല്ല. അത് ഞങ്ങളുടെയും ഞങ്ങളുടെ തലമുറകളുടെയും ഓജസും തേജസുമാണ്. പൊന്തകള്‍ക്കിടയില്‍ പോയി ജീവിക്കാന്‍ നിങ്ങള്‍ വിധിക്കുന്നവരുടെ അന്ത്യമായിരിക്കാം. പക്ഷേ, ഞങ്ങള്‍ തിരിച്ചുവരും. അതിജീവനത്തിനായി” ഈറന്‍ കണ്ണുകളോടെ സിയാറ്റില്‍ മൂപ്പന്‍ നിര്‍ത്തി. ആ റെഡ് ഇന്ത്യന്‍ മൂപ്പന്റെ ശബ്ദം അട്ടപ്പാടിയിലെ മധുവിന്റെയും ഇടുക്കിയിലെ സരിനിന്റെയും ലക്ഷക്കണക്കിനു വനവാസി സഹോദരങ്ങളുടെയും ശബ്ദമായി നമ്മുടെ പ്രബുദ്ധ ശ്രവണങ്ങളില്‍ വന്നലയ്ക്കുന്നില്ലേ…


ഇതുകൂടി വായിക്കൂ: മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജലരാജന്‍


ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് അധികാരമേറ്റതോടെ ഇന്ത്യാക്കാരാകെ എട്ടുകാലി മമ്മൂഞ്ഞുമാരായി. ഇന്ത്യയെ അടക്കിവാണ ബ്രിട്ടീഷുകാര്‍ക്കെതിരായ ചരിത്രത്തിന്റെ കാവ്യനീതി എന്ന് ഒരുകൂട്ടര്‍. ഇന്ത്യന്‍ വംശജന്‍, ഇന്ത്യയുടെ മരുമകന്‍ എന്നെല്ലാം വര്‍ണനകള്‍. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയെന്ന മഹാ കോടീശ്വരന്റെയും സുധാമൂര്‍ത്തിയുടെയും മകള്‍ അക്ഷരാമൂര്‍ത്തിയുടെ കണവന്‍, രോഹന്‍ മൂര്‍ത്തിയുടെ പുന്നാര അളിയന്‍. അതുകൊണ്ട് റിഷി സുനകിന്റെ ഔദ്യോഗിക വസതിക്ക് ഇനി തീന്‍മൂര്‍ത്തി ഭവന്‍ എന്ന് പേരിടാം. സത്യമെന്താണ്. റിഷി സുനക് ജനിച്ചത് ഇന്ത്യയില്‍പ്പോലുമല്ല. റിഷിയുടെ അപ്പനപ്പുപ്പന്മാര്‍ പണ്ടുപണ്ട് അവിഭക്ത ഇന്ത്യയിലെ പാകിസ്ഥാനിലായിരുന്ന പഞ്ചാബിലെ ഗുജ്റാന്‍വാലയില്‍ ജനിച്ചവര്‍. ഇന്ത്യ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുതന്നെ കെനിയയിലേക്ക് ഭാണ്ഡം മുറുക്കിയവര്‍. പിന്നീട് ദേശാടനപക്ഷികളെപ്പോലെ ഉലകം ചുറ്റും വാലിബന്മാരായി ബ്രിട്ടനില്‍ ചേക്കേറിയവര്‍. റിഷി ജനിച്ചതുപോലും ബ്രിട്ടനില്‍. അക്ഷരയുമായുള്ള കല്യാണത്തിനുവേണ്ടി മൂന്നു ദിവസം ഇന്ത്യയില്‍ ചെലവഴിച്ചു. ഇതെല്ലാം പറയുമ്പോള്‍ കാര്യങ്ങള്‍‍ ബ്രിട്ടനില്‍ പോലും ഒതുക്കുന്നില്ല നമ്മുടെ എട്ടുകാലി മമ്മൂഞ്ഞുമാര്‍. മൗറീഷ്യസിലെ പ്രധാനമന്ത്രി പി കെ ജഗന്നാഥ് ഇന്ത്യന്‍ വംശജനാണത്രേ. ബിഹാറില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മൗറീഷ്യസില്‍ കുടിയേറിയവരാണ്, അവിടെ മഹാഭൂരിപക്ഷം. മുന്‍ പ്രധാനമന്ത്രി അനിരുദ്ധ ജഗന്നാഥിന്റെ പുത്രനാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി പ്രാവിന്റ് കുമാര്‍ ജഗന്നാഥ്. യുഎസ് വൈസ് പ്രസിഡന്റ് കമലാഹാരിസിന്റെയും വേരുകള്‍ ഇന്ത്യയിലാണത്രേ. പത്തൊന്‍പതാം വയസില്‍ 1958 ല്‍ യുഎസിലെത്തിയ ആയമ്മ അവിടെ ഒരു സായിപ്പിനെ സംബന്ധവും കഴിച്ചു കഴിഞ്ഞുകൂടുന്നു. പോര്‍ച്ചുഗലിലെ പ്രധാനമന്ത്രി ആന്റോണിയോ കോസ്റ്റ ഇന്ത്യയില്‍ പിറന്നുപോയെന്നു ഒരു കുറ്റമേ ചെയ്തിട്ടുള്ളു. ഗോവ പോര്‍ച്ചുഗീസ് കോളനിയായിരുന്നപ്പോള്‍ അവിടെ പോര്‍ച്ചുഗീസ് മാതാപിതാക്കള്‍ക്ക് പിറന്നവനെങ്കിലും ഇന്ത്യന്‍ വംശജനായി മുദ്രകുത്തുന്ന മമ്മൂഞ്ഞുമാര്‍!.


