നിയമക്കുരുക്കിൽ പെട്ടത് കാരണം എമിഗ്രെഷൻ ക്ലിയർ ചെയ്യാനാകാതെ 24 തവണ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കപ്പെട്ട തമിഴ്നാട് മാർത്താണ്ഡം സ്വദേശി ജോൺ (36), 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ, നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ അക്ഷീണപരിശ്രമത്തിന്റെ ഫലമായി നിയമക്കുരുക്ക് അഴിച്ചു സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങി.
15 വർഷം മുമ്പാണ് ജോലി തേടി ഇയാൾ സൗദിയിലെ ദമ്മാമിലെത്തിയത്. എത്തിയതിന്റെ മൂന്നാം ദിവസം, ഇവരുടെ താമസസ്ഥലത്തു കടന്നു കയറി മോഷണം നടത്താൻ ശ്രമിച്ച പന്ത്രണ്ട് സ്വദേശികളും ജോണും റൂമിൽ ഉണ്ടായിരുന്ന അഞ്ചുപേരും ഏറ്റുമുട്ടുകയുണ്ടായി. ഇതിന്റെ പേരിൽ ഉണ്ടായ പോലീസ് കേസാണ് ജോണിന് ഊരാക്കുരുക്ക് ആയത്.
പല ജോലികൾ ചെയ്തു ജീവിച്ചു ഏഴു വർഷങ്ങൾക്ക് ശേഷം നാട്ടിലേയ്ക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തന്റെ പേരിലുള്ള പഴയ കേസ് ഇപ്പോഴും നിലനിൽക്കുന്നു എന്നും, മത്തലൂബ് ഉള്ളതിനാൽ യാത്രവിലക്ക് ഏർപ്പെടുത്തപ്പെട്ടതായും ജോൺ മനസ്സിലാക്കുന്നത്. അന്ന് മുതൽ ആ നിയമക്കുരുക്ക് അഴിയ്ക്കാൻ ഉള്ള ശ്രമത്തിലായിരുന്നു അയാൾ. പല സാമൂഹ്യപ്രവർത്തകരും ഈ വിഷയത്തിൽ ഇടപെട്ടെങ്കിലും നിയമക്കുരുക്ക് അഴിയ്ക്കാൻ കഴിയാതെ പിന്മാറുകയായിരുന്നു. 23 തവണ ടിക്കറ്റ് എടുത്ത് വിമാനത്താവളത്തിൽ ചെന്നിട്ടുണ്ടെങ്കിലും, എമിഗ്രെഷനിൽ വച്ച് യാത്രാനിരോധനം കാരണം തിരികെ പോകേണ്ടി വന്നു.
14 വർഷത്തോളം നീണ്ട ശ്രമങ്ങൾക്ക് ശേഷവും പരാജയപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങാനുള്ള ശ്രമങ്ങൾ ഉപേക്ഷിയ്ക്കുന്ന അവസ്ഥയിൽ എത്തിയ സമയത്താണ് ജോൺ നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തെ സഹായത്തിനായി സമീപിയ്ക്കുന്നത്. തുടർന്ന് നവയുഗം ജീവകാരുണ്യപ്രവർത്തകരായ പദ്മനാഭൻ മണിക്കുട്ടനും, മഞ്ജു മണിക്കുട്ടനും കൂടി ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.
കിഴക്കൻ പ്രവിശ്യയിലെ സർക്കാർ ഓഫിസുകളും, കോടതികളും കയറി ഇറങ്ങി രണ്ടു വർഷത്തോളം നീണ്ട പരിശ്രമമാണ് നവയുഗം ജീവകാരുണ്യപ്രവർത്തകർ നടത്തിയത് . ഒരു വർഷത്തിന് മുൻപ് എക്സിറ്റ് അടിച്ചു വിമാനത്താവളത്തിൽ പോയെങ്കിലും, എമിഗ്രെഷനിൽ നിന്നും വീണ്ടും തിരികെ വരേണ്ടി വന്നു. ഇന്ത്യൻ എംബസ്സിയിൽ നിന്നും മഞ്ജു മണിക്കുട്ടൻ എടുത്തു നൽകിയ ഔട്ട്പാസ്സുകൾ, തിരികെ പോകാനാകാത്തതിനാൽ മൂന്നോ നാലോ പ്രാവശ്യം കാലാവധി അവസാനിച്ചു പോയി. അങ്ങനെ ഒട്ടേറെ വെല്ലുവിളികൾ ഈ കേസിൽ നേരിട്ടു.
ഒടുവിൽ നവയുഗം ജീവകാരുണ്യപ്രവർത്തകർ ദമ്മാം ഗവർണറേറ്റ് (Emara) യിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ, അവിടുള്ള നല്ലവരായ ചില സൗദി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി നടത്തി, അവരുടെ ഇടപെടലിൽ ആണ് നിയമക്കുരുക്ക് അഴിക്കാൻ കഴിഞ്ഞത്.
അങ്ങനെ പതിനഞ്ചു വർഷത്തിനു ശേഷം, നവയുഗം ജീവകാരുണ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട് , ജോൺ നാട്ടിലേയ്ക്ക് പറന്നു.
English Summary: John, who has been deported 24 times from Saudi airports, is finally back home
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.