17 January 2026, Saturday

ഫാസിസത്തിനെതിരെ ഉറുമ്പുകളെപ്പോലെ കൈക്കോര്‍ക്കണം: ആയിഷ സുല്‍ത്താന

യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗൗരി ലങ്കേഷ് നഗറിലാണ് ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം നടന്നത്
Janayugom Webdesk
കോഴിക്കോട്
August 18, 2023 9:39 pm

ഫാസിസം ജീവിതത്തിന്റെ സമസ്തമേഖലയേയും പിടിമുറുക്കുമ്പോള്‍ നമ്മള്‍ ഉറുമ്പുകളെപ്പോലെ പരസ്പരം കൈകോര്‍ക്കേണ്ടിയിരിക്കുന്നുവെന്ന് പ്രശസ്ത നടിയും സംവിധായകയും ആക്ടിവിസ്റ്റുമായ ആയിഷ സുല്‍ത്താന അഭിപ്രായപ്പെട്ടു. യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ടൗണ്‍ഹാളിലെ ഗൗരി ലങ്കേഷ് നഗറില്‍ നടന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആയിരങ്ങള്‍ ജീവന്‍നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യം നിലനിര്‍ത്തുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്. അപ്പോഴാണ് ജനാധിപത്യം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാകുക. എന്നാല്‍ ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. ലക്ഷദ്വീപില്‍നിന്നും തദ്ദേശീയരെ ആട്ടിയകറ്റാനാണ് ഭരണകൂടം നീക്കം നടത്തുന്നത്. അതിനായി മൂലധനശക്തികള്‍ക്കൊപ്പം ഭരണകൂടവും കൈകോര്‍ക്കുന്നു. ജനങ്ങളുടെ അവകാശത്തിനായി ശബ്ദമുയര്‍ത്തിയതിന് തന്നെ ഫാസിസ്റ്റ് ഭരണകൂടം രാജ്യദ്രോഹിയായി മുദ്രകുത്തുകയാണ്.

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് നഷ്ടങ്ങളുടെ കഥകളാണ് പറയാനുള്ളത്. രാജ്യത്ത് സ്വാതന്ത്ര്യം ലഭിക്കാത്ത ഒരേയൊരു സ്ഥലമാണ് ലക്ഷദ്വീപ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടെ ഉദ്യോഗസ്ഥരാണ് ഭരണം നടത്തുന്നത്. ഇവര്‍ വികസനത്തിന്റെ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടുന്നു. വെള്ളത്തിനും വെളിച്ചത്തിനും വിദ്യാഭ്യാസത്തിനുമെല്ലാം ദ്വീപ് നിവാസികള്‍ സമരത്തിലാണ്. ആരോഗ്യരംഗം ഏറ്റവും ശോചനീയാവസ്ഥയിലാണ് ഇവിടെ. അടിസ്ഥാനപരമായി വേണ്ടതായ ഒന്നും ഇല്ലാത്ത സ്ഥലമാണ് ലക്ഷദ്വീപ്. എന്നിട്ടും എപ്പോഴും വികസനത്തെക്കുറിച്ചാണ് വാചാലമാകുന്നത്. വെള്ളത്തിനുവേണ്ടി സമരം ചെയ്യുന്ന നാട്ടില്‍ യഥേഷ്ടം ബാറുകളാണ് വരാന്‍ പോകുന്നത്. നല്ല ആശുപത്രികളൊന്നും തന്നെ ഇവിടെയില്ല. രോഗികളെ കേരളത്തിലെത്തിച്ച് ചികിത്സിക്കാന്‍ പോലും യാത്രാ സൗകര്യമില്ലാത്ത അവസ്ഥയാണ്. ഇവിടെ ധാരാളം രോഗികളാണ് ഇത്തരത്തില്‍ മതിയായ ചികിത്സ ലഭിക്കാതെ മരിക്കുന്നത്.

