5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 21, 2025
November 6, 2024
November 2, 2024
October 30, 2024
September 25, 2024
August 22, 2024
July 24, 2024
June 11, 2024
June 3, 2024
April 3, 2024

കെ സ്മാർട്ട്: രജിസ്റ്റര്‍ ചെയ്തത് ഒരു ലക്ഷത്തിലധികം പേര്‍; ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് എം ബി രാജേഷ്

Janayugom Webdesk
തിരുവനന്തപുരം
January 16, 2024 11:03 pm

സംസ്ഥാനത്ത് കെ സ്മാർട്ട് ആപ്പില്‍ ഇന്നലെ വരെ രജിസ്റ്റര്‍ ചെയ്തത് 1,00,616 പേര്‍. ഇന്നലെ വൈകിട്ട് അഞ്ചു വരെയുള്ള കണക്കാണിത്. അരലക്ഷത്തിലധികം മൊബൈൽ ആപ്പ് ഡൗൺലോഡുകളും നടന്നിട്ടുണ്ട്. സേവനങ്ങള്‍ ഓൺലൈനിൽ ലഭ്യമാക്കുന്ന കെ സ്മാർട്ട് ആപ്ലിക്കേഷൻ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പൂർണതോതിൽ ലഭ്യമായതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. 49 കോടി റെക്കോഡുകളുടെ ഡാറ്റ പോർട്ടിങ്ങും ആറായിരത്തോളം ജീവനക്കാരുടെ മാപ്പിങ്ങും പൂർത്തിയാക്കാനെടുത്ത സമയമാണ് ചില സേവനങ്ങള്‍ വൈകാന്‍ കാരണം.

ചില നഗരസഭകളിലെ പഴയ രേഖകളിലെ അവ്യക്തതയും ഡാറ്റാ പോർട്ടിങ് വൈകാൻ കാരണമായി. ഈ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി കെ സ്മാർട്ട് ഇന്നലെ മുതൽ പൂർണതോതിൽ ലഭ്യമായിട്ടുണ്ട്. സർട്ടിഫിക്കറ്റുകള്‍ അതിവേഗമാണ് ലഭ്യമാകുന്നത്. 22,764 പേരാണ് വിവാഹ, മരണ, ജനന സർട്ടിഫിക്കറ്റിനായി ഇതിനകം അപേക്ഷിച്ചിരിക്കുന്നത്. 24 മണിക്കൂറിനകം തന്നെ മഹാഭൂരിപക്ഷം സർട്ടിഫിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. അമ്പതോളം സർട്ടിഫിക്കറ്റുകള്‍ അപേക്ഷിച്ച് ഒരു മണിക്കൂറിനകവും, ഇരുനൂറിലധികം സർട്ടിഫിക്കറ്റുകള്‍ രണ്ട് മണിക്കൂറിനകവും അപേക്ഷകന് ലഭ്യമാക്കാനായി.

കെ സ്മാർട്ട് ലോഞ്ച് ചെയ്ത ആദ്യ ആഴ്ച തന്നെ സർട്ടിഫിക്കറ്റുകള്‍ സുഗമമായി ലഭ്യമായിരുന്നു. ഈ സേവനവും ലഭ്യമല്ലെന്ന തരത്തിലുള്ള ഒരു മാധ്യമത്തിന്റെ ആവർത്തിച്ചുള്ള വാർത്തകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും മന്ത്രി പറഞ്ഞു. 23,627 പേർ വിവിധ ഫീസുകള്‍ ഇതിനകം കെ സ്മാർട്ട് വഴി അടച്ചു. നഗരസഭകളിലെ ഫ്രണ്ട് ഓഫിസിലെ ഓൺലൈൻ കിയോസ്കുകളിലൂടെ 9.06 കോടി രൂപയും, ആപ്പ് വഴി 45.86 ലക്ഷം രൂപയുമാണ് നഗരസഭകളുടെ അക്കൗണ്ടുകളിലെത്തിയത്. ഇതിൽ 2.47 കോടി രൂപ വസ്തുനികുതിയിനത്തിലാണ് ലഭിച്ചത്. നികുതിയടവുള്‍പ്പെടെ നഗരസഭകളിലെ സേവനങ്ങളാകെ മുടങ്ങിയെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് ഈ കണക്കുകള്‍. 1021 പൊതുജന പരാതികളാണ് കെ സ്മാർട്ടിലൂടെ ഇതിനകം ലഭിച്ചത്.

സംസ്ഥാനത്തെ എല്ലാ കോർപറേഷനുകളിലും 87 മുൻസിപ്പാലിറ്റികളിൽ 85 ലും നികുതിയടയ്ക്കാനുള്ള സൗകര്യം ശനിയാഴ്ച ഉച്ചയോടെ തന്നെ തയ്യാറായിരുന്നു. ഇതിനകം 11,642 കെട്ടിടങ്ങളുടെ വസ്തുനികുതി അടച്ചിട്ടുണ്ട്. ആപ്പ് വഴി 34.79 ലക്ഷം രൂപയും, നഗരസഭകളിലെ ഫ്രണ്ട് ഓഫിസിലെ ഓൺലൈൻ കിയോസ്കുകള്‍ വഴി 2.12 കോടി രൂപയും വസ്തുനികുതിയിനത്തിൽ ലഭിച്ചിട്ടുണ്ട്. നഗരസഭകളിൽ 2016 ൽ പൂർത്തിയാക്കേണ്ടിയിരുന്ന വസ്തുനികുതി പരിഷ്കരണം ഇതുവരെയും പൂർത്തിയാക്കാതിരുന്ന പന്തളം, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലാണ് വസ്തുനികുതി സേവനം കെ സ്മാർട്ടിൽ ലഭ്യമാക്കാൻ സാധിക്കാത്തത്.

ഇത് നഗരസഭകളുടെ വീഴ്ചയാണ്, അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ രണ്ട് നഗരസഭകളുടെയും വസ്തുനികുതി പരിഷ്കരണം അടിയന്തിരമായി പൂർത്തിയാക്കാനും, അതുവരെ നികുതി അടയ്ക്കാനുള്ള ബദൽ സംവിധാനം ഉറപ്പാക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രാഥമികമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കാൻ രണ്ടാഴ്ച വേണ്ടിവരുമെന്ന് ഉദ്ഘാടനത്തിലും തൊട്ടുമുമ്പ് നടന്ന വാർത്താസമ്മേളനത്തിലും വിശദീകരിച്ചതാണ്.

രണ്ടാഴ്ച പിന്നിടുമ്പോള്‍ കെ സ്മാർട്ട് കാര്യമായ പരാതികളില്ലാതെ മുന്നോട്ടുപോകുകയാണ്. വസ്തുതകള്‍ ഇതായിരിക്കെ കെ സ്മാർട്ടിനെതിരെ നടത്തുന്ന ആസൂത്രിതമായ കുപ്രചരണം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ചില സ്വകാര്യ കമ്പനികളും കെ സ്മാർട്ടിനെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Eng­lish Summary:K Smart: More than 1 lakh reg­is­tered; MB Rajesh says the alle­ga­tions are untrue
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.