23 December 2024, Monday
KSFE Galaxy Chits Banner 2

ജീവകാരുണ്യ സേവനത്തിന് 100 മൈൽ ഓട്ടവുമായി ജിബി

ഷാജി ഇടപ്പള്ളി
കൊച്ചി
January 7, 2022 9:42 am

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാരത്തോൺ ഓട്ടം സംഘടിപ്പിക്കുകയും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ജിബി പീറ്റർ ഡിക്രൂസ് വീണ്ടും പുതിയ ദൗത്യവുമായി ഒരിടത്തും നിർത്താതെ ഒറ്റയ്ക്ക് 100 മൈൽ ഓട്ടം എന്ന ഉദ്യമത്തിനുള്ള തയാറെടുപ്പിലാണ്. തൊടുപുഴ ഇമ്മാനുവൽ ചിൽഡ്രൻസ് ഹോം, ചെന്നൈ പ്രിറ്റി ലിറ്റിൽ ഹേർട്സ് എന്നിവയുടെ പ്രവർത്തനങ്ങൾക്കുവേണ്ടി ധനസമാഹരണം ലക്ഷ്യമിട്ടാണ് ഈ മാസം എട്ടിന് അൾട്രാ മാരത്തോൺ ഓട്ടത്തിന് എറണാകുളം വരാപ്പുഴ സ്വദേശിയായ ജിബി ഒരുങ്ങിയിട്ടുള്ളത്.

മുവാറ്റുപുഴ വിശ്വജ്യോതി എൻജിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ജിബിക്ക് അൾട്രാ ഓട്ടവും ദീർഘദൂരസൈക്ലിങും പാഷനാണ്. 2013 ൽ കോളജിൽ എൻ എസ്എസ് പ്രോഗ്രാം ഓഫീസറായപ്പോൾ വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കാനും പരിപാടികൾ നടത്തുവാനും ഇടയായപ്പോഴാണ് ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തി നൽകണമെന്ന ആശയം മനസ്സിൽ ഉദിച്ചത്. നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഇതിനിടെ 2019 ൽ വിശ്വജ്യോതി ക്യാമ്പസിലെ ഗ്രൗണ്ടിൽ ഫുൾ മാരത്തോൺ (42.2 കി മി ) ഓട്ടം പൂർത്തിയാക്കി 90841 രൂപ സമാഹരിച്ചിരുന്നു. 2020 ൽ ഗിയറില്ലാത്ത സൈക്കിളിൽ കൊച്ചിയിൽ നിന്നും കോഴിക്കോട് പോയി തിരികെ കൊച്ചിയിൽ മടങ്ങിയെത്തിയ ജിബി 300 കിലോമീറ്റർ 30 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയാണ് ശ്രദ്ധ നേടിയത്. ഇതിലൂടെ 1,73,830 രൂപയും സമാഹരിച്ചു. ഇത്തരത്തിൽ ലഭിച്ച തുക ഇമ്മാനുവൽ ചിൽഡ്രൻസ് ഹോമിന് കൈമാറുകയും ചെയ്തു.

കേരളത്തിനകത്ത് നടക്കുന്ന എല്ലാ മാരത്തോണുകളിലും അൾട്രാ ഓട്ടത്തിലും കേരളത്തിന് വെളിയിലും ചില പ്രധാന മാരത്തോണുകളിൽ ജിബി സജീവമായി പങ്കെടുത്തിട്ടുണ്ട്. കർണാടകയിൽ നടന്ന മലനാട് അൾട്രാ മാരത്തോണിൽ 14 മണിക്കൂർ കൊണ്ടാണ് 80 കിലോമീറ്റർ ഓടിയത്. ഫേസ്ബുക്ക് ലൈവിൽ 24 മണിക്കൂറിൽ 3000 പുഷ് അപ്പും, 100 മിനിറ്റിൽ 1000 പുഷ് അപ്പും എടുത്ത് ശ്രദ്ധ നേടിയിരുന്നു.

പുതിയ ലക്ഷ്യവുമായിട്ടുള്ള ഓട്ടം എട്ടിന് പുലർച്ചെ നാലിന് തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിൽ ഫ്ലാഗ് ഓഫ് ചെയ്യും. മുവാറ്റുപുഴ, തൊടുപുഴ, ഊന്നുകൽ,കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി, ആലുവ, ഇടപ്പള്ളി, വൈ­റ്റില വഴി ഓടി തൃപ്പൂണിത്തുറയിൽ ഒമ്പതിന് ഉച്ചയോടെ സമാപിക്കും.

Eng­lish Sum­ma­ry: Jibi with 100 miles run for char­i­ty service

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.