22 December 2024, Sunday
KSFE Galaxy Chits Banner 2

അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തും

(ജനറല്‍ സെക്രട്ടറി, ജോയിന്റ് കൗണ്‍സില്‍)
ജയശ്ചന്ദ്രൻ കല്ലിംഗൽ
October 26, 2021 4:00 am

കേരളത്തിലെ സിവിൽ സർവീസിൽ അഴിമതിയുടെ തോത് വർധിക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. 2019 ൽ ഇന്ത്യ കറപ്ഷൻ സർവേ പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളം അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിലായിരുന്നു. ഉത്തർപ്രദേശ്, ബീഹാർ ഉൾപ്പെടെയുള്ളവ കൂടുതൽ അഴിമതിയുള്ള സംസ്ഥാനങ്ങളുമായിരുന്നു. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ പ്രസ്താവന അതീവ ഗൗരവമുള്ളതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 665 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ 361 കേസുകളുടെ അന്വേഷണം പൂർത്തിയായിയെന്നും 304 കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതുമായാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടടുത്ത സ്ഥാനം റവന്യൂ വകുപ്പിനുമുണ്ട്. വകുപ്പുകളിൽ സോഷ്യൽ ആഡിറ്റിങ് നടപ്പിലാക്കിയും മാനദണ്ഡപ്രകാരം ജീവനക്കാരെ പുനർവിന്യസിച്ചും സർവീസ് രംഗത്ത് മാറ്റങ്ങൾ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടുമുണ്ട്. സ്ഥലംമാറ്റങ്ങളെ ഓൺലൈനാക്കി കൊണ്ടുള്ള കർശനമായ നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സർവീസ് മേഖലയിൽ ആശാവഹമായ മാറ്റം ഉണ്ടാക്കുമെന്ന് തന്നെ കരുതുന്നു.

ഔദ്യോഗിക തട്ടുകളുടെ എണ്ണം വർധിച്ചതും സർക്കാർ നടപടിക്രമങ്ങളുടെ സങ്കീർണ്ണതയും അഴിമതിക്ക് സൗകര്യമൊരുക്കുന്നു. നിയമങ്ങളും ചട്ടങ്ങളും ലഘൂകരിച്ച് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കിയാൽ മാത്രമേ മോഡൽ സ്റ്റേറ്റ് യാഥാർത്ഥ്യമാകൂ. പൊതുസേവനങ്ങൾ ലഭ്യമാകുന്നതിനു ഹാജരാക്കേണ്ട രേഖകൾ, ബന്ധപ്പെട്ട നടപടിക്രമങ്ങൾ എന്നിവയെ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കണം.

സ്വന്തം കടമ നിർവഹിക്കാതെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്ന ഉദ്യോഗസ്ഥരും സാമ്പത്തിക അഴിമതി നടത്തുന്നവരെ പോലെ തന്നെ കുറ്റക്കാരായി പരിഗണിക്കണം. സർക്കാർ സേവനങ്ങൾ സോഷ്യൽ ആഡിറ്റിങിന് വിധേയമാക്കപ്പെടുന്നതോടു കൂടി ഇവരെ കണ്ടെത്തി നടപടി എടുക്കാനാകും. നിയമങ്ങളും ചട്ടങ്ങളെയും സംബന്ധിച്ച് പൊതുജനത്തിന് ഗ്രാഹ്യമില്ലാത്തതും അഴിമതിക്കാരായവരും അലസരുമായ ഉദ്യോഗസ്ഥർക്ക് സൗകര്യപ്രദമാകുന്നു.
അഴിമതി കൂടിയതായി രേഖപ്പെടുത്തിയ രണ്ട് വകുപ്പുകളും ജനങ്ങളുമായി ഏറ്റവും അധികം ബന്ധപ്പെടുന്നവയാണ്. ഗ്രാമപഞ്ചായത്താഫീസുകൾ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ വകുപ്പും വില്ലേജാഫീസുകൾ ഉൾപ്പെടുന്ന റവന്യു വകുപ്പും കൈകാര്യം ചെയ്യേണ്ടി വരുന്നത് വിപുലമായ ചുമതലകളാണ്. സർക്കാർ കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോൾ അത് നിർവഹിക്കേണ്ട പ്രാദേശിക ഭരണനിർവഹണ സംവിധാനങ്ങളെ ശാക്തീകരിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. സ്വന്തം പൗരാവലിയെ സംബന്ധിച്ച് സുശക്തമായ ഡാറ്റാബേസ് ഇല്ലാത്തതിനാൽ ഓരോ പദ്ധതികൾക്കും പ്രത്യേകം പ്രത്യേകം വിവരശേഖരണം നടത്തേണ്ടി വരുന്നതും ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഓരോ പദ്ധതിക്കും വെവ്വേറെ നിശ്ചയിക്കപ്പെടുന്നതും ജോലിഭാരം വർധിപ്പിക്കുന്നു. ഇതിന് അനുസരിച്ച് ജീവനക്കാരെയോ അടിസ്ഥാന സൗകര്യങ്ങളോ നൽകുവാൻ കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യവും ഉൾക്കൊള്ളണം. വില്ലേജാഫീസുകളുടെ ജോലിസ്വഭാവവും ഉത്തരവാദിത്തവും ഉൾക്കൊണ്ട് വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് കഴിഞ്ഞ മൂന്ന് ശമ്പളപരിഷ്കരണ കമ്മിഷനുകൾ നൽകിയ ഒരു ശുപാർശ പോലും സർക്കാർ അംഗീകരിച്ചിട്ടുമില്ല.


