
ഓണക്കാലത്തെ ആഹ്ലാദത്തോടെ വരവേൽക്കുമ്പോൾ ആവേശത്തോടെ കാത്തിരുന്ന ഒന്നുണ്ടായിരുന്നു. തരംഗിണിയുടെ ഓണപ്പാട്ടുകൾ. അന്നും ഇന്നും ഓണക്കാലത്ത് കേൾക്കാൻ ഒത്തിരി ഓർമ്മകൾ സമ്മാനിച്ച അനേകം ഗാനങ്ങളാണ് തരംഗിണി കാസറ്റിലുടെ മലയാളികൾക്ക് സമ്മാനിച്ച ഓണപ്പാട്ടുകൾ. മലയാളികള്‍ മൂളി നടക്കാനും ഓര്‍മ്മകള്‍ സമ്മാനിക്കാനും ഒട്ടനവധി ഗാനങ്ങളാണ് തരംഗിണി മലയാണ്മക്ക് സമ്മാനിച്ചത്. അന്ന് പാട്ട് കേള്‍ക്കാന്‍ അധികം സംവിധാനങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലം, തരംഗിണിയുടെ ഓണപാട്ടുകള്‍ അടങ്ങുന്ന കാസറ്റ് സ്വന്തമാക്കാന്‍ ഓണത്തിനായി സമ്പാദിച്ച ഒരു തുക സംഗീതാസ്വാദകർ മാറ്റിവയ്ക്കുമായിരുന്നു. 1980 കളോടെയാണ് തരംഗിണിയുടെ ഉദയം. തരംഗിണിയുടെ ഉടമകൂടിയായ ഗാനഗന്ധർവൻ കെ ജെ യേശുദാസ് എല്ലാ ഉത്സവകാലത്തിനുമനുസരിച്ച് തരംഗിണിയിലൂടെ ഗാനങ്ങൾ പുറത്തിറക്കുമായിരുന്നു. അതില്‍ എപ്പോഴും മുന്‍തൂക്കമുണ്ടായിരുന്നത് ഓണപാട്ടുകള്‍ക്കും ഉത്സവഗാനങ്ങള്‍ക്കുമായിരുന്നു. അന്ന് സിനിമാഗാനങ്ങളോടൊപ്പം തന്നെ ഈ ഗാനങ്ങളും മലയാളിമനസുകളുടെ ഹൃദയം കീഴടക്കിയിരുന്നു. തരംഗിണിക്കൊപ്പം നിന്ന അനേകം പ്രതിഭകളുണ്ടായിരുന്നു. ഒഎന്‍വി, യൂസഫലി കേച്ചേരി, ശ്രീകുമാരന്‍തമ്പി, ബിച്ചുതിരുമല, കെ ജയകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, വി മധുസൂദൻ നായർ, ഭരണിക്കാവ് ശിവകുമാർ, ആലപ്പിരംഗനാഥ്, രവീന്ദ്രന്‍, എം എസ് വിശ്വനാഥന്‍, എസ് പി വെങ്കിടേഷ്, രഘുകുമാര്‍, വിദ്യാധരന്‍, ഔസേപ്പച്ചൻ എന്നിവരായിരുന്നു പ്രധാനികള്‍.
ആദ്യ ആൽബം ‘പൊന്നോണ തരംഗിണി’ 1981 ലാണ് പുറത്തിറങ്ങിയത്. ഒഎൻവി കുറുപ്പ് എഴുതി ആലപ്പി രംഗനാഥ് സംഗീതം നൽകിയ ഗാനങ്ങളായിരുന്നു അതിലെ പതിനൊന്ന് ഗാനങ്ങള്‍. എല്ലാ ഗാനങ്ങളും യേശുദാസ് തന്നെയാണ് ആലപിച്ചത്. അതിലെ ‘നാലുമണിപ്പൂവേ… നാലുമണിപ്പൂവേ’… എന്ന ഗാനം സൂപ്പര്‍ഹിറ്റായി. 1982ലും ഒഎൻവി കുറുപ്പ് എഴുതി ആലപ്പി രംഗനാഥ് സംഗീതം നൽകിയ പത്ത് ഗാനങ്ങളായിരുന്നു തരംഗിണിയിലൂടെ പുറത്തുവന്നത്. അതില്‍ ‘പറയു… നിന്‍ ഗാനത്തില്‍, ഹേ രാമ… ഹേ രഘുരാമ’ എന്ന ഗാനവും മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഓണത്തെ വരവേറ്റുകൊണ്ട് ഇന്നും മുഴങ്ങി നില്‍ക്കുന്ന ഗാനമാണ് ‘ഉത്രാട പൂന്നിലാവെ വാ.…’ 1983ല്‍ പുറത്തിറങ്ങിയ ഉത്സവഗാനങ്ങളിലെ മനോഹരഗാനമായിരുന്നു അത്. വരികള്‍ ശ്രീകുമാരന്‍തമ്പിയുടേതാണ്. രവീന്ദ്രന്റെ സംഗീതവും. ഇതിലെ ‘എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍,’ ‘ഒരു നുള്ളു കാക്കപ്പൂ കടം തരുമൊ’ എന്ന ഗാനങ്ങളും മലയാളികളുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നു.
