22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
November 26, 2024
November 8, 2024
October 25, 2024
October 18, 2024
October 17, 2024
September 18, 2024
July 20, 2024
July 16, 2024
July 7, 2024

ജോലി ‘ഭാര’മാകുമ്പോൾ

മീര ജി കെ
October 22, 2021 5:25 am

സ്വപ്നം കണ്ടിരുന്ന ജോലി ഭാരമാകുകയും അതിന്റെ സമ്മർദ്ദം മൂലം ജീവിതം നരകതുല്യമാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം അപരിഹാര്യമായി വളർന്നു കൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം പല തൊഴിൽ മേഖലകളെ സംബന്ധിച്ചും നിഷേധിക്കാനാവാത്ത അസ്വാസ്ഥ്യമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അഗ്രഗണ്യരെയാണ് എല്ലാ തൊഴിലിടങ്ങളും തിരയുന്നത്, മികച്ച സേവനമാണ് പ്രതീക്ഷിക്കേണ്ടതും. അതിൽ തെറ്റില്ല. പക്ഷെ ജോലി ഭാരമാകുമ്പോൾ സേവനത്തിന്റെ മേന്മ കുറയുന്നു. തൊഴിലുടമയും ജീവനക്കാരനും അകൽച്ചയിലാവുന്നു. ഊഷ്മളമായ ഒരു തൊഴിൽ സ്ഥലമാണ് ഏവരുടെയും സ്വപ്നം. ഭരണനിർവഹണം നടത്തുന്നവരും ജീവനക്കാരും തങ്ങളുടെ കർത്തവ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിച്ചാൽ ഏറെക്കുറെ പ്രശ്നങ്ങളൊക്കെ പരിഹരിക്കാനാവും. അടിസ്ഥാനപരമായി എല്ലാവരും മനുഷ്യരാണല്ലോ, മാനുഷത്വവുമുണ്ടാകും. അതു വേണ്ടവിധം രൂപപ്പെടുത്തിയെടുക്കുന്നിടത്തു പ്രശ്നപരിഹാരങ്ങൾ തുടങ്ങുകയായി. ശാരീരികവും മാനസികവും സാമ്പത്തികവുമായ ക്ഷേമം തൊഴിൽ സ്ഥലം പ്രദാനം ചെയ്യേണ്ടതുണ്ട്. ഒരുവന്റെ കഴിവിനെ അംഗീകരിക്കുകയും യോഗ്യതയെ വിലമതിക്കുകയും ചെയ്യുമ്പോൾ, സ്വാഭാവികമായും അവൻ ഏറ്റവും മെച്ചപ്പെട്ട സേവനം നൽകാൻ തയാറാവും.

 


ഇതുംകൂടി വായിക്കൂ: പൊലീസിന് ചുമതല നൽകിയത് ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം കുറയ്ക്കുവാൻ: മുഖ്യമന്ത്രി