ഇതുകൂടി വായിക്കൂ :അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല: മുഖ്യമന്ത്രി


ഒരു ഉദ്യോഗസ്ഥനും അഴിമതി നടത്തി സമ്പന്നനാകാം എന്ന കാഴ്ചപ്പാടോടു കൂടി ആയിരിക്കില്ല സർവീസിൽ പ്രവേശിക്കുന്നത്. അവിടത്തെ സാഹചര്യമാണ് അവരെ കള്ളന്മാരും അഴിമതിക്കാരുമാക്കുന്നത്. ഈ സാഹചര്യത്തെയാണ് ആദ്യം ചികിത്സിക്കേണ്ടത്.
അഞ്ചരലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരിൽ ആകെ നാൽപ്പതിനായിരത്തിൽ താഴെയാണ് ഈ രണ്ട് വകുപ്പുകളിലെയും ജീവനക്കാരുടെ എണ്ണം. ഇതിൽ വില്ലേജാഫീസുകളുടെ സ്ഥിതി പ്രത്യേകമായെടുത്താൽ എണ്ണായിരത്തിൽ താഴെ ജീവനക്കാരാണുള്ളത്. ഇവരിൽ ഭൂരിഭാഗവും നോൺ ഗസറ്റഡ് ജീവനക്കാരുമാണ്. അതായത് അമ്പതിനായിരത്തിൽ താഴെ മാത്രം ശമ്പളം വാങ്ങുന്നവർ. ഈ വകുപ്പുകളിലേക്ക് സർക്കാർ ശമ്പളവിഹിതത്തിന്റെ ആകെ അഞ്ച് ശതമാനത്തിൽ താഴെയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഉയർന്ന തസ്തികകൾ കൂടുതൽ കൂടുതൽ സൃഷ്ടിക്കപ്പെടുമ്പോൾ താഴെ തട്ടിലുള്ള തസ്തികകളുടെ എണ്ണം ജോലിഭാരത്തിന് അനുസരിച്ച് വർധിക്കുന്നില്ല എന്നത് കഴിഞ്ഞ കുറച്ച് നാളുകളായി കാണുന്ന പ്രവണതയാണ്. ഭരണകൂടത്തോട് ചേർന്ന് നിൽക്കുന്ന ചില വിഭാഗങ്ങൾക്ക് ഒരു കമ്മിഷന്റെയും റിപ്പോർട്ടില്ലാതെ തന്നെ അമിതമായ പരിഗണന ലഭിക്കുന്നുമുണ്ട്. അഴിമതിയുടെ കാര്യത്തെ സംബന്ധിച്ച ചർച്ചകൾക്കിടയിൽ ഇതും കൂടി സൂചിപ്പിച്ചത് ഇത്തരം വിഷയങ്ങളും സർക്കാർ ഗൗരവതരമായി അഭിസംബോധന ചെയ്യേണ്ടതുണ്ട് എന്നതു കൊണ്ടാണ്.

വിവരസാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ പരമാവധി സർക്കാർ സേവന രംഗത്ത് പ്രയോജനപ്പെടുത്തി ഐടി അധിഷ്ഠിത സേവനങ്ങൾ ജനങ്ങൾക്ക് നൽകണം. എന്നാൽ ഇത്തരം സംവിധാനങ്ങൾ ഒരുക്കിയ ഓഫീസുകളിലൊക്കെ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ ഗുണനിലവാരമില്ലായ്മയും ഓൺലൈൻ സംവിധാനങ്ങളുടെ പോരായ്മയും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മാർക്കറ്റിൽ ലഭ്യമാകുന്നതിന്റെ ഇരട്ടി വിലയ്ക്ക് അക്രഡിറ്റഡ് ഏജൻസികൾ സർക്കാർ സംവിധാനങ്ങളിലേക്ക് കമ്പ്യൂട്ടർ ഹാർഡ്‌വെയറുകൾ വിതരണം ചെയ്യുന്നത്. ഈ രംഗത്തെ ഇടനിലക്കാരെ ഒഴിവാക്കുവാൻ സർക്കാർ തയാറാകണം. ഗുണനിലവാരമുള്ള ഉപകരണങ്ങൾ സർക്കാർ നേരിട്ട് വാങ്ങണം.