1984ല്‍ പൊന്നോണ തരംഗിണി ഉത്സവഗാനങ്ങളായിട്ടാണ് പുറത്തിറങ്ങിയത്. വി മധുസുദനന്‍ നായരുടെ വരികള്‍ക്ക് ആലപ്പി രംഗനാഥിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ഗാനങ്ങളില്‍ ‘ശ്രാവണ ചന്ദികാ… തന്ത്രിയില്‍ എന്റെ ശാരിക പാടുന്ന ഗാനം’ ഓണപ്പാട്ടിന്റെ മനോഹര ശ്രേണിയില്‍ ഇടംനേടിയിരുന്നു. 1985ല്‍ പുറത്തിറങ്ങിയ ഉത്സവഗാനമായിരുന്നു ശ്രീകുമാരന്‍തമ്പിയുടെ വരികളില്‍ രവീന്ദ്ര സംഗിതത്തില്‍ പുറത്തിറങ്ങിയ ഉത്സവഗാനങ്ങള്‍. അതിലെ ‘എന്തും മറന്നേക്കാം എങ്കിലും ആ രാത്രി എന്നെന്നും ഓര്‍മ്മിക്കും ഞാന്‍…’ എന്ന ഗാനം ഗൃഹാതുരത്വം ഉണര്‍ത്തുന്നതാണ്. 1986ൽ എം എസ് വിശ്വനാഥനൊപ്പം ഗാനരചയിതാവ് യൂസഫലി കേച്ചേരിയുമായി ചേർന്ന് റെക്കോഡ് സൃഷ്ടിച്ച ആൽബമായിരുന്നു ‘ആവണിപ്പൂക്കൾ’ അതിലെ ഗാനങ്ങള്‍ ഓരേമനസോടെ മലയാളികൾ സ്വീകരിച്ചു. അതില്‍ ‘കുളിച്ചു കുറിയിട്ട് കുപ്പിവളയിട്ട്…’ എന്ന ഗാനം ഇന്നും മലയാളിമനസില്‍ ആഴത്തില്‍ പതിഞ്ഞ ഗാനമാണ്. ‘ഓണപ്പൂവെ ഓമൽ പൂവെ… പുംകൊതിയൻ വണ്ടിൽ തേനും…’ എന്ന ഗാനവും സൂപ്പർ ഹിറ്റായിരുന്നു. 987ല്‍ പുറത്തിറങ്ങിയ ‘ഓണപൂത്താലം’ ബിച്ചുതിരുമലയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണംപകര്‍ന്ന ഗാനങ്ങളായിരുന്നു. കെഎസ് ചിത്രക്കും സുജാതക്കും ഇതില്‍ അവസരം നല്‍കിയാണ് ‘ഓണപൂത്താലം’ തരംഗിണി പുറത്തിറക്കിയത്. അതില്‍ ‘ചിങ്ങവന്നേ.. ഓണം വന്നേ’ എന്ന ഗാനവും ‘അമ്പലപ്പുഴ പായസം തോല്‍ക്കും’ എന്ന ഗാനവും ചിത്രപാടിയ ‘തൂമഞ്ഞകോടിയും ചൂടിവായെന്‍ബാല്യമേ’ ‘കേരമാമരം തണലേകും നാട്ടിലെ കുരുവീ’ എന്ന ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988ല്‍ ‘ശ്രാവണം’ എന്നപേരില്‍ ഓണക്കാലത്ത് തരംഗിണി യേശുദാസിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാംതന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ‘മാമലനാടേ മാവേലി നാടെ’ എന്ന ആദ്യ ഗാനം ഓണത്തെ വിളിച്ചോതുന്ന ഗാനമായിരുന്നെങ്കില്‍ ‘കരളുടുക്കും കൊട്ടി ഞാനൊരു കവിത പാടാം…’ എന്ന രണ്ടാമത്തെ ഗാനം ഓണത്തിന്റെ ഐതിഹ്യം പങ്കുവയ്ക്കുന്നതായിരുന്നു. മറുനാട്ടില്‍ ജോലി തേടിപ്പോയ ഒരാളുടെ അവസ്ഥ ദൂതുപാട്ടായി അവതരിപ്പിച്ച ഗാനമായിരുന്നു ‘ദൂരെയാണു കേരളം പോയ്‍വരാമോ പ്രേമ ദൂതുമായി തെന്നലേ’ എന്ന മൂന്നാമത്തെ ഗാനം. ഇതിലെ മറ്റൊരു ഗാനമായ ‘ഓണത്തുമ്പി ഓമനത്തുമ്പി മീട്ടാതെ പാടൂ..’ ആലപിച്ചത് വിജയ് യേശുദാസാണ്. അതും ഹിറ്റായി.
