22 January 2026, Thursday

ജീവിതം ചാലിച്ച ചായങ്ങള്‍

അനുജ ഗണേഷ്
August 24, 2025 6:30 am

കാശത്തുനിന്നറ്റുവീണ്
ചിതറിയ മഴവില്ല്
ഓർമ്മകളിൽ നിറങ്ങളിൻ
നിരതിരയുന്നു

തിരികെയൊരു
സുതാര്യമാം
തുള്ളിയിൽ
ധ്യാനത്തിലൊളിക്കുവാൻ

പലകുറി ചേർത്തുമഴിച്ചും
നിരയൊക്കാതെ
നേർത്തും കനത്തും
പലതിൽ തെളിഞ്ഞു, നിറങ്ങൾ

റോത്കോയുടെ
ആറാം നമ്പർ
ചിത്രത്തിൽ
വിചിന്തനത്തിന്റെ
വയലറ്റ് *1

നിഗൂഢ രാത്രികളുടെ
തളംകെട്ടിയ ഏകാന്തതയിൽ
അമരിപ്പൂക്കൾ പകർന്ന
അനുകമ്പയുടെ
ഇൻഡിഗോ *2

പിക്കാസോയുടെ ക്യാൻവാസിൽ
അൾട്രാമറൈൻ നിഴലിൽ
വേദനയുടെ വികാരം പേറി
ആത്മാവിന്റെ പ്രതിഭലനമായ
നീല *3

മോനേയുടെ ആമ്പൽപ്പൂക്കൾ*
വിടർന്നുനിന്ന ചെറുതടാകത്തിൽ
പ്രലോഭനങ്ങളെക്കുറിച്ചുള്ള
മുന്നറിയിപ്പുമായി
പച്ച *4

വാൻഗോഗിന്റെ
വിഷാദികളായ
സൂര്യകാന്തിപ്പൂക്കളിൽ
നീയില്ലാത്ത പകലുകളുടെ
മഞ്ഞ *5

നരകത്തിന്റെ ഗർജനത്തോടെ
ആ പുരാതന നഗരം കത്തുമ്പോൾ
അഗ്നിജ്വാലകളിൽ
പരക്കും അരാജകത്വത്തിന്റെ
ഓറഞ്ച് *6

ഭൗതിക സമൃദ്ധിയിൽ
ആത്മീയത ചാലിച്ച്
രവിവർമ്മ വരഞ്ഞ ലക്ഷ്മിയുടെ
ആടകളിൽ ചായില്യങ്ങളുടെ
കടുംചുവപ്പ് *7

പഴയ ചിത്രങ്ങളിൽ
നിശബ്ദമായി ശ്വസിക്കുന്ന
നിറങ്ങളുടെ പ്രേതങ്ങൾ
മൃദുവായ ഞരക്കങ്ങളാൽ
ആകാശക്കഥകൾ
മന്ത്രിക്കുന്നു

നേർത്തും കനത്തും
തെളിഞ്ഞ ചായക്കൂട്ടുകളിൽ
ആരോ മഴവില്ലിനെ തിരയുന്നു
കാലം പഴകിയ നിഴലുകളിൽ
വെളിച്ചത്തിന്റെ കുട്ടികൾ
പുതിയ ആർക്കുകൾ
കണ്ടെടുക്കുന്നു

1. അമേരിക്കൻ ചിത്രകാരൻ മാർക്ക്‌ റോത്കൊയുടെ പെയിന്റിങ് No. 6
2. ഓസ്ട്രിയൻ ചിത്രകാരൻ ഈഗോൺ ഷിലായുടെ ഇൻഡിഗോ നൈറ്
3. പിക്കാസോയുടെ ബ്ലൂ പീരിയഡ് ചിത്രങ്ങൾ
4. ഫ്രഞ്ച് ചിത്രകാരൻ ക്ലോഡ് മോനേയുടെ വാട്ടർ ലില്ലിസ്
5. ഡച്ച് ചിത്രകാരൻ വാൻ ഗോഗിന്റെ സൺഫ്ലവേഴ്സ്
6. ഫ്രഞ്ച് ചിത്രകാരൻ ഹ്യൂബർട്ട് റോബർട്ടിന്റെ ദി ഫയർ ഓഫ് റോം
7. രാജ രവി വർമയുടെ ‘ലക്ഷ്മി’ എന്ന ചിത്രം

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.