ഇതുകൂടി വായിക്കൂ :കേരളത്തില്‍ അഴിമതിയുടെ കാലം അവസാനിച്ചു; മുഖ്യമന്ത്രി


അഴിമതി വളർത്തുന്നതിൽ നിർണായകമായ സ്വാധീനമാണ് ഇടനിലക്കാർക്കുള്ളത്. ഇത്തരക്കാരെ നിലയ്ക്ക് നിർത്തുന്നതിൽ കർശനമായ നിലപാടാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. സർക്കാർ സംവിധാനത്തെ സഹായിക്കുന്നതിനായി ചുമതലപ്പെടുത്തുന്ന ഏജൻസികൾ മിക്കപ്പോഴും ഇടനിലക്കാരായി മാറുകയാണ് പതിവ്. സബ് രജിസ്ട്രാർ ഓഫീസുകൾ, ആർ ടി ഓഫീസുകൾ, നഗരസഭകളിലെ ടൗൺ പ്ലാനിങ് വിഭാഗം തുടങ്ങിയവയിലെ അഴിമതിക്ക് പ്രധാന കാരണം ഇവരാണ്. ആർ ടി ഓഫീസുകളിലെ സേവനം ഓൺലൈനാക്കിയത് കാരണം ഈ സ്ഥിതിക്ക് അൽപ്പം മാറ്റം വന്നിട്ടുണ്ട്.
സർക്കാർ സംവിധാനത്തിന് പകരം നിയോഗിക്കപ്പെടുന്ന കൺസൾട്ടൻസികളും അക്രഡിറ്റഡ് ഏജൻസികളും ഉൾപ്പെടുന്ന സ്വകാര്യ ഏജൻസികൾ ഖജനാവിന് സൃഷ്ടിക്കുന്ന നഷ്ടം വളരെ വലുതാണ്. ഇത് പലപ്പോഴും പുറത്തു വരാറുമില്ല. ഏജൻസി കമ്മിഷൻ, കൺസൾട്ടൻസി ഫീസ് തുടങ്ങിയവയിൽ വരുന്ന ചെലവുകൾ പദ്ധതി വിഹിതത്തിൽ വകയിരുത്തപ്പെടാറാണുള്ളത്. ചുവപ്പു നാട ഒഴിവാക്കുന്നതിനും സമയബന്ധിതമായിട്ടുള്ള നിർവഹണത്തിനുമാണ് പ്രധാന പദ്ധതികൾ സർക്കാരിതര സംവിധാനങ്ങളിലേക്ക് മാറുന്നത്. എന്നാൽ ലാഭം മാത്രം ലക്ഷ്യമിടുന്ന ഇത്തരം ഏജൻസികൾ ലോകത്തെ എല്ലാ ഭരണകൂടങ്ങളിലും സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്. ഈ നവപ്രതിഭാസങ്ങളും സിവിൽ സർവീസിലെ അഴിമതിയെപ്പോലെ തന്നെ ഗൗരവതരമായിട്ടാണ് ചർച്ച ചെയ്യേണ്ടത്.

അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ രൂപീകരണ കാലം മുതൽ നിലപാടെടുക്കുന്ന സംഘടനയാണ് ജോയിന്റ് കൗൺസിൽ. ജനപക്ഷ സിവിൽ സർവീസ് സാധ്യമാകണം എന്നതാണ് പ്രധാന മുദ്രാവാക്യവും. സംസ്ഥാനത്ത് ആദ്യമായി അഴിമതിക്കെതിരെ സർക്കാർ ഓഫീസുകളിൽ പരസ്യമായി പ്രതികരിച്ചത് ജോയിന്റ് കൗൺസിലാണ്. 1986 ൽ 52 ദിവസം കാൽനടയായി നടത്തിയ പ്രചരണ ജാഥയിലൂടെ സിവിൽ സർവീസിലെ അഴിമതിക്കെതിരെ രംഗത്ത് വന്നത് ജോയിന്റ് കൗൺസിലാണ്. ഇതിന് എൻ അനന്തകൃഷ്ണനോടൊപ്പം നേതൃത്വം നൽകിയത് എം എൻ വി ജി അടിയോടിയാണ്. ഈ വരുന്ന ഒക്ടോബർ 26 അദ്ദേഹത്തിന്റെ പതിനഞ്ചാം ചരമവാർഷികദിനമാണ്. ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലേക്ക് പൊതുജനങ്ങളിൽ നിന്ന് ആവശ്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന് പ്രധാന സർക്കാർ ഓഫീസുകളിൽ അന്നേ ദിവസം ഓരോ ബോക്സ് സ്ഥാപിക്കുന്നു. ഈ സംവിധാനം വഴി ലഭ്യമാകുന്ന നിവേദനങ്ങളും ജീവനക്കാരെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളും ഓഫീസ് മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നപരിഹാരത്തിന് ജോയിന്റ് കൗൺസിൽ ശ്രമിക്കും. ഇത്തരം ഇടപെടലുകൾ സർവീസ് മേഖലയെ കൂടുതൽ ശുദ്ധീകരിക്കുമെന്നും അഴിമതി കുറയ്ക്കുന്നതിന് നിർണായകമായ സംഭാവന ചെയ്യുവാൻ കഴിയുമെന്നുമാണ് വിശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.