സംയോജിത പ്രവർത്തനമാണെങ്കിലും, കാര്യക്ഷമമായി ചെയ്തുതീർക്കുമ്പോൾ ടീമിലെ ഓരോ അംഗത്തിനും അർഹമായ അംഗീകാരം കൊടുത്തേ മതിയാവൂ. ജീവനക്കാരന്റെ സമഗ്രമായ ക്ഷേമം തൊഴിലിടം ഉറപ്പു നല്കുമ്പോൾ സമ്മർദ്ദം ഇല്ലാതാവുകയും, ഉല്പാദനക്ഷമത വർധിക്കുകയും ചെയ്യും. ജോലിയിൽ സമ്മർദ്ദം മൂലം, അല്ലെങ്കിൽ ജോലിഭാരം മൂലം, യൗവനത്തിൽ തന്നെ ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്ന ധാരാളം മുഖങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. നമ്മുടെ മക്കളിൽ, സഹോദരങ്ങളിൽ, സുഹൃത്തുക്കൾക്കിടയിൽ എല്ലാം ഇവരുണ്ട്. കുഞ്ഞുമക്കളേയും കുടുംബത്തെയുമൊക്കെ ഉപേക്ഷിച്ച് ആത്മഹത്യയിൽ അഭയം തേടിയവരും കുറവല്ല എന്ന് നമുക്കെല്ലാവർക്കും അറിയാം. അടുത്ത കാലത്ത് ബാങ്കിങ് മേഖലയിൽ ഉണ്ടായിട്ടുള്ള ആത്മഹത്യകൾ ഞെട്ടിക്കുന്നവയാണ് എന്ന് പറയാതെ വയ്യ. സമയബന്ധിതമായി ചെയ്തുതീർക്കാൻ കഴിയാത്തത്ര ജോലി, നിശ്ചയിക്കപ്പെട്ടതിനപ്പുറവും മണിക്കൂറുകൾ നീളുന്ന ജോലിസമയം, മേലധികാരികളിൽ നിന്നുള്ള സമ്മർദ്ദം, ഇടവേളകളുടെ അഭാവം ഇതെല്ലാം ഒരു ശരാശരി മനുഷ്യന് താങ്ങാവുന്നതിനുമപ്പുറമാണ്. ഗർഭിണികളും, മുലയൂട്ടുന്ന അമ്മമാരും, രോഗഗ്രസ്തരുമെല്ലാം അടങ്ങുന്നതാണ് ഈ സമൂഹം. നൈതികതയുടെ പിന്നാമ്പുറത്തേക്ക് ഇവരെ തള്ളിവിടുന്നത് ശരിയല്ല. സമ്മർദ്ദം കുറച്ച്, കാര്യക്ഷമത കൂട്ടി ഉല്പാദനക്ഷമത വർധിപ്പിക്കുക എന്ന ചിന്ത മേൽത്തട്ടു മുതൽ കീഴ്‌ത്തട്ടിലുള്ളവരില്‍ വരെ വ്യാപിപ്പിക്കാൻ കഴിയണം. ജീവനക്കാർക്കിടയിൽ അഭിപ്രായ സർവേ നടത്തുകയും അവർക്കായി ക്ഷേമപദ്ധതികൾ പ്രാവർത്തികമാക്കുകയും, തദ്വാരാ ജോലിയും സ്വന്തം ജീവിതവും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ വഴിയൊരുക്കുകയും വേണം.

 


ഇതുംകൂടി വായിക്കൂ:വിശക്കുന്ന ഇന്ത്യ, വില്‍ക്കപ്പെടുന്ന ഇന്ത്യ


ഇടവേളകൾ നിർബന്ധമാക്കുക, പ്രചോദനം നല്കാനുതകുന്ന പാരിതോഷികങ്ങൾ ഏർപ്പെടുത്തുക, ആരോഗ്യകരമായ സ്ഥലം സജ്ജീകരിക്കുക, ആവശ്യമെങ്കിൽ പ്രബോധനം നൽകുക, ജോലിസമയം ക്രമീകരിക്കുക, എന്നിങ്ങനെയുള്ള കാര്യങ്ങൾ ജോലിസ്ഥലം ആകർഷകമാക്കാൻ സഹായിക്കും. നിലവാരമുള്ള സേവനമാണ് നമ്മുടെ ആവശ്യം. ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നിശ്ചിത യോഗ്യതയുള്ളവരാണ് തെരഞ്ഞെടുക്കപ്പെടുന്നത്. കാര്യക്ഷമത ഉറപ്പുവരുത്താനും ഉന്നത നിലവാരം നിലനിർത്തിക്കൊണ്ടു പോകാനും മനുഷ്യവിഭവശേഷി ശരിയായ രീതിയിൽ സംരക്ഷിച്ചു കൊണ്ടുപോകേണ്ടതുണ്ട്. അതിനായി നിലവാരമുള്ള തൊഴിലിടങ്ങൾ സജ്ജമാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.