1989 പുറത്തിറങ്ങിയ ‘ആവണിപൂചെണ്ട്’ എന്ന ആല്‍ബത്തിലെ ‘അത്തപ്പൂവേ ചിത്തിരപ്പൂവേ എത്രനാള്‍ ’ എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ‘ആവണിപ്പൂക്കൂട’ എന്ന ആല്‍ബത്തിലെ ഗാനങ്ങളും ശരാശരി നിലവാരം പുലര്‍ത്തിയ ഗാനങ്ങളായിരുന്നു. 1992ല്‍ ശ്രീകുമാരന്‍ തമ്പിയുടെ വരികളില്‍ രവീന്ദ്ര സംഗീതത്തില്‍ പുറത്തിറങ്ങിയ പൊന്നോണ തരംഗിണിയിലെ ഗാനങ്ങള്‍ മലയാളി മനസിനെ എക്കാലവും കീഴടക്കിയ ഗാനങ്ങളായിരുന്നു. ‘മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെചിരിപ്പൂക്കള്‍ വാടരുതെന്നോമലെ…’ ആദ്യ ഗാനം പ്രണയിനികളുടെ ഇഷ്ടഗാനമായി. അതിലെ മറ്റൊരു ഗാനമാണ് ‘പാതിരാ മയക്കത്തില്‍ പാട്ടൊന്നു കേട്ടേന്‍ പല്ലവി പരിചിതമല്ലോ’. 1994ല്‍ പുറത്തിറങ്ങിയ ‘പൊന്നോണതരംഗിണി‘യിലെ ഗാനങ്ങലെല്ലാം ജനപ്രിയമായിരുന്നു. ‘ശ്രാവണ സങ്കല്പ തീരങ്ങളില്‍ ശാരിക പാടിയ നേരം…’ കെ ജയകുമാറിന്റെ വരികള്‍ക്ക് ബാലകൃഷ്ണന്റെ സംഗീതത്തില്‍ പുറത്തുവന്ന ഈ ഗാനം മൂളാത്ത മലയാളികളില്ല. 1995ല്‍ പുറത്തിറങ്ങിയ ‘ആവണിക്കാറ്റ്’ എന്ന ആല്‍ബത്തിലെ രമേഷ് മേനോന്‍ രചന നിര്‍വഹിച്ച് കലവൂര്‍ ബാലന്‍ സംഗീതം പകര്‍ന്ന് പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ മലയാളികള്‍ എറ്റെടുത്ത ഓണപ്പാട്ടുകളായിരുന്നു. അതിലെ ആദ്യ ഗാനമായ ‘ആവണിക്കാറ്റിന്നു കുണുങ്ങിവന്നു…’ എന്ന ഗാനം ഏറെ പ്രസിദ്ധമാണ്. ‘തിരുവോണകൈനീട്ടം’ എന്ന ആല്‍ബത്തിലെ ഗിരീഷ് പുത്തന്‍ചേരിയുടെ വരികള്‍ക്ക് എസ് പി വെങ്കിടേഷിന്റെ ശ്രുതിമധുരമായ ഈണത്തില്‍ 1998ല്‍ പുറത്തിറങ്ങിയ ‘പറനിറയെ പൊന്നളക്കാന്‍ പൗര്‍ണമി രാവായി പടിഞ്ഞാറെ പൂപ്പാടം അഴകിന്‍ പാല്‍ക്കടലായി’… എന്ന ഗാനവും ‘ആരോ കമഴ്ത്തിവെച്ച ഓട്ടുരുളിപോലെ’ എന്നാ ഗാനവും ഓണക്കാലത്ത് കേള്‍ക്കാത്തവരായിട്ടാരും കാണില്ല.