ഇതുകൂടി വായിക്കൂ: നമുക്കു കിട്ടി രാമായണരത്നം സുധാകരന്‍ എഴുത്തച്ഛന്‍!


പക്ഷേ, കേരളത്തില്‍ നിന്ന് ഒരു തനി കിരിയത്തുനായര്‍ സിംഗപ്പൂരിലെ രാഷ്ട്രപതിയായതിനെക്കുറിച്ച് മമ്മൂഞ്ഞുമാര്‍ക്കു മാത്രമല്ല, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കുപോലും മിണ്ടാട്ടമില്ല. സിംഗപ്പൂര്‍ രാഷ്ട്രപതിയായിരുന്നു അന്തരിച്ച സി വി ദേവന്‍നായര്‍. തലശേരി ചെമ്പര വീട്ടില്‍ ശ്രീദേവി അമ്മയുടെ മകന്‍. പിതാവും തലശേരി മലയാളി. പത്താം വയസില്‍ മലയായിലേക്ക് കുടിയേറിയ ദേവന്‍ നായര്‍ പിന്നീട് മലയ, സിംഗപ്പൂരും മലേഷ്യയുമാകുന്നതിനു മുമ്പ് സിംഗപ്പൂരിലേക്ക് ചേക്കേറി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അധ്യാപക സംഘടനകളുടെയും നേതാവായി. നിരവധി പ്രക്ഷോഭങ്ങള്‍ നയിച്ചു. ഒടുവില്‍ പീപ്പിള്‍സ് അലയന്‍സ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായി. സിംഗപ്പൂര്‍ രാഷ്ട്രപതിയുമായി. മദ്യപാനം അമിതമായതിനാല്‍ കരള്‍രോഗം ബാധിച്ചു മരിച്ചുവെന്ന് ഒരുപക്ഷം. തനിക്കു പ്രതിയോഗികള്‍ മയക്കുമരുന്നു നല്കിയെന്ന് ദേവന്‍നായര്‍. എന്തായാലും ദേവന്‍നായരെ മലയാളിയെന്നല്ല ഇന്ത്യന്‍ വംശജനെന്നുപോലും ആരും പറയുന്നില്ല. ഇക്കണക്കിനു പോയാല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന ചന്ദ്രികാ കുമാരതുംഗയെ ഇന്ത്യാക്കാരിയെന്നും പറഞ്ഞുകളയുമോ, ചന്ദ്രിക ഇന്ത്യന്‍ പേരല്ലേ!
പണ്ട് കുട്ടികള്‍ കള്ളനും പൊലീസും കളിക്കുമായിരുന്നു. കാലം മാറിയപ്പോള്‍ അത് ഗവര്‍ണറും മന്ത്രിയുമായി. തന്നെ ഞാന്‍ പിരിച്ചുവിട്ടിരിക്കുന്നുവെന്ന് ഗവര്‍ണര്‍. തന്നെ പിരിച്ചുവിടാന്‍ ജനമുണ്ടെന്ന് മന്ത്രിക്കുട്ടി. ഭരണഘടനയില്‍ അതിന് വകുപ്പുണ്ടെന്ന് ഗവര്‍ണറുചേട്ടന്‍. ആ വകുപ്പേതെന്ന് മന്ത്രി. നിന്നില്‍ എന്റെ പ്രീതി നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഗവര്‍ണര്‍. ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്ന് മന്ത്രി. അതിന് കീഴ്‌വഴക്കമുണ്ടെന്ന് ഗവര്‍ണര്‍. കീഴ്‌വഴക്കം സര്‍ സിപിയെന്ന് മന്ത്രി. ഇതോടെ കളി അവസാനിപ്പിക്കാമെന്ന് ഗവര്‍ണര്‍. മന്ത്രിക്കുട്ടിയും ഗവര്‍ണറുചേട്ടനും മുദ്രാവാക്യം മുഴക്കി നീങ്ങുന്നു; സിപിയെ വെട്ടിയ നാടാണേ, ഓര്‍ത്തുകളിച്ചോ മച്ചാനേ!.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.