6 May 2024, Monday

Related news

February 19, 2024
February 13, 2024
January 30, 2024
October 1, 2023
August 15, 2023
July 5, 2023
June 8, 2023
March 1, 2023
February 22, 2023
January 7, 2023

ജോഷിമഠില്‍ ക്ഷേത്രം ഇടിഞ്ഞുതാണു; 600 കുടുംബങ്ങളെ ഒഴിപ്പിച്ചു

Janayugom Webdesk
ഡെറാഡൂണ്‍
January 7, 2023 11:28 pm

ഇടിഞ്ഞ് താഴ്ന്നുകൊണ്ടിരിക്കുന്ന ജോഷിമഠില്‍ നിന്നും 600 കുടുംബങ്ങളെ കുടിയൊഴിപ്പിക്കും. ഈ കുടുംബങ്ങളെ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ഉത്തരവിട്ടു. പ്രദേശത്തെ ഒരു ക്ഷേത്രം തകരുകയും വീടുകളില്‍ വലിയ വിള്ളലുകള്‍ ഉണ്ടായതിനാലുമാണ് വേഗത്തിലുള്ള ഒഴിപ്പിക്കല്‍. ജനങ്ങളെ ആകാശമാര്‍ഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാണ് നിര്‍ദേശം. അതിനിടെ ഭൂമിക്ക് വിള്ളൽവീണ പ്രദേശത്ത് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി.

ജോഷിമഠിലെ സിങ്ധർ വാർഡിലെ മാ ഭഗവതി ക്ഷേത്രമാണ് കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്. ശങ്കരാചാര്യ മാധവ് ആശ്രം ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ വിള്ളലുകള്‍ വീണു. കൂടാതെ ലക്ഷ്മി നാരായൺ ക്ഷേത്രത്തിന് ചുറ്റുമുള്ള കെട്ടിട സമുച്ചയത്തിലും വലിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങള്‍ പ്രദേശവാസികള്‍ക്കിടയില്‍ പരിഭ്രാന്തി വര്‍ധിപ്പിച്ചു. തീർത്ഥാടന നഗരമായ ബദരീനാഥിന്റെ കവാടമാണ് ജോഷിമഠ്. വ്യാപകമായ മണ്ണിടിച്ചിലുണ്ടാകുന്ന മേഖലയില്‍ അശാസ്ത്രീയ കെട്ടിട നിര്‍മ്മാണം വ്യാപകമായതോടെയാണ് പട്ടണത്തിന്റെ നിലനിൽപ്പുതന്നെ ഭീഷണിയിലായത്. അപകടത്തിലായ വീടുകളിൽനിന്ന്‌ അറുപതോളം കുടുംബങ്ങൾ നേരത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്തിരുന്നു.

571 വീടുകളില്‍ ഇതുവരെ വിള്ളലുകൾ വീണു. 3000ത്തിലേറെ വീടുകളാണ് അപകടാവസ്ഥയിലുള്ളത്. രവിഗ്രാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ വീടുകളില്‍ വിള്ളലുകള്‍ വീണത്, 153. മൂന്നു ദിവസം മുമ്പ് ജലാശയം തകർന്ന മാർവാറി പ്രദേശത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ചില വീടുകളില്‍ വിള്ളലുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകാനും തുടങ്ങിയിട്ടുണ്ട്.  വീടുകള്‍ ഒഴിഞ്ഞുപോകുന്ന കുടുംബത്തിന് ആറ് മാസത്തേക്ക് വീട്ടുവാടക ഇനത്തില്‍ പ്രതിമാസം 4000 രൂപ നല്‍കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പുനരധിവാസം ആവശ്യപ്പെട്ട് ജോഷിമഠ് തഹസിൽദാർ ഓഫിസിനു മുന്നിൽ ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്.

അതിനിടെ ചാർധാം ഓൾ വെതർ റോഡ്, എന്‍ടിപിസിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവച്ചു. ഏഷ്യയിലെ ഏറ്റവും വലിയ റോപ് വേയായ ഓലിയുടെ പ്രവർത്തനവും നിർത്തി.  ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ 6,000 അടി ഉയരത്തിൽ ബദരീനാഥിനും ഹേമകുണ്ഡ് സാഹിബിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ജോഷിമഠ് ഭൂകമ്പ സാധ്യത കൂടുതലുള്ള പ്രദേശമാണ്. ഒരു വർഷത്തിലേറെയായി മണ്ണിടിച്ചിൽ തുടരുന്നുണ്ടെങ്കിലും രണ്ടാഴ്ചക്കിടെയാണ് പ്രശ്നം രൂക്ഷമായത്.

പഠനത്തിന് കേന്ദ്ര സമിതി

ജോഷിമഠില്‍ ഭൂമി തകരുന്നത് സംബന്ധിച്ച് ദ്രുതഗതിയിലുള്ള പഠനം നടത്താൻ കേന്ദ്രം വിദഗ്ധ സമിതിക്ക് രൂപം നൽകി. വനം, പരിസ്ഥിതി മന്ത്രാലയം കേന്ദ്ര ജല കമ്മിഷന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ഗംഗ തുടങ്ങിയവയിലെ പ്രതിനിധികളാണ് സമിതിയിലുള്ളത്. ജനവാസ കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, ഹൈവേകൾ, അടിസ്ഥാന സൗകര്യങ്ങൾ, നദീതട സംവിധാനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ ഇടിഞ്ഞുതാഴുന്നത് സംബന്ധിച്ചും ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും സമിതി പഠിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ പഠന റിപ്പോര്‍ട്ട് നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ഗംഗയ്ക്ക് സമര്‍പ്പിക്കും.

Eng­lish Sum­ma­ry; Joshi­math tem­ple col­lapsed; 600 fam­i­lies were evacuated
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.