ഉത്സവഗാനങ്ങളായി പുറത്തിറങ്ങിയ ‘രാഗതരംഗിണി’ ആൽബത്തിനായി യൂസഫലി കേച്ചേരി രചിച്ച് വിദ്യാധരൻ ഈണം പകർന്ന പതിനൊന്ന് ഗാനങ്ങളും സൂപ്പർഹിറ്റുകളായി. ‘അമാവാസി നാളിൽ…’, ‘നിൻമേനി… നെന്മേനി വാകപ്പൂവോ’, ‘ഓമനെ നിൻ കവിൾ…’ എന്നീ ഗാനങ്ങൾ ക്ലാസിക്കുകളായിരുന്നു. 1984 പുറത്തിറങ്ങിയ ‘വസന്തഗീതങ്ങള്‍’ എന്ന ആല്‍ബത്തിലെ പാട്ടുകള്‍ എല്ലാംതന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു. സംഗീതലോകത്തേക്ക് കൂടുതല്‍ ചുവടുവയ്ക്കാന്‍ രവീന്ദ്രന് കൂടുതല്‍ പ്രേരകമായത് ഈ ആല്‍ബത്തിലെ ഗാനങ്ങളാണെന്ന് പറയാം… ‘അരയന്നമേ ആരോമലെ…’, ‘കാലം ഒരുപുലര്‍ക്കാലം…’, ‘മാമാങ്കം പലകുറി…’, തുടങ്ങി എല്ലാഗാനങ്ങളും മലയാളിക്കരയില്‍ അലയൊലികള്‍ സൃഷ്ടിച്ച ഗാനങ്ങളായിരുന്നു. ഇതേവർഷം തന്നെ നൂറനാട് രവിയുടെ വരികളിൽ കുമരകം രാജപ്പന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ‘ഗാനമാലികയിലെ ‘കുന്തിവിളിച്ചു കർണാ…’ എന്ന ഗാനം സൂപ്പർ ഹിറ്റായി.
2003 പുറത്തിറങ്ങിയ ‘കുടമുല്ലപ്പൂ’ എന്ന ആൽബത്തിന് ശേഷം 2022‑ൽ തരംഗിണി സ്റ്റുഡിയോയിൽ നിന്ന് ഓണാഘോഷ ഗാനമായ പൊൻചിങ്ങത്തെരു പുറത്തിറക്കി. 2023ൽ ശ്രീകുമാരൻ തമ്പി 31 വർഷങ്ങൾക്ക് ശേഷം തരംഗിണിക്ക് വേണ്ടി മറ്റൊരു ഗാനം രചിച്ചു, ‘പൊന്നോണ താളം’ എന്ന ഓണം സിംഗിൾ, സാൽഗിൻ കളപ്പുര ഈണമിട്ട് യേശുദാസും ശ്വേതാ മോഹനും ചേർന്ന് ആലപിച്ചു.
മലയാളക്കരയില്‍ തിരവോണത്തിന്റെ അലയൊലികള്‍ സമ്മാനിച്ച തരംഗിണിയുടെ ഓണപ്പാട്ടുകള്‍ കാലാതീതമായി നിലനിൽക്കുന്ന ഗാനങ്ങളാണ്. തരംഗിണിയുടെ ഓണപ്പാട്ടുകള്‍ മലയാളികളുടെ ചുണ്ടുകളിലൂടെ കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.