22 September 2024, Sunday
KSFE Galaxy Chits Banner 2

ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേം: തീരുമാനത്തില്‍ നിന്ന് പിന്മാറി ഓസ്ട്രേലിയ

Janayugom Webdesk
കാൻബറ
October 18, 2022 10:13 pm

പലസ്തീന്റെ ഭാവി തലസ്ഥാനമായി കരുതുന്ന ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച തീരുമാനത്തില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറി. 2018ൽ പ്രധാനമന്ത്രിയായിരുന്ന സ്കോട്ട് മോറിസണിന്റെ തീരുമാനമാണ് നിലവിലെ ആന്റണി അൽബനീസി സർക്കാർ തിരുത്തിയത്.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് 2017 ഡിസംബര്‍ ആറിനാണ് ജറൂസലേമിനെ ഇസ്രായേൽ തലസ്ഥാനമായി ഏകപക്ഷീയമായി പ്ര­ഖ്യാപിച്ചത്. ഓസ്ട്രേലിയയും തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ജെറുസലേമിന്റെ പദവി സംബന്ധിച്ച തര്‍ക്കം ഇസ്രയേല്‍— പലസ്തീന്‍ സമാധാന ചര്‍ച്ചയിലൂടെയാണ് തീരുമാനിക്കേണ്ടതെന്ന ദീര്‍ഘകാല നിലപാടിലേക്ക് തിരിച്ചുപോകുകയാണെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് വ്യക്തമാക്കി.
ഇസ്രയേലിലെ ഓസ്ട്രേലിയൻ എംബസി നിലവിലെ തലസ്ഥാനമായ ടെൽ അവിവിൽ തന്നെ തുടരും. ഇസ്രയേലും പലസ്തീനും സ്വതന്ത്രപദവി നല്‍കുകയെന്നതാണ് ഓസ്ട്രേലിയയുടെ നിലപാട്.
മോറിസണിന്റെ രാഷ്ട്രീയ നിലപാടിലൂടെ ഓസ്ട്രേലിയ പിന്തുടര്‍ന്നുവന്ന നയത്തിനാണ് മാറ്റം സംഭവിച്ചതെന്നും അതിൽ ഖേദിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. പരമ്പരാഗതമായി ഇ­സ്രയേലിന്റെ സുഹൃത് രാഷ്ട്രമാണെങ്കിലും പലസ്തീന്‍ വിഷയത്തി­ല്‍ പക്ഷപാതരഹിതമായി നില്‍ക്കുമെന്നും ഓസ്ട്രേലിയ അറിയിച്ചു.
അന്താരാഷ്ട്ര എതിര്‍പ്പുകളെ മറികടന്നാണ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ അതിര്‍ത്തിയായി പ്രഖ്യാപിച്ചത്. യുഎസ് എംബസി ടെൽ അവിവിൽ നിന്ന് ജറൂസലേമിലേക്ക് മാറ്റുകയും ചെ­യ്തിരുന്നു. ഇതിന് ശേഷമാണ് സ്‌കോട്ട് മോറിസന്‍ സര്‍ക്കാര്‍ ഈ നയത്തെ പിന്തുണച്ചത്. ഈ നീക്കം വ്യാപക വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇസ്‍ലാം, ക്രിസ്ത്യൻ, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമായാണ് ജറുസലേം ക­ണക്കാക്കുന്നത്. ഇസ്രയേൽ അ­നുകൂല നിലപാടുകളുള്ള തീവ്ര മതവിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ടാണ് ട്രംപ് ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയന്‍ നിലപാടിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി യായിര്‍ ലാപിഡ് ശക്തമായ എ­തിര്‍പ്പ് അറിയിച്ചു. 

Eng­lish Sum­ma­ry: Jerusalem as the cap­i­tal of Israel: Aus­tralia with­draws from the decision

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.