മത്സ്യബന്ധ രംഗത്തിന് ഊന്നല്‍ നല്‍കിയാല്‍ സമ്പദ് ഘടനയില്‍ വലിയ കുതിച്ചുചട്ടം സാധ്യമാകുമെന്നിരിക്കെ ഇവിടെ അത്തരത്തിലുള്ള യാതൊരു നടപടികളും ഉദ്യോഗസ്ഥ ഭരണകൂടം നടപ്പിലാക്കുന്നില്ല. മത്സ്യത്തൊഴിലാളികളും സമരത്തിന്റെ പാതയിലാണ്. ഈ വ്യവസ്ഥിതിയ്ക്ക് മാറ്റം വരുന്നില്ലെങ്കില്‍ വരുന്ന തലമുറയും ഇന്നത്തേക്കാള്‍ കൂടുതല്‍ അനുഭവിക്കേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജനങ്ങളെ അവരുടെ ആവാസ സഥലങ്ങളില്‍ നിന്നും ആട്ടിയകറ്റി കോര്‍പ്പറേറ്റുകള്‍ക്കായി പരവതാനി വിരിക്കുകയാണ് മോഡി ഭരണകൂടം ചെയ്യുന്നതെന്ന് ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ സംസാരിച്ച എഴുത്തുകാരി ഖദീജ മുംതാസ് പറഞ്ഞു. ഫാസിസത്തിനെതിരായ പോരാട്ടം ഏറ്റവും ശക്തമായി നടത്തേണ്ട കാലഘട്ടംതന്നെയാണ് ഇത്. നമ്മുടെ ഭരണഘടനയെ മുനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണഘടനയാക്കി മാറ്റിയെഴുതാനാണ് നീക്കം നടക്കുന്നത്. ഏകീകൃത സിവില്‍കോഡിന് പിന്നിലും ഇത്തരത്തിലുള്ള ഒരു അജണ്ടയാണ് മോഡി ഭരണകൂടം ഒളിച്ചു കടത്തുന്നത്.

വ്യക്തിനിയമങ്ങള്‍ക്ക് കാലോചിതമായ മാറ്റം വേണം. കാലത്തിനനുസരിച്ച് നിയമങ്ങള്‍ മാറ്റിപണിയേണ്ടതുണ്ട്. സ്വാതന്ത്ര്യവും സമത്വവും മുസ്ലിംസ്ത്രീകളുടെ കാര്യത്തില്‍ നീതിപൂര്‍വ്വകമായി നടപ്പിലാക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം. അത് അതത് സമുദായങ്ങളുടെ കര്‍ത്തവ്യം കൂടിയാണ്. എന്നാല്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്നതിനു പകരം ചിലരെയെല്ലാം പുറത്താക്കുക എന്നതുതന്നെയാണ് ഏകീകൃത സിവില്‍കോഡിലൂടെ ഭരണകൂടം ലക്ഷ്യം വെയ്ക്കുന്നത്. രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടാനുള്ള നീക്കത്തിനെതിരെ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കുമൊപ്പം കൈകോര്‍ക്കണമെന്നും കര്‍ണ്ണാടക നല്‍കുന്ന പാഠം അത്തരത്തിലുള്ളതാണെന്നും ഖദീജ മുംതാസ് കൂട്ടിച്ചേര്‍ത്തു. ഇപ്റ്റ ദേശീയ ഉപാധ്യക്ഷന്‍ ടി വി ബാലന്‍ അധ്യക്ഷത വഹിച്ചു. കവി പി എന്‍ ഗോപീകൃഷ്ണന്‍, സത്യന്‍ മൊകേരി, അജിത്ത് കൊളാടി, ആലങ്കോട് ലീലാകൃഷ്ണന്‍, വിനോദ് കൃഷ്ണ, ഗീതാ നസീര്‍, ഇ എം സതീശന്‍, കെ ബിനു, അഷറഫ് കുരുവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ശശികുമാര്‍ പുറമേരി സ്വാഗതവും നിധീഷ് നടേരി നന്ദിയും പറഞ്ഞു.

Eng­lish Summary:Join hands like ants against fas­cism: aisha sultana
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.