9 December 2025, Tuesday

Related news

November 5, 2025
October 9, 2025
September 18, 2025
September 17, 2025
September 17, 2025
September 16, 2025
August 25, 2025
August 25, 2025
August 22, 2025
August 21, 2025

ഒടിടി സേവനത്തിന് തുടക്കംകുറിച്ച് കെ ഫോണ്‍

Janayugom Webdesk
തിരുവനന്തപുരം
August 21, 2025 10:58 pm

ഒടിടി രംഗത്ത് പുതുചരിത്രമെഴുതി കേരളത്തിന്റെ സ്വന്തം ഇന്റ‍ര്‍നെറ്റ് സംവിധാനമായ കെ ഫോണ്‍ തങ്ങളുടെ ഒടിടി സേവനത്തിന് തുടക്കം കുറിച്ചു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഒടിടി പ്ലാറ്റ്ഫോം നാടിന് സമര്‍പ്പിച്ചു.സമഗ്ര വികസനം മുൻനിർത്തി മുന്നോട്ട് പോകുന്ന കേരള സർക്കാരിന്റെ ശക്തമായ ചുവടുവയ്പാണ് കെഫോൺ ഒടിടി എന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ ഫോണ്‍ സേവനങ്ങൾ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ ഒരു ലക്ഷം കണക്ഷനുകളെന്ന അഭിമാന നേട്ടവും രാജ്യത്തെവിടെയും ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള ഐഎസ്‍എ ലൈസൻസും നേടിയാണ് കെഫോണിന്റെ വളർച്ച. അടുത്ത വര്‍ഷത്തോടെ 2.50 ലക്ഷം കണക്ഷനുകള്‍ നല്‍കും. നഗര കേന്ദ്രീകൃതമായി വൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇന്റർനെറ്റ് കണക്ഷനുകൾ വ്യാപിപ്പിക്കുമ്പോൾ നഗരങ്ങൾക്കൊപ്പം ഗ്രാമപ്രദേശങ്ങളും ഇന്റർനെറ്റ് സാക്ഷരതയുടെ പരിധിയിൽ വരണമെന്ന ഉദ്ദേശ്യത്തോടെ കെ ഫോൺ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ സേവനം നൽകുന്നുണ്ട്. ആകെ 1,16,234 കണക്ഷനുകളാണ് കെ ഫോണിന് സംസ്ഥാനത്തുള്ളത്. 

ഇതിനോടകം 23,163 സർക്കാർ ഓഫിസുകളിൽ കണക്ഷനുകൾ നൽകി. ഫൈബർ ടു ഓഫിസ് കണക്ഷനുകൾ 3079 ആണ്. കൊമേഴ്സ്യൽ എഫ്‍ടി‍ടിഎച്ച് കണക്ഷനുകൾ 75,773 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 14,194 കുടുംബങ്ങളിൽ സൗജന്യ കണക്ഷനുകളും നല്‍കി. 7000 കിലോമീറ്ററില്‍ ഡാർക്ക് ഫൈബർ പാട്ടത്തിന് നൽകി. കെഫോണിന്റെ ഇൻട്രാനെറ്റ് സർവീസിന് ഇതിനോടകം 3500ന് മുകളിൽ ഉപഭോക്താക്കളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. കെ ഫോൺ എം ഡി ഡോ. സന്തോഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.
കേരളാ ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു, കെ ഫോൺ സിടിഒ മുരളി കിഷോർ ആർ എസ് എന്നിവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.